കൊവിഡ് 19 പ്രതിസന്ധി ആഞ്ഞടിച്ച സമയത്ത് കെല്ലി മസ്തിഷ്‌ക ക്യാൻസറുമായി പോരാടുകയായിരുന്നു. തുടർന്ന് അവളുടെ ഹൃദയത്തിനും ശ്വാസകോശത്തിനും ചുറ്റും സ്രവം ഉണ്ടാകുകയും അവളെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. കോവിഡ് കാരണം അവളുടെ കുടുംബത്തിന് അവളെ സന്ദർശിക്കാൻ കഴിഞ്ഞില്ല. അവളുടെ ഭർത്താവ് ഡേവ് പ്രതിസന്ധി പരിഹരിക്കാൻ എന്തെങ്കിലും ചെയ്യുമെന്ന് പ്രതിജ്ഞയെടുത്തു.

പ്രിയപ്പെട്ടവരെ ഒരുമിച്ചുകൂട്ടിക്കൊണ്ട്, സന്ദേശങ്ങൾ എഴുതിയ വലിയ ബോർഡുകൾ ഉണ്ടാക്കാൻ ഡേവ് അവരോട് ആവശ്യപ്പെട്ടു. അവർ അങ്ങനെ ചെയ്തു. മാസ്‌ക് ധരിച്ച്, ഇരുപതു പേർ ആശുപത്രിക്കു പുറത്ത് തെരുവിൽ ബോർഡുകൾ പിടിച്ചുകൊണ്ടു നിന്നു: “മികച്ച അമ്മ!’’ “നിന്നെ നിന്നെ സ്‌നഹിക്കുന്നു,’’ “ഞങ്ങൾ നിന്നോടൊപ്പമുണ്ട്,’’ ഒരു നഴ്‌സിന്റെ സഹായത്തോടെ കെല്ലി നാലാം നിലയിലെ ജനാലയുടെ അടുത്തേക്കു പോയി. “ഞങ്ങൾക്ക് ആകെ കാണാൻ കഴിഞ്ഞത് ഒരു മുഖംമൂടിയും വീശുന്ന ഒരു കൈയുമാണ്,’’ അവളുടെ ഭർത്താവ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു, “എങ്കിലും അതു മനോഹരമായ മുഖംമൂടിയും വീശുന്ന കൈയുമായിരുന്നു.’’

തന്റെ ജീവിതാവസാനത്തിൽ, റോമൻ തടവറയിൽ കഴിയുമ്പോൾ അപ്പൊസ്തലനായ പൗലൊസിന് ഏകാന്തത അനുഭവപ്പെട്ടു. അവൻ തിമൊഥെയൊസിന് എഴുതി, “”ശീതകാലത്തിനുമുമ്പെ വരുവാൻ ശ്രമിക്ക’’ (2 തിമൊഥെയൊസ് 4:21). എങ്കിലും പൗലൊസ് പൂർണമായും തനിച്ചായിരുന്നില്ല. “കർത്താവോ എനിക്കു തുണനിന്നു ….. എന്നെ ശക്തീകരിച്ചു’’ അവൻ പറഞ്ഞു (വാ. 17). മറ്റ് വിശ്വാസികളുമായി അവന് പ്രോത്സാഹജനകമായ ചില സമ്പർക്കം ഉണ്ടായിരുന്നതായും വ്യക്തമാണ്. “യൂബൂലൊസും പൂദെസും ലീനൊസും ക്ലൗദിയയും സഹോദരന്മാർ എല്ലാവരും നിനക്കു വന്ദനം ചൊല്ലുന്നു.’’ അവൻ തിമൊഥെയൊസിനോടു പറഞ്ഞു (വാ. 21).

നാം സമൂഹമായി ജീവിക്കാൻ സൃഷ്ടിക്കപ്പെട്ടവരാണ്, നാം പ്രതിസന്ധിയിലായിരിക്കുമ്പോൾ അത് ഏറ്റവും തീവ്രമായി അനുഭവപ്പെടുന്നത്. ഇന്ന് തനിച്ചായിരിക്കുന്നു എന്നു തോന്നുന്ന ഒരാൾക്കു വേണ്ടി നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും?