ഡോ. ഗാരി ഗ്രീൻബെർഗ് ലോകമെമ്പാടുമുള്ള കടൽത്തീരങ്ങളിൽ നിന്ന് മണലിന്റെ അനേക മടങ്ങു വലുപ്പത്തിലുള്ള ഫോട്ടോകളെടുത്തു. പലപ്പോഴും അവ ഒപ്പിയെടുത്ത, മണലിലെ ധാതുക്കൾ, ചിപ്പികൾ, പവിഴ ശകലങ്ങൾ എന്നിവയിൽ നിന്നുള്ള തിളക്കമാർന്ന നിറങ്ങൾ നമ്മെ ആശ്ചര്യപ്പെടുത്തുന്നതായിരുന്നു. 

കണ്ണിനു കാണുന്നതിനേക്കാൾ കൂടുതൽ മണലിൽ അടങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം കണ്ടെത്തി. അരീനോളജിയിൽ (മണലിനെക്കുറിച്ചുള്ള പഠനം), മണലിലെ ധാതുക്കളുടെ സൂക്ഷ്മതല വിശകലനത്തിലൂടെ മണ്ണൊലിപ്പ്, തീരത്തെ പ്രവാഹങ്ങൾ, തീരപ്രദേശങ്ങളിന്മേലുള്ള അവയുടെ സ്വാധീനം എന്നിവയെക്കുറിച്ച് ധാരാളം കണ്ടെത്താൻ കഴിയും. ഒരു ചെറിയ മണൽത്തരിയിൽനിന്നുപോലും വലിയ മൂല്യമുള്ള വിവരങ്ങൾ ലഭിക്കും!

ഒരൊറ്റ പ്രാർത്ഥന, ഒരു മണൽത്തരി പോലെ, ഭാരിച്ച ഒരു കാര്യമാണ്. ദൈവരാജ്യത്തിന്റെ വരവിൽ പ്രാർത്ഥനയുടെ ശക്തമായ പങ്കിനെക്കുറിച്ചു തിരുവെഴുത്തു സൂചിപ്പിക്കുന്നു. വെളിപ്പാട് 8 ൽ, ദൈവസിംഹാസനത്തിനുമുമ്പിലുള്ള ധൂപപീഠത്തിന്നരികിൽ ‘സകലവിശുദ്ധന്മാരുടെയും പ്രാർത്ഥനകൾ’ അടങ്ങിയ ഒരു സ്വർണ്ണ ധൂപകലശം പിടിച്ചുകൊണ്ടു നിൽക്കുന്നത് യോഹന്നാൻ കാണുന്നു. “ദൂതൻ ധൂപകലശം എടുത്തു യാഗപീഠത്തിലെ കനൽ നിറെച്ചു ഭൂമിയിലേക്കു എറിഞ്ഞു; ഉടനെ ഇടിമുഴക്കവും നാദവും മിന്നലും ഭൂകമ്പവും ഉണ്ടായി’’ (വാ. 3, 5).

ദൂതൻ തീയും പ്രാർത്ഥനയും നിറഞ്ഞ ധൂപകലശം എറിഞ്ഞയുടനെ, ഈ പഴയ ഭൂമിയുടെ അവസാന നാളുകളും ക്രിസ്തുവിന്റെ മടങ്ങിവരവും അറിയിച്ചുകൊണ്ട്  “ഏഴു കാഹളമുള്ള ദൂതന്മാർ ഏഴുവരും കാഹളം ഊതുവാൻ ഒരുങ്ങിനിന്നു’’ (വാ. 6).

നമ്മുടെ പ്രാർത്ഥനകൾ പ്രത്യേകിച്ചു ഗുണം ചെയ്യുമെന്നു നമുക്കു പലപ്പോഴും തോന്നിയേക്കില്ല, പക്ഷേ ദൈവം ഒരെണ്ണം പോലും നഷ്ടപ്പെടുത്തുന്നില്ല. അവന്റെ രാജ്യത്തിന്റെ പൂർത്തീകരണത്തിൽ അവ ഏതെങ്കിലും നിലയിൽ ഒരു പങ്കു വഹിക്കുന്നു എന്നറിയുന്നതിനാൽ അവൻ അവയെ വളരെയധികം വിലമതിക്കുന്നു. ഏറ്റവും ചെറിയ പ്രാർത്ഥനയായി നമുക്ക് തോന്നുന്നവ അവനെ സംബന്ധിച്ച് ഭൂമിയെ കുലുക്കുന്ന ഭാരമുള്ളവയാണ്!