കഠിനമായ വാക്കുകള്‍ വേദനിപ്പിക്കുന്നു. അതിനാല്‍ എന്റെ സുഹൃത്ത് – ഒരു അവാര്‍ഡ് നേടിയ എഴുത്തുകാരന്‍ – അദ്ദേഹത്തിന് ലഭിച്ച വിമര്‍ശനങ്ങളോട് എങ്ങനെ പ്രതികരിക്കണമെന്നറിയാതെ വിഷമിച്ചു. അദ്ദേഹത്തിന്റെ പുതിയ പുസ്തകം പഞ്ചനക്ഷത്ര അവലോകനങ്ങളും ഒരു മുഖ്യ അവാര്‍ഡും കരസ്ഥമാക്കി. എല്ലാവരും ബഹുമാനിക്കുന്ന ഒരു മാസിക നിരൂപകന്‍, അദ്ദേഹത്തിന്റെ പുസ്തകം നന്നായി എഴുതിയതാണെന്ന് അഭിനന്ദിച്ചശേഷം അതിനെ നിശിതമായി വിമര്‍ശിച്ചു. സുഹൃത്തുക്കളിലേക്ക് തിരിഞ്ഞ് അദ്ദേഹം ചോദിച്ചു, ”ഞാന്‍ എങ്ങനെ മറുപടി നല്‍കണം?”

ഒരു സുഹൃത്ത് ഉപദേശിച്ചു, ”അത് വിട്ടുകളയുക.” ജോലി ചെയ്യുന്നതിലും എഴുതുന്നതിലും തുടരുമ്പോഴും അത്തരം വിമര്‍ശനങ്ങള്‍ അവഗണിക്കാനോ അതില്‍ നിന്ന് പഠിക്കാനോ ഉള്ള നുറുങ്ങുകള്‍ ഉള്‍പ്പെടെ മാസികകള്‍ എഴുതുന്നതില്‍ നിന്നുള്ള ഉപദേശം ഞാനും പങ്കിട്ടു.

എന്നിരുന്നാലും, അവസാനമായി, ശക്തമായ വിമര്‍ശനങ്ങളോട് എങ്ങനെ പ്രതികരിക്കണമെന്നതിനെക്കുറിച്ച് തിരുവെഴുത്തിന് -അതിലാണ് ഏറ്റവും മികച്ച ഉപദേശമുള്ളത് – എന്താണ് പറയാനുള്ളതെന്ന് കാണാന്‍ ഞാന്‍ തീരുമാനിച്ചു. യാക്കോബിന്റെ ലേഖനം ഉപദേശിക്കുന്നത്, ”ഏതു മനുഷ്യനും കേള്‍ക്കുവാന്‍ വേഗതയും പറയുവാന്‍ താമസവും കോപത്തിനു താമസവുമുള്ളവന്‍ ആയിരിക്കട്ടെ” (1:19). ‘പരസ്പരം ഐക്യത്തോടെ ജീവിക്കാന്‍” അപ്പോസ്തലനായ പൗലൊസ് നമ്മെ ഉപദേശിക്കുന്നു (റോമര്‍ 12:16).

സദൃശവാക്യങ്ങളുടെ ഒരു മുഴുവന്‍ അധ്യായവും തര്‍ക്കങ്ങളോട് പ്രതികരിക്കുന്നതിനുള്ള വിപുലമായ ജ്ഞാനം നല്‍കുന്നു. സദൃശവാക്യങ്ങള്‍ 15:1 പറയുന്നു: ”മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു.’ ”ദീര്‍ഘക്ഷമയുള്ളവനോ കലഹം ശമിപ്പിക്കുന്നു” (വാക്യം 18). കൂടാതെ, ”ശാസന കേട്ടനുസരിക്കുന്നവനോ വിവേകം സമ്പാദിക്കുന്നു” (വാ. 32). അത്തരം ജ്ഞാനം കണക്കിലെടുക്കുമ്പോള്‍, എന്റെ സുഹൃത്ത് ചെയ്തതുപോലെ, നമ്മുടെ നാവിനെ നിയന്ത്രിക്കാന്‍ ദൈവം നമ്മെ സഹായിക്കട്ടെ. എന്നിരുന്നാലും, എല്ലാറ്റിനുമുപരിയായി, ‘കര്‍ത്താവിനെ ഭയപ്പെടുവാന്‍” ജ്ഞാനം നമ്മെ ഉപദേശിക്കുന്നു, കാരണം ”മാനത്തിന് വിനയം മുന്നോടിയാകുന്നു” (വാ. 33).