“പപ്പാ, നോക്കിക്കേ! ആ മരങ്ങൾ ദൈവത്തെ കൈ വീശി അഭിവാദ്യം ചെയ്യുന്നു!” ഒരു കൊടുങ്കാറ്റിനു മുന്നോടിയായുള്ള കാറ്റിൽ മരച്ചില്ലകൾ ഇളകിയാടുന്നത് കണ്ട എന്റെ കൊച്ചു മകന്റെ കമന്റ് കേട്ട ഞാൻ ചിരിച്ചു. ഞാൻ എന്നോടു തന്നെ ചോദിച്ചു, എനിക്ക് ഇപ്രകാരം ഭാവന കാണുന്ന വിശ്വാസം ഉണ്ടോ?

മോശെയെയും കത്തുന്ന മുൾപ്പടർപ്പിനെയും അടിസ്ഥാനമാക്കി, എലിസബത്ത് ബാരറ്റ് ബ്രൗണിങ്ങ് എഴുതിയത് ഇങ്ങനെയാണ്: “ഭൂമിയിൽ സ്വർഗം നിറഞ്ഞു നിൽക്കുന്നു, / എല്ലാ കുറ്റിക്കാടുകളും ദൈവത്തിന്റെ അഗ്നിയിൽ ജ്വലിച്ച് നിൽക്കുന്നു; / എന്നാൽ അത് കാണുന്നവൻ മാത്രം, ചെരിപ്പ് അഴിച്ചു മാറ്റുന്നു.” ദൈവത്തിന്റെ കരവേല അവന്റെ അത്ഭുത സൃഷ്ടികളിലെല്ലാം സ്പഷ്ടമാണ്; ഒരിക്കൽ സർവ്വഭൂമിയും പുതുതാക്കപ്പെടുമ്പോൾ, മുമ്പ് കാണാത്ത വിധം നാമത് കാണും.

ഈ ദിവസത്തെക്കുറിച്ച് യെശയ്യാവിലൂടെ ദൈവം പ്രഖ്യാപിക്കുന്നു: “നിങ്ങൾ സന്തോഷത്തോടെ പുറപ്പെടും; സമാധാനത്തോടെ നിങ്ങളെ പറഞ്ഞയക്കും; മലകളും കുന്നുകളും നിങ്ങളുടെ മുമ്പിൽ പൊട്ടി ആർക്കും; ദേശത്തിലെ സകലവൃക്ഷങ്ങളും കൈ കൊട്ടും” (യെശയ്യാവ് 55:12). പാടുന്ന പർവ്വങ്ങൾ? കൈ കൊട്ടുന്ന വൃക്ഷങ്ങൾ? എന്തുകൊണ്ട് ഇല്ല? പൗലോസ് പറയുന്നു: “സൃഷ്ടി ദ്രവത്വത്തിന്റെ ദാസ്യത്തിൽ നിന്നു വിടുതലും ദൈവമക്കളുടെ തേജസ്സാകുന്ന സ്വാതന്ത്ര്യവും പ്രാപിക്കും” (റോമർ 8:20).

യേശു ഒരിക്കൽ കല്ലുകൾ ആർത്തു വിളിക്കുന്നതിനെപ്പറ്റി പറഞ്ഞു (ലൂക്കൊസ് 19:40), തന്റെ അടുക്കൽ രക്ഷക്കായി വരുന്നവരെപ്പറ്റിയുള്ള യെശയ്യാവിന്റെ പ്രവചനത്തെ പ്രതിദ്ധ്വനിക്കുന്നതാണ് ആ വാക്കുകൾ. ദൈവത്തിന് മാത്രമേ ചെയ്യാൻ കഴിയൂ എന്ന് സങ്കല്പ്പിക്കുന്ന വിശ്വാസത്തോടെ നാം അവനെ നോക്കിയാൽ, അവന്റെ അത്ഭുതങ്ങൾ എക്കാലത്തും തുടരുന്നതായി നമുക്ക് കാണാനാകും.