
വിശ്വാസത്തിൽ ചുവടുവെക്കുക
ജോലി നഷ്ടപ്പെട്ടപ്പോൾ ജോൺ ആകെ തകർന്നുപോയി. തുടക്കത്തേക്കാൾ തന്റെ ഉദ്യോഗവൃത്തിയുടെ അവസാനത്തോട് അടുത്തപ്പോൾ, എവിടെയെങ്കിലും പുതിയതായി ആരംഭിക്കുന്നതു ബുദ്ധിമുട്ടാണെന്നു അവൻ മനസ്സിലാക്കി. ശരിയായ ജോലിക്കായി അവൻ പ്രാർത്ഥിക്കാൻ ആരംഭിച്ചു. തുടർന്ന് ജോൺ തന്റെ റെസ്യൂമെ പുതുക്കുകയും അഭിമുഖത്തിൽ ഉപകാരപ്പെടുന്ന പൊടിക്കൈകൾ വായിക്കുകയും ഒരുപാടു ഫോൺ കോളുകൾ നടത്തുകയും ചെയ്തു. ആഴ്ചകളോളം അപേക്ഷിച്ചതിനു ശേഷം, മികച്ച സമയക്രമവും യാത്രാസൗകര്യവുമുള്ള ഒരു പുതിയ ജോലി അവൻ സ്വീകരിച്ചു. വിശ്വസ്തതയോടുകൂടിയ അവന്റെ അനുസരണവും ദൈവത്തിന്റെ കരുതലും തികഞ്ഞ ഒരു ഇടത്തുവച്ചു കൂട്ടിമുട്ടി.
യിസ്രായേൽജനം മിസ്രയീമിൽ അടിമത്തത്തിലായിരുന്ന കാലത്തു യോഖേബെദും (പുറപ്പാട് 6:20) അവളുടെ കുടുംബവും ഇതിലും നാടകീയമായ ഒരു സംഭവത്തിനു സാക്ഷ്യം വഹിച്ചു. നവജാതരായ എല്ലാ എബ്രായ പുത്രന്മാരെയും നൈൽ നദിയിൽ എറിഞ്ഞുകളയണമെന്നു ഫറവോൻ ഉത്തരവിട്ടപ്പോൾ (1:22), യോഖേബെദ് ഭയന്നുപോയിരിക്കണം. നിയമം മാറ്റാനുള്ള കഴിവ് അവൾക്കില്ലെങ്കിലും ദൈവത്തെ അനുസരിച്ചുകൊണ്ടു തന്റെ മകനെ രക്ഷിക്കാനുള്ള ചില നടപടികൾ എടുക്കാൻ അവൾക്കു സാധിച്ചു. വിശ്വാസത്തിൽ അവൾ അവനെ മിസ്രയീമ്യരിൽ നിന്നു ഒളിച്ചുവച്ചു. വെള്ളം കയറാത്ത ചെറിയ ഒരു ഞാങ്ങണപ്പെട്ടകം ഉണ്ടാക്കി, “നദിയുടെ അരികിൽ ഞാങ്ങണയുടെ ഇടയിൽ വെച്ചു” (2:3). അവന്റെ ജീവൻ അത്ഭുതകരമായി സംരക്ഷിക്കാനായി ദൈവം ഇടപെട്ടു (വാ. 5-10). പിന്നീട് യിസ്രായേൽമക്കളെ എല്ലാം അടിമത്തത്തിൽ നിന്നു വിടുവിക്കാൻ ദൈവം അവനെ ഉപയോഗിച്ചു (3:10).
ജോണും യോഖേബെദും വളരെ വ്യത്യസ്തമായ ചുവടുകളാണു വച്ചതെങ്കിലും രണ്ടു കഥകളും വിശ്വാസം നിറഞ്ഞ പ്രവർത്തനത്താൽ അടയാളപ്പെടുത്തിയിരിക്കുന്നു. ഭയം നമ്മെ തളർത്തിക്കളയും. നമ്മൾ പ്രതീക്ഷിച്ചതോ പ്രത്യാശിച്ചതോ അല്ല ഫലമെങ്കിലും, ഫലം എന്തുതന്നെ ആയിരുന്നാലും, ദൈവത്തിന്റെ നന്മയിൽ ആശ്രയിക്കാൻ വിശ്വാസം നമ്മെ പ്രാപ്തരാക്കുന്നു.

കൃപയുടെ പ്രവൃത്തികൾ
എബൗട്ട് ഗ്രേസ് എന്ന നോവലിൽ, തന്നിൽനിന്നു അകന്നുപോയ തന്റെ മകളെ കണ്ടെത്താൻ ഡേവിഡ് വിങ്ക്ലർ ആഗ്രഹിക്കുന്നു. അവനെ സഹായിക്കാൻ കഴിയുന്ന ഒരേയൊരു വ്യക്തി ഹെർമൻ ഷീലർ മാത്രമാണ്. എന്നാൽ അതിൽ ഒരു തടസ്സമുണ്ട്. ഹെർമന്റെ ഭാര്യയുമായുള്ള ഡേവിഡിന്റെ ബന്ധത്തിൽ നിന്നാണു ഡേവിഡിന്റെ മകൾ ജനിച്ചത്. ഇനി ഒരിക്കലും തങ്ങളെ ബന്ധപ്പെടരുതെന്നു ഹെർമൻ അവനു മുന്നറിയിപ്പു നൽകിയിരുന്നു.
താൻ ചെയ്തതിനു ക്ഷമാപണം നടത്തിക്കൊണ്ടു ഡേവിഡ് ഹെർമന് എഴുതുമ്പോഴെക്കും പതിറ്റാണ്ടുകൾ കടന്നുപോയിരുന്നു. “എനിക്ക് എന്റെ മകളെക്കുറിച്ചു അല്പം മാത്രമേ അറിയൂ. അത് എന്റെ ജീവിതത്തിൽ ഒരു വലിയ ശുന്യതയായി അവശേഷിക്കുന്നു,” അവളെക്കുറിച്ചുള്ള വിവരങ്ങൾക്കായി യാചിച്ചുകൊണ്ട് അവൻ കൂട്ടിച്ചേർക്കുന്നു. ഹെർമൻ തന്നെ സഹായിക്കുമോ എന്നറിയാനായി അവൻ കാത്തിരുന്നു.
നമ്മളോടു തെറ്റ് ചെയ്തവരോടു നാം എപ്രകാരം പെരുമാറണം? തന്റെ ശത്രുക്കൾ അത്ഭുതകരമായി തന്റെ കൈകളിൽ ഏല്പിക്കപ്പെട്ടപ്പോൾ യിസ്രായേൽ രാജാവ് ഈ ചോദ്യം നേരിട്ടു (2 രാജാക്കന്മാർ 6:8-20). “ഞാൻ ഇവരെ വെട്ടിക്കളയട്ടെ?” രാജാവ് എലീശാ പ്രവാചകനോടു ചോദിക്കുന്നു. അരുത്, എലീശാ പറയുന്നു. “ഇവർ തിന്നുകുടിച്ചു തങ്ങളുടെ യജമാനന്റെ അടുക്കൽ പോകേണ്ടതിന്നു അപ്പവും വെള്ളവും അവർക്കു കൊടുക്കുക” (വാ. 21-22). കൃപയുടെ ഈ പ്രവൃത്തിയിലൂടെ യിസ്രായേൽ ശത്രുക്കളുമായി സമാധാനം സ്ഥാപിക്കുന്നു (വാ. 23).
ഹെർമൻ ഡേവിഡിന്റെ കത്തിനു മറുപടി നൽകി. അവനെ തന്റെ വീട്ടിലേക്കു ക്ഷണിച്ച്, ഭക്ഷണം പാകം ചെയ്തു നൽകി. അവർ ഭക്ഷിക്കുന്നതിനുമുമ്പ് അവൻ പ്രാർത്ഥിച്ചു, ““കർത്താവായ യേശുവേ, ഇത്രയും വർഷം എന്നെയും ഡേവിഡിനെയും കാത്തുപരിപാലിച്ചതിനു നന്ദി.” മകളെ കണ്ടെത്താൻ ഡേവിഡിനെ അവൻ സഹായിച്ചു. ഡേവിഡ് പിന്നീട് അവന്റെ ജീവൻ രക്ഷിക്കുന്നുമുണ്ട്. ദൈവത്തിന്റെ കരങ്ങളിൽ, നമ്മോടു തെറ്റ് ചെയ്തവരോടുള്ള കൃപ നിറഞ്ഞ നമ്മുടെ പ്രവൃത്തികൾ പലപ്പോഴും നമുക്ക് ഒരു അനുഗ്രഹത്തിനു കാരണമായി ഭവിക്കുന്നു.

ദൈവത്തെ മുഖാമുഖം കാണുക
എന്നെയും എന്റെ ഭാര്യയേയും സംബന്ധിച്ചു വളരെ സവിശേഷമായ ഒരു വർഷമായിരുന്നു 2022. ഞങ്ങളുടെ കൊച്ചുമകൾ സോഫിയ ആഷ്ലി - ഞങ്ങളുടെ എട്ട് പേരക്കുട്ടികളിൽ ഏക പെണ്‍കുട്ടി - ജനിച്ച വർഷമായിരുന്നു അത്. സോഫിയയുടെ മുത്തച്ഛനും മുത്തശ്ശിക്കും പുഞ്ചിരി നിർത്താൻ കഴിഞ്ഞില്ല! ഞങ്ങളുടെ മകൻ വീഡിയോയിലൂടെ വിളിക്കുമ്പോൾ, ആവേശം അധികമായി വർദ്ധിക്കുന്നു. ഞാനും ഭാര്യയും വ്യത്യസ്ത മുറികളിലായിരുന്നാലും, സോഫിയയുടെ കാഴ്ച്ച അവൾക്കു ലഭിക്കുന്നുണ്ടെന്ന് അവളുടെ ആഹ്ലാദഭരിതമായ വിളിച്ചുകൂവൽ വെളിപ്പെടുത്തുന്നു. നാം സ്നേഹിക്കുന്ന അകലെയുള്ളവരെ കാണുന്നത് ഇപ്പോൾ ഒരു കോൾ അല്ലെങ്കിൽ ക്ലിക്ക് മാത്രം ദൂരത്താണ്.
നമ്മൾ ഫോണിൽ സംസാരിക്കുന്ന വ്യക്തിയെ കാണാനുള്ള സാങ്കേതികവിദ്യ താരതമ്യേന നവീനമാണെങ്കിലും ദൈവത്തോടൊപ്പമുള്ള മുഖാമുഖ സമയം — അവന്റെ സാന്നിധ്യത്തിലാണു നാം അയിരിക്കുന്നതെന്ന ബോധപൂർവമായ ആത്മാവബോധത്തോടെയുള്ള പ്രാർത്ഥന — പുതിയതല്ല. ഏറ്റവും അടുത്ത മാനുഷിക സുഹൃത്തുക്കളുടെ കഴിവിനപ്പുറമുള്ള സഹായം ആവശ്യമായി വരുന്ന എതിർപ്പിന്റെ നടുവിൽവച്ചുള്ള (വാ. 10-12) സങ്കീർത്തനം 27-ലെ ദാവീദിന്റെ പ്രാർത്ഥനയിൽ ഈ വാക്കുകൾ ഉൾപ്പെടുന്നു: “ “എന്റെ മുഖം അന്വേഷിപ്പിൻ” എന്നു നിങ്കൽനിന്നു കല്പനവന്നു എന്നു എന്റെ ഹൃദയം പറയുന്നു; യഹോവേ, ഞാൻ നിന്റെ മുഖം അന്വേഷിക്കുന്നു” (വാ. 8).
ക്ലേശകരമായ സമയങ്ങൾ “അവന്റെ മുഖം അന്വേഷിക്കാൻ” നമ്മെ നിർബന്ധിക്കുന്നു (വാ. 8). “സന്നിധിയിൽ സന്തോഷപരിപൂർണ്ണതയും” “വലതുഭാഗത്ത് എന്നേക്കും പ്രമോദങ്ങളും” (16:11) ഉള്ളവനുമായി മുഖാമുഖ കൂട്ടായ്മയിൽ ആയിരിക്കാൻ കഴിയുന്നതോ അഥവാ ആയിരിക്കേണ്ടതോ ആയ ഒരേയൊരു സമയമല്ല അത്. സൂക്ഷ്മമായി നിങ്ങൾ ശ്രദ്ധിച്ചാൽ, ഏതൊരു സമയത്തും “എന്റെ മുഖം അന്വേഷിപ്പിൻ” എന്ന് അവൻ പറയുന്നതു നിങ്ങൾക്കു കേൾക്കാൻ സാധിക്കും.

യേശു കുഞ്ഞിനു സ്വാഗതം
ഗർഭിണിയായ ഞങ്ങളുടെ അയൽക്കാരി അവളുടെ ആദ്യത്തെ കുഞ്ഞിനെ സ്വാഗതം ചെയ്തു എന്ന വാർത്തയ്ക്കായി ഞങ്ങൾ ഒരുപാടു നാളായി കാത്തിരിക്കുന്നതുപോലെ തോന്നി. “പെൺകുട്ടിയാണ്!” എന്നു പറഞ്ഞുകൊണ്ടുള്ള ഒരു സൈൻ അവരുടെ വീടിന്റെ മുൻവശത്തെ പുൽത്തകിടിയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ, അവളുടെ മകളുടെ ജനനം ഞങ്ങൾ ആഘോഷിക്കുകയും പുറത്തുവച്ച സൈൻബോർഡ് കാണാതെപോയ സുഹൃത്തുക്കൾക്കു സന്ദേശമയയ്ക്കു കയും ചെയ്തു.
ഒരു കുഞ്ഞിന്റെ വരവിനായി കാത്തിരിക്കുന്നതു വളരെയധികം ആവേശകരമാണ്. യേശുവിന്റെ ജനനത്തിനുമുമ്പ്, ഏതാനും മാസങ്ങൾ മുമ്പു ആരംഭിച്ച കാത്തിരിപ്പായിരുന്നില്ല അത്. തലമുറകളായി യിസ്രായേൽ പ്രതീക്ഷിക്കുന്ന രക്ഷകനായ മിശിഹായുടെ ജനനത്തിനായി അവർ വാഞ്ചയോടെ കാത്തിരിക്കുകയായിരുന്നു. തങ്ങളുടെ ജീവിതകാലത്ത് ഈ വാഗ്ദത്തത്തിന്റെ നിവൃത്തി കാണാൻ കഴിയുമോ എന്നു വിശ്വസികളായ യെഹൂദന്മാർ വർഷങ്ങളോളം ആശ്ചര്യം കൊണ്ടതായി ഞാൻ സങ്കൽപ്പിക്കുന്നു.
ഒരു രാത്രി, ഒടുവിൽ മിശിഹാ ജനിച്ചുവെന്നു പ്രഖ്യാപിച്ചുകൊണ്ട് ഒരു ദൂതൻ ബേത്ത്ലേഹെമിലെ ഇടയന്മാർക്കു പ്രത്യക്ഷപ്പെട്ടപ്പോൾ ഏറെക്കാലമായി കാത്തിരുന്ന വാർത്ത സ്വർഗത്തിൽ പ്രദർശിപ്പിച്ചു. “നിങ്ങൾക്കു അടയാളമോ; ശീലകൾ ചുറ്റി പശുത്തൊട്ടിയിൽ കിടക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും” (ലൂക്കൊസ് 2:12) എന്ന് അവൻ അവരോട് പറഞ്ഞു. ഇടയന്മാർ യേശുവിനെ കണ്ടതിനുശേഷം, അവർ ദൈവത്തെ സ്തുതിച്ചുകൊണ്ടു “പൈതലിനെക്കുറിച്ചു തങ്ങളോടു പറഞ്ഞ വാക്കു അറിയിച്ചു” (വാ. 17).
യേശുവിന്റെ ജനനത്തെക്കുറിച്ച് മറ്റുള്ളവരോട് പറയേണ്ടതിനായി, തങ്ങൾ ഏറെ നാളായി കാത്തിരുന്ന ശിശു എത്തിയെന്നു ഇടയന്മാർ അറിയണമെന്നു ദൈവം ആഗ്രഹിച്ചു. തന്നിൽ വിശ്വസിക്കുന്ന ഏതൊരുവനും ഈ ലോകത്തിന്റെ തകർച്ചയിൽ നിന്നു തന്റെ ജീവനിലൂടെ രക്ഷ നൽകുന്നുവെന്നതിനാൽ നാം ഇപ്പോഴും അവന്റെ ജനനം ആഘോഷിക്കുന്നു. സമാധാനം അറിയാനും സന്തോഷം അനുഭവിക്കാനും നാം ഇനി ഇനി കാത്തിരിക്കേണ്ടതില്ല. അതു പ്രഖ്യാപിക്കേണ്ട ഒരു നല്ല വാർത്തയാണ്!

ക്രിസ്തുവിന്റെ വെളിച്ചം
ഞങ്ങളുടെ സഭയിലെ ക്രിസ്തുമസിന്റെ തലേന്നത്തെ ശുശ്രൂഷയിൽ പങ്കെടുക്കുന്നതു ഞാനും എന്റെ ഭർത്താവും എപ്പോഴും ആസ്വദിച്ചിരുന്നു. ഞങ്ങളുടെ വിവാഹത്തിന്റെ ആദ്യ വർഷങ്ങളിൽ, ശുശ്രൂഷയ്ക്കു ശേഷം, ചൂടു വസ്ത്രങ്ങളും ധരിച്ച് അടുത്തുള്ള ഒരു കുന്നിൻ മുകളിലേക്കു കാൽനടയായി പോകുന്ന ഒരു പ്രത്യേക ചടങ്ങു ഞങ്ങൾക്കുണ്ടായിരുന്നു. ആ കുന്നിൻ മുകളിലുള്ള ഉയർന്ന ഒരു വിളക്കുകാലിൽ നക്ഷത്രത്തിന്റെ ആകൃതിയിൽ 350 തിളങ്ങുന്ന വിളക്കുകൾ തൂക്കിയിരുന്നു. അവിടെ—പലപ്പോഴും മഞ്ഞുവീഴ്ചയിൽ—ഞങ്ങൾ നഗരത്തിലേക്കു നോക്കിക്കൊണ്ടു യേശുവിന്റെ അത്ഭുതകരമായ ജനനത്തെക്കുറിച്ചുള്ള ഞങ്ങളുടെ ചിന്തകൾ പരസ്പരം മന്ത്രിക്കുമായിരുന്നു. ആ സമയം നഗരത്തിലെ പലരും താഴ്‌വരയിൽ നിന്നു തിളങ്ങുന്ന, തൂക്കിയിട്ടിരിക്കുന്ന ആ നക്ഷത്രത്തിലേക്കു നോക്കുന്നുണ്ടായിരിക്കും.
ആ നക്ഷത്രം നമ്മുടെ രക്ഷകന്റെ ജനനത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണ്. “യെഹൂദന്മാരുടെ രാജാവായി പിറന്നവനെ” തേടി യെരൂശലേമിൽ എത്തിയ “കിഴക്കുനിന്നുള്ള” വിദ്വാന്മാരെക്കുറിച്ച് വേദപുസ്തകം പറയുന്നു (മത്തായി 2:1-2). അവർ ആകാശം നിരീക്ഷിക്കുകയും നക്ഷത്രം കാണുകയും ചെയ്തു (വാ. 2). അവരുടെ യാത്ര അവരെ യെരൂശലേമിൽ നിന്നു ബേത്ത്ലേഹെമിലേക്കു കൊണ്ടുവന്നു. “നക്ഷത്രം ശിശു ഇരിക്കുന്ന സ്ഥലത്തിന്നു മീതെ വന്നുനില്ക്കുവോളം അവർക്കു മുമ്പായി പൊയ്ക്കൊണ്ടിരുന്നു” (വാ. 9). അവനെ കണ്ടപ്പോൾ അവർ “വീണു അവനെ നമസ്കരിച്ചു” (വാ. 11).
ആലങ്കാരികമായും (നമ്മെ നയിക്കുന്നവനായി) ആകാശത്തുള്ള സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും സൃഷ്ടിച്ചവനായി അക്ഷരാർത്ഥത്തിലും നമ്മുടെ ജീവിതത്തിൽ പ്രകാശത്തിന്റെ ഉറവിടമാണ് ക്രിസ്തു (കൊലൊസ്സ്യർ 1:15-16). അവന്റെ നക്ഷത്രം കണ്ട് “അത്യന്തം സന്തോഷിച്ച” (മത്തായി 2:10) വിദ്വാന്മാരെപ്പോലെ, നമ്മുടെ ഇടയിൽ വസിക്കാനായി സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങിവന്ന രക്ഷകനായി അവനെ അറിയുന്നതിലാണു നമ്മുടെ മഹാസന്തോഷം. “ഞങ്ങൾ അവന്റെ തേജസ്സ്… കണ്ടു” (യോഹന്നാൻ 1:14)!