1950-കളിൽ ഒരു അവിവാഹിതയായ അമ്മയ്ക്ക് തന്റെ കുടുംബത്തെ പരിപാലിക്കാൻ ജോലി കണ്ടെത്തേണ്ടി വന്നപ്പോൾ, അവൾ ടൈപ്പിംഗ് ജോലികൾ ഏറ്റെടുത്തു. അവൾ ഒരു നല്ല ടൈപ്പിസ്റ്റ് ആയിരുന്നില്ല, തെറ്റുകൾ വരുത്തിക്കൊണ്ടിരുന്നു എന്നതാണ് ഒരേയൊരു പ്രശ്‌നം. അവൾ തന്റെ തെറ്റുകൾ മറയ്ക്കാനുള്ള വഴികൾ തേടുകയും ഒടുവിൽ ലിക്വിഡ് പേപ്പർ എന്നറിയപ്പെടുന്ന, ടൈപ്പിംഗ് പിശകുകൾ മറയ്ക്കാൻ ഉപയോഗിക്കുന്ന വെളുത്ത തിരുത്തൽ ദ്രാവകം നിർമ്മിക്കുകയും ചെയ്തു. ഇത് ഉണങ്ങിക്കഴിഞ്ഞാൽ, പിശകുകൾ ഇല്ലെന്ന മട്ടിൽ നിങ്ങൾക്ക് അതിനു മുകളിൽ ടൈപ്പ് ചെയ്യാം.

നമ്മുടെ പാപം കൈകാര്യം ചെയ്യുന്നതിനുള്ള അനന്തവും കൂടുതൽ ശക്തവും പ്രധാനപ്പെട്ടതുമായ ഒരു മാർഗ്ഗം യേശു നമുക്ക് വാഗ്ദാനം ചെയ്യുന്നു – മറച്ചുവെക്കലല്ല, മറിച്ച് പൂർണ്ണമായ ക്ഷമയാണത്. യോഹന്നാൻ 8-ന്റെ തുടക്കത്തിൽ, വ്യഭിചാരത്തിൽ പിടിക്കപ്പെട്ട ഒരു സ്ത്രീയുടെ കഥയിൽ (വാ. 3-4) ഇതിന്റെ നല്ലൊരു ഉദാഹരണം കാണാം. ആ സ്ത്രീയെയും അവളുടെ പാപങ്ങളെയും കുറിച്ച് യേശു എന്തെങ്കിലും ചെയ്യണമെന്ന് ശാസ്ത്രിമാർ ആഗ്രഹിച്ചു. അവളെ കല്ലെറിയണം എന്നാണ് നിയമം പറയുന്നത്, എന്നാൽ നിയമം പറഞ്ഞതോ പറയാത്തതോ ആയ കാര്യങ്ങളെക്കുറിച്ചു ചിന്തിക്കാൻ ക്രിസ്തു മെനക്കെട്ടില്ല. എല്ലാവരും പാപം ചെയ്തിരിക്കുന്നു എന്ന ഒരു ഓർമ്മപ്പെടുത്തൽ അവൻ വാഗ്ദാനം ചെയ്തു (റോമർ 3:23 കാണുക). പാപം ചെയ്യാത്ത ആരെങ്കിലും സ്ത്രീയെ ഒന്നാമതു “കല്ലെറിയാൻ” (യോഹന്നാൻ 8:7) യേശു പറഞ്ഞു. ഒരാൾ പോലും എറിഞ്ഞില്ല.

യേശു അവൾക്ക് ഒരു പുതിയ തുടക്കം വാഗ്ദാനം ചെയ്തു. താൻ അവളെ കുറ്റംവിധിക്കുന്നില്ലെന്നും അവൾ “[അവളുടെ] പാപജീവിതം ഉപേക്ഷിക്കണമെന്നും” അവൻ പറഞ്ഞു (വാ. 11). അവളുടെ പാപം പൊറുക്കാനും അവളുടെ ഭൂതകാലത്തിന്മേൽ ഒരു പുതിയ ജീവിതരീതി “ടൈപ്പ്” ചെയ്യാനും ക്രിസ്തു അവൾക്ക് പരിഹാരം നൽകി. അതേ വാഗ്ദാനം അവന്റെ കൃപയാൽ നമുക്കും ലഭ്യമാണ്.