“നിർഭാഗ്യവശാൽ, ഞങ്ങൾക്ക് അടുത്തിടെ വളരെ കഠിനമായ ഒരു സംഭാഷണം നടത്തേണ്ടിവന്നു,’’ ശ്രേയ പറഞ്ഞു. “ഞങ്ങൾക്കു രണ്ടുപേർക്കും അതു സന്തോഷകരമായിരുന്നില്ല, പക്ഷേ അവളുടെ ചുറ്റുമുള്ളവരെ വേദനിപ്പിക്കാതിരിക്കാൻ അവളുടെ മനോഭാവവും പ്രവർത്തനങ്ങളും സംബന്ധിച്ച് അവളോടു സംസാരിക്കേണ്ടതുണ്ടെന്ന് എനിക്കു ശരിക്കും തോന്നി.’’ അവൾ ഉപദേശിക്കുന്ന യുവതിയെക്കുറിച്ചാണ് ശ്രേയ പറഞ്ഞത്. സുഖകരമല്ലായിരുന്നുവെങ്കിലും, അവരുടെ സംഭാഷണം ഫലപ്രദവും യഥാർത്ഥത്തിൽ അവരുടെ ബന്ധത്തെ ശക്തിപ്പെടുത്തുന്നതും ആയിരുന്നു. ഏതാനും ആഴ്ചകൾക്കുശേഷം, താഴ്മ എന്ന പ്രമേയവുമായി രണ്ട് സ്ത്രീകളും സഭാംഗങ്ങളെയെല്ലാം ഉൾപ്പെടുത്തി ഒരു പ്രാർത്ഥനാ സമയത്തിനു നേതൃത്വം കൊടുത്തു.

ഒരു ഔപചാരിക മാർഗനിർദേശ ബന്ധത്തിനു പുറത്തു പോലും, ക്രിസ്തുവിലുള്ള ഒരു സഹോദരനോടോ സഹോദരിയോടോ നമുക്കു കഠിനമായി സംസാരിക്കേണ്ടിവരും. കാലാതീതമായ ജ്ഞാനം നിറഞ്ഞ ഒരു പുസ്തകമായ സദൃശവാക്യങ്ങളിൽ, തിരുത്തൽ കൊടുക്കുന്നതിലും സ്വീകരിക്കുന്നതിലും താഴ്മയുടെ പ്രാധാന്യം ആവർത്തിച്ചു പറയുന്ന ഒരു വിഷയമാണ്. വാസ്തവത്തിൽ, സൃഷ്ടിപരമായ വിമർശനത്തെ “ജീവദായകം’’ എന്നു വിളിക്കുന്നു, അത് യഥാർത്ഥ ജ്ഞാനത്തിലേക്ക് നയിക്കുന്നു (സദൃശവാക്യങ്ങൾ 15:31). സദൃശവാക്യങ്ങൾ 15:5 പറയുന്നത്, “ഭോഷൻ അപ്പന്റെ പ്രബോധനം നിരസിക്കുന്നു; ശാസനയെ കൂട്ടാക്കുന്നവനോ വിവേകിയായ്തീരും.’’ വ്യക്തമായി പറഞ്ഞാൽ, “ശാസന വെറുക്കുന്നവൻ മരിക്കും’’ (വാക്യം 10). ശ്രേയ സാക്ഷ്യം വഹിച്ചതുപോലെ, സ്‌നേഹത്തിൽ പറയുന്ന സത്യം ഒരു ബന്ധത്തിന് പുതിയ ജീവൻ നല്കും.

നിങ്ങളുടെ ജീവിതത്തിൽ, സ്‌നേഹപൂർണ്ണവും ജീവദായകവുമായ ഒരു തിരുത്തൽ വാക്ക് പറയേണ്ട ആരെങ്കിലും ഉണ്ടോ? അല്ലെങ്കിൽ ഒരുപക്ഷേ നിങ്ങൾക്ക് ഈയിടെ ജ്ഞാനപൂർണ്ണമായ ഉപദേശം ലഭിക്കുകയും കോപത്തോടെയോ നിസ്സംഗതയോടെയോ പ്രതികരിക്കാൻ നിങ്ങൾ പ്രലോഭിപ്പിക്കപ്പെടുകയും ചെയ്തിരിക്കാം. ശിക്ഷണത്തെ അവഗണിക്കുക എന്നത് സ്വയം നിന്ദിക്കുന്നതിനു തുല്യമാണ്, എന്നാൽ തിരുത്തൽ ശ്രദ്ധിക്കുന്നത് ജ്ഞാനം നേടലാണ് (വാക്യം 32). ഇന്ന് താഴ്മയോടെ തിരുത്തൽ നൽകാനും സ്വീകരിക്കാനും നമ്മെ സഹായിക്കാൻ ദൈവത്തോട് അപേക്ഷിക്കാം.