ഒരു പ്രശസ്തമായ ഇംഗ്ലീഷ് ആനിമേഷന്‍ സിനിമ, ശാഠ്യക്കാരായ രണ്ട് ആനിമേറ്റഡ് ജീവികളുടെ കഥയാണു പറയുന്നത്. മനുഷ്യരൂപത്തിലുള്ള ജീവികളില്‍ ഒന്ന് വടക്കോട്ടു പോകാന്‍ താല്പര്യപ്പെടുമ്പോള്‍ മറ്റേത് തെക്കോട്ടു പോകണമെന്നു വാശി പിടിക്കുന്നു. ഒരു പുല്‍മേടിന്റെ മധ്യത്തില്‍ വെച്ച് ഇരുവരും കണ്ടുമുട്ടുന്നു, എന്നാല്‍ ഈ ശാഠ്യക്കാരായ രണ്ട് കഥാപാത്രങ്ങളും വഴിമാറാന്‍ തയ്യാറാകുന്നില്ല. ‘ലോകം മുഴുവനും നിശ്ചലമായാലും’ താന്‍ അവിടെത്തന്നെ നില്‍ക്കും എന്ന് ഒന്നാമത്തെ ജീവി ശഠിക്കുന്നു (എന്നാല്‍ ലോകം നീങ്ങുകയും അവര്‍ക്ക് ചുറ്റും ഒരു ഹൈവേ നിര്‍മ്മിക്കുകയും ചെയ്യുന്നു.)

മനുഷ്യ പ്രകൃതത്തെക്കുറിച്ചുള്ള അസുഖകരവും കൃത്യവുമായ ഒരു ചിത്രം ഈ കഥ നല്‍കുന്നു. നാമാണ് ശരി എന്ന് അംഗീകരിക്കപ്പെടാനുള്ള ഒരു ”ആവശ്യം” നമുക്കുണ്ട്, മാത്രമല്ല വിനാശകരമായ വഴികളിലൂടെ ആ സഹജാവബോധത്തോട് പറ്റിനില്‍ക്കാനുള്ള പ്രവണതയും നമുക്കുണ്ട്!

സന്തോഷകരമെന്നു പറയട്ടെ, ധാര്‍ഷ്ട്യമുള്ള മനുഷ്യഹൃദയങ്ങളെ മയപ്പെടുത്താന്‍ ദൈവം സ്‌നേഹപൂര്‍വ്വം തിരഞ്ഞെടുക്കുന്നു. അപ്പൊസ്തലനായ പൗലൊസിന് ഇത് അറിയാമായിരുന്നു, അതിനാല്‍ ഫിലിപ്പിയന്‍ സഭയിലെ രണ്ട് അംഗങ്ങള്‍ തമ്മില്‍ തര്‍ക്കിക്കുമ്പോള്‍ അവരെ അഭിസംബോധന ചെയ്യാന്‍ തക്കവണ്ണം അവന്‍ അവരെ സ്‌നേഹിച്ചു (ഫിലിപ്പിയര്‍ 4:2). ക്രിസ്തുവിനെപ്പോലെ സ്വയം അര്‍പ്പിക്കുന്ന സ്‌നേഹത്തിന്റെ അതേ ‘ഭാവം തന്നെ’ ഉണ്ടായിരിക്കണമെന്ന് നേരത്തെ വിശ്വാസികളോട് നിര്‍ദ്ദേശിച്ച പൗലൊസ്, സുവിശേഷഘോഷണത്തില്‍ തന്നോടൊപ്പം പോരാടിയതിനു താന്‍ വിലമതിക്കുന്ന ”ഈ സ്ത്രീകള്‍ക്കു തുണനില്‍ക്കാന്‍” അവരോട് ആവശ്യപ്പെട്ടു (4: 3). ഇത് സമാധാനമുണ്ടാക്കുന്നതിനും കൂട്ടായ പരിശ്രമത്തിനുള്ള വിവേകപൂര്‍ണ്ണമായ ഒത്തുതീര്‍പ്പിനുമുള്ള ആഹ്വാനമാണ്.

തീര്‍ച്ചയായും, ഉറച്ച നിലപാട് സ്വീകരിക്കേണ്ട സമയങ്ങളുണ്ട്, എന്നാല്‍ ക്രിസ്തുതുല്യമായ സമീപനം ശാഠ്യത്തോടെയുള്ള നിലപാടിനെക്കാള്‍ തികച്ചും വ്യത്യസ്തമായിരിക്കും! ജീവിതത്തിലെ പല കാര്യങ്ങളും പരസ്പരം പൊരുതാന്‍ തക്ക മൂല്യമുള്ളവയല്ല. ഒന്നുകില്‍ നമുക്ക് നശിക്കുവോളം എല്ലാ നിസ്സാരകാര്യങ്ങള്‍ക്കും വേണ്ടി പരസ്പരം കലഹിക്കാം (ഗലാത്യര്‍ 5:15). അല്ലെങ്കില്‍ നമ്മുടെ അഹങ്കാരത്തെ മാറ്റിവെച്ച് ജ്ഞാനപൂര്‍വമായ ഉപദേശം സ്വീകരിക്കുകയും നമ്മുടെ സഹോദരീസഹോദരന്മാരുമായി ഐക്യപ്പെടുകയും ചെയ്യാം.