ഞാൻ ആരാണ്?
1859-ൽ ജോഷ്വ എബ്രഹാം നോർട്ടൺ അമേരിക്കയുടെ ചക്രവർത്തിയായി സ്വയം പ്രഖ്യാപിച്ചു. സാൻ ഫ്രാൻസിസ്‌കോ ഷിപ്പിംഗിൽ നോർട്ടൺ തന്റെ ഭാഗ്യം കെട്ടിപ്പടുത്തു-നഷ്ടപ്പെടുകും ചെയ്തു. പക്ഷേ അയാൾക്ക് ഒരു പുതിയ ഐഡന്റിറ്റി വേണണായിരുന്നു: അമേരിക്കയുടെ ആദ്യത്തെ ചക്രവർത്തി എന്ന പദവി. സാൻഫ്രാൻസിസ്‌കോ ഈവനിംഗ് ബുള്ളറ്റിൻ ''ചക്രവർത്തി'' നോർട്ടന്റെ അറിയിപ്പ് അച്ചടിച്ചപ്പോൾ, മിക്ക വായനക്കാരും ചിരിച്ചു. സമൂഹത്തിന്റെ തിന്മകൾ തിരുത്താൻ ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങൾ നോർട്ടൺ നടത്തി, സ്വന്തം കറൻസി അച്ചടിച്ചു, ബ്രിട്ടീഷ് സാമ്രാജ്യത്തിലെ വിക്ടോറിയ രാജ്ഞിക്ക്, തന്നെ വിവാഹം കഴിക്കാനും അവരുടെ രാജ്യങ്ങളെ ഒന്നിപ്പിക്കാനും ആവശ്യപ്പെട്ട് കത്തുകൾ പോലും എഴുതി. പ്രാദേശിക തയ്യൽക്കാർ രൂപകൽപ്പന ചെയ്ത രാജകീയ സൈനിക യൂണിഫോം അയാൾ ധരിച്ചിരുന്നു. ഒരു നിരീക്ഷകൻ പറഞ്ഞു, നോർട്ടൺ 'ഓരോ ഇഞ്ചും ഒരു രാജാവായി' കാണപ്പെട്ടു. എന്നാൽ തീർച്ചയായും, അയാൾ രാജാവായിരുന്നില്ല. നമ്മൾ ആരാണെന്നത് നമുക്ക് സ്വയം ഉളവാക്കാൻ പറ്റില്ല.
നമ്മിൽ പലരും നമ്മൾ ആരാണെന്ന് അന്വേഷിക്കാനും നമുക്ക് എന്ത് മൂല്യമുണ്ടെന്ന് ചിന്തിക്കാനും വർഷങ്ങളോളം ചെലവഴിക്കുന്നു. നാം ആരാണെന്നതിനെക്കുറിച്ചുള്ള സത്യം യഥാർത്ഥത്തിൽ ദൈവത്തിനു മാത്രമേ നമ്മോട് പറയാൻ കഴിയൂ എന്നിരിക്കെ, നാം സ്വയം പേരിടാനോ നിർവചിക്കാനോ ശ്രമിക്കുന്നു. അവന്റെ പുത്രനായ യേശുവിൽ നമുക്ക് രക്ഷ ലഭിക്കുമ്പോൾ അവൻ നമ്മെ തന്റെ പുത്രന്മാരും പുത്രിമാരും എന്ന് വിളിക്കുന്നു എന്നതിനു നമുക്കു നന്ദി പറയാം. ''അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു'' (യോഹന്നാൻ 1:12) എന്ന് യോഹന്നാൻ എഴുതുന്നു. ഈ സ്വത്വം തികച്ചും ഒരു ദാനമാണ്. നാം ''രക്തത്തിൽ നിന്നല്ല, ജഡത്തിന്റെ ഇഷ്ടത്താലല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല, ദൈവത്തിൽ നിന്നത്രേ ജനിച്ചത്'' (വാ. 13).
ദൈവം നമുക്കു പേരും ക്രിസ്തുവിൽ നമ്മുടെ സ്വത്വവും നൽകുന്നു. നാം ആരാണെന്ന് അവൻ നമ്മോട് പറയുന്നതിനാൽ അതിനായി പരിശ്രമിക്കുന്നതും മറ്റുള്ളവരുമായി നമ്മെ താരതമ്യം ചെയ്യുന്നതും നമുക്കു നിർത്താം.
യേശുവിനോടൊപ്പം ഭവനത്തിൽ
കുറച്ച് വർഷങ്ങൾക്ക് മുമ്പ്, പ്രാദേശിക മൃഗസംരക്ഷണ കേന്ദ്രത്തിൽ നിന്ന് പ്രായപൂർത്തിയായ ജൂണോ എന്ന കറുത്ത പൂച്ചയെ ഞങ്ങൾ വീട്ടിലേക്ക് കൊണ്ടുവന്നു. സത്യം പറഞ്ഞാൽ, എനിക്ക് ഞങ്ങളുടെ എലികളുടെ എണ്ണം കുറയ്ക്കാനുള്ള സഹായം മാത്രമേ ആവശ്യമുണ്ടായിരുള്ളൂ, എന്നാൽ കുടുംബത്തിലെ മറ്റുള്ളവർക്ക് ഒരു വളർത്തുമൃഗത്തെയാണ് വേണ്ടായിരുന്നത്. ആ ഷെൽട്ടർ ഞങ്ങൾക്ക്, ആദ്യ ആഴ്ചത്തെ ഭക്ഷണക്രമത്തെക്കുറിച്ച് കർശനമായ നിർദ്ദേശങ്ങൾ നൽകി, അങ്ങനെ ഞങ്ങളുടെ വീട് അവന്റെ വീടാണെന്നും അവൻ ഉൾപ്പെട്ട സ്ഥലമാണെന്നും അവന് എപ്പോഴും ഭക്ഷണവും സുരക്ഷിതത്വവും എവിടെയാണെന്നും ജൂണോ മനസ്സിലാക്കും. ഈ രീതിയിൽ, ജൂണോ പുറത്തുപോയാലും, അവൻ എല്ലായ്‌പ്പോഴും വീട്ടിൽ മടങ്ങിവരും.
നമ്മുടെ യഥാർത്ഥ ഭവനം നമുക്ക് അറിയില്ലെങ്കിൽ, നന്മയ്ക്കും സ്‌നേഹത്തിനും അർത്ഥത്തിനും വേണ്ടി വ്യർത്ഥമായി അലഞ്ഞുതിരിയാൻ നാം എന്നേക്കും പ്രലോഭിപ്പിക്കപ്പെടും. എന്നിരുന്നാലും, നമ്മുടെ യഥാർത്ഥ ജീവിതം കണ്ടെത്താൻ നാം ആഗ്രഹിക്കുന്നുവെങ്കിൽ, "എന്നിൽ വസിപ്പിൻ'' എന്ന് യേശു പറഞ്ഞു (യോഹന്നാൻ 15:4). ബൈബിൾ പണ്ഡിതനായ ഫ്രെഡറിക് ഡെയ്ൽ ബ്രൂണർ, വസിക്കുക (വാസസ്ഥലം എന്ന സമാനമായ ഒരു വാക്ക് പോലെ) എന്ന പദം എങ്ങനെ കുടുംബത്തെയും ഭവനത്തെയും കുറിച്ചുള്ള ചിന്ത ഉണർത്തുന്നുവെന്ന് എടുത്തുകാണിക്കുന്നു. ബ്രൂണർ യേശുവിന്റെ വാക്കുകളെ ഇങ്ങനെ വിവർത്തനം ചെയ്യുന്നു: "എന്നിൽ ഭവനത്തിൽ വസിക്കൂ.''
ഈ ആശയം ഹൃദയത്തിൽ ആഴ്ത്തിയെഴുതാൻ, യേശു ഒരു മുന്തിരിവള്ളിയിൽ വസിക്കുന്ന കൊമ്പുകളുടെ ദൃഷ്ടാന്തം ഉപയോഗിച്ചു. കൊമ്പുകൾ, അവർ ജീവിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവർ ഉൾപ്പെടുന്നിടത്ത് ഉറച്ചുനിൽക്കണം, അഥവാ അതിന്റെ ഭവനത്തിൽ വസിക്കണം.
നമ്മുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനോ പുതിയ 'ജ്ഞാനം' അല്ലെങ്കിൽ ആഹ്ലാദകരമായ ഭാവി പ്രദാനം ചെയ്യുന്നതിനോ ഉള്ള പൊള്ളയായ വാഗ്ദാനങ്ങൾ നൽകി നമ്മെ വിളിച്ചറിയിക്കുന്ന നിരവധി ശബ്ദങ്ങളുണ്ട്. എന്നാൽ നമ്മൾ യഥാർത്ഥത്തിൽ ജീവിക്കണമെങ്കിൽ യേശുവിൽ നിലനിൽക്കണം. നമ്മൾ വീട്ടിൽ തന്നെ ഇരിക്കണം.
ശക്തമായി ഓട്ടം പൂർത്തിയാക്കുക
2019 ൽ പോളണ്ടിൽ നടന്ന ലോക മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 103 വയസ്സുള്ള മൻ കൗർ എന്ന വനിത ഇന്ത്യയുടെ ഏറ്റവും പ്രായം കൂടിയ വനിതാ അത്‌ലറ്റായി മത്സരിച്ചു. നാല് ഇനങ്ങളിൽ (ജാവലിൻ ത്രോ, ഷോട്ട്പുട്ട്, 60 മീറ്റർ ഡാഷ്, 200 മീറ്റർ ഓട്ടം) കൗർ സ്വർണം നേടിയത് ശ്രദ്ധേയമയി. എന്നാൽ 2017 ലെ ചാമ്പ്യൻഷിപ്പിൽ ഓടിയതിനേക്കാൾ വേഗത്തിൽ അവൾ ഓടിയെന്നതാണ് ഏറ്റവും ആശ്ചര്യപ്പെടുത്തുന്നത്. തന്റെ രണ്ടാം സെഞ്ചുറിയിലേക്ക് കുതിക്കുന്ന ഒരു വലിയ മുത്തശ്ശിയായ കൗർ എങ്ങനെ ശക്തമായി ഫിനിഷ് ചെയ്യാമെന്ന് കാണിച്ചുതന്നു.
അപ്പൊസ്തലനായ പൗലൊസ് തന്റെ അവസാന വർഷങ്ങളിലേക്കു താൻ എങ്ങനെ പ്രവേശിച്ചു എന്നതിനെക്കുറിച്ച് ഒരു ഇളയ ശിഷ്യനായ തിമൊഥെയൊസിന് എഴുതി. “എന്റെ നിര്യാണകാലവും അടുത്തിരിക്കുന്നു’’ എന്ന് പൗലൊസ് എഴുതി (2 തിമൊഥെയൊസ് 4:6). തന്റെ ജീവിതത്തെ പ്രതിഫലിപ്പിക്കുമ്പോൾ, താൻ ശക്തമായി പൂർത്തിയാക്കുകയാണെന്ന് അദ്ദേഹം ആത്മവിശ്വാസത്തോടെ വിശ്വസിച്ചു. “ഞാൻ നല്ല പോർ പൊരുതു,’’ പൗലൊസ് പറഞ്ഞു. “ഞാൻ ഓട്ടം തികെച്ചു’’ (വാ. 7). അവൻ തന്റെ ശ്രദ്ധേയമായ നേട്ടങ്ങൾ കണക്കാക്കുകയോ അവയുടെ വലിയ സ്വാധീനത്തെ വിലയിരുത്തുകയോ (അവ വളരെ വലുതാണെങ്കിലും) ചെയ്തതുകൊണ്ടായിരുന്നില്ല അവന് ഈ ആത്മവിശ്വാസം ഉണ്ടായത്. മറിച്ച്, താൻ “വിശ്വാസം കാത്തു’’ എന്ന് അവനറിയാമായിരുന്നു (വാ. 7). അപ്പൊസ്തലൻ യേശുവിനോട് വിശ്വസ്തനായിരുന്നു. തന്നെ നാശത്തിൽ നിന്ന് രക്ഷിച്ചവനെ അവൻ ദുഃഖങ്ങളിലും സന്തോഷത്തിലും അനുഗമിച്ചു. തന്റെ വിശ്വസ്ത ജീവിതത്തിന്റെ ആഹ്ലാദകരമായ അന്ത്യമായ 'നീതിയുടെ കിരീട'വുമായി യേശു ഒരുങ്ങി നിൽക്കുന്നതായി അവനറിയാമായിരുന്നു (വാ. 8).
ഈ കിരീടം ചില ഉന്നതർക്കുള്ളതല്ലെന്നും, “[ക്രിസ്തുവിന്റെ] പ്രത്യക്ഷതയിൽ പ്രിയംവെച്ച ഏവർക്കുംകൂടെ’’ (വാക്യം 8) ഉള്ളതാണെന്നും പൗലൊസ് തറപ്പിച്ചുപറയുന്നു. നാം ഒരു പുതുവർഷത്തിലേക്ക് കടക്കുമ്പോൾ, തന്നെ സ്‌നേഹിച്ച എല്ലാവരെയും കിരീടമണിയിക്കാൻ യേശു കാത്തിരിക്കുകയാണെന്ന് നമുക്ക് ഓർക്കാം, നമുക്ക് കരുത്തോടെ ജീവിക്കാം.
നമ്മുടെ ഭാവി ദൈവത്തിൽ ഭരമേല്പിക്കുക
2010 ൽ, ലാസ്‌ലോ ഹാനിയേച്ച് ബിറ്റ്‌കോയിൻ (അക്കാലത്ത് ഒരു ഡിജിറ്റൽ കറൻസി ഒരു പൈസയുടെ ഒരംശം) ഉപയോഗിച്ച് ആദ്യ വാങ്ങൽ നടത്തി. രണ്ട് പിസ്സകൾക്കായി 10,000 ബിറ്റ്‌കോയിനുകൾ നൽകി (അന്ന് 25 ഡോളർ ഏകദേശം 1,125 രൂപയായിരുന്നു). 2021 ൽ, ആ വർഷത്തെ ഏറ്റവും ഉയർന്ന മൂല്യത്തിൽ, ആ ബിറ്റ്‌കോയിനുകൾക്ക് ഏകദേശം 3,900 കോടി രൂപയിൽ കൂടുതൽ മൂല്യമുണ്ടാകും. മൂല്യം കുതിച്ചുയരുന്നതിന് മുമ്പ്, അദ്ദേഹം പിസ്സകൾക്കായി മൊത്തം 100,000 ബിറ്റ്‌കോയിനുകൾ ചെലവഴിച്ചു. അദ്ദേഹം ആ ബിറ്റ്‌കോയിനുകൾ സൂക്ഷിച്ചിരുന്നെങ്കിൽ - - എന്താണ് വരാൻ പോകുന്നതെന്ന് അദ്ദേഹം അറിഞ്ഞിരുന്നെങ്കിൽ - അവയുടെ മൂല്യം അദ്ദേഹത്തെ അറുപത്തിയെട്ട് മടങ്ങ് ശതകോടീശ്വരനാക്കുകയും ഫോബ്‌സിന്റെ “ലോകത്തിലെ ഏറ്റവും ധനികർ’’ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്യുമായിരുന്നു.
തീർച്ചയായും, ഹാനിയേച്ചിന് അതറിയാൻ കഴിയുമായിരുന്നില്ല. നമ്മിലാർക്കും കഴിയുമായിരുന്നില്ല. ഭാവിയെ മനസ്സിലാക്കാനും നിയന്ത്രിക്കാനുമുള്ള നമ്മുടെ ശ്രമങ്ങൾക്കിടയിലും, സഭാപ്രസംഗി പറയുന്നത് ശരിയാണ്: “സംഭവിപ്പാനിരിക്കുന്നതു മനുഷ്യൻ അറിയുന്നില്ല’’ (10:14). നമുക്കു യഥാർത്ഥത്തിൽ ഉള്ളതിനെക്കാൾ കൂടുതൽ അറിവുണ്ടെന്നോ, മറ്റൊരു വ്യക്തിയുടെ ജീവിതത്തെക്കുറിച്ചോ ഭാവിയെക്കുറിച്ചോ നമുക്ക് ചില പ്രത്യേക ഉൾക്കാഴ്ചയുണ്ടെന്നോ നമ്മിൽ ചിലർ ചിന്തിക്കുകയോ ചെയ്തുകൊണ്ടു സ്വയം വഞ്ചിക്കാറുണ്ട്. എന്നാൽ സഭാപ്രസംഗി ചൂണ്ടിക്കാണിക്കുന്നതുപോലെ: “അവന്റെ ശേഷം ഉണ്ടാകുവാനുള്ളതു ആർ അവനെ അറിയിക്കും?’’ (വാ. 14). അങ്ങനെ ആരുമില്ല.
തിരുവെഴുത്ത് ഒരു ജ്ഞാനിയെയും വിഡ്ഢിയെയും തമ്മിൽ താരതമ്യപ്പെടുത്തുന്നു, രണ്ടുപേരും തമ്മിലുള്ള അനേകം വ്യത്യാസങ്ങളിൽ ഒന്ന് ഭാവിയെക്കുറിച്ചുള്ള താഴ്മയമാണ് (സദൃശവാക്യങ്ങൾ 27:1). ജ്ഞാനി തീരുമാനങ്ങൾ എടുക്കുമ്പോൾ, ചക്രവാളത്തിനപ്പുറത്ത് എന്താണ് സംഭവിക്കുന്നതെന്ന് യഥാർത്ഥത്തിൽ ദൈവത്തിനു മാത്രമേ അറിയൂ എന്ന് അവൻ തിരിച്ചറിയുന്നു. എന്നാൽ വിഡ്ഢികൾ തങ്ങൾക്കില്ലാത്ത അറിവ് ഊഹിക്കുന്നു. നമ്മുടെ ഭാവി യഥാർത്ഥത്തിൽ അറിയുന്ന ഒരേയൊരുവനിൽ വിശ്വസിക്കുന്നതിനുള്ള ജ്ഞാനം നമുക്കുണ്ടാകട്ടെ.
വ്യത്യസ്തമായ ഒരു ഭാവി ദർശനം കാണുക
അമേരിക്കയിലെ നിയോഡേശാ എന്ന ചെറുപട്ടണത്തിലെ മുന്നൂറ് മിഡിൽ, ഹൈസ്‌കൂൾ വിദ്യാർത്ഥികൾ ഒരു സർപ്രൈസ് സ്‌കൂൾ അസംബ്ലിയിൽ പങ്കെടുത്തു. തങ്ങളുടെ പട്ടണവുമായി ബന്ധമുള്ള ദമ്പതികൾ അടുത്ത ഇരുപത്തിയഞ്ചു വർഷത്തേക്ക് ഓരോ നിയോഡേശ വിദ്യാർത്ഥിക്കും കോളേജ് ട്യൂഷൻ ഫീസ് നൽകാൻ തീരുമാനിച്ചതായി കേട്ടപ്പോൾ അവർ അവിശ്വാസത്തോടെ ഇരുന്നു. വിദ്യാർത്ഥികൾ സ്തംഭിച്ചു, സന്തോഷിച്ചു, കണ്ണീരണിഞ്ഞു.
നിയോഡേശ സാമ്പത്തികത്തകർച്ചയിലൂടെ കടന്നുപോകുകയായിരുന്നു. അത്, പല കുടുംബങ്ങളെയും കോളേജ് ചെലവുകൾ എങ്ങനെ വഹിക്കുമെന്ന ആശങ്കയിലാഴ്ത്തി. സമ്മാനം ഒരു തലമുറയുടെ ദിശ മാറ്റുന്നതായിരുന്നു, മാത്രമല്ല ഇത് നിലവിലെ കുടുംബങ്ങളെ ഉടനടി ബാധിക്കുമെന്നും മറ്റുള്ളവരെ നിയോഡേശിലേക്കു വരാൻ പ്രേരിപ്പിക്കുമെന്നും ദാതാക്കൾ പ്രതീക്ഷിച്ചു. തങ്ങളുടെ ഔദാര്യം, പുതിയ ജോലിസാധ്യതകൾ, പുതിയ ഊർജസ്വലത, നഗരത്തിന് തികച്ചും വ്യത്യസ്തമായ ഭാവി എന്നിവ നൽകുമെന്ന് അവർ പ്രത്യാശിച്ചു.
തന്റെ ജനം തങ്ങളുടെ ആവശ്യങ്ങൾക്കായി മാത്രം ശ്രദ്ധിച്ചുകൊണ്ട് ജീവിക്കാതെ, ജീവിക്കാൻ പാടുപെടുന്ന അവരുടെ അയൽക്കാർക്ക് ഒരു പുതിയ ഭാവി വിഭാവനം ചെയ്തുകൊണ്ട് ഉദാരമനസ്‌കരാകാൻ ദൈവം ആഗ്രഹിച്ചു. മാത്രമല്ല ദൈവത്തിന്റെ നിർദ്ദേശങ്ങൾ വ്യക്തമായിരുന്നു: “നിന്റെ സഹോദരൻ ദരിദ്രനായ്തീർന്നു നിന്റെ അടുക്കൽവെച്ചു ക്ഷയിച്ചുപോയാൽ, അവൻ തുടർന്നും നിന്റെ അടുക്കൽ പാർക്കേണ്ടതിന് നീ അവനെ താങ്ങേണം” (ലേവ്യപുസ്തകം 25:35). ഔദാര്യം അടിസ്ഥാന ഭൗതിക ആവശ്യങ്ങൾ നിറവേറ്റുന്നതിൽ മാത്രമല്ല, ഒരു സമൂഹമെന്ന നിലയിൽ അവരുടെ ഭാവി ജീവിതത്തിന് എന്ത് ആവശ്യമാണെന്ന് പരിഗണിക്കുന്നതിനെക്കുറിച്ചും ഉള്ളതായിരുന്നു. “അവൻ തുടർന്നും നിന്റെ അടുക്കൽ പാർക്കേണ്ടതിന് നീ അവനെ താങ്ങേണം” (വാ. 35) എന്നു ദൈവം പറഞ്ഞു.
നൽകലിന്റെ ആഴമായ രൂപങ്ങൾ മറ്റൊരു ഭാവിയെ പുനർവിഭാവനം ചെയ്യുന്നു. ദൈവത്തിന്റെ അപാരമായ, സൃഷ്ടിപരമായ ഔദാര്യം, നാമെല്ലാവരും സമ്പൂർണ്ണതയിലും സമൃദ്ധിയിലും ഒരുമിച്ചു ജീവിക്കുന്ന ആ ദിവസത്തിനായി നമ്മെ പ്രോത്സാഹിപ്പിക്കുന്നു.
വിദ്വേഷത്തെ വെല്ലുന്ന ദയ
2001 സെപ്റ്റംബർ 11ന് വേൾഡ് ട്രേഡ് സെന്റർ ടവറുകൾ തകർന്നപ്പോൾ ഗ്രെഗ് റോഡ്രിഗസും കൊല്ലപ്പെട്ടു. അയാളുടെ അമ്മ ഫില്ലിസും പിതാവും അതീവദു:ഖിതരായെങ്കിലും ആ ഭീകരാക്രമണത്തോട് അവർ വളരെ കരുതലോടെയാണ് പ്രതികരിച്ചത്. 2002 ൽ ഫില്ലിസ്, ഈ ആക്രമണത്തിൽ ഭീകരരെ സഹായിച്ചതായി ആരോപിക്കപ്പെട്ട ഒരാളുടെ അമ്മ ഐക്ക-എൽ-വേഫിനെ കാണുവാൻ ഇടയായി. ഫില്ലിസ് പറഞ്ഞത്: "ഞാൻ വിടർന്ന കരങ്ങളോടെ അവരെ സമീപിച്ചു. പരസ്പരം ആലിംഗനം ചെയ്ത് പൊട്ടിക്കരഞ്ഞു... ഐക്കയും ഞാനും തമ്മിൽ പെട്ടെന്ന് അടുപ്പത്തിലായി... ഞങ്ങൾ രണ്ടു പേരും പുത്രന്മാർ നിമിത്തം പ്രയാസം അനുഭവിക്കുന്നവരാണ്. "
വലിയ ദുഃഖത്തോടും വേദനയോടും കൂടിയാണ് ഫില്ലിസ് ഐക്കയെ കണ്ടത്. തന്റെ മകന്റെ മരണം മൂലം തോന്നുന്ന ക്രോധം, ന്യായമാണെങ്കിലും, അതിന് തന്റെ മനോവേദനയെ ഇല്ലാതാക്കാൻ കഴിയില്ല എന്ന് ഫില്ലിസ് വിശ്വസിച്ചു. ഐക്കയുടെ കുടുംബ കഥ കേട്ട ഫില്ലിസിന് അവരെ ശത്രുവായി കാണാൻ കഴിഞ്ഞില്ല; പകരം സഹതാപം തോന്നി. നീതി നടപ്പാകണം എന്ന് ആഗ്രഹിച്ചു; എന്നാൽ നമ്മോട് ദോഷം ചെയ്യുന്നവരോട് പ്രതികാരം ചെയ്യാനുള്ള പ്രലോഭനത്തിൽ നിന്ന് മുക്തരാകേണ്ടതാണ് എന്നും ബോധ്യമുണ്ടായിരുന്നു.
ഈ തിരിച്ചറിവാണ് പൗലോസ് അപ്പസ്തോലൻ നല്കുന്നത്; "എല്ലാ കയ്പ്പും കോപവും ക്രോധവും ... സകല ദുർഗുണവുമായി നിങ്ങളെ വിട്ട് ഒഴിഞ്ഞു പോകട്ടെ" (എഫെസ്യർ 4:31) എന്ന് പറയുന്നതിലൂടെ. ഈ നശീകരണ പ്രവണതകളെ നാം വിട്ടൊഴിയുമ്പോൾ ദൈവാത്മാവ് നമ്മെ പുതിയ താല്പര്യങ്ങൾ കൊണ്ട് നിറക്കും. "നിങ്ങൾ തമ്മിൽ ദയയും മനസ്സലിവുമുള്ളവരാകാൻ" (വാ:32) പൗലോസ് പറയുന്നു. അനീതികൾ പരിഹരിക്കപ്പെടാനായി പ്രവർത്തിക്കാം എങ്കിലും വൈരാഗ്യ പൂർവ്വമുള്ള പ്രതികാരം ഒഴിവാക്കേണ്ടതാണ്. വിദ്വേഷത്തെ വെല്ലുന്ന ദയ കാണിക്കാൻ ദൈവത്മാവ് നമ്മെ സഹായിക്കട്ടെ.
ശരിയായ പാതകൾ തിരിച്ചറിയുക
പതിനാറുകാരനായ ബ്രസീലിയൻ സ്‌കേറ്റ്‌ബോർഡർ ഫെലിപ്പ് ഗുസ്താവോ 'ഭൂമിയിലെ ഏറ്റവും ഐതിഹാസിക സ്‌കേറ്റ്‌ബോർഡർമാരിൽ ഒരാളായി' മാറുമെന്ന് ആരും വിശ്വസിക്കുമായിരുന്നില്ല. ഗുസ്താവോയുടെ പിതാവ് തന്റെ മകൻ പ്രൊഫഷണൽ സ്‌കേറ്റിംഗ് സ്വപ്‌നം പിന്തുടരേണ്ടവനാണെു് വിശ്വസിച്ചുവെങ്കിലും അതിനുള്ള പണം തന്റെ പക്കൽ ഇല്ലായിരുന്നു. അതിനാൽ പിതാവ് അവരുടെ കാർ വിറ്റ് മകനെ ഫ്‌ളോറിഡയിലെ ഒരു പ്രശസ്ത സ്‌കേറ്റിംഗ് മത്സരത്തിനു കൊണ്ടുപോയി. ഗുസ്താവോയെക്കുറിച്ച് ആരും കേട്ടിരുന്നില്ല. . . അവൻ ജയിക്കുന്നതുവരെ. വിജയം അവനെ ഒരു അത്ഭുതകരമായ കരിയറിൽ എത്തിച്ചു.
ഗുസ്താവോയുടെ പിതാവിന് മകന്റെ ഹൃദയവും അഭിനിവേശവും കാണാനുള്ള കഴിവുണ്ടായിരുന്നു. ഗുസ്താവോ പറഞ്ഞു, “ഞാൻ ഒരു പിതാവാകുമ്പോൾ, എന്റെ പിതാവ് എനിഎനിക്ക് ആയിരുന്നതിന്റെ 5 ശതമാനം പോലുമെങ്കിലും ആകാൻ ഞാൻ ആഗ്രഹിക്കുന്നു.’’
അവരുടെ ഹൃദയം, ഊർജം, വ്യക്തിത്വം എന്നിവ ദൈവം രൂപപ്പെടുത്തിയിരിക്കുന്ന അതുല്യമായ രീതി വിവേചിച്ചറിയുന്നതിനും എന്നിട്ട് അവർ ആയിത്തീരണമെന്നു ദൈവം ആഗ്രഹിക്കുന്ന പാതയിൽ അവർ എത്തിച്ചേരുന്നതിനും മക്കളെ സഹായിക്കാൻ മാതാപിതാക്കൾക്കു ലഭിച്ചിരിക്കുന്ന അവസരത്തെക്കുറിച്ചു സദൃശവാക്യങ്ങൾ വിവരിക്കുന്നു “ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക; അവൻ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല’’ (22:6) എഴുത്തുകാരൻ പറയുന്നു.
നമുക്ക് വിശാലമായ വിഭവങ്ങളോ അഗാധമായ അറിവോ ഇല്ലായിരിക്കാം. എന്നിരുന്നാലും, ദൈവത്തിന്റെ ജ്ഞാനവും (വാ. 17-21) നമ്മുടെ ശ്രദ്ധാപൂർവമായ സ്‌നേഹവും ഉപയോഗിച്ച്, നമ്മുടെ സ്വാധീനവലയത്തിനുള്ളിലെ നമ്മുടെ കുട്ടികൾക്കും മറ്റു കുട്ടികൾക്കും ഒരു വലിയ സമ്മാനം നൽകാൻ കഴിയും. ദൈവത്തിൽ ആശ്രയിക്കാനും ജീവിതകാലം മുഴുവൻ അവർക്ക് പിന്തുടരാനാകുന്ന പാതകൾ വിവേചിച്ചറിയാനും നമുക്ക് അവരെ സഹായിക്കാൻ കഴിയും (3:5-6).
കുടുംബം മുഴുവൻ
ജയിലിൽ ധരിക്കുന്ന വരകളുള്ള വസ്ത്രം ധരിച്ച്, ജെയിംസ് ജയിലിലെ ജിംനേഷ്യം കടന്ന്, താല്കാലികമായി ഉണ്ടാക്കിയ കുളത്തിൽ ഇറങ്ങി; ജയിൽ ചാപ്ലിൻ അയാളെ സ്നാനപ്പെടുത്തി. ജയിലിലെ തന്നെ അന്തേവാസിയായിരുന്ന തന്റെ മകൾ ബ്രിട്ടനിയും അതേ ദിവസം തന്നെ സ്നാനമേറ്റു എന്ന വാർത്ത ജെയിംസിന്റെ സന്തോഷം ഇരട്ടിയാക്കി. സംഭവിച്ചതറിഞ്ഞ ജയിൽ ജീവനക്കാരും വികാരഭരിതരായി. "കരയാത്ത ഒരു കണ്ണും ഇല്ലായിരുന്നു", ചാപ്ലിൻ പറഞ്ഞു. വർഷങ്ങളോളം, ജയിലിന്റെ അകത്തും പുറത്തുമായി, ബ്രിട്ടനിയും അവളുടെ പിതാവും ദൈവത്തിന്റെ പാപക്ഷമ കാത്തിരിക്കുകയായിരുന്നു. ദൈവം അവർക്ക് ഒരുമിച്ച് പുതുജീവിതം നല്കി.
തിരുവെഴുത്തിൽ മറ്റൊരു ജയിൽ സംഭവം വിവരിക്കുന്നുണ്ട്. യേശുവിന്റെ സ്നേഹം ഒരു കാരാഗൃഹ പ്രമാണിയുടെ മുഴുവൻ കുടുംബത്തെയും രൂപാന്തരപ്പെടുത്തി. "വലിയൊരു ഭൂകമ്പം "ഉണ്ടായി, ജയിൽ കുലുങ്ങി, " കാരാഗൃഹത്തിന്റെ വാതിൽ ഒക്കെയും തുറന്നു പോയി," പൗലോസും ശീലാസും ഓടിപ്പോകാതെ തടവറയിൽ തന്നെ കഴിഞ്ഞു (അപ്പൊ. പ്രവൃത്തി 16:26 - 28). ഇവർ ഓടിപ്പോകാത്തതിൽ നന്ദി നിറഞ്ഞ ഹൃദയത്തോടെ കാരാഗൃഹ പ്രമാണി അവരെ തന്റെ വീട്ടിൽ കൊണ്ടു പോയി. എന്നിട്ട് ജീവിതത്തെ മാറ്റിമറിച്ച ആ ചോദ്യം ചോദിച്ചു: "രക്ഷപ്രാപിക്കുവാൻ ഞാൻ എന്തു ചെയ്യേണം?" (വാ.30)
"കർത്താവായ യേശുവിൽ വിശ്വസിക്കുക, നീയും നിന്റെ കുടുംബവും..." (വാ.31) അവർ ഉത്തരം പറഞ്ഞു. വ്യക്തികളിൽ മാത്രമല്ല, മുഴുകുടുംബത്തിന്റെ മേലും കൃപ ചൊരിയാനുള്ള ദൈവത്തിന്റെ താല്പര്യമാണ് ഈ മറുപടിയിൽ കാണുന്നത്. ദൈവസ്നേഹത്തിന്റെ ഇടപെടലിൽ കാരാഗൃഹപ്രമാണിയുടെ കുടുംബം മുഴുവനും ദൈവത്തിൽ വിശ്വസിച്ചു (വാ. 34). നമുക്ക് പ്രിയപ്പെട്ടവരുടെ രക്ഷക്കായി നാം ആകാംഷയുള്ളവരായിരിക്കുമ്പോൾ അതിനെക്കാൾ അധികമായി ദൈവം അവരെ സ്നേഹിക്കുന്നു എന്നതിൽ നമുക്ക് ഉറച്ചിരിക്കാം. അവൻ നമ്മെയും നമ്മുടെ മുഴുകുടുംബത്തെയും രൂപാന്തരപ്പെടുത്താൻ താല്പര്യപ്പെടുന്നു.
അന്യോന്യം കരുതുക
ജാനകി കോയമ്പത്തൂരിലെ ഒരു വില്ലേജിൽ ഡോക്ടറായി സേവനം ചെയ്തിരുന്നു. വർഷങ്ങൾക്കു മുമ്പ്, കേവലം 14 വയസ്സിൽ വിവാഹിതയായി ഗർഭിണിയായ ഒരു പെൺകുട്ടിയെ അവർ ചികിത്സിച്ചു. അവൾ ഒരു പെൺകുഞ്ഞിന് ജന്മം നല്കി. പെൺകുഞ്ഞുങ്ങളെക്കുറിച്ചുള്ള അന്ധവിശ്വാസം മൂലം അവർ ആ ശിശുവിനെ അടുത്തുള്ള നദിയിൽ കളയാൻ ഒരുങ്ങി. ഈ ക്രൂരമായ പദ്ധതി മനസ്സിലാക്കിയ ജാനകി, രഹസ്യമായി അമ്മയെയും കുഞ്ഞിനെയും ഒരു സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. അവർക്ക് അഭയവും സുരക്ഷിതത്വവും അമ്മക്ക് തന്റെ വീട്ടിൽ ജോലിയും നൽകി, അവരെ സ്വന്തം കുടുംബത്തിന്റെ ഭാഗമായി കരുതി. ജാനകി ആ ശിശുവിനെ രക്ഷിക്കുക മാത്രമല്ല, ഒരു ഡോക്ടറായി തീരും വിധം അവളെ വളർത്തുകയും ചെയ്തു.
മററുള്ളവർക്ക് വേണ്ടി കരുതണം എന്നത് തിരുവചനം ആവർത്തിച്ച് നിർദ്ദേശിക്കുന്നുണ്ടെങ്കിലും നമ്മുടെ ചെയ്തികൾ പലപ്പോഴും അതിനെതിരാണ്. ദൈവത്തെ ആരാധിക്കുകയോ മറ്റുള്ളവരെ സേവിക്കുകയോ ചെയ്യാതെ, സ്വയം "തിന്നുകയും കുടിക്കുകയും ചെയ്യുന്ന" ഇസ്രായേലിനെ സെഖര്യാ പ്രവാചകൻ ശാസിക്കുന്നുണ്ട്(സെഖര്യാവ് 7:6). ഒരുമിച്ചുള്ള സാമൂഹ്യ ജീവിതക്രമത്തെ അവഗണിച്ച് അവർ അയല്ക്കാരന്റെ ആവശ്യം കണ്ടില്ലെന്ന് നടിച്ചു. സെഖര്യാവ് ദൈവത്തിന്റെ കല്പന വ്യക്തമാക്കി: "നേരോടെ ന്യായം പാലിക്കുകയും ഓരോരുത്തൻ തന്റെ സഹോദരനോട് ദയയും കരുണയും കാണിക്കുകയും ചെയ്യുവിൻ... വിധവയെയും അനാഥനെയും പരദേശിയെയും ദരിദ്രനെയും പീഡിപ്പിക്കരുത് " (വാ.9 - 10).
നമുക്കെല്ലാം സ്വന്തം കാര്യങ്ങളിൽ മുഴുകാനാണ് താല്പര്യമെങ്കിലും മററുള്ളവരുടെ ആവശ്യങ്ങളും കൂടെ പരിഗണിക്കണമെന്ന് വിശ്വസ്തത നമ്മെ ഓർമ്മിപ്പിക്കുന്നു. ദൈവിക സാമ്പത്തിക ക്രമത്തിൽ എല്ലാവർക്കും സമൃദ്ധിക്കുള്ള വകയുണ്ട്. ദൈവം, തന്റെ കരുണയിൽ, നമുക്കുള്ളതു കൂടി ഉൾപ്പെടുത്തിയാണ് തന്റെ സമൃദ്ധിയെ പങ്കുവെക്കുവാൻ ഹിതമാകുന്നത്.
നാം ഇനി പിതാവില്ലാത്തവരാകില്ല
അവിവാഹിതനും സ്വന്തം മക്കളില്ലാത്തവുനുമായ ബ്രൈൻറ്, ന്യൂയോർക്ക് ശിശുസംരക്ഷണ വകുപ്പിലായിരുന്നു ജോലിചെയ്തത്. ഓരോ ദിവസവും വളർത്തച്ഛന്റെയോ അമ്മയുടെയോ ആവശ്യം ഏറിക്കൊണ്ടിരുന്നതിനാൽ, അതിനെക്കുറിച്ച് എന്തെങ്കിലും ചെയ്യണമെന്ന് അയാൾ തീരുമാനിച്ചു. ഒരു ദശാബ്ദത്തിലധികം, ബ്രൈൻറ് അൻപതിലധികം കുട്ടികളെ വളർത്തി, ഒരിക്കൽ ഒറ്റത്തവണ ഒൻപതു കുട്ടികളെ വരെ അദ്ദേഹം പരിപാലിച്ചു. "എപ്പോഴൊക്കെ നോക്കിയാലും, താമസം ആവശ്യമുള്ള ഒരു കുട്ടിയെങ്കിലും ഉണ്ടാകും" അദ്ദേഹം പറഞ്ഞു. "നിങ്ങൾക്ക് നല്ലൊരു ഹൃദയവും വീട്ടിൽ സ്ഥലവും ഉണ്ടെങ്കിൽ നിങ്ങൾക്കത് ചെയ്യാൻ കഴിയും. അതിനെപ്പറ്റി ആകുലപ്പെടേണ്ട കാര്യമില്ല". താൻ വളർത്തി വലുതാക്കിയ കുട്ടികൾക്ക് എപ്പോൾ വേണമെങ്കിലും ബ്രൈന്റിന്റെ വീട്ടിൽ പ്രവേശനമുണ്ടായിരുന്നു. പലപ്പോഴും അവർ ഞായറാഴ്ചകളിൽ അവരുടെ "പപ്പയോടൊപ്പം" ഉച്ചഭക്ഷണത്തിന് വരുമായിരുന്നു. ബ്രൈൻറ് ഒരു പിതാവിന്റെ സ്നേഹം അനേകരോട് കാണിച്ചിരുന്നു.
വേദപുസ്തകം നമ്മോട് പറയുന്നത് മറന്നുകളഞ്ഞവരെയും ഒഴിവാക്കപ്പെട്ടവരേയും ദൈവം തേടി പോകുന്നു എന്നാണ്. എന്നുവരികിലും ചില വിശ്വാസികൾക്ക് ഈ ജീവിതത്തിൽ തങ്ങൾക്കുതന്നെ ഉപേക്ഷിക്കപ്പെട്ടവരായും ബലഹീനരായും തോന്നാം, അവരോടു കൂടെയും ഇരിക്കാമെന്ന് ദൈവം വാഗ്ദാനം ചെയ്യുന്നു. ദൈവം "അനാഥന്മാർക്കു പിതാവാകുന്നു" (സങ്കീർത്തനങ്ങൾ 68:5). നിഷേധത്താലും ദുരന്തങ്ങളാലും നാം ഒറ്റപ്പെടുമ്പോഴും, ദൈവം അവിടെത്തന്നെയുണ്ട് -നമ്മെ തേടി, നമ്മുടെ അരികിലേക്ക് വന്ന് അവൻ നമുക്ക് സമാധാനം തരുന്നു. നിശ്ചയമായും, "ദൈവം ഏകാകികളെ കുടുംബത്തിൽ വസിക്കുമാറാക്കുന്നു"(വാ.6). യേശുവിൽ, മറ്റു വിശ്വാസികളും കൂടിച്ചേരുന്നതാണ് നമ്മുടെ ആത്മീക കുടുംബം.
നമ്മുടെ ഏകാന്തത, ഉപേക്ഷിക്കൽ, നമ്മുടെ വ്യക്തിബന്ധങ്ങളിലെ തകർച്ച - അങ്ങനെ വെല്ലുവിളി നിറഞ്ഞ നമ്മുടെ കുടുംബത്തിന്റെ കഥകൾ എന്തു തന്നെയായിരുന്നാലും നാം സ്നേഹിക്കപ്പെടുന്നു എന്ന് നമുക്കറിയാൻ കഴിയും. ദൈവത്തോടു കൂടെ, നാം ഒരിക്കലും പിതാവില്ലാത്തവരാകില്ല.