കൗമാരക്കാരനായ ഒരു ആൺകുട്ടി ഫുട്ബോൾ മാച്ചിന് ശേഷം തന്റെ കൂട്ടുകാരന്റെ വീട്ടിലേക്ക് അവന്റെ പിറകെ അതിവേഗം വാഹനമോടിക്കുകയായിരുന്നു. നല്ല മഴയുണ്ടായിരുന്നതിനാൽ, കൂട്ടുകാരന്റെ ബൈക്കിനൊപ്പമെത്താൻ അവൻ പാടുപെട്ടു. അപ്രതീക്ഷിതമായി ട്രാഫിക് സിഗ്നൽ കണ്ട് വാഹനം നിർത്തുവാനായി പെട്ടെന്ന് ബ്രേക്ക് ചെയ്യുകയും, വാഹനം തെന്നിപ്പോയി ഒരു വലിയ മരത്തിൽ ഇടിക്കുകയും ചെയ്തു. അവന്റെ മോട്ടോർ സൈക്കിൾ തകർന്നു പോയി. ദൈവകൃപയാൽ ജീവൻ ലഭിച്ചു എങ്കിലും അവന്റെ വീണ്ടുവിചാരമില്ലാത്ത പ്രവൃത്തിക്ക് വലിയ വില കൊടുക്കേണ്ടി വന്നു.

മോശെയും ഇതു പോലെ ചിന്തയില്ലാത്ത ഒരു തീരുമാനം എടുത്ത് അതിന് വലിയ വില നല്കേണ്ടി വന്നു. വെള്ളമില്ലാത്ത ഒരു സന്ദർഭമാണ് ഇപ്രകാരം ദയനീയമായ ഒരു തീരുമാനത്തിലേക്ക് അദ്ദേഹത്തെ നയിച്ചത്. സീൻ മരുഭൂമിയിൽ ഇസ്രായേൽ ജനത്തിന് വെള്ളമില്ലാതെ വന്നു. “ജനം മോശെക്കും അഹരോനും വിരോധമായി കൂട്ടം കൂടി” (സംഖ്യ 20:2). ക്ഷീണിതനായ നേതാവിനോട് ദൈവം പറഞ്ഞു: പാറയോട് കല്പിക്കുക, “അതു വെള്ളം തരും” (വാ . 8). അതിനു പകരം അദ്ദേഹം “പാറയെ രണ്ടു പ്രാവശ്യം അടിച്ചു” (വാ.11). ദൈവം പറഞ്ഞു: “നിങ്ങൾ എന്നെ വിശ്വസിക്കാതിരുന്നതു കൊണ്ട് ….നിങ്ങൾ (വാഗ്ദത്ത ദേശത്ത് പ്രവേശിക്കുകയില്ല)” (വാ . 12).

നാം വീണ്ടുവിചാരമില്ലാത്ത തീരുമാനങ്ങളെടുക്കുമ്പോൾ അതിന്റെ പരിണിതഫലം അനുഭവിക്കേണ്ടിവരും. “പരിജ്ഞാനമില്ലാത്ത മനസ്സ് നന്നല്ല; തത്രപ്പെട്ട് കാൽ വെക്കുന്നവനോ പിഴച്ചു പോകുന്നു.” (സദൃശ്യവാക്യങ്ങൾ 19:2). ഇന്ന് നാം എടുക്കുന്ന തീരുമാനങ്ങളിലും നടത്തുന്ന തെരഞ്ഞെടുപ്പുകളിലും നമുക്ക് പ്രാർത്ഥനാപൂർവ്വം, ശ്രദ്ധയോടെ ദൈവത്തിന്റെ ജ്ഞാനവും മാർഗ്ഗനിർദ്ദേശങ്ങളും തേടാം.