
തൊലിപ്പുറത്തെക്കാൾ ആഴത്തിൽ
യേശുവിൽ വിശ്വസിക്കുന്ന ചെറുപ്പക്കാരനായ ജോസ് തന്റെ സഹോദരന്റെ സഭ സന്ദർശിക്കുകയായിരുന്നു. ശുശ്രൂഷ ആരംഭിക്കുന്നതിനു മുമ്പ് ആലയത്തിലേക്കു പ്രവേശിച്ച അവനെ കണ്ടപ്പോൾ അവന്റെ സഹോദരന്റെ മുഖം വാടി. ടീ-ഷർട്ട് ധരിച്ചിരുന്നതിനാൽ ജോസിന്റെ രണ്ട് കൈകളെയും മൂടിയിരുന്ന ടാറ്റൂകൾ ദൃശ്യമായിരുന്നു. ജോസിന്റെ പല ടാറ്റൂകളിലും അവന്റെ ഭൂതകാല ജീവിതരീതി പ്രതിഫലിച്ചിരുന്നതിനാൽ വീട്ടിൽ പോയി ഫുൾ കൈയുള്ള ഒരു ഷർട്ട് ധരിച്ചുവരാൻ അവന്റെ സഹോദരൻ അവനോട് പറഞ്ഞു. ജോസിന് പെട്ടെന്ന് താൻ ആകം വൃത്തികെട്ടതായി തോന്നി. എന്നാൽ മറ്റൊരാൾ സഹോദരന്മാരുടെ സംസാരം കേട്ടിട്ട് ജോസിനെ പാസ്റ്ററുടെ അടുത്തേക്ക് കൊണ്ടുവന്ന് സംഭവിച്ച കാര്യം പറഞ്ഞു. പാസ്റ്റർ പുഞ്ചിരിച്ചുകൊണ്ട് ഷർട്ടിന്റെ ബട്ടൺ അഴിച്ചു, തന്റെ നെഞ്ചിലുള്ള ഒരു വലിയ ടാറ്റൂ കാണിച്ചുകൊടുത്തു-തന്റെ തന്നെ ഭൂതകാലത്തിൽ നിന്നുള്ള ഒന്ന്. ദൈവം അവനെ ഉള്ളത്തെ ശുദ്ധമാക്കിയതിനാൽ, കൈകൾ മറയ്‌ക്കേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം ജോസിന് ഉറപ്പ് നൽകി.
ദൈവത്താൽ ശുദ്ധീകരിക്കപ്പെട്ടതിന്റെ സന്തോഷം ദാവീദ് അനുഭവിച്ചു. അവനോട് പാപം ഏറ്റുപറഞ്ഞ ശേഷം രാജാവ് എഴുതി, ''ഓ, അനുസരണക്കേട് ക്ഷമിക്കപ്പെട്ടവരുടേയും പാപം മറയ്ക്കപ്പെട്ടവരുടേയും ... സന്തോഷം എത്ര വലിയത്!'' (സങ്കീർത്തനം 32:1 NLT ) . "ഹൃദയപരമാർത്ഥികളായ'' മറ്റുള്ളവരോടുകൂടെ ''ഘോഷിച്ചുല്ലസിക്കാൻ'' അവനു കഴിഞ്ഞു (വാ. 11). യേശുവിലുള്ള വിശ്വാസം രക്ഷയിലേക്കും അവന്റെ മുമ്പാകെ നിർമ്മലമായ ജീവിതത്തിലേക്കും നയിക്കുന്നുവെന്ന് പ്രഖ്യാപിക്കുന്ന ഒരു ഭാഗമായ റോമർ 4:7-8-ൽ അപ്പൊസ്തലനായ പൗലൊസ് പിന്നീട് സങ്കീർത്തനം 32:1-2 ഉദ്ധരിച്ചു (റോമർ 4:23-25 കാണുക).
യേശുവിലുള്ള നമ്മുടെ പരിശുദ്ധി തൊലിപ്പുറത്തെക്കാൾ ആഴത്തിലുള്ളതാണ്, കാരണം അവൻ നമ്മുടെ ഹൃദയങ്ങളെ അറിയുകയും ശുദ്ധീകരിക്കുകയും ചെയ്യുന്നു (1 ശമൂവൽ 16:7; 1 യോഹന്നാൻ 1:9). ഇന്ന് അവന്റെ ശുദ്ധീകരണ പ്രവൃത്തിയിൽ നമുക്ക് സന്തോഷിക്കാം.

ബ്ലൂസ്റ്റോൺ പള്ളി മണികൾ
ബ്ലൂസ്റ്റോൺ ഒരു ആകർഷണീയമായ പാറയാണ്. അതിൽ അടിക്കുമ്പോൾ, ചില ബ്ലൂസ്റ്റോണുകൾ സംഗീതാത്മക ശബ്ദം മുഴക്കും. വെൽഷ് ഗ്രാമമായ മെൻക്ലോഖോഗിൽ പതിനെട്ടാം നൂറ്റാണ്ട് വരെ ബ്ലൂസ്റ്റോണുകൾ പള്ളി മണികളായി ഉപയോഗിച്ചിരുന്നു. രസകരമെന്നു പറയട്ടെ, ഇംഗ്ലണ്ടിലെ സ്റ്റോൺഹെഞ്ച് ബ്ലൂസ്റ്റോൺ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. അതിനാൽ ആ അടയാളക്കല്ലുകളുടെ യഥാർത്ഥ ഉദ്ദേശ്യം സംഗീതമാണോ എന്ന് ചിലർ ചിന്തിക്കുന്നു. ചില ഗവേഷകർ അവകാശപ്പെടുന്നത്, അവയുടെ സവിശേഷമായ ശബ്ദ ഗുണങ്ങൾ കാരണം സ്റ്റോൺഹെഞ്ചിലെ ബ്ലൂസ്റ്റോൺ ഇരുനൂറ് മൈൽ അകലെയുള്ള മെൻക്ലോഖോഗിന് സമീപത്ത് നിന്നാണ് കൊണ്ടുവന്നതെന്നാണ്.
സംഗീതം പൊഴിക്കുന്ന കല്ലുകൾ ദൈവത്തിന്റെ മഹത്തായ സൃഷ്ടിയുടെ മറ്റൊരു അത്ഭുതമാണ്, ഹോശാന ഞായറാഴ്ചന യെരൂശലേമിലേക്കുള്ള തന്റെ പ്രവേശന വേളയിൽ യേശു പറഞ്ഞ ഒരു കാര്യം അവ നമ്മെ ഓർമ്മിപ്പിക്കുന്നു. ആളുകൾ യേശുവിനെ സ്തുതിച്ചപ്പോൾ, അവരെ ശാസിക്കാൻ മതനേതാക്കന്മാർ അവനോട് ആവശ്യപ്പെട്ടു. അതിന് യേശു പറഞ്ഞ മറുപടി, "ഇവർ മണ്ടാതിരുന്നാൽ കല്ലുകൾ ആർത്തുവിളിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു'' (ലൂക്കൊസ് 19:40).
ബ്ലൂസ്റ്റോണിന് സംഗീതം സൃഷ്ടിക്കാൻ കഴിയുമെങ്കിൽ, അവയുടെ സ്രഷ്ടാവിനു സാക്ഷ്യം വഹിക്കുന്ന കല്ലുകളെപ്പോലും യേശു പരാമർശിക്കുകയാണെങ്കിൽ, നമ്മെ സൃഷ്ടിച്ചു, നമ്മെ സ്‌നേഹിക്കുകയും, നമ്മെ രക്ഷിക്കുകയും ചെയ്തവനോട് നമ്മുടെ സ്വന്തം സ്തുതി എങ്ങനെ പ്രകടിപ്പിക്കാം? അവൻ സകല ആരാധനകൾക്കും യോഗ്യനാണ്. അവന് അർഹിക്കുന്ന ബഹുമാനം നൽകാൻ പരിശുദ്ധാത്മാവ് നമ്മെ ഉണർത്തട്ടെ. എല്ലാ സൃഷ്ടികളും അവനെ സ്തുതിക്കുന്നു.

ദൈവത്തിൽ ഉറച്ച് വിശ്രമിക്കുക
തീവ്രപരിചരണ വിഭാഗത്തിലെ (ഐസിയു) രോഗികളെ നന്നായി ഉറങ്ങുവാൻ സഹായിക്കുവാൻ ചൈനയിലുള്ള ഫുജിയാനയിലെ ഗവേഷകർ ആഗ്രഹിച്ചു. കൃത്രിമമായി സൃഷ്ടിച്ച ഒരു ഐസിയു പരിതഃസ്ഥിതിയിൽ, ആശുപത്രി നിലവാരമുള്ള ലൈറ്റിംഗുകൾ, മെഷീനുകളുടെ ബീപ്പിംഗിന്റെയും നഴ്സുമാർ സംസാരിക്കുന്നതിന്റെയും ഓഡിയോ റെക്കോർഡിംഗുകൾ എന്നിവ സഹിതം അവർ ചിലരെ പരീക്ഷണ വിധേയരാക്കി, തുടർന്ന് ഉറക്കസഹായ ഉപകരണങ്ങളുടെ ഫലങ്ങൾ അവർ അളന്നു. സ്ലീപ്പ് മാസ്കുകളും ഇയർ പ്ലഗുകളും പോലുള്ള ഉപകരണങ്ങൾ ധരിച്ചവരുടെ ഉറക്കം മെച്ചപ്പെടുത്തുന്നുവെന്ന് അവരുടെ ഗവേഷണം തെളിയിച്ചു. എന്നാൽ ഒരു യഥാർത്ഥ ഐസിയുവിൽ കിടക്കുന്ന യഥാർത്ഥ രോഗികളെ സംബന്ധിച്ചിടത്തോളം ഉറക്കം എപ്പോഴും ബുദ്ധിമുട്ടായിരിക്കുമെന്ന് അവർ സമ്മതിച്ചു.
നമ്മുടെ ലോകം കലുഷിതമാകുമ്പോൾ നമുക്ക് എങ്ങനെ വിശ്രമം കണ്ടെത്താൻ കഴിയും? ബൈബിൾ വ്യക്തമാണ്: സാഹചര്യങ്ങൾ എന്തു തന്നെയായിരുന്നാലും ദൈവത്തിൽ ആശ്രയിക്കുന്നവർക്ക് സമാധാനമുണ്ട്. പുരാതന യിസ്രായേലിൽ കഷ്ടപ്പാടുകൾക്കു ശേഷം പുനഃസ്ഥാപിക്കപ്പെടുന്ന ഒരു ഭാവികാലത്തെക്കുറിച്ച് യെശയ്യാ പ്രവാചകൻ എഴുതി. അവർ തങ്ങളുടെ നഗരത്തിൽ സുരക്ഷിതമായി ജീവിക്കും, കാരണം ദൈവം അത് സുരക്ഷിതമാക്കിയെന്ന് അവർക്കറിയാമായിരുന്നു (യെശയ്യ. 26:1). അവൻ തങ്ങൾക്കു ചുറ്റുമുള്ള ലോകത്തിൽ നന്മ കൊണ്ടുവരാൻ സജീവമായി പ്രവർത്തിക്കുകയാണെന്ന് അവർ വിശ്വസിക്കുന്നു - "അവൻ ഉയരത്തിൽ പാർക്കുന്നവരെ... താഴ്ത്തി" അടിച്ചമർത്തപ്പെട്ടവരെ ഉയർത്തി നീതി നടപ്പാക്കുന്നു (വാ.5-6). "യഹോവയാം യാഹിൽ ശാശ്വതമായൊരു പാറ" ഉണ്ടെന്ന് അവർ അറിയുകയും അവിടുന്നിൽ എന്നേക്കും ആശ്രയിക്കുകയും ചെയ്യും (വാ.4).
യെശയ്യാവ് എഴുതി, "സ്ഥിരമാനസൻ നിന്നിൽ ആശ്രയം വച്ചിരിക്കകൊണ്ടു നീ അവനെ പൂർണസമാധാനത്തിൽ കാക്കുന്നു" (വാ.3). ഇന്നും നമുക്ക് സമാധാനവും സ്വസ്ഥതയും നൽകാൻ ദൈവത്തിന് കഴിയും. നമുക്ക് ചുറ്റും എന്ത് സംഭവിച്ചാലും അവിടുത്തെ സ്നേഹത്തിന്റെയും ശക്തിയുടെയും ഉറപ്പിൽ നമുക്ക് വിശ്രമിക്കാം.

ചെയ്യണമോ വേണ്ടയോ
ഞാൻ കുട്ടിയായിരുന്നപ്പോൾ, ഡികമ്മിഷൻ ചെയ്യപ്പെട്ട രണ്ടാം ലോകമഹായുദ്ധത്തിലെ ഒരു ടാങ്ക് എന്റെ വീടിനടുത്തുള്ള ഒരു പാർക്കിൽ പ്രദർശിപ്പിച്ചിരുന്നു. ഒന്നിലധികം അടയാളങ്ങൾ വാഹനത്തിൽ കയറുന്നതിന്റെ അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകി, പക്ഷേ എന്റെ കുറച്ച് സുഹൃത്തുക്കൾ അതിൽ വലിഞ്ഞു കയറി. ഞങ്ങളിൽ ചിലർ അൽപം മടിച്ചു, പക്ഷേ ഒടുവിൽ ഞങ്ങളും അതു തന്നെ ചെയ്തു. മുന്നറിയിപ്പ് ചിഹ്നങ്ങൾ ചൂണ്ടിക്കാണിച്ചു കൊണ്ട് ഒരു പയ്യൻ കയറുവാൻ വിസമ്മതിച്ചു. ഒരു മുതിർന്നയാൾ അടുത്തു വരുന്നത് കണ്ടപ്പോൾ പെട്ടെന്ന് മറ്റൊരുത്തൻ താഴേക്ക് ചാടി. വിനോദത്തിനുള്ള പ്രലോഭനം നിയമങ്ങൾ പാലിക്കാനുള്ള ഞങ്ങളുടെ ആഗ്രഹത്തേക്കാൾ കൂടുതലായിരുന്നു.
നമ്മുടെ എല്ലാവരുടേയും ഉള്ളിൽ ബാലിശമായ കലാപത്തിന്റെ ഒരു ഹൃദയമുണ്ട്. എന്തു ചെയ്യണം അല്ലെങ്കിൽ ചെയ്യരുത് എന്ന് പറയുന്നത് നാം ഇഷ്ടപ്പെടുന്നില്ല. "നന്മ ചെയ്‍വാനറിഞ്ഞിട്ടും ചെയ്യാത്തവന് അതു പാപംതന്നെ" എന്ന് യാക്കോബിൽ (4:17) നാം വായിക്കുന്നു. റോമാ ലേഖനത്തിൽ, അപ്പൊസ്തലനായ പൗലൊസ് എഴുതി: "ഞാൻ ചെയ്‍വാൻ ഇച്ഛിക്കുന്ന നന്മ ചെയ്യുന്നില്ലല്ലോ; ഇച്ഛിക്കാത്ത തിന്മയത്രേ പ്രവർത്തിക്കുന്നത്. ഞാൻ ഇച്ഛിക്കാത്തതിനെ ചെയ്യുന്നു എങ്കിലോ അതിനെ പ്രവർത്തിക്കുന്നതു ഞാനല്ല എന്നിൽ വസിക്കുന്ന പാപമത്രേ" (റോമ. 7:19-20).
യേശുവിൽ വിശ്വസിക്കുന്നവരെന്ന നിലയിൽ, പാപത്തോടുള്ള നമ്മുടെ പോരാട്ടത്തെക്കുറിച്ച് നാം അത്ഭുതപ്പെടും. എന്നാൽ പലപ്പോഴും ശരിയായത് ചെയ്യാൻ നാം സ്വന്തം ശക്തിയിൽ മാത്രം ആശ്രയിക്കുന്നു. നമ്മുടെ ജീവിതം അവസാനിക്കുന്നതുവരെ, പാപകരമായ പ്രേരണകൾക്ക് നാം അനുദിനം വശംവദരാകാം. അതിനാൽ മരണത്താലും പുനരുത്ഥാനത്താലും പാപത്തിന്മേൽ ജയം നേടിയവന്റെ ശക്തിയിൽ നമുക്ക് ആശ്രയിക്കാം.

ദൈവത്തിന് മറ്റു പദ്ധതികൾ ഉണ്ടായിരുന്നു
അവരുടെ കൃത്യമായ പ്രായം അജ്ഞാതമാണ്. ഒരാളെ ഒരു പള്ളിയുടെ പടികളിൽ കണ്ടെത്തി; മറ്റൊരാൾക്ക് തന്നെ വളർത്തിയത് കന്യാസ്ത്രീകളാണെന്ന് മാത്രം അറിയാമായിരുന്നു. രണ്ടാം ലോകമഹായുദ്ധ സമയത്ത് പോളണ്ടിൽ ജനിച്ച്, ഏതാണ്ട് എൺപതു വർഷത്തോളം ഹലീനയോ ക്രിസ്റ്റിനയോ പരസ്പരം അറിഞ്ഞിരുന്നില്ല. തുടർന്ന് ഡി.എൻ.എ. പരിശോധനാഫലങ്ങൾ അവർ സഹോദരിമാരാണെന്ന് വെളിപ്പെടുത്തുകയും സന്തോഷകരമായ ഒരു പുനഃസമാഗമത്തിലേക്ക് നയിക്കുകയും ചെയ്തു. അത് അവരുടെ യഹൂദാ പൈതൃകത്തെ വെളിപ്പെടുത്തി; മാത്രമല്ല എന്തുകൊണ്ടാണ് അവർ ഉപേക്ഷിക്കപ്പെട്ടതെന്നും വിശദീകരിച്ചു. അവർ ജൂതവംശജർ ആയതുകൊണ്ടു മാത്രം ചിലർ അവർക്ക് മരണം വിധിച്ചിരുന്നു.
ഭയചകിതയായ ഒരമ്മ മരണഭീഷണി നേരിടുന്ന തന്റെ മക്കളെ രക്ഷപ്പെടാൻ സാധ്യതയുള്ള ഒരിടത്തു ഉപേക്ഷിക്കുന്നതായി സങ്കൽപ്പിക്കുന്നത് മോശെയുടെ കഥയെ ഓർമിപ്പിക്കുന്നു. ഒരു എബ്രായ ബാലനെന്ന നിലയിൽ, അവനെ വംശഹത്യയ്ക്ക് അടയാളപ്പെടുത്തിയിരുന്നു (പുറ. 1:22). എന്നാൽ അവന്റെ അമ്മ അവനെ തന്ത്രപരമായി നൈൽ നദിയിൽ പ്രതിഷ്ഠിച്ച് (2:3), അവന് അതിജീവനത്തിന് ഒരവസരം നൽകി. അവൾ ഒരിക്കലും സ്വപ്നം കാണാത്ത വിധത്തിൽ, ദൈവത്തിന് മോശെ മുഖാന്തരം തന്റെ ജനത്തെ രക്ഷപ്പെടുത്താൻ ഒരു പദ്ധതിയുണ്ടായിരുന്നു.
മോശെയുടെ കഥ നമ്മെ യേശുവിന്റെ കഥയിലേക്ക് വിരൽ ചൂണ്ടുന്നു. ഫറവോൻ എബ്രായ ആൺകുട്ടികളെ കൊല്ലാൻ ശ്രമിച്ചതുപോലെ, ഹെരോദാവ് ബേത്ലഹേമിലെ എല്ലാ ആൺകുട്ടികളെയും കൊല്ലുവാൻ കല്പിച്ചു (മത്താ. 2:13-16).
അത്തരം എല്ലാ വിദ്വേഷത്തിനും - പ്രത്യേകിച്ചും കുട്ടികളോടുള്ളവയ്ക്കു - പിന്നിൽ നമ്മുടെ ശത്രുവായ പിശാചാണ്. അത്തരം അക്രമങ്ങൾ ദൈവത്തെ അദ്ഭുതപ്പെടുത്തുന്നില്ല. മോശെയെ കുറിച്ച് അവന് പദ്ധതികൾ ഉണ്ടായിരുന്നു, നിങ്ങളെയും എന്നെയും കുറിച്ച് അവന് പദ്ധതികളുണ്ട്. തന്റെ പുത്രനായ യേശുവിലൂടെ, അവൻ തന്റെ ഏറ്റവും വലിയ പദ്ധതി വെളിപ്പെടുത്തി - ഒരിക്കൽ ശത്രുക്കളായിരുന്നവരെ രക്ഷിക്കുകയും പുനഃസ്ഥാപിക്കുകയും ചെയ്യുക.