ഉന്നതമായ മഹത്വം
ചിലപ്പോഴൊക്കെ ആത്മീയ സന്ദേശങ്ങൾ അതിശയകരമാംവിധം അപ്രതീക്ഷിത ഇടങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഉദാഹരണത്തിന്, ഒരു കോമിക് പുസ്തകത്തിൽ. സ്പൈഡർമാൻ, അയൺ മാൻ, ഫന്റാസ്റ്റിക് ഫോർ, ഹൾക്ക് തുടങ്ങി ജനപ്രീതിയാർജ്ജിച്ച നിരവധി ഹീറോസിന്റെ അതിശയകരമായ കഥകൾ അവശേഷിപ്പിച്ചുകൊണ്ട് മാർവൽ കോമിക്സ് പ്രസാധകനായ സ്റ്റാൻ ലീ 2018-ൽ അന്തരിച്ചു,
കറുത്ത കണ്ണട ധരിച്ച് സുസ്മേരവദനനായി പ്രത്യക്ഷപ്പെട്ടിരുന്ന ഈ പ്രശസ്ത മനുഷ്യൻ പതിറ്റാണ്ടുകളായി മാർവൽ കോമിക്സിലെ പ്രതിമാസ കോളങ്ങൾ എഴുതി അവസാനിപ്പിക്കുമ്പോൾ ഉപയോഗിച്ചിരുന്ന ഒരു വ്യക്തിപരമായ വാക്കുണ്ടായിരുന്നു - എക്സൽസിയർ. 2010-ൽ, ലീ അതിന്റെ അർത്ഥം ഇപ്രകാരം വിശദീകരിച്ചു: “‘കൂടുതൽ മഹത്വത്തിലേക്ക് കുതിക്കുക!’ അതാണ് ഞാൻ നിങ്ങൾക്ക് ആശംസിക്കുന്നത്… എക്സൽസിയർ!”
എനിക്ക് ആ വാക്ക് ഇഷ്ടമാണ്. സ്റ്റാൻ ലീ അത് മനസ്സിലാക്കിയാലും ഇല്ലെങ്കിലും, ഈ അസാധാരണ പദപ്രയോഗത്തിന്റെ ഉപയോഗം, പിന്നിലേക്കല്ല, മറിച്ച് മുന്നോട്ടും മുകളിലേക്കും നോക്കാൻ ഫിലിപ്പിയർക്ക് എഴുതിയ ലേഖനത്തിൽ പൗലൊസ് വിശ്വാസികൾക്ക് നൽകിയ ഉപദേശത്തിൽ പ്രതിധ്വനിക്കുന്നു. “ഒന്നു ഞാൻ ചെയ്യുന്നു: പിമ്പിലുള്ളതു മറന്നും മുമ്പിലുള്ളതിന്നു ആഞ്ഞുംകൊണ്ടു ക്രിസ്തുയേശുവിൽ ദൈവത്തിന്റെ പരമവിളിയുടെ വിരുതിന്നായി ലാക്കിലേക്കു ഓടുന്നു” (വാക്യങ്ങൾ 14-15).
ഖേദത്തിലോ മുൻകാല തീരുമാനങ്ങളെ ചോദ്യം ചെയ്യുന്നതിലോ നാം എളുപ്പത്തിൽ കുടുങ്ങിപ്പോകാനിടയുണ്ട്. എന്നാൽ ക്രിസ്തുവിൽ, ദൈവം നമുക്ക് നൽകുന്ന ക്ഷമയും ഉദ്ദേശ്യവും സ്വീകരിക്കുന്നതിലൂടെ ഖേദത്തെ ഉപേക്ഷിക്കാനും ദൈവത്തിന്റെ മഹത്തായ മഹത്വത്തിലേക്ക് നീങ്ങാനും നമ്മെ അവൻ ക്ഷണിക്കുന്നു! എക്സൽസിയർ!

ദൈവം നമ്മെ കേൾക്കുന്നു
ഒരിക്കൽ ഒരു ഒന്നാം ക്ലാസ് വിദ്യാർത്ഥി ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ചു. ഹെൽപ്പ് ലൈൻ ഓപ്പറേറ്റർ ഫോണെടുത്തു. “എനിക്ക് സഹായം വേണം,” കുട്ടി പറഞ്ഞു. “എനിക്ക് ഒരു കണക്ക് ചെയ്യാനുണ്ട്.” ഓപ്പറേറ്റർ അവനെ സഹായിക്കാൻ തുടങ്ങി. കുറച്ചു നേരത്തിനുശേഷം ഒരു സ്ത്രീ മുറിയിൽ പ്രവേശിക്കുന്ന ശബ്ദം കേട്ടു. “ജോണി, നീ എന്താണീ ചെയ്യുന്നത്?” എന്ന് പറയുന്നത് അങ്ങേ തലയ്ക്കൽ കേൾക്കാമായിരുന്നു. തനിക്ക് ഗണിത ഗൃഹപാഠം ചെയ്യാൻ കഴിയാതെ വന്നെന്നും, അതിനാൽ സഹായം ആവശ്യമുള്ളപ്പോൾ ചെയ്യാനായി അമ്മ പഠിപ്പിച്ചത് കൃത്യമായി താൻ ചെയ്തെന്നും ജോണി വിശദീകരിച്ചു. അവൻ ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ചു. ജോണിയെ സംബന്ധിച്ചിടത്തോളം, അവന്റെ അപ്പോഴത്തെ ആവശ്യം അടിയന്തര സഹായമർഹിക്കുന്നതായിരുന്നു. അനുകമ്പയുള്ള ആ ഓപ്പറേറ്ററെ സംബന്ധിച്ചിടത്തോളം, ആ ബാലനെ അവന്റെ ഗൃഹപാഠത്തിൽ സഹായിക്കുന്നതായിരുന്നു ആ നിമിഷത്തിൽ മുൻഗണന.
സങ്കീർത്തനക്കാരനായ ദാവീദിന് സഹായം ആവശ്യമായി വന്നപ്പോൾ, “യഹോവേ, എന്റെ അവസാനത്തെയും എന്റെ ആയുസ്സു എത്ര എന്നതിനെയും എന്നെ അറിയിക്കേണമേ; ഞാൻ എത്ര ക്ഷണികൻ എന്നു ഞാൻ അറിയുമാറാകട്ടെ.” (സങ്കീർത്തനങ്ങൾ 39:4) എന്ന് അവൻ പറഞ്ഞു. “എന്റെ പ്രത്യാശ നിങ്കൽ വെച്ചിരിക്കുന്നു” (വാക്യം 7) എന്ന് അവൻ പറഞ്ഞു. അതിനാൽ, തന്റെ “അപേക്ഷ” (വാക്യം 12) കേട്ട് ഉത്തരമരുളാൻ അവൻ ദൈവത്തോട് യാചിച്ചു. തുടർന്ന്, വിചിത്രമെന്നു തോന്നുമാറ്, തന്നിൽ നിന്ന് “നോട്ടം മാറ്റേണമേ” (വാക്യം 13) എന്ന് അവൻ ദൈവത്തോട് അപേക്ഷിച്ചു. ദാവീദിന്റെ ആവശ്യങ്ങൾ എന്താണെന്ന് പറയുന്നില്ലെങ്കിലും, തന്റെ പ്രാർത്ഥനകൾ കേൾക്കുകയും ഉത്തരം നൽകുകയും ചെയ്യുന്ന ദൈവം എപ്പോഴും തന്നോടൊപ്പമുണ്ടാകുമെന്ന് തിരുവെഴുത്തിലുടനീളം അവൻ പ്രഖ്യാപിക്കുന്നു.
മാറ്റമില്ലാത്തവനായ ദൈവത്തെ സംബന്ധിച്ച് ഒരു അപേക്ഷയും വളരെ വലുതോ ചെറുതോ അല്ലെന്ന് ഉറപ്പിച്ചുകൊണ്ട്, അവന്റെ സ്ഥിരതയിലുള്ള നമ്മുടെ ആത്മവിശ്വാസം നമ്മുടെ അസ്ഥിരമായ വികാരങ്ങളുടെ മേൽ നടപടിയെടുക്കാൻ നമ്മെ അനുവദിക്കുന്നു. അവൻ നമ്മെ ശ്രദ്ധിക്കുന്നു. അവൻ നമുക്കുവേണ്ടി കരുതുന്നു. നാം ഉച്ചരിക്കുന്ന എല്ലാ പ്രാർത്ഥനകൾക്കും അവൻ ഉത്തരം നൽകുന്നു.

താഴ്മയോടെ സഹായത്തിനപേക്ഷിക്കുക
ഞങ്ങളുടെ പാർട്ടിക്കുള്ള സമയം അടുത്തുവന്നപ്പോൾ ഞാനും എന്റെ ഭാര്യയും ആസൂത്രണം ആരംഭിച്ചു. ധാരാളം വ്യക്തികൾ വരുന്നതിനാൽ, ഭക്ഷണച്ചുമതല ഒരു പാചകക്കാരനെ ഏല്പിക്കണോ? പാചകം നമ്മളാണ് ചെയ്യുന്നതെങ്കിൽ അതിനായി വലിയൊരു അടുപ്പ് വാങ്ങണോ? അന്ന് മഴ പെയ്യാനുള്ള ചെറിയ സാധ്യത കണക്കിലെടുത്ത് നമുക്ക് ഒരു ടെന്റ് കൂടി അടിക്കണോ? താമസിയാതെ ഞങ്ങളുടെ പാർട്ടി ചെലവേറിയതും അൽപ്പം സാമൂഹ്യവിരുദ്ധവും ആയിത്തീർന്നു. എല്ലാം സ്വയം ഒരുക്കാൻ ശ്രമിക്കുന്നതിലൂടെ, മറ്റുള്ളവരുടെ സഹായം സ്വീകരിക്കാനുള്ള ഒരവസരം ഞങ്ങൾ നഷ്ടപ്പെടുത്തി.
സമൂഹത്തെക്കുറിച്ചുള്ള വേദപുസ്തകത്തിന്റെ ദർശനം കൊടുക്കലും വാങ്ങലും അടങ്ങിയതാണ്. വീഴ്ചയ്ക്കു മുമ്പുതന്നെ, ആദാമിനു സഹായം ആവശ്യമായിരുന്നു (ഉല്പത്തി 2:18). മറ്റുള്ളവരുടെ ഉപദേശം തേടാനും (സദൃശവാക്യങ്ങൾ 15:22) തമ്മിൽ ഭാരങ്ങളെ ചുമപ്പാനും (ഗലാത്യർ 6:2) നാം വിളിക്കപ്പെട്ടിരിക്കുന്നു. ആദിമ സഭ “സകലവും പൊതുവക” എന്ന് എണ്ണി, അന്യോന്യം “ജന്മഭൂമികളിൽനിന്നും വസ്തുക്കളിൽനിന്നും” (പ്രവൃത്തികൾ 2:44-45) വരുമാനം പങ്കിട്ടു. തന്നിഷ്ടമായി ജീവിക്കുന്നതിനു പകരം, പങ്കിട്ടും കടം വാങ്ങിയും കൊടുത്തും സ്വീകരിച്ചും മനോഹരമായ പരസ്പരാശ്രിതത്വത്തിൽ അവർ കഴിഞ്ഞു.
ഒടുവിൽ, വിരുന്നിലേക്ക് ഒരു വിഭവമോ പലഹാരമോ കൊണ്ടുവരാൻ ഞങ്ങൾ അതിഥികളോട് അഭ്യർത്ഥിച്ചു. ഞങ്ങളുടെ അയൽക്കാർ തങ്ങളുടെ വലിയ അടുപ്പ് കൊണ്ടുവന്നു. ഒരു സുഹൃത്ത് തന്റെ ടെന്റ് കൊണ്ടുവന്നു. സഹായം അഭ്യർത്ഥിച്ചത് അടുത്ത ബന്ധങ്ങൾ സ്ഥാപിക്കാൻ ഞങ്ങളെ പ്രാപ്തരാക്കുകയും വ്യക്തികൾ ഉണ്ടാക്കിക്കൊണ്ടുവന്ന ഭക്ഷണം വൈവിധ്യവും ആനന്ദവും നൽകുകയും ചെയ്തു. നമ്മുടേതുപോലുള്ള ഒരു കാലഘട്ടത്തിൽ, സ്വയംപര്യാപ്തത അഭിമാനത്തിന്റെ ഉറവിടമാണ്. എന്നാൽ, താഴ്മയോടെ സഹായം ചോദിക്കുന്നവർ ഉൾപ്പെടെയുള്ള, “താഴ്മയുള്ളവർക്കു” (യാക്കോബ് 4:6) ദൈവം തന്റെ കൃപ നൽകുന്നു.

വിശ്വസിക്കുന്നത് കാണുന്നതിനു തുല്യമാകുമ്പോൾ
“ഈ കാണുന്നത് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല!” മുറ്റത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ കെട്ടിയിരിക്കുന്ന വേലിക്ക് അപ്പുറത്തുള്ള കാടിനുള്ളിൽ കണ്ട പേടമാനിനെ ചൂണ്ടിക്കാണിച്ചുകൊണ്ട് എന്റെ ഭാര്യ ക്യാരി, എന്നെ ജനലിനടുക്കലേക്ക് വിളിച്ചു. ഞങ്ങളുടെ വലിയ നായ്ക്കൾ ഈ പേടമാനിനൊപ്പം വേലിക്കകത്ത് ഓടുന്നുണ്ടെങ്കിലും അവ കുരയ്ക്കുന്നുണ്ടായിരുന്നില്ല. ഏകദേശം ഒരു മണിക്കൂറോളം അങ്ങോട്ടും ഇങ്ങോട്ടും അവ ഓടിക്കൊണ്ടിരുന്നു. ഇടയ്ക്ക് മാൻ ഒന്നു നിന്നിട്ടു നായ്ക്കളെ നോക്കുമ്പോൾ അവയും ഓട്ടം നിർത്തും. തുടർന്ന്, തങ്ങളുടെ മുൻകാലുകൾ നേരെയാക്കി, വീണ്ടും ഓടാൻ തയ്യാറെടുത്തുകൊണ്ട് അവ കുത്തിയിരിക്കും. ഇതൊരു വേട്ടക്കാരന്റെയും ഇരയുടെയും പെരുമാറ്റമായിരുന്നില്ല; പരസ്പര സഹവാസം ആസ്വദിച്ചുകൊണ്ട് നായക്കളും മാൻപേടയും ഒരുമിച്ചു കളിക്കുകയായിരുന്നു!
അവയുടെ പ്രഭാത വിനോദം ക്യാരിയെയും എന്നെയും സംബന്ധിച്ച്, വരാനിരിക്കുന്ന ദൈവരാജ്യത്തിന്റെ ഒരു ചിത്രം നൽകുകയായിരുന്നു. “ഇതാ, ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു” (യെശയ്യാവു 65:17) എന്നു ആ രാജ്യത്തെക്കുറിച്ചുള്ള ദൈവത്തിന്റെ വാഗ്ദത്തം പ്രവാചകനായ യെശയ്യാവു പ്രഖ്യാപിക്കുന്നു. “ചെന്നായും കുഞ്ഞാടും ഒരുമിച്ചു മേയും; സിംഹം കാള എന്നപോലെ വൈക്കോൽ തിന്നും” (വാക്യം 25) എന്ന് അവൻ തുടർന്നു പറയുന്നു. ഇനി വേട്ടയാടുന്നവയില്ല, ഇരയില്ല. സുഹൃത്തുക്കൾ മാത്രം.
ദൈവത്തിന്റെ നിത്യരാജ്യത്തിൽ മൃഗങ്ങൾ ഉണ്ടായിരിക്കുമെന്നു യെശയ്യാവിന്റെ വാക്കുകൾ നമുക്കു കാണിച്ചുതരുകയായിരിക്കാം; തന്റെ സൃഷ്ടികൾക്കായി, പ്രത്യേകിച്ചു “തന്നെ സ്നേഹിക്കുന്നവർക്കായി” (1 കൊരിന്ത്യർ 2:9) ദൈവം ഒരുക്കുന്ന കാര്യത്തിലേക്കും അവ വിരൽചൂണ്ടുന്നു. എത്ര മനോഹരമായ സ്ഥലമായിരിക്കും അത്! വിശ്വാസത്താൽ നാം അവനിൽ ആശ്രയിക്കുമ്പോൾ, വരാനിരിക്കുന്ന യാഥാർത്ഥ്യത്തിലേക്ക് ദൈവം നമ്മുടെ കണ്ണുകളെ ഉയർത്തുന്നു - അവന്റെ സാന്നിധ്യത്തിൽ എന്നേക്കും സമാധാനവും സുരക്ഷിതത്വവും!

ജ്ഞാനപൂർവ്വമുള്ള കരുതൽ
ഹൃദയഭേദകമായിരുന്നു ആ കാഴ്ച. അമ്പത്തിയഞ്ചു പൈലറ്റ് തിമിംഗലങ്ങളുടെ ഒരു സംഘം ഒരു സ്കോട്ടിഷ് കടൽത്തീരത്തടിഞ്ഞു. സന്നദ്ധ സേവകർ അവയെ രക്ഷിക്കാൻ ശ്രമിച്ചുവെങ്കിലും ഒടുവിൽ അവ ചത്തുപോയി. എന്തുകൊണ്ടാണ് ഇത്തരത്തിൽ അവ കൂട്ടമായി കരയ്ക്കടിയുന്നതെന്ന് ആർക്കും അറിയില്ല. ഒരുപക്ഷേ, തിമിംഗലങ്ങളുടെ ശക്തമായ സാമൂഹിക ബന്ധങ്ങൾ മൂലമാകാം ഇതു സംഭവിക്കുന്നത്. ഒരെണ്ണം പ്രശ്നത്തിൽ അകപ്പെടുമ്പോൾ, ബാക്കിയുള്ളവർ സഹായിക്കാൻ വരുന്നു—വിരോധാഭാസമായി ദോഷത്തിലേക്കു നയിച്ചേക്കാവുന്ന കരുതലുള്ള ഒരു സഹജാവബോധം.
മറ്റുള്ളവരെ സഹായിക്കാൻ വ്യക്തമായി തന്നെ വേദപുസ്തകം നമ്മെ വിളിക്കുന്നു. എന്നാൽ, നാം അപ്രകാരം ചെയ്യുന്നതിൽ ജ്ഞാനികളായിരിക്കാനും വേദപുസ്തകം നമ്മെ ഉപദേശിക്കുന്നു. ഉദാഹരണത്തിന്, പാപത്തിൽ അകപ്പെട്ട ഒരാളെ മടങ്ങിവരാനായി സഹായിക്കുമ്പോൾ, ആ പാപത്തിലേക്കു നാമും വലിച്ചിഴക്കപ്പെടാതിരിക്കാൻ നാം ശ്രദ്ധിക്കേണ്ടതുണ്ട് (ഗലാത്യർ 6:1). നമ്മുടെ അയൽക്കാരെ സ്നേഹിക്കേണ്ടിയിരിക്കുമ്പോൾ തന്നെ, നാം സ്വയം സ്നേഹിക്കുകയും വേണം (മത്തായി 22:39). “വിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു; അല്പബുദ്ധികളോ നേരെ ചെന്നു ചേതപ്പെടുന്നു” എന്നു സദൃശവാക്യങ്ങൾ 22:3 പറയുന്നു. മറ്റുള്ളവരെ സഹായിക്കുന്നതു നമ്മെ ഉപദ്രവിക്കാൻ തുടങ്ങുന്ന വേളയിൽ ഇതൊരു നല്ല ഓർമ്മപ്പെടുത്തലാണ്.
കുറച്ചു വർഷങ്ങൾക്കു മുമ്പ്, വളരെയധികം നിർദ്ധനരായ രണ്ടു വ്യക്തികൾ ഞങ്ങളുടെ സഭയിൽ പങ്കെടുത്തു തുടങ്ങി. കരുതലുള്ള സാഭാംഗങ്ങൾ അവരുടെ നിലവിളികളോടു തുടർച്ചായി പ്രതികരിച്ചതിന്റെ ഫലമായി താമസിയാതെ അവരും ഞെരുക്കത്തിലേക്കു നീങ്ങാൻ ആരംഭിച്ചു. ആ ദമ്പതികളെ അകറ്റി നിർത്തുകയല്ല, പകരം, സഹായിക്കുന്നവർക്കു തിക്താനുഭവം ഉണ്ടാകാതിരിക്കാൻ അതിർവരമ്പുകൾ സ്ഥാപിക്കുക എന്നതായിരുന്നു അതിനുള്ള പരിഹാരം. ആത്യന്തിക സഹായിയായ യേശു വിശ്രമത്തിനായി സമയം ചിലവഴിച്ചു (മര്‍ക്കൊസ് 4:38). തന്റെ ശിഷ്യന്മാരുടെ ആവശ്യങ്ങൾ മറ്റുള്ളവരുടെ ആവശ്യങ്ങളാൽ അവഗണിക്കപ്പെടുന്നില്ലെന്ന് അവൻ ഉറപ്പുവരുത്തി (6:31). ജ്ഞാനപൂർവ്വമായ കരുതൽ അവന്റെ മാതൃക പിന്തുടരുന്നു. നമ്മുടെ സ്വന്തം ആരോഗ്യം പരിപാലിക്കുന്നതിലൂടെ, ദീർഘകാലം അധികമായി കരുതൽ കാണിക്കാൻ നാം പ്രാപ്തരാക്കപ്പെടുന്നു.
