നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത്

നിറയുക

1960കളിലെ അമേരിക്കൻ പൗരാവകാശ പ്രസ്ഥാനത്തിന്റെ മൂർദ്ധന്യാവസ്തയിലാണ് ഡോ. മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറിന്റെ ദാരുണമായ കൊലപാതകം നടന്നത്. എന്നാൽ വെറും നാല് ദിവസത്തിന് ശേഷം, സമാധാനപരമായ ഒരു പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകുന്നതിൽ അദ്ദേഹത്തിന്റെ വിധവ കൊറെറ്റ സ്കോട്ട് കിംഗ് ധൈര്യത്തോടെ ഭർത്താവിന്റെ സ്ഥാനം ഏറ്റെടുത്തു. കോറെറ്റയ്ക്ക് നീതിയോട് അഗാധമായ അഭിനിവേശമുണ്ടായിരുന്നു, കൂടാതെ പല നല്ല പ്രവൃത്തികൾക്കും നേതൃത്വം നല്കുന്നവളുമായിരുന്നു.

 

യേശു പറഞ്ഞു, "നീതിക്കു വിശന്നു ദാഹിക്കുന്നവർ ഭാഗ്യവാന്മാർ; അവർക്കു തൃപ്തിവരും." (മത്തായി 5:6). ഒരുനാൾ ദൈവം നീതി നടപ്പിലാക്കുവാനും എല്ലാ തെറ്റും ശരിയാക്കുവാനും വരുമെന്ന് നമുക്കറിയാം, എന്നാൽ ആ സമയം വരെ, കൊറെറ്റ ചെയ്തതുപോലെ ഭൂമിയിൽ ദൈവത്തിന്റെ നീതി യാഥാർത്ഥ്യമാക്കുന്നതിൽ പങ്കുചേരാനുള്ള അവസരം നമുക്കുണ്ട്. യെശയ്യാവ് 58ൽ, എന്ത് ചെയ്യുവാനാണ് ദൈവം തന്റെ ജനത്തെ  വിളിക്കുന്നു എന്നതിന്റെ വ്യക്തമായ ചിത്രം നൽകിയിരിക്കുന്നു: അനീതിയുടെ ചങ്ങലകൾ അഴിക്കുക, അടിച്ചമർത്തപ്പെട്ടവരെ സ്വതന്ത്രരാക്കുക, വിശക്കുന്നവരുമായി താങ്കളുടെ ഭക്ഷണം പങ്കിടുക. . . പാവപ്പെട്ട അലഞ്ഞുതിരിയുന്നവന് അഭയം നൽകുക. . . [നഗ്നരെ] വസ്ത്രം ധരിപ്പിക്കുക, [സഹായം ആവശ്യമുള്ളവരിൽ നിന്ന്] പിന്തിരിയരുത്" (വാ. 6-7). അടിച്ചമർത്തപ്പെട്ടവർക്കും തരംതാഴ്ത്തപ്പെട്ടവർക്കും വേണ്ടി നീതി തേടുന്നത് നമ്മുടെ ജീവിതം ദൈവത്തിലേക്ക് തിരിച്ചുവിടാനുള്ള ഒരു വഴിയാണ്. നീതി തേടുന്ന തന്റെ ജനം പ്രഭാതത്തിന്റെ വെളിച്ചം പോലെയാണെന്നും അവർക്കും മറ്റുള്ളവർക്കും രോഗശാന്തി നൽകുമെന്നും യെശയ്യാവ് എഴുതുന്നു (വാക്യം 8).

 

ഇന്ന്, ഈ ഭൂമിയിൽ അവന്റെ നീതിക്കുവേണ്ടിയുള്ള വിശപ്പ് വളർത്തിയെടുക്കാൻ ദൈവം നമ്മെ സഹായിക്കട്ടെ. അവന്റെ വഴിയിലും അവന്റെ ശക്തിയിലും നാം നീതി തേടുമ്പോൾ, നാം സംതൃപ്തരാകും എന്ന് ബൈബിൾ പറയുന്നു.

ഭാരം ലഘൂകരിക്കുക

ഞങ്ങളുടെ പുതുതായി രൂപീകരിച്ച ബൈബിൾ പഠന ക്ലാസ്സിലെ സ്ത്രീകൾ ദുരന്തങ്ങളുടെ ഒരു പരമ്പരയെ അഭിമുഖീകരിച്ചപ്പോൾ, ഞങ്ങൾ പെട്ടെന്ന് ആഴമായ വ്യക്തിപരമായ അനുഭവങ്ങൾ പങ്കുവെക്കുവാൻ തുടങ്ങി. പിതാവിന്റെ വിയോഗം, വിവാഹമോചനത്തിനു ശേഷമുള്ള വിവാഹ വാർഷികത്തിന്റെ വേദന, പൂർണ ബധിരനായ ഒരു കുട്ടിയുടെ ജനനം, കുട്ടിയെ അത്യാഹിത വിഭാഗത്തിലേക്ക് കൊണ്ടുവരാനുള്ള ഓട്ടത്തിന്റെ അനുഭവം. ആർക്കും ഒറ്റയ്ക്കു ചുമക്കാൻ കഴിയാത്തത്രയായിരുന്നു അത്. ഓരോ വ്യക്തിയുടെയും ദുർബലത കൂടുതൽ സുതാര്യതയിലേക്ക് നയിച്ചു. ഞങ്ങൾ ഒരുമിച്ച് കരഞ്ഞു, പ്രാർത്ഥിച്ചു, അപരിചിതരുടെ കൂട്ടമായി തുടങ്ങിയത് ആഴ്ചകൾക്കുള്ളിൽ അടുത്ത സുഹൃത്തുക്കളുടെ ഗ്രൂപ്പായി മാറി.

സഭാ ശരീരത്തിന്റെ ഭാഗമായി, യേശുവിലുള്ള വിശ്വാസികൾക്ക് അവരുടെ കഷ്ടപ്പാടുകളിൽ ആഴത്തിലുള്ളതും വ്യക്തിപരവുമായ രീതിയിൽ ആളുകളോടൊപ്പം പങ്കുചേരാൻ കഴിയും. ക്രിസ്തുവിലുള്ള സഹോദരീസഹോദരന്മാരെ ഒരുമിച്ച് ബന്ധിപ്പിക്കുന്ന ബന്ധങ്ങൾ, നമ്മൾ പരസ്പരം അറിയുന്ന സമയത്തെയോ പൊതുവായ കാര്യങ്ങളെയോ ആശ്രയിച്ചിരിക്കുന്നില്ല. പകരം, 'തമ്മിൽ തമ്മിൽ ഭാരങ്ങളെ ചുമക്കുക' (ഗലാത്യർ 6:2) എന്ന് പൗലൊസ് വിളിക്കുന്നത് നമ്മൾ ചെയ്യുന്നു. ദൈവത്തിന്റെ ശക്തിയിൽ ആശ്രയിച്ചുകൊണ്ട്, നാം കേൾക്കുന്നു, മനസ്സലിവു കാണിക്കുന്നു, കഴിയുന്നിടത്ത് പരസ്പരം സഹായിക്കുന്നു, പ്രാർത്ഥിക്കുന്നു. “എല്ലാവർക്കും, വിശേഷാൽ സഹവിശ്വാസികൾക്കും’’ (വാ. 10) നന്മ ചെയ്യുന്നതിനുള്ള വഴികൾ നമുക്കു നോക്കാം. അങ്ങനെ ചെയ്യുമ്പോൾ, നാം ക്രിസ്തുവിന്റെ ന്യായപ്രമാണം നിവർത്തിക്കുകയാണ് (വാ. 2): ദൈവത്തെ സ്‌നേഹിക്കുകയും നമ്മെപ്പോലെ നമ്മുടെ അയൽക്കാരനെ സ്‌നേഹിക്കുകയും ചെയ്യുക. ജീവിതഭാരങ്ങൾ ഭാരമുള്ളതായിരിക്കാം, എന്നാൽ ഭാരം കുറയ്ക്കാൻ അവൻ നമുക്കു നമ്മുടെ സഭാ കുടുംബത്തെ തന്നിരിക്കുന്നു.

മനസ്സലിവു തിരഞ്ഞെടുക്കുക

ഒരു ടിവി ഷോയുടെ ഒരു എപ്പിസോഡിന്റെ കേന്ദ്ര ഭാഗമായിരുന്നു, അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള മഞ്ഞുമായി ബന്ധപ്പെട്ട അപകടങ്ങളുടെ സങ്കലനം. ആളുകൾ മേൽക്കൂരയിൽ നിന്ന് സ്‌കീയിംഗ് നടത്തി താഴോട്ടു വീഴുകയും വസ്തുക്കളിൽ ചെന്നിടിക്കുകയും ഐസിൽ തെന്നി വീഴുകയും ചെയ്യുന്ന ഹോം വീഡിയോകൾ കണ്ട ആളകൾ ചിരിക്കുകയും കരഘോഷം മുഴക്കുകയും ചെയ്തു. വിഡിയോയിൽ ഉൾപ്പെട്ടവർ തന്നെ വീഡിയോ കണ്ടപ്പോൾ സ്വന്തം വിഡ്ഢിത്തം ഓർത്ത് ഏറ്റവും ഉച്ചത്തിൽ ചിരിച്ചു.

രസകരമായ ഹോം വീഡിയോകൾ ഒരു മോശം കാര്യമല്ല, എന്നാൽ അവയ്ക്ക് നമ്മെക്കുറിച്ച് എന്തെങ്കിലുമൊക്കെ വെളിപ്പെടുത്താൻ കഴിയും: മറ്റുള്ളവരുടെ ബുദ്ധിമുട്ടുകൾ കണ്ട് ചിരിക്കാനോ അല്ലെങ്കിൽ മുതലെടുക്കാനോ ഉള്ള പ്രവണത നമുക്കുണ്ട്. എതിരാളികളായ യിസ്രായേൽ, ഏദോം എന്നീ രണ്ടു  രാഷ്ട്രങ്ങളെക്കുറിച്ചുള്ള അത്തരത്തിലുള്ള ഒരു കഥ ഓബദ്യാവിൽ രേഖപ്പെടുത്തിയിട്ടുണ്ട്. യിസ്രായേലിനെ അവരുടെ പാപത്തിനു ശിക്ഷിക്കുന്നത് ഉചിതമെന്നു ദൈവം കണ്ടപ്പോൾ, ഏദോം സന്തോഷിച്ചു. അവർ യിസ്രായേല്യരെ മുതലെടുത്തു, അവരുടെ നഗരങ്ങൾ കൊള്ളയടിച്ചു, അവരുടെ പലായനം തടഞ്ഞു, ശത്രുക്കളെ പിന്തുണച്ചു (ഓബദ്യാവ് 1:13-14). പ്രവാചകനായ ഓബദ്യാവിലൂടെ ഏദോമിന് ഒരു മുന്നറിയിപ്പ് ലഭിച്ചു: “നിന്റെ സഹോദരന്റെ ദിവസം, അവന്റെ അനർത്ഥദിവസം തന്നെ, നീ കണ്ടു രസിക്കേണ്ടതല്ല; സകല ജാതികൾക്കും യഹോവയുടെ നാൾ അടുത്തിരിക്കുന്നു” (വാ. 12, 15).

മറ്റുള്ളവരുടെ വെല്ലുവിളികളും കഷ്ടപ്പാടുകളും കാണുമ്പോൾ, അവർ അത് സ്വയം വരുത്തിവച്ചതായി തോന്നിയാലും, നാം ഗർവ്വത്തെക്കാൾ മനസ്സലിവു തിരഞ്ഞെടുക്കണം. മറ്റുള്ളവരെ വിധിക്കാൻ നമുക്ക് അർഹതയില്ല. ദൈവത്തിനു മാത്രമേ അതിനു കഴിയൂ. ഈ ലോകത്തിന്റെ ഭരണം അവനുള്ളതാണ് (വാ. 21). നീതിയുടെയും കരുണയുടെയും മേൽ അവനു മാത്രമാണ് അധികാരം.

വീണ്ടുവിചാരമില്ലാത്ത തീരുമാനങ്ങൾ

കൗമാരക്കാരനായ ഒരു ആൺകുട്ടി ഫുട്ബോൾ മാച്ചിന് ശേഷം തന്റെ കൂട്ടുകാരന്റെ വീട്ടിലേക്ക് അവന്റെ പിറകെ അതിവേഗം വാഹനമോടിക്കുകയായിരുന്നു. നല്ല മഴയുണ്ടായിരുന്നതിനാൽ, കൂട്ടുകാരന്റെ ബൈക്കിനൊപ്പമെത്താൻ അവൻ പാടുപെട്ടു. അപ്രതീക്ഷിതമായി ട്രാഫിക് സിഗ്നൽ കണ്ട് വാഹനം നിർത്തുവാനായി പെട്ടെന്ന് ബ്രേക്ക് ചെയ്യുകയും, വാഹനം തെന്നിപ്പോയി ഒരു വലിയ മരത്തിൽ ഇടിക്കുകയും ചെയ്തു. അവന്റെ മോട്ടോർ സൈക്കിൾ തകർന്നു പോയി. ദൈവകൃപയാൽ ജീവൻ ലഭിച്ചു എങ്കിലും അവന്റെ വീണ്ടുവിചാരമില്ലാത്ത പ്രവൃത്തിക്ക് വലിയ വില കൊടുക്കേണ്ടി വന്നു.

മോശെയും ഇതു പോലെ ചിന്തയില്ലാത്ത ഒരു തീരുമാനം എടുത്ത് അതിന് വലിയ വില നല്കേണ്ടി വന്നു. വെള്ളമില്ലാത്ത ഒരു സന്ദർഭമാണ് ഇപ്രകാരം ദയനീയമായ ഒരു തീരുമാനത്തിലേക്ക് അദ്ദേഹത്തെ നയിച്ചത്. സീൻ മരുഭൂമിയിൽ ഇസ്രായേൽ ജനത്തിന് വെള്ളമില്ലാതെ വന്നു. "ജനം മോശെക്കും അഹരോനും വിരോധമായി കൂട്ടം കൂടി" (സംഖ്യ 20:2). ക്ഷീണിതനായ നേതാവിനോട് ദൈവം പറഞ്ഞു: പാറയോട് കല്പിക്കുക, "അതു വെള്ളം തരും" (വാ . 8). അതിനു പകരം അദ്ദേഹം "പാറയെ രണ്ടു പ്രാവശ്യം അടിച്ചു" (വാ.11). ദൈവം പറഞ്ഞു: "നിങ്ങൾ എന്നെ വിശ്വസിക്കാതിരുന്നതു കൊണ്ട് ….നിങ്ങൾ (വാഗ്ദത്ത ദേശത്ത് പ്രവേശിക്കുകയില്ല)" ( വാ . 12).

നാം വീണ്ടുവിചാരമില്ലാത്ത തീരുമാനങ്ങളെടുക്കുമ്പോൾ അതിന്റെ പരിണിതഫലം അനുഭവിക്കേണ്ടിവരും. "പരിജ്ഞാനമില്ലാത്ത മനസ്സ് നന്നല്ല; തത്രപ്പെട്ട് കാൽ വെക്കുന്നവനോ പിഴച്ചു പോകുന്നു." (സദൃശ്യവാക്യങ്ങൾ 19:2). ഇന്ന് നാം എടുക്കുന്ന തീരുമാനങ്ങളിലും നടത്തുന്ന തെരഞ്ഞെടുപ്പുകളിലും നമുക്ക് പ്രാർത്ഥനാപൂർവ്വം, ശ്രദ്ധയോടെ ദൈവത്തിന്റെ ജ്ഞാനവും മാർഗ്ഗനിർദ്ദേശങ്ങളും തേടാം.

ഫാക്ടറിയിൽ നിർമ്മിച്ചതു പോലെ തന്നെ

ഈ അടുത്തകാലത്ത് എന്റെ കമ്പ്യൂട്ടർ തകരാറിലാകുകയും ഞാനത് സ്വയം നന്നാക്കാൻ ശ്രമിക്കുകയും ചെയ്തു. അതിനായി പല വീഡിയോകളും കാണുകയും, അതും പരാജയപ്പെട്ടപ്പോൾ ചില സുഹൃത്തുക്കളുടെ സഹായം തേടുകയും ചെയ്തു. എന്നാൽ അവരുടെ ശ്രമവും വിജയിക്കാത്തതിനാൽ അടുത്തുള്ള സർവ്വീസ് സെന്ററിൽ പോകാതെ നിവൃത്തിയില്ലായായിരുന്നു; വാറണ്ടി കാലാവധി കഴിഞ്ഞിട്ടില്ലായിരുന്നു എന്ന് നന്ദിയോടെ ഓർക്കുന്നു.

വിശദമായി പരിശോധിച്ചതിന് ശേഷം ടെക്നീഷ്യൻ പറഞ്ഞത് "ഹാർഡ് ഡിസ്ക് മാറ്റാതെ പറ്റില്ല, അത് കമ്പ്യൂട്ടറിനെ ആദ്യം ഫാക്ടറിയിൽ നിർമ്മിച്ചതു പോലെയാക്കും." എനിക്ക് കുറെ ഡാറ്റ നഷ്ടപ്പെടുമെങ്കിലും കമ്പ്യൂട്ടർ വാങ്ങിയപ്പോൾ ഉള്ളതു പോലെ പുതിയതാകും എന്നാണ് ഇതിനർത്ഥം. പുറമെ പഴയതായി തോന്നിയാലും ഉള്ളിൽ പുതിയതായിരിക്കും.

ദൈവത്തിന്റെ പാപക്ഷമയും ഇങ്ങനെയാണ്. നാം പാപം ചെയ്ത് സ്വന്ത വഴിയിൽ പോകുകയും, എന്നാൽ നമ്മുടെ കുറവുകളും ബലഹീനതകളും അംഗീകരിക്കുമ്പോൾ നമ്മെ താൻ നിർമ്മിച്ചപ്പോൾ ഉള്ളതുപോലെ ആക്കി മാറ്റുവാനും കഴിയും. അവൻ നമുക്ക് ഒരു പുതിയ ഹൃദയം നല്കി, പുതിയ തുടക്കം തരും, രണ്ടാമത് ഒരു അവസരം. നമ്മുടെ ശരീരങ്ങൾ ക്ഷീണവും രോഗവും ബാധിച്ചതാകാം. എന്നാൽ ഹൃദയം നിർമ്മിച്ച നാളിലെ പോലെ പുതുതാകും. അവിടുന്ന് വാഗ്ദത്തം ചെയ്തതുപോലെ, "ഞാൻ നിങ്ങൾക്കു പുതിയോരു ഹൃദയം തരും; പുതിയോരു ആത്മാവിനെ ഞാൻ നിങ്ങളുടെ ഉള്ളിൽ ആക്കും; കല്ലായുള്ള ഹൃദയം ഞാൻ നിങ്ങളുടെ ജഡത്തിൽനിന്നു നീക്കി മാംസമായുള്ള ഹൃദയം നിങ്ങൾക്കു തരും." (യെഹെസ്കേൽ 36:26)

നിയന്ത്രണം ദൈവത്തിനു വിട്ടുകൊടുക്കുക

അടുക്കള മേശയിൽ ഒതുക്കാവുന്നത്ര ചെറുതായ ഒരു ഓക്കു മരം സങ്കല്പിക്കുക. ഒരു ബോൺസായിയുടെ രൂപം അങ്ങനെയാണ് - പ്രകൃതിയിൽ നിങ്ങൾ കാണുന്നതിന്റെ ഒരു ചെറിയ പതിപ്പായ മനോഹരമായ ഒരു അലങ്കാര വൃക്ഷം. ഒരു ബോൺസായിയും അതിന്റെ പൂർണ്ണ വലിപ്പവും തമ്മിൽ ജനിതക വ്യത്യാസമില്ല. ആഴം കുറഞ്ഞ ഒരു പാത്രവും പ്രൂണിംഗും വേരു മുറിക്കലും വളർച്ചയെ നിയന്ത്രിക്കുന്നു, അതിനാൽ ചെടി ചെറുതായിതന്നേ നിൽക്കുന്നു.

ബോൺസായ് മരങ്ങൾ അതിശയകരമായ അലങ്കാര സസ്യങ്ങൾ ആയിരിക്കുമ്പോൾതന്നേ, അവ നിയന്ത്രണത്തിന്റെ ശക്തിയെയും ചിത്രീകരിക്കുന്നു. മരങ്ങൾ അവയുടെ പരിസ്ഥിതിയോട് പ്രതികരിക്കുന്നതിനാൽ നമുക്ക് അവയുടെ വളർച്ചയെ നിയന്ത്രിക്കാൻ ചെയ്യാൻ കഴിയും എന്നതു  ശരിയാണ്, എങ്കിലും ആത്യന്തികമായി കാര്യങ്ങളെ വളരാൻ സഹായിക്കുന്നതു ദൈവമാണ്.

ദൈവം പ്രവാചകനായ യെഹെസ്‌കേലിനോട് ഇപ്രകാരം സംസാരിച്ചു: “യഹോവയായ ഞാൻ ഉയരമുള്ള വൃക്ഷത്തെ താഴ്ത്തി താണിരുന്ന വൃക്ഷത്തെ ഉയർത്തുകയും...ചെയ്യും’’ (യെഹെസ്‌കേൽ 17:24). യിസ്രായേല്യരെ ആക്രമിക്കാൻ ബാബിലോന്യരെ അനുവദിച്ചുകൊണ്ട് ദൈവം യിസ്രായേൽ ജനതയെ “പറിച്ചുകളയുന്ന’’ ഭാവി സംഭവങ്ങളെ മുൻകൂട്ടി കാണിക്കുകയായിരുന്നു. എന്നിരുന്നാലും, ഭാവിയിൽ, ദൈവം യിസ്രായേലിൽ ഫലം കായ്ക്കുന്ന ഒരു പുതിയ വൃക്ഷം നട്ടുപിടിപ്പിക്കും, “പലവിധം ചിറകുള്ള പക്ഷികളൊക്കെയും’’ അതിന്റെ ശാഖകളുടെ തണലിൽ അഭയം കണ്ടെത്തും (വാ. 23). വരാനിരിക്കുന്ന സംഭവങ്ങൾ എത്രത്തോളം നിയന്ത്രണാതീതമാണെന്നു തോന്നിയാലും, താൻ ഇപ്പോഴും ചുമതലക്കാരനാണെന്നു ദൈവം പറഞ്ഞു.

നമ്മുടെ സാഹചര്യങ്ങളെ കൃത്രിമത്വത്തിലൂടെയും സ്വന്തം കഠിനാധ്വാനത്തിലൂടെയും നിയന്ത്രിക്കാൻ ശ്രമിക്കണമെന്നു ലോകം നമ്മോടു പറയുന്നു. എന്നാൽ മരങ്ങളെ വളരാൻ സഹായിക്കുന്ന ഒരേയൊരു വ്യക്തിക്കു നിയന്ത്രണം വിട്ടുകൊടുക്കുന്നതിലൂടെ യഥാർത്ഥ സമാധാനവും അഭിവൃദ്ധിയും കണ്ടെത്താനാകും.

ജീവ-ദായക തിരുത്തൽ

“നിർഭാഗ്യവശാൽ, ഞങ്ങൾക്ക് അടുത്തിടെ വളരെ കഠിനമായ ഒരു സംഭാഷണം നടത്തേണ്ടിവന്നു,’’ ശ്രേയ പറഞ്ഞു. “ഞങ്ങൾക്കു രണ്ടുപേർക്കും അതു സന്തോഷകരമായിരുന്നില്ല, പക്ഷേ അവളുടെ ചുറ്റുമുള്ളവരെ വേദനിപ്പിക്കാതിരിക്കാൻ അവളുടെ മനോഭാവവും പ്രവർത്തനങ്ങളും സംബന്ധിച്ച് അവളോടു സംസാരിക്കേണ്ടതുണ്ടെന്ന് എനിക്കു ശരിക്കും തോന്നി.’’ അവൾ ഉപദേശിക്കുന്ന യുവതിയെക്കുറിച്ചാണ് ശ്രേയ പറഞ്ഞത്. സുഖകരമല്ലായിരുന്നുവെങ്കിലും, അവരുടെ സംഭാഷണം ഫലപ്രദവും യഥാർത്ഥത്തിൽ അവരുടെ ബന്ധത്തെ ശക്തിപ്പെടുത്തുന്നതും ആയിരുന്നു. ഏതാനും ആഴ്ചകൾക്കുശേഷം, താഴ്മ എന്ന പ്രമേയവുമായി രണ്ട് സ്ത്രീകളും സഭാംഗങ്ങളെയെല്ലാം ഉൾപ്പെടുത്തി ഒരു പ്രാർത്ഥനാ സമയത്തിനു നേതൃത്വം കൊടുത്തു.

ഒരു ഔപചാരിക മാർഗനിർദേശ ബന്ധത്തിനു പുറത്തു പോലും, ക്രിസ്തുവിലുള്ള ഒരു സഹോദരനോടോ സഹോദരിയോടോ നമുക്കു കഠിനമായി സംസാരിക്കേണ്ടിവരും. കാലാതീതമായ ജ്ഞാനം നിറഞ്ഞ ഒരു പുസ്തകമായ സദൃശവാക്യങ്ങളിൽ, തിരുത്തൽ കൊടുക്കുന്നതിലും സ്വീകരിക്കുന്നതിലും താഴ്മയുടെ പ്രാധാന്യം ആവർത്തിച്ചു പറയുന്ന ഒരു വിഷയമാണ്. വാസ്തവത്തിൽ, സൃഷ്ടിപരമായ വിമർശനത്തെ “ജീവദായകം’’ എന്നു വിളിക്കുന്നു, അത് യഥാർത്ഥ ജ്ഞാനത്തിലേക്ക് നയിക്കുന്നു (സദൃശവാക്യങ്ങൾ 15:31). സദൃശവാക്യങ്ങൾ 15:5 പറയുന്നത്, “ഭോഷൻ അപ്പന്റെ പ്രബോധനം നിരസിക്കുന്നു; ശാസനയെ കൂട്ടാക്കുന്നവനോ വിവേകിയായ്തീരും.’’ വ്യക്തമായി പറഞ്ഞാൽ, “ശാസന വെറുക്കുന്നവൻ മരിക്കും’’ (വാക്യം 10). ശ്രേയ സാക്ഷ്യം വഹിച്ചതുപോലെ, സ്‌നേഹത്തിൽ പറയുന്ന സത്യം ഒരു ബന്ധത്തിന് പുതിയ ജീവൻ നല്കും.

നിങ്ങളുടെ ജീവിതത്തിൽ, സ്‌നേഹപൂർണ്ണവും ജീവദായകവുമായ ഒരു തിരുത്തൽ വാക്ക് പറയേണ്ട ആരെങ്കിലും ഉണ്ടോ? അല്ലെങ്കിൽ ഒരുപക്ഷേ നിങ്ങൾക്ക് ഈയിടെ ജ്ഞാനപൂർണ്ണമായ ഉപദേശം ലഭിക്കുകയും കോപത്തോടെയോ നിസ്സംഗതയോടെയോ പ്രതികരിക്കാൻ നിങ്ങൾ പ്രലോഭിപ്പിക്കപ്പെടുകയും ചെയ്തിരിക്കാം. ശിക്ഷണത്തെ അവഗണിക്കുക എന്നത് സ്വയം നിന്ദിക്കുന്നതിനു തുല്യമാണ്, എന്നാൽ തിരുത്തൽ ശ്രദ്ധിക്കുന്നത് ജ്ഞാനം നേടലാണ് (വാക്യം 32). ഇന്ന് താഴ്മയോടെ തിരുത്തൽ നൽകാനും സ്വീകരിക്കാനും നമ്മെ സഹായിക്കാൻ ദൈവത്തോട് അപേക്ഷിക്കാം.

നമ്മുടെ പിതാവ്

മുംബൈയിൽ ഒരു നഴ്സ് ആയി ജോലിക്കു കയറുവാൻ പോവുകയായിരുന്നു യമുന. തൊഴിലവസരങ്ങൾ പരിമിതമായ അവളുടെ ഗ്രാമത്തിൽ കഴിയുന്നതിനേക്കാൾ കൂടുതൽ മെച്ചമായി അവളുടെ കുടുംബത്തെ പരിപാലിക്കുവാൻ അവൾക്കതാവശ്യമായിരുന്നു. പുറപ്പെടുന്നതിന്റെ തലേദിവസം രാത്രി, അവൾ തന്റെ അഞ്ചു വയസ്സുള്ള മകളെ നോക്കുവാനേറ്റ സഹോദരിക്ക് നിർദ്ദേശങ്ങൾ നൽകി. "ഒരു സ്പൂൺ പഞ്ചസാര കൂട്ടി കൊടുത്താൽ അവൾ അവളുടെ മരുന്നുകൾ കഴിക്കും," യമുന വിശദീകരിച്ചു, "ഓർക്കുക, അവൾ ഒരു നാണം കുണുങ്ങിയാണ്. പതിയെ അവൾ അവളുടെ കസിൻസുമായി കളിച്ചുകൊള്ളും. അവൾക്ക് ഇരുട്ടിനെ ഭയമാണ്, . . "
പിറ്റേന്ന് ട്രെയിനിലെ ജനലിലൂടെ പുറത്തേക്ക് നോക്കി യമുന പ്രാർത്ഥിച്ചു: “കർത്താവേ, എന്റെ മകളെ എന്നെപ്പോലെ ആർക്കും അറിയില്ല. എനിക്ക് ഇപ്പോൾ അവളോടൊപ്പം ആയിരിക്കുവാൻ കഴിയുകയില്ല, പക്ഷേ നിനക്കതു കഴിയും.”
നമ്മൾ ഇഷ്ടപ്പെടുന്ന ആളുകളെ നമ്മൾ അറിയുന്നു, അവരെക്കുറിച്ചുള്ള വിശദാംശങ്ങൾ നമ്മൾ ശ്രദ്ധിക്കുന്നു;കാരണം അവർ നമുക്ക് വിലപ്പെട്ടവരാണ്. വിവിധ സാഹചര്യങ്ങളാൽ നമുക്ക് അവരോടൊപ്പമുണ്ടാകുവാൻ കഴിയാത്തപ്പോൾ, നമ്മളെപ്പോലെ വേറെ ആർക്കും അവരെ അറിയാത്തതിനാൽ അവർക്കെന്തങ്കിലും പ്രയാസമുണ്ടാകുമോ എന്ന് നാം പലപ്പോഴും ഉത്കണ്ഠാകുലരാണ്.
മറ്റാരെക്കാളും കൂടുതൽ ദൈവം നമ്മെ അറിയുന്നു എന്നു സങ്കീർത്തനം 139 ൽ ദാവീദ് നമ്മെ ഓർമ്മിപ്പിക്കുന്നു. അതുപോലെ, അവൻ തന്റെ പ്രിയപ്പെട്ടവരെ അടുത്തറിയുന്നു (വാ. 1-4). അവൻ അവരുടെ സ്രഷ്ടാവാണ് (വാ. 13-15), അതിനാൽ അവൻ അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കുന്നു. അവരുടെ ജീവിതത്തിലെ ഓരോ ദിവസവും എന്ത് സംഭവിക്കുമെന്ന് അവനറിയാം (വാ. 16), അവൻ അവരോടൊപ്പമുണ്ട്, അവരെ ഒരിക്കലും അവൻ ഉപേക്ഷിക്കയില്ല (വാ. 5-10).
നിങ്ങൾ മറ്റുള്ളവരെക്കുറിച്ച് ഉത്കണ്ഠാകുലരാകുമ്പോൾ, അവരെ ദൈവത്തിന്റെ കൈയിൽ ഏൽപ്പിക്കുക, കാരണം അവൻ അവരെ നന്നായി അറിയുന്നു, ഏറ്റവും കൂടുതൽ സ്നേഹിക്കുന്നു.

സത്യത്തില്‍ നങ്കൂരമിട്ടത്

എന്റെ കുടുംബം, ഏകദേശം ഒരു നൂറ്റാണ്ടു പഴക്കമുള്ളതും ധാരാളം സവിശേഷതകളുള്ളതുമായ ഒരു വീട്ടിലാണ് താമസിക്കുന്നത്. മനോഹരമായ ചിത്രപ്പണികളുള്ള ഭിത്തികളാണതിനുള്ളത്. ഇത്തരം ഭിത്തികളില്‍ ഒരു ചിത്രം തൂക്കണമെന്നുണ്ടെങ്കില്‍, ഒരു മരക്കഷണം ഭിത്തിയില്‍ ഉറപ്പിച്ചിട്ടുവേണം അതില്‍ ആണിയടിച്ച് ചിത്രം തൂക്കിയിടാന്‍ എന്ന് വീടുകള്‍ നിര്‍മ്മിക്കുന്ന ഒരാള്‍ എനിക്കു മുന്നറിയിപ്പു നല്‍കി. അല്ലെങ്കില്‍, ഒരു കൊളുത്ത് സിമന്റിട്ടുറപ്പിക്കണം. അല്ലാത്തപക്ഷം ആണി ഭിത്തിയില്‍നിന്നിളകുകയും താഴെ വീണു തകര്‍ന്നുപോകയും ചെയ്യും, ഭിത്തിയില്‍ ഒരു വികൃതമായ ദ്വാരമുണ്ടാകുകയും ചെയ്യും.

എല്യാക്കീം എന്ന ഒരു അപ്രധാന ബൈബിള്‍ കഥാപാത്രത്തെ വിവരിക്കാന്‍, ഒരു ഭിത്തിയില്‍ ഉറപ്പിച്ചു നിര്‍ത്തിയിരിക്കുന്ന ഒരു ആണിയുടെ സാദൃശ്യം യെശയ്യാപ്രവാചകന്‍ ഉപയോഗിച്ചു. അഴിമതിക്കാരനായ രാജധാനി വിചാരകന്‍ ശെബ്‌നയില്‍ നിന്നും (യെശയ്യാവ് 22:15-19) സ്വന്ത ശക്തിയില്‍ ആശ്രയിക്കുന്ന യിസ്രായേല്‍ ജനത്തില്‍നിന്നും (വാ. 8-11), വ്യത്യസ്തമായി, എല്യാക്കീം ദൈവത്തില്‍ ആശ്രയിച്ചു. ഹിസ്‌കീയാരാജാവിന്റെ രാജധാനി വിചാരകനായുള്ള എല്യാക്കീമിന്റെ സ്ഥാനക്കയറ്റം പ്രവചിച്ചുകൊണ്ട്, 'ഉറപ്പുള്ള സ്ഥലത്ത് ഒരാണിപോലെ ഞാന്‍ അവനെ തറയ്ക്കും' എന്ന് യെശയ്യാവ് എഴുതി (വാ. 23). ദൈവത്തിന്റെ സത്യത്തിലും കൃപയിലും സുരക്ഷിതമായി നങ്കൂരമുറപ്പിക്കുന്നത്, തന്റെ കുടുംബത്തിനും ജനത്തിനും പിന്തുണ നല്‍കുന്ന ഒരുവനാക്കി എല്യാക്കീമിനെ മാറ്റും (വാ. 22-24).

എന്നിട്ടും, യെശയ്യാവ് ഈ പ്രവചനം അവസാനിപ്പിച്ചത്, ഒരു വ്യക്തിക്കും തന്റെ സ്‌നേഹിതരുടെയോ കുടുംബാംഗങ്ങളുടെയോ ആത്യന്തികസുരക്ഷ ഉറപ്പാക്കാന്‍ കഴിയില്ലെന്ന ഗൗരവമായ ഓര്‍മ്മപ്പെടുത്തലോടെയാണ് - കാരണം, നാമെല്ലാവരും പരാജയപ്പെടുന്നു (വാ. 25). നമ്മുടെ ജീവിതത്തില്‍ പൂര്‍ണ്ണമായും വിശ്വസനീയമായ ഏക നങ്കൂരം യേശു മാത്രമാണ് (സങ്കീര്‍ത്തനം 62:5-6; മത്തായി 7:24). നാം മറ്റുള്ളവരെ കരുതുകയും അവരുടെ ഭാരം പങ്കിടുകയും ചെയ്യുമ്പോള്‍, ഒരിക്കലും പരാജയപ്പെടാത്ത നങ്കൂരമായ യേശുവിലേക്ക് അവരെ നമുക്കു നയിക്കുകയും ചെയ്യാം.

കൃപയാല്‍ ശക്തിപ്പെടുക

അമേരിക്കന്‍ ആഭ്യന്തരയുദ്ധകാലത്ത്, സൈന്യത്തില്‍ നിന്നും ഒളിച്ചോടുന്നതിനുള്ള ശിക്ഷ മരണമായിരുന്നു. എന്നാല്‍ യൂണിയന്‍ സൈന്യം ഒളിച്ചോടിയവരെ അപൂര്‍വ്വമായി മാത്രമേ വധിച്ചിരുന്നുള്ളു, കാരണം അവരുടെ സൈന്യാധിപനായ ഏബ്രഹാം ലിങ്കണ്‍ ഏതാണ്ട് എല്ലാവര്‍ക്കും മാപ്പുനല്‍കി. ഇത് യുദ്ധ സെക്രട്ടറിയായ എഡ്വിന്‍ സ്റ്റാന്റ്റണെ പ്രകോപിപ്പിച്ചു, ലിങ്കന്റെ വിട്ടുവീഴ്ച ഉപേക്ഷിച്ചു പോകാന്‍ താല്പര്യമുള്ളവരെ പ്രോത്സാഹിപ്പിച്ചേക്കുമെന്ന് അദ്ദേഹം കരുതി. എന്നാല്‍ ധൈര്യം കെട്ടവരും യുദ്ധത്തിന്റെ ചൂടില്‍ അവരുടെ ഭയത്തിന് അടിമപ്പെട്ടുപോയവരുമായ സൈനികരോട് ലിങ്കണ്‍ സഹാനുഭൂതി പ്രകടിപ്പിച്ചു. അദ്ദേഹത്തിന്റെ സഹാനുഭൂതി അദ്ദേഹത്തെ പടയാളികള്‍ക്ക് പ്രിയങ്കരനാക്കി. അവര്‍ തങ്ങളുടെ 'പിതാവായ അബ്രഹാമിനെ'' സ്‌നേഹിച്ചു, അവരുടെ വാത്സല്യം ലിങ്കനെ കൂടുതല്‍ ശക്തമായി സേവിക്കാന്‍ സൈനികരെ പ്രേരിപ്പിച്ചു.

'ക്രിസ്തുയേശുവിന്റെ നല്ല ഭടനായി' കഷ്ടം സഹിക്കാന്‍ പൗലൊസ് തിമൊഥെയൊസിനെ വിളിക്കുമ്പോള്‍ (2 തിമൊഥെയൊസ് 2:3), കഠിനമായ തൊഴിലിലേക്കാണ് അവനെ വിളിക്കുന്നത്. ഒരു സൈനികന്‍ പൂര്‍ണ്ണമായും സമര്‍പ്പിതനും കഠിനാധ്വാനിയും നിസ്വാര്‍ത്ഥനുമായിരിക്കണം. അവന്‍ തന്റെ കമാന്‍ഡിംഗ് ഓഫീസറായ യേശുവിനെ പൂര്‍ണ്ണഹൃദയത്തോടെ സേവിക്കണം. എന്നാല്‍ യഥാര്‍ത്ഥത്തില്‍, അവന്റെ നല്ല സൈനികരാകുന്നതില്‍ നാം ചിലപ്പോള്‍ പരാജയപ്പെടുന്നു. നാം എല്ലായ്‌പ്പോഴും അവനെ വിശ്വസ്തതയോടെ സേവിക്കുന്നില്ല. അതിനാല്‍ പൗലൊസിന്റെ പ്രാരംഭ വാക്യം പ്രധാനമാണ്: 'ക്രിസ്തുയേശുവിലുള്ള കൃപയാല്‍ ശക്തിപ്പെടുക'' (വാ. 1). നമ്മുടെ രക്ഷകന്‍ കൃപ നിറഞ്ഞവനാണ്. അവന്‍ നമ്മുടെ ബലഹീനതകളോട് സഹതപിക്കുകയും നമ്മുടെ പരാജയങ്ങള്‍ ക്ഷമിക്കുകയും ചെയ്യുന്നു (എബ്രായര്‍ 4:15). യൂണിയന്‍ പട്ടാളക്കാര്‍ ലിങ്കന്റെ അനുകമ്പയാല്‍ പ്രോത്സാഹിപ്പിക്കപ്പെട്ടതുപോലെ, യേശുവിന്റെ കൃപയാല്‍ വിശ്വാസികളും ശക്തിപ്പെടുന്നു. അവിടുന്ന് നമ്മെ സ്‌നേഹിക്കുന്നുവെന്ന് നമുക്കറിയാമെന്നതിനാല്‍ നാം അവനെ കൂടുതല്‍ കൂടുതല്‍ സേവിക്കാന്‍ ആഗ്രഹിക്കുന്നു.