ആർട്ട് + ഫെയ്ത്ത്: എ തിയോളജി ഓഫ് മേക്കിംഗ് എന്ന തന്റെ മനോഹരമായ ഗ്രന്ഥത്തിൽ, പ്രശസ്ത കലാകാരൻ മക്കോട്ടോ ഫുജിമുറ പുരാതന ജാപ്പനീസ് കലാരൂപമായ കിന്റ്‌സുഗിയെ വിവരിക്കുന്നു. അതിൽ, കലാകാരൻ പൊട്ടിയ മൺപാത്രങ്ങൾ (യഥാർത്ഥത്തിൽ ചായ പാത്രങ്ങൾ) എടുത്ത് കഷ്ണങ്ങൾ വീണ്ടും ലാക്വർ ഉപയോഗിച്ച് പൂർവ്വസ്ഥിതിയിലാക്കി, വിള്ളലുകളിൽ സ്വർണ്ണനൂലുകൾ പാകുന്നു. ഫുജിമുറ വിശദീകരിക്കുന്നു: “കിന്റ്‌റ്‌സുഗി, കേവലം കേടുവന്ന പാത്രം ശരിയാക്കുകയോ നന്നാക്കുകയോ ചെയ്യുന്നതല്ല; പകരം, സാങ്കേതിക വിദ്യയുപയോഗിച്ച് തകർന്ന മൺപാത്രങ്ങളെ ഒറിജിനലിനേക്കാൾ മനോഹരമാക്കുന്നു.” നൂറ്റാണ്ടുകൾക്ക് മുമ്പ് ആദ്യമായി നടപ്പിലാക്കിയ കിന്റ്‌സുഗി, ഒരു യുദ്ധപ്രഭുവിന്റെ പ്രിയപ്പെട്ട കപ്പ് നശിപ്പിക്കപ്പെടുകയും പിന്നീട് മനോഹരമായി പുനഃസ്ഥാപിക്കുകയും ചെയ്തപ്പോൾ, അത് വളരെ വിലപ്പെട്ടതും അംഗീകരിക്കപ്പെടുന്നതുമായ കലയായി മാറി.

ലോകത്തോടുള്ള ബന്ധത്തിൽ ഇത്തരത്തിലുള്ള പുനഃസ്ഥാപനം ദൈവം കലാപരമായി നടപ്പിലാക്കിയതായി യെശയ്യാവ് വിവരിക്കുന്നു. നമ്മുടെ മത്സരത്താൽ നാം തകർന്നാലും നമ്മുടെ സ്വാർത്ഥതയാൽ ഉടഞ്ഞുപോയാലും, “പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുമെന്ന്” ദൈവം വാഗ്ദത്തം ചെയ്യുന്നു (65:17). പഴയ ലോകത്തെ കേവലം നന്നാക്കാൻ മാത്രമല്ല, അതിനെ പൂർണ്ണമായും പുതിയതാക്കാനും, നമ്മുടെ നാശത്തെ എടുത്ത് പുതിയ സൗന്ദര്യത്താൽ തിളങ്ങുന്ന ഒരു ലോകത്തെ രൂപപ്പെടുത്താനും അവൻ പദ്ധതിയിടുന്നു. ഈ പുതിയ സൃഷ്ടി വളരെ അതിശയിപ്പിക്കുന്നതായിരിക്കും, “മുമ്പിലത്തെ കഷ്ടങ്ങൾ മറന്നുപോകും” “മുമ്പിലത്തെവ ആരും ഓർക്കുകയില്ല” (വാ. 16-17). ഈ പുതിയ സൃഷ്ടിയിലൂടെ, ദൈവം നമ്മുടെ തെറ്റുകൾ മറയ്ക്കാൻ ശ്രമിക്കയല്ല, മറിച്ച് അവന്റെ സൃഷ്ടിപരമായ ഊർജ്ജം പകർന്ന് – വൃത്തികെട്ടവയെ മനോഹരമാക്കുകയും നിർജ്ജീവമായവ വീണ്ടും ജീവിപ്പിക്കുകയും ചെയ്യും.

തകർന്നുപോയ നമ്മുടെ ജീവിതത്തെ നാം പരിശോധിക്കുമ്പോൾ, നിരാശപ്പെടേണ്ട ആവശ്യമില്ല. ദൈവം തന്റെ മനോഹരമായ പുനഃസ്ഥാപനം പ്രാവർത്തികമാക്കുന്നു.