നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് സൊചിതൽ ഡിക്‌സൺ

പ്രത്യാശ പങ്കുവെക്കൽ

ശാന്തി, ദൈവത്തിന്റെ പ്രിയമകൾ എന്ന അവളുടെ വ്യക്തിത്വം സ്വീകരിക്കുവാൻ ദൈവം അവളെ സഹായിച്ചതിനെ ഞങ്ങളോട് പങ്കുവെച്ചപ്പോൾ ധാരാളം തിരുവചനങ്ങൾ ഉദ്ധരിച്ചു. ഒരു ഹൈസ്ക്കൂൾ വിദ്യാർത്ഥിനി വാക്കുകളേക്കാൾ അധികം ദൈവവചനം ഉദ്ധരിക്കുന്നത് എന്നെ അതിശയിപ്പിച്ചു. അവൾ ഒരു സഞ്ചരിക്കുന്ന ബൈബിളാണെന്ന് ഞാൻ പറഞ്ഞപ്പോൾ അവളുടെ പുരികം ചുളിഞ്ഞു. അവൾ ബോധപൂർവം ബൈബിൾ വാക്യങ്ങൾ ഉരുവിടുന്നതായിരുന്നില്ല. ദിവസേനയുള്ള ബൈബിൾ വായനമൂലം അതിലെ വാക്കുകളും ജ്ഞാനവും ശാന്തിയുടെ സംസാരത്തിന്റെ ഭാഗമാകുകയായിരുന്നു. ദൈവസാന്നിധ്യം അവൾ ആസ്വദിക്കുകയും ദൈവിക സത്യങ്ങൾ പങ്കുവെക്കുന്നത് സന്തോഷമായി കാണുകയും ചെയ്തിരുന്നു. എന്നാൽ ദൈവവചനം വായിക്കുന്നതിനും മന:പ്പാഠമാക്കുന്നതിനും പ്രാവർത്തികമാക്കുന്നതിനും മറ്റുള്ളവരെ പ്രചോദിപ്പിക്കുവാൻ ദൈവം ഉപയോഗിച്ച ആദ്യത്തെ ചെറുപ്പക്കാരി ശാന്തിയായിരുന്നില്ല.

അപ്പൊസ്‌തലനായ പൗലോസ്, തിമൊഥെയോസിനെ നേതൃത്വത്തിലേക്ക് ഇറങ്ങുവാൻ പ്രോത്‌സാഹിക്കുമ്പോൾ, അദ്ദേഹം ആ യുവാവിൽ നല്ല വിശ്വാസമർപ്പിച്ചിരുന്നു (1 തിമൊ.4:11-16). തിമൊഥെയോസ് ശിശുവായിരുന്നപ്പോൾ മുതൽ തിരുവെഴുത്തിൽ വേരൂന്നിയ ആളായിരുന്നുവെന്ന് പൗലോസ് സമ്മതിക്കുന്നു (2 തിമൊ.3:15). പൗലോസിനെപ്പോലെ തിമൊഥെയോസിനും സംശയക്കാരെ അഭിമുഖീകരിക്കേണ്ടി വന്നു. എന്നാൽ രണ്ടു പേരും എല്ലാ തിരുവെഴുത്തും " ദൈവശ്വാസീയ "മാണെന്ന് വിശ്വസിച്ചാണ് ജീവിച്ചത്. തിരുവെഴുത്ത് "ദൈവത്തിന്റെ മനുഷ്യൻ സകല സത്പ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന് ഉപദേശത്തിനും ശാസനത്തിനും ഗുണീകരണത്തിനും നീതിയിലെ അഭ്യാസത്തിനും പ്രയോജനമുള്ളത് ആകുന്നു" ( 2 തിമൊ.3:16,17 ) എന്ന് അവർ മനസ്സിലാക്കി.

നാം ദൈവികജ്ഞാനത്തെ നമ്മുടെ ഹൃദയങ്ങളിൽ സംഗ്രഹിച്ചു വെച്ചാൽ, ദൈവിക സത്യങ്ങൾ സ്വാഭാവികമായി നമ്മുടെ സംസാരത്തിലൂടെ പുറത്ത് വരും.സഞ്ചരിക്കുന്ന ഒരു ബൈബിൾ പോലെ, നാം പോകുന്നിടത്തെല്ലാം ദൈവീകമായ നിത്യ പ്രത്യാശയെ പങ്കുവെക്കാൻ നമുക്ക് കഴിയും.

സേവിക്കുവാനായി ജീവിക്കുക

10 വയസ്സായ ചെൽസിയ തനിക്ക് ലഭിച്ച ആർട് സെറ്റ് കണ്ടപ്പോൾ, തന്റെ സങ്കടങ്ങളിൽ നന്നായിരിക്കുവാനായി ദൈവം ആർട്ടിനെ ഉപയോഗിക്കുന്നതായി അവൾ മനസ്സിലാക്കി. ചില കുട്ടികൾക്ക് ആർട് സെറ്റ് ലഭ്യമല്ലെന്ന് അവൾ അറിഞ്ഞപ്പോൾ, അവരെ സഹായിക്കാൻ അവൾ ആഗ്രഹിച്ചു. അതിനാൽ അവളുടെ ജന്മദിന പാർട്ടിക്ക് സമയമായപ്പോൾ, അവൾ സമ്മാനങ്ങൾ കൊണ്ടുവരരുതെന്ന് സുഹൃത്തുക്കളോട് ആവശ്യപ്പെട്ടു. പകരം, കലാസാമഗ്രികൾ സംഭാവന ചെയ്യാനും ആവശ്യമുള്ള കുട്ടികൾക്ക് പെട്ടികൾ നിറയ്ക്കാൻ സഹായിക്കാനും അവൾ അവരെ ക്ഷണിച്ചു.

പിന്നീട് അവളുടെ കുടുംബത്തിന്റെ സഹായത്തോടെ ചെൽസി ചാരിറ്റി ആരംഭിച്ചു. ബോക്സുകൾ നിറയ്ക്കാൻ സഹായിക്കാൻ അവൾ കൂടുതൽ ആളുകളോട് ആവശ്യപ്പെടാൻ തുടങ്ങി, അതിലൂടെ അവൾക്ക് കൂടുതൽ കുട്ടികളെ സഹായിക്കാൻ സാധിക്കും. ഇത് കൂടാതെ അവളുടെ ബോക്സുകൾ സ്വീകരിച്ച ഗ്രൂപ്പുകളെ അവൾ ആർട്ട് ടിപ്പുകൾ പഠിപ്പിച്ചുകൊടുക്കുന്നു. ഒരു ലോക്കൽ ന്യൂസ് ചാനലിന് കൊടുത്ത ഇന്റർവ്യൂവിന് ശേഷം ലോകത്തിന്റെ വിവിധ ഇടങ്ങളിൽനിന്നു ആളുകൾ  സാധനങ്ങൾ സംഭാവനയായി നൽകി. ചെൽസിയുടെ സഹായങ്ങൾ അന്താരാഷ്ട്ര തലത്തിൽ കലാപരമായ സാധനങ്ങൾ എത്തിച്ചപ്പോൾ, മറ്റുള്ളവരെ സേവിക്കാൻ നമ്മൾ ജീവിക്കാൻ തയ്യാറാകുമ്പോൾ ദൈവത്തിന് നമ്മെ എങ്ങനെ ഉപയോഗിക്കാമെന്ന് ഈ പെൺകുട്ടി പ്രകടമാക്കുന്നു.

ചെൽസിയുടെ അനുകമ്പയും പങ്കുവയ്ക്കാനുള്ള സന്നദ്ധതയും വിശ്വസ്തനായ ഒരു കാര്യസ്ഥന്റെ ഹൃദയത്തെ പ്രതിഫലിപ്പിക്കുന്നു. ദൈവം നൽകിയ വിഭവങ്ങളും കഴിവുകളും പങ്കുവെച്ചുകൊണ്ട് വിശ്വസ്തരായ കാര്യസ്ഥരായിരിക്കാൻ "തമ്മിൽ ഉറ്റ സ്നേഹമുള്ളവരായിരിപ്പാൻ" യേശുവിലുള്ള എല്ലാ വിശ്വാസികളെയും അപ്പോസ്തലനായ പത്രോസ് പ്രോത്സാഹിപ്പിക്കുന്നു (1 പത്രോസ് 4: 8-11).

നമ്മുടെ സ്നേഹത്തിന്റെ ഓരോ ചെറിയ പ്രവർത്തിയും ദാനം ചെയ്യാൻ നമ്മോട് ചേരുവാൻ മറ്റുള്ളവരെ പ്രചോദിപ്പിക്കും. മറ്റുള്ളവരുടെ സേവനത്തിനായി നമ്മെ സഹായിക്കുവാൻ പിന്തുണക്കാരെ പോലും ദൈവത്തിന് അണിനിരത്താൻ കഴിയും. ദൈവത്തിൽ ആശ്രയിക്കുമ്പോൾ, അവന് അർഹിക്കുന്ന മഹത്വം നൽകാനും സേവിക്കാനും നമുക്ക് ജീവിക്കാം.

നാം ആരാധിക്കുന്നിടത്തെല്ലാം

കടുത്ത തലവേദനയും ക്ഷീണവും കാരണം എന്റെ സഭാ ആരാധനയിൽ പങ്കെടുക്കാൻ എനിക്ക് സാധിച്ചില്ല.   കൂട്ടായ്മയിൽ പങ്കെടുക്കുവാൻ കഴിയാഞ്ഞതിന്റെ ദുഃഖത്തിൽ ഞാൻ ഒരു ഓൺലൈൻ പ്രസംഗം കേട്ടു. ആദ്യം തന്നെ, അതിലെ കുറവുകൾ എന്നെ മുഷിപ്പിച്ചു. അതിലെ ദൃശ്യത്തിന്റെയും ശബ്ദത്തിന്റെയും വ്യക്തതക്കുറവ് എന്നെ അലോസരപ്പെടുത്തി. എന്നാൽ, ആ വീഡിയോയിലെ ശബ്ദം വളരെ പരിചിതമായ ഒരു പഴയ ഗീതം ആലപിച്ചു. ആ വരികൾ പാടിയപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി: "എന്റെ ഹൃദയത്തിന്റെ കർത്താവേ, നീ എന്റെ ദർശനമാകുക. നീയല്ലാതെ മറ്റൊന്നും എനിക്ക് മതിയാകില്ല. പകലിലും രാത്രിയിലും,ഉണരുമ്പോഴും ഉറങ്ങുമ്പോഴും നീയാണെന്റെ ചിന്ത, നിന്റെ സാന്നിദ്ധ്യം എന്റെ വെളിച്ചം" ദൈവത്തിന്റെ നിരന്തരമായ സാന്നിധ്യത്തിന്റെ ദാനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, എന്റെ സ്വീകരണമുറിയിൽ ഇരുന്നുകൊണ്ട് ഞാൻ അവനെ ആരാധിച്ചു.

ഒന്നിച്ചു കൂടിയുള്ള ആരാധനയുടെ പ്രാധാന്യത്തെപ്പറ്റി ദൈവവചത്തിൽ പറയുമ്പോഴും ( എബ്രായർ 10:25), ദൈവം ഒരു സഭയുടെ ചുവരുകൾക്കുള്ളിൽ ഒതുങ്ങി നിൽക്കുന്നില്ല. ശമര്യ സ്ത്രീയുമായി കിണറ്റിന്റെ അരികിൽ വച്ചു യേശു നടത്തിയ സംഭാഷണത്തിൽ, മിശിഹായെക്കുറിച്ചുള്ള എല്ലാ പ്രതീക്ഷകളെയും അവിടുന്ന് വെല്ലുവിളിച്ചു (യോഹ.4:9). അവളെ കുറ്റം വിധിക്കുന്നതിനു പകരം, കിണറിന്റെ അരികെ നിന്ന അവളോട് യേശു സത്യം സംസാരിക്കുകയും അവളെ സ്നേഹിക്കുകയും ചെയ്തു (വാ.10). അവിടുത്തെ മക്കളെക്കുറിച്ചുള്ള പരിജ്ഞാനവും അടുപ്പവും അവിടുന്ന് വെളിപ്പെടുത്തി (വാ.17-18). പരിശുദ്ധാത്മാവിലുള്ള സത്യാരാധന ജനങ്ങളുടെ ഹൃദയങ്ങളിൽ നിന്നാവണം, മറിച്ച് ഭൗതികമായ ഒരു പ്രത്യേക സ്ഥലത്തുനിന്നല്ല എന്ന് അവിടുത്തെ ദൈവീകത പ്രഖ്യാപിക്കുന്നതിലൂടെ യേശു  പ്രസ്താവിച്ചു. (വാ. 23-24)

ദൈവം ആരാണെന്നും, അവിടുന്ന് എന്താണ് ചെയ്തതെന്നും, അവിടുന്ന് എന്താണ് വാഗ്ദാനം ചെയ്തതെന്നും നാം ശ്രദ്ധിച്ചാൽ, നമുക്ക് മറ്റു വിശ്വാസികളോടൊപ്പമോ, സ്വീകരണമുറിലോ എവിടെവേണമെങ്കിലും, ഇരുന്നു അവിടുത്തെ നിരന്തര സാന്നിധ്യത്തിൽ ആരാധിക്കുവാൻ കഴിയും.

നമുക്കു തോന്നുന്നതെന്തെന്നു ദൈവം അറിയുന്നു

പരിഭ്രാന്തയായ സിമ്രാ, തന്റെ മകന്റെ ആസക്തിയോടുള്ള പോരാട്ടത്തെക്കുറിച്ചു വ്യസനിച്ചു. ''എനിക്ക് വല്ലാത്ത വിഷമം തോന്നുന്നു,'' അവൾ പറഞ്ഞു. ''പ്രാർത്ഥിക്കുമ്പോൾ എനിക്കു കരച്ചിൽ നിർത്താൻ കഴിയാത്തതിനാൽ എനിക്ക് വിശ്വാസമില്ലെന്ന് ദൈവം കരുതുന്നുണ്ടോ?''

''ദൈവം എന്താണ് ചിന്തിക്കുന്നതെന്ന് എനിക്കറിയില്ല,'' ഞാൻ പറഞ്ഞു. ''എന്നാൽ യഥാർത്ഥ വികാരങ്ങൾ കൈകാര്യം ചെയ്യാൻ അവനു കഴിയുമെന്ന് എനിക്കറിയാം. നമുക്ക് തോന്നുന്നത് എന്താണെന്ന് അവനറിയാത്തതുപോലെയല്ല അത്.'' മകന്റെ വിടുതലിനായി ഞങ്ങൾ അപേക്ഷിക്കുമ്പോൾ ഞാൻ സിമ്രയോടൊപ്പം പ്രാർത്ഥിക്കുകയും കണ്ണുനീർ ഒഴുക്കുകയും ചെയ്തു.

കഷ്ടതയനുഭവിക്കുന്ന ആളുകൾ ദൈവവുമായി മല്ലടിക്കുന്നതിന്റെ നിരവധി ഉദാഹരണങ്ങൾ തിരുവെഴുത്തിൽ അടങ്ങിയിരിക്കുന്നു. 42-ാം സങ്കീർത്തനത്തിന്റെ രചയിതാവ് ദൈവത്തിന്റെ സ്ഥിരവും ശക്തവുമായ സാന്നിധ്യത്തിന്റെ സമാധാനം അനുഭവിക്കാനുള്ള അതിയായ ആഗ്രഹം പ്രകടിപ്പിക്കുന്നു. താൻ സഹിച്ച ദുഃഖത്തെക്കുറിച്ചുള്ള കണ്ണീരും വിഷാദവും അവൻ അംഗീകരിക്കുന്നു. ദൈവത്തിന്റെ വിശ്വസ്തതയെക്കുറിച്ച് അവൻ സ്വയം ഓർമ്മിപ്പിച്ചുകൊണ്ട്, അവന്റെ ആന്തരിക സംഘർഷങ്ങൾ ആത്മവിശ്വാസത്തോടെയുള്ള സ്തുതിയിലേക്കു നയിക്കുന്നു. തന്റെ ''ആത്മാവിനെ'' പ്രോത്സാഹിപ്പിച്ച് സങ്കീർത്തനക്കാരൻ എഴുതുന്നു, ''ദൈവത്തിൽ പ്രത്യാശവയ്ക്കുക; അവൻ എന്റെ മുഖപ്രകാശരക്ഷയും എന്റെ ദൈവവുമാകുന്നു എന്നിങ്ങനെ ഞാൻ ഇനിയും അവനെ സ്തുതിക്കും'' (വാ. 11). ദൈവത്തെക്കുറിച്ച് സത്യമെന്ന് അവനറിയുന്ന കാര്യങ്ങളും അവന്റെ അമിതമായ വികാരങ്ങളുടെ നിഷേധിക്കാനാവാത്ത യാഥാർത്ഥ്യവും തമ്മിൽ വലിയ വടംവലി നടക്കുന്നു. 

ദൈവം നമ്മെ വികാരങ്ങളോടുകൂടി തന്റെ സ്വരൂപത്തിൽ സൃഷ്ടിച്ചു. മറ്റുള്ളവർക്കുവേണ്ടിയുള്ള നമ്മുടെ കണ്ണുനീർ വിശ്വാസത്തിന്റെ അഭാവത്തെയല്ല, ആഴത്തിലുള്ള സ്‌നേഹവും അനുകമ്പയും ആണു വെളിപ്പെടുത്തുന്നത്. കരിയാത്ത മുറിവുകളോ, പഴയ മുറിപ്പാടുകളോ കൊണ്ട് നമുക്ക് ദൈവത്തെ സമീപിക്കാം. ഓരോ പ്രാർത്ഥനയും, നിശ്ശബ്ദമോ, ഏങ്ങലടിച്ചുള്ളതോ, ആത്മവിശ്വാസത്തോടെയുള്ള ആർപ്പോ, ആയിരുന്നാലും നമ്മെ കേൾക്കാമെന്നും പരിപാലിക്കാമെന്നുമുള്ള അവന്റെ വാഗ്ദത്തത്തിലുള്ള നമ്മുടെ വിശ്വാസത്തെ പ്രകടമാക്കുന്നു.

ഒരു മഹത്തായ അന്ത്യം

എന്റെ ഭർത്താവും മകനും ഒരു സിനിമ കാണുന്നതിനായി ടെലിവിഷൻ ചാനലുകളിൽ തിരഞ്ഞുകൊണ്ടിരുന്നു; ഒടുവിൽ അവരുടെ പ്രിയപ്പെട്ട സിനിമകൾ ഇതിനകം തന്നെ ഓടിക്കൊണ്ടിരിക്കുകയാണെന്നവർ കണ്ടെത്തി. അവസാന രംഗങ്ങൾ അവർ ആസ്വദിച്ചുകൊണ്ടിരിക്കുമ്പോൾ, തിരയൽ ഒരു കളിയായി മാറി. അവർക്ക് പ്രിയപ്പെട്ട എട്ട് സിനിമകൾ കണ്ടെത്താൻ അവർക്കു കഴിഞ്ഞു. എന്തുകൊണ്ടാണ് അവർ തുടക്കം മുതൽ കാണുന്നതിന് ഒരു സിനിമ തിരഞ്ഞെടുക്കാത്തത് എന്നു ഞാൻ നിരാശയോടെ ചോദിച്ചു. എന്റെ ഭർത്താവ് ചിരിച്ചു: ''ആരാണ് ഒരു മഹത്തായ അന്ത്യത്തെ ഇഷ്ടപ്പെടാത്തത്?''

എന്റെ പ്രിയപ്പെട്ട പുസ്തകങ്ങളുടെയോ സിനിമകളുടെയോ അവസാനത്തിനായി ഞാനും കാത്തിരിക്കാറുണ്ടെന്ന് എനിക്കു സമ്മതിക്കേണ്ടി വന്നു. ഞാൻ എന്റെ ബൈബിൾ മറിച്ചു മറിച്ച് എനിക്കു പ്രിയപ്പെട്ട ഭാഗങ്ങളിലേക്കോ, കൂടുതൽ രസകരവും മനസ്സിലാക്കാൻ എളുപ്പമുള്ളതുമായ കഥകളിലേക്കോ ശ്രദ്ധ കേന്ദ്രീകരിക്കാറുണ്ട്. എന്നിരുന്നാലും നമ്മെ രൂപാന്തരപ്പെടുത്തുന്നതിനും യേശുവിലുള്ള വിശ്വാസികളെ സംബന്ധിച്ച് അവനെഴുതുന്ന കഥ നന്നായി അവസാനിക്കുമെന്ന് സ്ഥിരീകരിക്കുന്നതിനുമായി പരിശുദ്ധാത്മാവ് ദൈവത്തിന്റെ വിശ്വസനീയവും ജീവിത-സംബന്ധിയുമായ എല്ലാ വാക്കുകളും ഉപയോഗിക്കുന്നു.

ക്രിസ്തു തന്നെത്തന്നെ ''അല്ഫയും ഓമേഗയും, ഒന്നാമനും ഒടുക്കത്തവനും, ആദിയും അന്തവും'' ആയി പ്രഖ്യാപിക്കുന്നു (വെളിപ്പാട് 22:13). തന്റെ ജനം നിത്യജീവൻ അവകാശമാക്കുമെന്ന് അവൻ പ്രഖ്യാപിക്കുകയും (വാ. 14). ''ഈ പ്രവചന പുസ്തകത്തിലെ വചനത്തിൽനിന്ന്'' കുറയ്ക്കുകയോ അതിനോടു കൂട്ടുകയോ ചെയ്യുന്നവർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു (വാ. 18-19). 

ബൈബിളിലെ എല്ലാം നമുക്കറിയുകയോ മനസ്സിലാകുകയോ ഇല്ലായിരിക്കാം, പക്ഷേ യേശു വീണ്ടും വരുന്നുവെന്ന് നമുക്കറിയാം. അവൻ തന്റെ വചനം പാലിക്കും. അവൻ പാപത്തെ ഇല്ലാതാക്കുകയും എല്ലാ തെറ്റുകളെയും ശരിയാക്കുകയും, എല്ലാറ്റിനെയും പുതിയതാക്കുകയും, നമ്മുടെ സ്‌നേഹസമ്പന്ന രാജാവായി എന്നേക്കും വാഴുകയും ചെയ്യും. ഇപ്പോൾ, അതു നമ്മുടെ പുതിയ തുടക്കത്തിലേക്കു നയിക്കുന്ന ഒരുമഹത്തായ അന്ത്യമാണ്!

എല്ലാവർക്കും ലഭ്യമായത്

കരീബിയയിലെ കൊച്ചു ദ്വീപായ എല്യൂതെറയിലെ ഒരു മനുഷ്യനിർമ്മിത പാലത്തിൽ നിന്നുകൊണ്ട്, അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഇളകിമറിയുന്ന കരിനീല ജലവും കരീബിയൻ കടലിലെ ശാന്തമായ ഇളംപച്ച ജലവും തമ്മിലുള്ള വ്യത്യാസത്തെ സന്ദർശകർക്ക് ആസ്വദിക്കാൻ കഴിയും. ഒരുകാലത്ത് ഇവയെ തമ്മിൽ വേർതിരിച്ചിരുന്ന വീതികുറഞ്ഞ ഭൂഭാഗത്തെയും പ്രകൃതിനിർമ്മിതമായ കൽകമാനത്തെയും കാലക്രമേണ കൊടുങ്കാറ്റ് തുടച്ചുനീക്കി. അതിനു പകരം നിർമ്മിക്കപ്പെട്ടതും എല്യൂതെറയിലെ വിനോദസഞ്ചാര ആകർഷണമായി വർത്തിക്കുന്നതുമായ കണ്ണാടി ജനൽ പാലം ''ഭൂമിയിലെ ഏറ്റവും ഇടുങ്ങിയ സ്ഥലം'' എന്നറിയപ്പെടുന്നു.

നിത്യജീവനിലേക്ക് നയിക്കുന്ന വഴി ഇടുങ്ങിയതാണെന്നും ''അത് കണ്ടെത്തുന്നവർ ചുരുക്കമാണ്'' എന്നും ബൈബിൾ വിവരിക്കുന്നു (മത്തായി 7:14). വാതിൽ ഇടുങ്ങിയതായിരിക്കുന്നതിന്റെ കാരണം, വീണുപോയ മനുഷ്യനെയും പിതാവായ ദൈവത്തെയും പരിശുദ്ധാത്മാവിന്റെ ശക്തിയാൽ അനുരഞ്ജിപ്പിക്കാൻ കഴിയുന്ന ഏക പാലം ദൈവപുത്രനാണ് എന്നതാണ് (വാ. 13-14; യോഹന്നാൻ 10: 7-9; 16:13 കാണുക). എന്നിരുന്നാലും, എല്ലാ ജാതികളിൽ നിന്നും രാജ്യങ്ങളിൽ നിന്നും സാമൂഹിക പദവിയിൽ നിന്നുമുള്ള വിശ്വാസികൾക്ക് സ്വർഗ്ഗത്തിൽ പ്രവേശിക്കാമെന്നും രാജാധിരാജാവിന്റെ മുമ്പിൽ വണങ്ങുകയും അവന്റെ സിംഹാസനത്തിനു ചുറ്റും നിന്ന് ആരാധിക്കുകയും ചെയ്യുമെന്നും തിരുവെഴുത്ത് പറയുന്നു (വെളിപ്പാട് 5:9). വൈരുദ്ധ്യത്തിന്റെയും ഐക്യത്തിന്റെയും ഈ അസാധാരണമായ ചിത്രത്തിൽ ദൈവത്തിന്റെ മനോഹരമാംവിധം വൈവിധ്യമാർന്ന സകല ആളുകളും ഉൾപ്പെടുന്നു.

നമ്മുടെ പാപത്താൽ നാം ദൈവത്തിൽ നിന്ന് അകന്നുപോയിട്ടുണ്ടെങ്കിലും, ദൈവം സൃഷ്ടിച്ച ഓരോ വ്യക്തിയെയും, ക്രിസ്തുവുമായുള്ള വ്യക്തിപരമായ ബന്ധത്തിലൂടെ ലഭ്യമായ നിരപ്പിന്റെ ഈ ഇടുങ്ങിയ വഴിയിലൂടെ സ്വർഗ്ഗത്തിലെ നിത്യതയിലേക്കു പ്രവേശിക്കാൻ ദൈവം ക്ഷണിക്കുന്നു. ക്രൂശിലെ അവന്റെ പരമയാഗം, കല്ലറയിൽ നിന്നുള്ള ഉയിർത്തെഴുന്നേൽപ്പ്, സ്വർഗ്ഗാരോഹണം എന്നിവയാണ് സുവാർത്ത. അത് എല്ലാവർക്കും ലഭ്യമായതും ഇന്നും എല്ലാ ദിവസവും പങ്കിടേണ്ടതുമായ സുവാർത്തയാണ്.

ക്രിസ്തുവിലുള്ള അമൂല്യ ജീവിതങ്ങള്‍

നഷ്ടപ്പെട്ട എന്റെ വിവാഹ മോതിരത്തിനായുള്ള തിരച്ചിലിനിടയില്‍ എന്റെ കവിളുകളില്‍ നിന്നു കണ്ണുനീര്‍ ഒഴുകി. ഒരു മണിക്കൂറോളം സോഫയിലെ കുഷനുകള്‍ മാറ്റിയും ഞങ്ങളുടെ വീടിന്റെ ഓരോ മുക്കിലും മൂലയിലും അരിച്ചുപെറുക്കിയതിനും ശേഷം അലന്‍ പറഞ്ഞു, ''എനിക്കു വിഷമമുണ്ട്. നമുക്കു മറ്റൊന്നു വാങ്ങാം.''

''നന്ദി,'' ഞാന്‍ പ്രതികരിച്ചു. ''എന്നാല്‍ അതിന്റെ വൈകാരികമായ മൂല്യം അതിന്റെ വിലയെക്കാള്‍ കൂടുതലാണ്. അതു മാറ്റാനാകില്ല.'' പ്രാര്‍ത്ഥനയോടെ, ഞാന്‍ ആഭരണത്തിനായി തിരച്ചില്‍ തുടര്‍ന്നു. ''ദൈവമേ, ദയവായി അതു കണ്ടെത്താന്‍ എന്നെ സഹായിക്കണമേ.''

പിന്നീട്, ആഴ്ചയുടെ ആരംഭത്തില്‍ ധരിച്ച ഒരു സ്വെറ്ററിന്റെ പോക്കറ്റിലേക്ക് കൈയിട്ടപ്പോള്‍, അമൂല്യമായ ആഭരണം ഞാന്‍ കണ്ടെത്തി. ''യേശുവേ, നന്ദി!'' ഞാന്‍ ഉച്ചത്തില്‍ പറഞ്ഞു. ഞാനും ഭര്‍ത്താവും സന്തോഷിക്കുമ്പോള്‍, ഞാന്‍ മോതിരം വിരലിലണിഞ്ഞുകൊണ്ട്, ഒരു ദ്രഹ്മ നഷ്ടപ്പെട്ട സ്ത്രീയുടെ ഉപമ ഓര്‍മ്മിച്ചു (ലൂക്കൊസ് 15:8-10). നഷ്ടപ്പെട്ട വെള്ളി നാണയം തിരഞ്ഞ സ്ത്രീയെപ്പോലെ, നഷ്ടപ്പെട്ടവയുടെ മൂല്യം ഞാനറിഞ്ഞു. ഞങ്ങളുടെ വിലപിടിപ്പുള്ള വസ്തുക്കള്‍ കണ്ടെത്താന്‍ ആഗ്രഹിച്ചതില്‍ ഞങ്ങളെ രണ്ടുപേരെയും തെറ്റുപറയാന്‍ കഴിയുമായിരുന്നില്ല. താന്‍ സൃഷ്ടിച്ച ഓരോ വ്യക്തിയെയും രക്ഷിക്കാനുള്ള തന്റെ ആഗ്രഹം ഊന്നിപ്പറയാന്‍ യേശു ആ കഥ ഉപയോഗിച്ചു. അനുതപിക്കുന്ന ഒരു പാപി സ്വര്‍ഗ്ഗത്തില്‍ വലിയ ആഘോഷത്തിനു കാരണമാകുന്നു. 

നഷ്ടപ്പെട്ട നിധികള്‍ കണ്ടെത്താനായി നാം പ്രാര്‍ത്ഥിക്കുന്നതുപോലെ, മറ്റുള്ളവര്‍ക്കുവേണ്ടി ആവേശത്തോടെ പ്രാര്‍ത്ഥിക്കുന്ന ഒരു വ്യക്തിയായിത്തീരുന്നത് എത്ര വലിയ ദാനമായിരിക്കും. ആരെങ്കിലും അനുതപിക്കുകയും തങ്ങളുടെ ജീവിതം ക്രിസ്തുവിനു സമര്‍പ്പിക്കുകയും ചെയ്യുമ്പോള്‍ ആഘോഷിക്കാന്‍ കഴിയുന്നത് എത്ര വലിയ പദവിയാണ്. നാം നമ്മുടെ ആശ്രയം യേശുവില്‍ വെച്ചിട്ടുണ്ടെങ്കില്‍, നാം കണ്ടെത്തപ്പെടേണ്ടവരാണ് എന്നു ചിന്തിച്ചു നമുക്കുവേണ്ടിയുള്ള അന്വേഷണം ഒരിക്കലും അവസാനിപ്പിക്കാതിരുന്ന ഒരുവനാല്‍ സ്‌നേഹിക്കപ്പെട്ടതിന്റെ സന്തോഷം അനുഭവിക്കാനിടയായതില്‍ നമുക്കു നന്ദിയുള്ളവരാകാം.

സത്യത്തോടൊപ്പമുള്ള നുണകള്‍

ഞാന്‍ പ്രസംഗപീഠത്തില്‍ വേദപുസ്തകം വെച്ചിട്ട്, സന്ദേശം ആരംഭിക്കാന്‍ കാത്തിരിക്കുന്ന ആകാംക്ഷയുള്ള മുഖങ്ങളിലേക്ക് ഉറ്റുനോക്കി. ഞാന്‍ പ്രാര്‍ത്ഥിക്കുകയും തയ്യാറെടുക്കുകയും ചെയ്തതാണ്. പിന്നെ എന്തുകൊണ്ടാണ് എനിക്കു സംസാരിക്കാന്‍ കഴിയാത്തത്?

നീ വിലകെട്ടവളാണ്. ആരും ഒരിക്കലും നിന്റെ വാക്കുകള്‍ ശ്രദ്ധിക്കുകയില്ല, പ്രത്യേകിച്ചും അവര്‍ക്ക് നിന്റെ ഭൂതകാലം അറിയാമെങ്കില്‍. ദൈവം നിന്നെ ഒരിക്കലും ഉപയോഗിക്കുകയില്ല. എന്റെ ജീവിതത്തിലുടനീളം പലവിധത്തില്‍ സംസാരിച്ചതും ഞാന്‍ വളരെ എളുപ്പത്തില്‍ വിശ്വസിച്ചതും നുണകള്‍ക്കെതിരായ ഒരു ദശാബ്ദക്കാലത്തെ എന്റെ യുദ്ധത്തിനു കാരണമായതുമായ ഈ വാക്കുകള്‍ എന്റെ മനസ്സിലേക്കോടിയെത്തി. ഈ വാക്കുകള്‍ ശരിയല്ലെന്ന് എനിക്കറിയാമെങ്കിലും, എന്റെ അരക്ഷിതാവസ്ഥയില്‍ നിന്നും ഭയങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ എനിക്കു കഴിഞ്ഞില്ല. അതിനാല്‍ ഞാന്‍ എന്റെ ബൈബിള്‍ തുറന്നു.

സദൃശവാക്യങ്ങള്‍ 30:5 ലേക്കു തിരിഞ്ഞുകൊണ്ട്, അവ ഉച്ചത്തില്‍ വായിക്കുന്നതിനുമുമ്പു ഞാന്‍ ദീര്‍ഘമായി ശ്വാസമെടുത്തു. ''ദൈവത്തിന്റെ സകല വചനവും ശുദ്ധിചെയ്തതാകുന്നു; തന്നില്‍ ആശ്രയിക്കുന്നവര്‍ക്ക് അവന്‍ പരിച തന്നേ'' എന്നു ഞാന്‍ വായിച്ചു. സമാധാനം എന്നെ നിറച്ചതിനാല്‍ ഞാന്‍ കണ്ണുകള്‍ അടച്ചു, സദസ്യരുമായി എന്റെ സാക്ഷ്യം പങ്കിടാന്‍ തുടങ്ങി.

നമ്മില്‍ പലരും നിഷേധാത്മക വാക്കുകളുടെ, അല്ലെങ്കില്‍ മറ്റുള്ളവരുടെ അഭിപ്രായങ്ങളുടെ തളര്‍ത്തുന്ന ശക്തി അനുഭവിച്ചിട്ടുണ്ട്. എന്നിരുന്നാലും, ദൈവത്തിന്റെ വചനങ്ങള്‍ ''ശുദ്ധിചെയ്തതും'' തികഞ്ഞതും തികച്ചും ഗൗരവമുള്ളതുമാണ്. നമ്മുടെ മൂല്യത്തെക്കുറിച്ചോ ദൈവമക്കളെന്ന നിലയില്‍ നമ്മുടെ ഉദ്ദേശ്യത്തെക്കുറിച്ചോ ഉള്ള ആത്മവിശ്വാസത്തെ തകര്‍ക്കുന്ന ആശയങ്ങള്‍ വിശ്വസിക്കാന്‍ നാം പ്രലോഭിപ്പിക്കപ്പെടുമ്പോള്‍, ദൈവത്തിന്റെ നിലനില്‍ക്കുന്നതും തെറ്റിക്കൂടാത്തതുമായ സത്യം നമ്മുടെ മനസ്സിനെയും ഹൃദയത്തെയും സംരക്ഷിക്കുന്നു. ''യഹോവേ, പേണ്ടയുള്ള നിന്റെ വിധികളെ ഓര്‍ത്തു ഞാന്‍ എന്നെത്തന്നെ ആശ്വസിപ്പിക്കുന്നു'' (സങ്കീര്‍ത്തനം 119:52) എന്നെഴുതിയ സങ്കീര്‍ത്തനക്കാരനെ നമുക്ക് പ്രതിധ്വനിപ്പിക്കാന്‍ കഴിയും.

ദൈവത്തെയും നമ്മെയും മറ്റുള്ളവരെയും കുറിച്ചുള്ള തിരുവെഴുത്തിനെ സ്വീകരിച്ചുകൊണ്ട് അവയ്‌ക്കെതിരായ നുണകളെ നമുക്കു ചെറുത്തുനില്‍ക്കാം.

ദയയുടെ പൈതൃകം

മുപ്പതു വര്‍ഷത്തിലേറെക്കാലം മാര്‍ത്ത ഒരു പ്രാഥമിക വിദ്യാലയത്തില്‍ അസിസ്റ്റന്റ് ടീച്ചറായി സേവനമനുഷ്ഠിച്ചു. എല്ലാ വര്‍ഷവും, ഞെരുക്കമനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പുതിയ വസ്ത്രങ്ങള്‍ വാങ്ങാന്‍ അവള്‍ പണം ലാഭിച്ചു. രക്താര്‍ബുദം ബാധിച്ച് അവള്‍ മരിച്ചതിനുശേഷം, ഞങ്ങള്‍ അവളുടെ ആജീവനാന്ത സേവനത്തിന്റെ സ്മരണയ്ക്കായി ഒരു ആഘോഷം നടത്തി. പൂക്കള്‍ക്കു പകരമായി, പതിറ്റാണ്ടുകളായി അവള്‍ സ്‌നേഹിക്കുകയും സേവിക്കുകയും ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് നൂറുകണക്കിനു പുതിയ വസ്ത്രങ്ങള്‍ ആളുകള്‍ സംഭാവന ചെയ്തു. ദയാപൂര്‍വ്വമായ വാക്കുകളും ചിന്തനീയമായ പ്രവൃത്തികളും ഉപയോഗിച്ച് മാര്‍ത്ത മറ്റുള്ളവരെ പ്രോത്സാഹിപ്പിച്ച എണ്ണമറ്റ വഴികളെക്കുറിച്ചുള്ള കഥകള്‍ പലരും പങ്കിട്ടു. നിത്യതയുടെ ഈ വശത്ത് അവളുടെ ജീവിതം അവസാനിച്ചതിനുശേഷം മൂന്നു വര്‍ഷത്തേക്ക് അവളുടെ സഹഅധ്യാപകര്‍ ആവശ്യമുള്ള കുട്ടികള്‍ക്കു വസ്ത്രങ്ങള്‍ നല്‍കി അവളുടെ ഓര്‍മ്മയെ ആദരിച്ചു. അവളുടെ ദയയുടെ പൈതൃകം, ആവശ്യമുള്ളവരെ ഉദാരമായി സേവിക്കാന്‍ മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നു.

അപ്പൊസ്തല പ്രവൃത്തികള്‍ 9 ല്‍, 'വളരെ സല്‍പ്രവൃത്തികളും ധര്‍മ്മങ്ങളും ചെയ്തുപോന്ന' ഡോര്‍ക്കസ് എന്ന സ്ത്രീയെക്കുറിച്ചുള്ള ഒരു കഥ അപ്പൊസ്തലനായ ലൂക്കൊസ് പങ്കുവെക്കുന്നു (വാ. 36). അവള്‍ രോഗബാധിതയായി മരിച്ചതിനുശേഷം, ദുഃഖിതരായ സമൂഹം തങ്ങളെ സന്ദര്‍ശിക്കാന്‍ പത്രൊസിനെ നിര്‍ബന്ധിച്ചു. ഡോര്‍ക്കസ് മറ്റുള്ളവരെ സേവിച്ചുകൊണ്ടു ജീവിച്ചതിന്റെ തെളിവുകള്‍ എല്ലാ വിധവമാരും പത്രൊസിനു കാണിച്ചുകൊടുത്തു (വാ. 39). മനസ്സലിവിന്റെ അത്ഭുതകരമായ ഒരു പ്രവൃത്തിയിലൂടെ പത്രൊസ് ഡോര്‍ക്കസിനെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവന്നു. ഡോര്‍ക്കാസിന്റെ പുനരുത്ഥാനത്തെക്കുറിച്ചുള്ള വാര്‍ത്ത പരന്നു, 'പലരും കര്‍ത്താവില്‍ വിശ്വസിച്ചു' (വാ. 42). എന്നാല്‍ പ്രായോഗിക മാര്‍ഗ്ഗങ്ങളിലൂടെ മറ്റുള്ളവരെ സേവിക്കാനുള്ള ഡോര്‍ക്കസിന്റെ പ്രതിബദ്ധതയാണ് അവളുടെ സമൂഹത്തിലെ ഹൃദയങ്ങളെ സ്പര്‍ശിക്കുകയും സ്‌നേഹപൂര്‍വമായ ഔദാര്യത്തിന്റെ ശക്തി വെളിപ്പെടുത്തുകയും ചെയ്തത്.

പ്രത്യാശയോടെ കാത്തിരിക്കുക

ഞങ്ങളുടെ വാരാന്ത്യ അവധിക്കാലത്ത്, റോജലിയോ ഞങ്ങളുടെ വെയ്റ്ററായി സേവനമനുഷ്ഠിച്ചു. ഒരു സംഭാഷണമധ്യേ, ശക്തമായ വിശ്വാസവും അനുകമ്പയുമുള്ള തന്റെ ഭാര്യ കാലിയെ തനിക്കു തന്നനുഗ്രഹിച്ചത് യേശുവാണെന്ന് അദ്ദേഹം പറഞ്ഞു. അവരുടെ ആദ്യത്തെ കുഞ്ഞു ജനിച്ചതിനുശേഷം, ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച അവരുടെ സഹോദരീപുത്രിയെ പരിപാലിക്കാനുള്ള അവസരം ദൈവം അവര്‍ക്കു നല്‍കി. താമസിയാതെ, റോജലിയോയുടെ ഭാര്യാമാതാവിനും സംരക്ഷണവും പരിചരണവും ആവശ്യമായി വന്നു.

റോജലിയോ സന്തോഷത്തോടെ ജോലി ചെയ്യുന്നു. ദൈവം അവരെ ഏല്‍പ്പിച്ച ആളുകളെ പരിചരിക്കുന്നതിനു ഭാര്യയെ സഹായിക്കുന്നതിനായി അദ്ദേഹം പലപ്പോഴും ഇരട്ട ഷിഫ്റ്റുകള്‍ ചെയ്യുന്നു. തങ്ങളുടെ കുടുംബാംഗങ്ങളെ ശുശ്രൂഷിക്കുന്നതിനായി അവരുടെ ഹൃദയവും വീടും തുറന്നുകൊടുത്ത ആ ദമ്പതികളുടെ മാര്‍ഗ്ഗം എന്നെ കൂടുതല്‍ സ്‌നേഹിക്കാന്‍ പ്രേരിപ്പിച്ചു എന്നു ഞാന്‍ പറഞ്ഞപ്പോള്‍ റോജലിയോ പറഞ്ഞു, 'അവരെ - താങ്കളെയും - ശുശ്രൂഷിക്കുന്നത് എന്റെ സന്തോഷമാണ്.''

നാം അന്യോന്യം നിസ്വാര്‍ത്ഥമായി ശുശ്രൂഷിക്കുമ്പോള്‍, ഔദാര്യത്തോടെയും ആവശ്യങ്ങള്‍ക്കായി ദൈവത്തിലാശ്രയിച്ചും ജീവിക്കുന്നതിന്റെ ശക്തി റോജലിയോയുടെ ജീവിതം ഉറപ്പിക്കുന്നു. 'ആശയില്‍ സന്തോഷിക്കുവിന്‍; കഷ്ടതയില്‍ സഹിഷ്ണുത കാണിക്കുവിന്‍; പ്രാര്‍ത്ഥനയില്‍ ഉറ്റിരിക്കുവിന്‍; വിശുദ്ധന്മാരുടെ ആവശ്യങ്ങളില്‍ കൂട്ടായ്മ കാണിക്കുകയും അതിഥിസല്ക്കാരം ആചരിക്കുകയും ചെയ്യുവിന്‍'' (റോമര്‍ 12:10-13) എന്ന് അപ്പൊസ്തലനായ പൗലൊസ് ദൈവജനത്തെ ആഹ്വാനം ചെയ്യുന്നു. 

അസഹനീയമായ സാഹചര്യങ്ങളിലേക്കു നമ്മെയോ നമ്മുടെ പ്രിയപ്പെട്ടവരെയോ തള്ളിയിട്ടുകൊണ്ട്, നമ്മുടെ ജീവിതത്തിനു ക്ഷണനേരംകൊണ്ടു മാറ്റം സംഭവിച്ചേക്കാം. എന്നാല്‍ നാം ദൈവത്തെ കാത്തിരിക്കുമ്പോള്‍, ദൈവം നമുക്കു നല്‍കിയതെല്ലാം പങ്കുവെയ്ക്കാന്‍ നാം തയ്യാറായാല്‍, നമുക്കൊരുമിച്ച് അവിടുത്തെ നിലനില്‍ക്കുന്ന സ്‌നേഹത്തെ മുറുകെപ്പിടിക്കാന്‍ കഴിയും.