നിങ്ങള്‍ എപ്പോഴെങ്കിലും ഒരു വ്യാളിയോടു യുദ്ധം ചെയ്തിട്ടുണ്ടോ? ഇല്ല എന്നാണ് നിങ്ങളുടെ മറുപടിയെങ്കില്‍, എഴുത്തുകാരന്‍ യൂജിന്‍ പീറ്റേഴ്സണ്‍ നിങ്ങളോട് വിയോജിക്കുന്നു. എ ലോംഗ് ഒബീഡിയന്‍സ് ഇന്‍ ദി സെയിം ഡയറക്ഷന്‍ എന്ന തന്റെ പുസ്തകത്തില്‍ അദ്ദേഹം എഴുതുന്നു, നമ്മുടെ ഭയങ്ങളുടെ രേഖാചിത്രമാണ് വ്യാളികള്‍, നമ്മെ അപകടപ്പെടുത്താന്‍ കഴിയുന്ന എല്ലാറ്റിനെയും ചേര്‍ത്തുള്ള ഭയാനകമായ നിര്‍മ്മിതിയാണത്… അതിഗംഭീരമായ ഒരു വ്യാളിയെ നേരിടുന്ന ഒരു കര്‍ഷകന്‍ പൂര്‍ണ്ണമായും ഒരു ഉയര്‍ന്ന തലത്തിലെത്തുന്നു.’ അദ്ദേഹം വ്യക്തമാക്കുന്നത്? ജീവിതം വ്യാളികളാല്‍ നിറഞ്ഞിരിക്കുന്നു: ജീവന്‍ അപകടപ്പെടുത്തുന്ന ആരോഗ്യ പ്രശ്‌നം, പെട്ടെന്നുള്ള തൊഴില്‍ നഷ്ടം, പരാജയപ്പെട്ട ദാമ്പത്യം, അന്യപ്പെട്ടുപോകുന്ന മുടിയനായ പുത്രന്‍. ഈ ”വ്യാളികള്‍” നമുക്ക് ഒറ്റയ്ക്ക് പോരാടാന്‍ കഴിയാത്ത ജീവിതത്തിലെ അപകടങ്ങളും ദുര്‍ബലതകളുമാണ്.

എന്നാല്‍ ആ യുദ്ധങ്ങളില്‍ നമുക്ക്് ഒരു യോദ്ധാവ് ഉണ്ട്. ഒരു യക്ഷിക്കഥയിലെ വീരനല്ല – നമുക്കുവേണ്ടി പോരാടി നമ്മെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന വ്യാളികളെ കീഴടക്കിയ ആത്യന്തിക യോദ്ധാവ്. അവ നമ്മുടെ പരാജയങ്ങളുടെ വ്യാളിയായാലും നമ്മുടെ നാശത്തെ ആഗ്രഹിക്കുന്ന ആത്മീയ ശത്രുക്കളായാലും, നമ്മുടെ യോദ്ധാവ് വലിയവനാണ്. യേശുവിനെക്കുറിച്ച് പൗലൊസ് ഇപ്രകാരം എഴുതി, ”വാഴ്ചകളെയും അധികാരങ്ങളെയും ആയുധവര്‍ഗ്ഗം വയ്പ്പിച്ചു ക്രൂശില്‍ അവരുടെമേല്‍ ജയോത്സവം കൊണ്ടാടി അവരെ പരസ്യമായ കാഴ്ചയാക്കി’ (കൊലൊസ്യര്‍ 2:15). തകര്‍ന്ന ഈ ലോകത്തിലെ വിനാശകരമായ ശക്തികള്‍ക്ക് അവനോടു പിടിച്ചുനില്‍ക്കാനാവില്ല!

ജീവിതത്തിലെ വ്യാളികള്‍ നമുക്ക് തോല്‍പ്പിക്കാനാവാത്തത്ര വളരെ വലുതാണെന്ന് നാം മനസ്സിലാക്കുന്ന നിമിഷമാണ് ക്രിസ്തുവിന്റെ രക്ഷയില്‍ വിശ്രമിക്കാന്‍ നാം തുടങ്ങുന്ന നിമിഷം. നമുക്ക് ആത്മവിശ്വാസത്തോടെ പറയാന്‍ കഴിയും, ”നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു മുഖാന്തരം നമുക്കു ജയം നല്കുന്ന ദൈവത്തിനു സ്‌തോത്രം’ (1 കൊരിന്ത്യര്‍ 15:57).