Category  |  odb

യേശുവിന്റെ ദൃശ്യമായ അടയാളങ്ങൾ

സെൽ ഫോൺ ഉപയോക്താക്കളുടെ വ്യക്തിഗത സ്വഭാവങ്ങളും ജീവിതശൈലി ശീലങ്ങളും തിരിച്ചറിയാൻ ഒരു സർവകലാശാലയിലെ ശാസ്ത്രജ്ഞർ പരീക്ഷണാത്മക മോളിക്യുലാർ സ്വാബ് ടെസ്റ്റുകൾ നടത്തുകയുണ്ടായി. മറ്റനവധി വസ്തുക്കളോടൊപ്പം ആ സെൽ ഫോൺ ഉപയോക്താക്കൾ ഉപയോഗിച്ചിരുന്ന സോപ്പുകൾ, ലോഷനുകൾ, ഷാംപൂകൾ, മേക്കപ്പ്; അവർ കഴിച്ചിരുന്ന ഭക്ഷണങ്ങൾ, പാനീയങ്ങൾ, മരുന്നുകൾ എന്നിവയുടെ തരം; അവർ ധരിച്ചിരുന്ന വസ്ത്രത്തിന്റെ തരം എന്നിവ അവർ കണ്ടെത്തി. ഓരോ വ്യക്തിയുടെയും ജീവിതശൈലിയുടെ ഒരു രൂപരേഖ തയ്യാറാക്കാൻ ആ പഠനം ഗവേഷകരെ സഹായിച്ചു.

പ്രവാചകനായ ദാനീയേലിന്റെ ജീവിതത്തിൽ ഏതെങ്കിലും തരത്തിലുള്ള നിഷേധാത്മക സ്വഭാവങ്ങളോ ജീവിത ശീലങ്ങളോ കണ്ടെത്താനായി, ആലങ്കാരികമായി അവന്റെ ജീവിതത്തിന്റെ“സ്വാബ്” എടുത്തു പരിശോധിക്കാൻ ബാബേലിലെ ഭരണാധികാരികൾ തുനിഞ്ഞു. എന്നാൽ എഴുപതു വർഷത്തോളം വിശ്വസ്തതയോടെ സാമ്രാജ്യത്തെ സേവിച്ച അവൻ “വിശ്വസ്തനായിരുന്നതുകൊണ്ടു ഒരു തെറ്റും കുറ്റവും അവനിൽ കണ്ടെത്തിയില്ല” (ദാനീയേൽ 6:4). വാസ്തവത്തിൽ, നിരവധി ദേശാധിപതികളുടെ മേൽ അധികാരമുള്ള “മൂന്നു അദ്ധ്യക്ഷന്മാരിൽ” ഒരാളായി പ്രവാചകനെ ദാര്യാവേശ് രാജാവു ഉയർത്തി (വാ. 1-2). ഒരുപക്ഷേ അസൂയ നിമിത്തം, അവനെ ഒഴിവാക്കാനായി മറ്റ് ഉദ്യോഗസ്ഥർ ദാനീയേലിൽ തെറ്റുകുറ്റങ്ങളുടെ സൂചനകൾ തേടുകയായിരുന്നു. എന്നിരുന്നാലും, അവൻ തന്റെ സത്യനിഷ്ഠ നിലനിർത്തിക്കൊണ്ടു, “മുമ്പെ ചെയ്തുവന്നതുപോലെ” (വാ. 28) ദൈവത്തെ ആരാധിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തുപോന്നു. അവസാനം, പ്രവാചകൻ തന്റെ കർത്തവ്യത്തിൽ അഭിവൃദ്ധി പ്രാപിച്ചു.

നാം ആരാണെന്നും ആരെ പ്രതിനിധീകരിക്കുന്നുവെന്നും സൂചിപ്പിക്കുന്ന ദൃശ്യമായ അടയാളങ്ങൾ നമ്മുടെ ജീവിതം അവശേഷിപ്പിക്കുന്നു. നമുക്കു പോരാട്ടങ്ങളുണ്ടെങ്കിലും, നാം പൂർണരല്ലെങ്കിലും, നമുക്കു ചുറ്റുമുള്ള ജനം നമ്മുടെ ജീവിതത്തെ “സ്വാബ്” ചെയ്യുമ്പോൾ, യേശു നമ്മെ നയിക്കുന്ന വിധത്തിലുള്ള സമഗ്രതയുടെയും ഭക്തിയുടെയും ദൃശ്യമായ അടയാളങ്ങൾ അവർ കണ്ടെത്താൻ ഇടയാകട്ടെ.

കോമളത്വമുള്ളവൻ

130 വർഷത്തിലേറെയായി, വാസ്തുവിദ്യാ വൈഭവത്തിന്റെയും സൗന്ദര്യത്തിന്റെയും പ്രതീകമായി ഈഫൽ ടവർ പാരീസ് നഗരത്തിനു മുകളിൽ ഗംഭീരമായി നിലകൊള്ളുന്നു. നഗരം അതിന്റെ മഹത്വത്തിന്റെ ഒരു പ്രധാന ഘടകമായി ടവറിനെ അഭിമാനത്തോടെ മുന്നോട്ടുവയ്ക്കുന്നു. 

എന്നിരുന്നാലും, ഇത് നിർമ്മിക്കപ്പെടുന്ന സമയത്ത് പലരും അതിനെക്കുറിച്ച് അത്ര ചിന്തിച്ചിരുന്നില്ല. ഉദാഹരണത്തിന്, “ഒരു ഫാക്ടറി ചിമ്മിനി പോലെ പരിഹാസ്യമായ നേർത്ത ആകൃതിയാണ് ” ടവറിനുള്ളതെന്നു  പ്രശസ്ത ഫ്രഞ്ച് എഴുത്തുകാരൻ ഗീ ഡി മ്യുപാസോ പറഞ്ഞു. അദ്ദേഹത്തിന് അതിന്റെ ഭംഗി കാണാൻ കഴിഞ്ഞില്ല.

യേശുവിനെ സ്നേഹിക്കുകയും ഹൃദയങ്ങളെ തങ്ങളുടെ രക്ഷകനായി അവനിൽ ഭരമേൽപ്പിക്കുകയും ചെയ്യുന്ന നമ്മെ സംബന്ധിച്ച്, അവൻ ആരാണെന്നും അവൻ നമുക്കുവേണ്ടി ചെയ്തിരിക്കുന്നതും കാരണം അവനെ മനോഹരരൂപിയായി കാണാൻ കഴിയും. എന്നിട്ടും പ്രവാചകനായ യെശയ്യാവ് ഈ വാക്കുകൾ എഴുതി: “അവന്നു രൂപഗുണം ഇല്ല, കോമളത്വം ഇല്ല; കണ്ടാൽ ആഗ്രഹിക്കത്തക്ക സൗന്ദര്യവുമില്ല” (53:2).

എന്നാൽ അവൻ നമുക്കുവേണ്ടി ചെയ്തതിന്റെ പരമമായ മഹത്വം മനുഷ്യർക്ക് അറിയാവുന്നതും അനുഭവിക്കാവുന്നതുമായ രൂപഗുണത്തിന്റെ ഏറ്റവും യഥാർത്ഥവും ശുദ്ധവുമായ രൂപമാണ്. “നമ്മുടെ രോഗങ്ങളെ അവൻ വഹിച്ചു; നമ്മുടെ വേദനകളെ അവൻ ചുമന്നു” (വാ. 4). അവൻ “നമ്മുടെ അതിക്രമങ്ങൾനിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങൾനിമിത്തം തകർന്നും ഇരിക്കുന്നു” (വാ. 5).

നമ്മുടെ പാപങ്ങളുടെ പറഞ്ഞറിയിക്കാനാവാത്ത ശിക്ഷ സ്വയം ഏറ്റുവാങ്ങി ക്രൂശിൽ നമുക്കുവേണ്ടി കഷ്ടം സഹിച്ച ഒരുവനെപ്പോലെ രൂപഗുണമുള്ള – കോമളത്വമുള്ള - ആരെയും നാം ഒരിക്കലും അറിയുകയില്ല.

അതാണ് യേശു. കോമളത്വമുള്ളവൻ. നമുക്ക് അവനെ നോക്കി ജീവിക്കാം.

 

അർത്ഥവത്തായ ഒരു ഹൈഫൻ

എന്റെ മാതാവിന്റെ മരണാനന്തര ചടങ്ങിനായി ഞാൻ തയ്യാറെടുക്കുമ്പോൾ, മാതാവിന്റെ ജനനത്തിനും മരണത്തിനും ഇടയിലുള്ള വർഷങ്ങളെ - “ഹൈഫൻ വർഷങ്ങളെ” വിവരിക്കാൻ ശരിയായ വാക്കുകൾക്കായി ഞാൻ പ്രാർത്ഥിച്ചു. ഞങ്ങളുടെ ബന്ധത്തിലെ നല്ലതും അല്ലാത്തതുമായ സമയങ്ങളെക്കുറിച്ച് ഞാൻ ചിന്തിച്ചു. എന്നിൽ സംഭവിച്ച “പരിവർത്തനം” കണ്ടതിനു ശേഷം എന്റെ മാതാവു യേശുവിനെ രക്ഷകനായി സ്വീകരിച്ച ദിവസത്തിനായി ഞാൻ ദൈവത്തെ സ്തുതിച്ചു. ഒരുമിച്ച് വിശ്വാസത്തിൽ വളരാൻ ഞങ്ങളെ സഹായിച്ചതിന് ഞാൻ അവനോട് നന്ദി പറഞ്ഞു. ഒപ്പം, ദയ കാണിച്ചുകൊണ്ട് എന്റെ മാതാവു എങ്ങനെ തങ്ങളെ ധൈര്യപ്പെടുത്തുകയും തങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്തുവെന്ന് പങ്കുവെച്ച വ്യക്തികൾക്കായും ഞാൻ അവനു നന്ദി കരേറ്റി. അപൂർണ്ണയായ എന്റെ മാതാവ് അർഥവത്തായ ഒരു ഹൈഫൻ — യേശുവിനുവേണ്ടി നന്നായി ജീവിച്ച ഒരു ജീവിതം ആസ്വദിച്ചു.

യേശുവിൽ ഒരു വിശ്വാസിയും പൂർണ്ണനല്ല. എന്നിരുന്നാലും, “പൂർണ്ണപ്രസാദത്തിന്നായി കർത്താവിന്നു യോഗ്യമാകുംവണ്ണം…” (കൊലൊസ്യർ 1:10) ജീവിക്കാൻ നമ്മെ പ്രാപ്തരാക്കാൻ പരിശുദ്ധാത്മാവിനു സാധിക്കും. അപ്പൊസ്തലനായ പൗലൊസിന്റെ അഭിപ്രായത്തിൽ, കൊലൊസ്യ സഭ തങ്ങളുടെ വിശ്വാസത്തിനും സ്നേഹത്തിനും പേരുകേട്ടവരാണ് (വാ. 3-6). പരിശുദ്ധാത്മാവ് അവർക്കു “ജ്ഞാനവും വിവേകവും” നൽകി. “സകല സൽപ്രവൃത്തിയിലും ഫലം കായിച്ചു ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ” (വാ. 9-10) വളരാൻ അവരെ ശക്തിപ്പെടുത്തി. ആ വിശ്വാസികൾക്കുവേണ്ടി പ്രാർത്ഥിക്കുകയും അവരെ പുകഴ്ത്തുകയും ചെയ്തുകൊണ്ട്, “നമുക്കു പാപമോചനമെന്ന വീണ്ടെടുപ്പുള്ള” യേശുവിന്റെ നാമം പൗലൊസ്  പ്രഖ്യാപിച്ചു.

നാം പരിശുദ്ധാത്മാവിനു കീഴടങ്ങുമ്പോൾ, നമുക്കും ദൈവത്തെക്കുറിച്ചുള്ള നമ്മുടെ അറിവിൽ വളരാനും അവനെയും മറ്റുള്ളവരെയും സ്നേഹിക്കാനും സുവിശേഷം പ്രചരിപ്പിക്കാനും അർത്ഥവത്തായ ഒരു ഹൈഫൻ - യേശുവിനുവേണ്ടി നന്നായി ജീവിച്ച ജീവിതം - ആസ്വദിക്കാനും സാധിക്കും.

 

അദൃശ്യ രാജാവ്

പരദേശി മോക്ഷയാത്രയെ അടിസ്ഥാനമാക്കിയുള്ള ഒരു സംഗീതശില്പമാണ്‌ പിൽഗ്രിം. യേശുവിലുള്ള ഒരു വിശ്വാസിയുടെ ജീവിതത്തിന്റെ ഉപമയാണിത്. ഈ കഥയിൽ, ആത്മീയ ലോകത്തെ എല്ലാ അദൃശ്യ ശക്തികളേയും പ്രേക്ഷകർക്കു ദൃശ്യമാക്കുന്നു. ദൈവത്തെ പ്രതിനിധീകരിക്കുന്ന രാജാവിന്റെ കഥാപാത്രം പ്രദർശനത്തിന്റെ ഏതാണ്ട് മുഴുവൻ സമയവും വേദിയിലുണ്ട്. വെളുത്ത വസ്ത്രം ധരിച്ച അയാൾ ശത്രുവിന്റെ ആക്രമണങ്ങളെ സജീവമായി തടയുകയും വേദനിക്കുന്നവരെ ആർദ്രമായി ചേർത്തുപിടിക്കുകയും മറ്റുള്ളവരെ നല്ല പ്രവൃത്തികളിലേർപ്പെടാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ ഒഴിച്ചുകൂടാനാവാത്ത പങ്ക് ഇവിടെ ഉണ്ടായിരുന്നിട്ടും, പ്രധാന മനുഷ്യ കഥാപാത്രങ്ങൾക്കു രാജാവിനെ ഭൗതികമായി കാണാൻ കഴിയുകയില്ല. അദ്ദേഹം ചെയ്യുന്നതിന്റെ ഫലങ്ങൾ മാത്രമാണ് അവർക്കു ദൃശ്യം.

നമുക്ക് അവനെ ഭൗതികമായി കാണാൻ കഴിയുന്നില്ലെങ്കിലും, യഥാർത്ഥ രാജാവു നമ്മുടെ ജീവിതത്തിൽ സജീവമായിരിക്കുന്നതു പോലെയാണോ നാം ജീവിക്കുന്നത്? തനിക്ക് ആവശ്യമായി വന്ന സമയത്ത്, വിശ്വസ്തയോടുകൂടിയ തന്റെ പ്രാർത്ഥനകൾക്കു നേരിട്ടുള്ള പ്രതികരണമായി അയയ്ക്കപ്പെട്ട (വാക്യം 12) ഒരു സ്വർഗ്ഗീയ ദൂതനിൽ നിന്നു ദാനീയേൽ പ്രവാചകനു ഒരു ദർശനം ലഭിക്കുകയുണ്ടായി (ദാനീയേൽ 10:7). ആത്മീയ യുദ്ധം തന്റെ വരവിനു കാലതാമസം വരുത്തിയെന്നും പിന്തുണക്കായി മാലാഖമാരെ അയയ്ക്കേണ്ടതായി വന്നെന്നും ദൂതൻ വിശദീകരിക്കുന്നു (വാക്യം 13). ദൈവത്തെ കാണാൻ കഴിഞ്ഞില്ലെങ്കിലും, അവന്റെ കരുതലിന്റെയും ശ്രദ്ധയുടെയും തെളിവുകൾ തനിക്കു ചുറ്റും ഉണ്ടായിരുന്നുവെന്ന് ദാനീയേലിനെ ദൂതൻ ഓർമ്മിപ്പിക്കുന്നു. “ഭയപ്പെടേണ്ടാ; നിനക്കു സമാധാനം! ബലപ്പെട്ടിരിക്ക, ബലപ്പെട്ടിരിക്ക” എന്നു ദൂതൻ അവനെ ധൈര്യപ്പെടുത്തി (വാക്യം 19). പിൽഗ്രിമിന്റെ അവസാനത്തിൽ, പ്രധാന കഥാപാത്രം നിരവധി കഷ്ടതകൾക്കൊടുവിൽ സ്വർഗത്തിന്റെ വാതിൽക്കൽ എത്തുമ്പോൾ, “എനിക്ക് രാജാവിനെ കാണാൻ കഴിയുന്നുണ്ട്!” എന്ന് അദ്ദേഹം ആദ്യമായി സന്തോഷത്തോടെ വിളിച്ചുപറയുന്നു. സ്വർഗത്തിൽ നമ്മുടെ പുതിയ നേത്രങ്ങളോടെ അവനെ കാണുന്നതുവരെ, നമ്മുടെ ജീവിതത്തിൽ അവന്റെ പ്രവർത്തനത്തിനായി നാം ഇന്ന് നോക്കുന്നു.

 

രൂപാന്തരപ്പെടുത്തുന്ന ആരാധന

ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിന് പുറത്ത് ഇരുന്നുകൊണ്ട് സൂസി കരഞ്ഞു - തളർത്തുന്ന ഭയത്തിന്റെ തിരമാലകൾ അവളെ കീഴടക്കി. അവളുടെ രണ്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ചെറിയ ശ്വാസകോശത്തിൽ ദ്രാവകം നിറഞ്ഞിരുന്നു, അവനെ രക്ഷിക്കാൻ തങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു, പക്ഷേ ഒരു ഉറപ്പും നൽകിയില്ല. ആ നിമിഷം അവൾ പറയുന്നു, “ദൈവത്തെ ആരാധിക്കാൻ [അവളെ] ഓർമ്മിപ്പിക്കുന്ന പരിശുദ്ധാത്മാവിന്റെ മധുരവും സൌമ്യവുമായ പ്രേരണ തനിക്ക് അനുഭവപ്പെട്ടു”. പാടാൻ ശക്തിയില്ലാതെ, ആശുപത്രിയിൽ അടുത്ത മൂന്ന് ദിവസങ്ങളിൽ അവൾ ഫോണിൽ സ്തുതി ഗാനങ്ങൾ ശ്രവിച്ചു. അവൾ ആരാധിക്കുമ്പോൾ അവൾ പ്രത്യാശയും സമാധാനവും കണ്ടെത്തി. “ആരാധന ദൈവത്തെ മാറ്റില്ല, പക്ഷേ അത് തീർച്ചയായും നിങ്ങളെ മാറ്റും” എന്ന് അനുഭവം തന്നെ പഠിപ്പിച്ചു എന്ന് ഇന്ന് അവൾ പറയുന്നു.

ആശയറ്റ സാഹചര്യങ്ങളെ അഭിമുഖീകരിച്ചുകൊണ്ട്, ദാവീദ് പ്രാർത്ഥനയിലും സ്തുതിയിലും ദൈവത്തെ വിളിച്ചപേക്ഷിച്ചു (സങ്കീർത്തനം 30:8). സങ്കീർത്തനക്കാരൻ “സ്തുതിയും രൂപാന്തരവും പുറപ്പെടുവിക്കുന്ന കൃപയ്ക്കായി” പ്രാർത്ഥിച്ചതായി ഒരു വ്യാഖ്യാതാവ് കുറിക്കുന്നു. ദൈവം ദാവീദിന്റെ “വിലാപത്തെ നൃത്തമാക്കി” മാറ്റുകയും എല്ലാ സാഹചര്യങ്ങളിലും - “[ദൈവത്തെ] എന്നേക്കും സ്തോത്രം ചെയ്യും” എന്നു അവൻ പ്രഖ്യാപിക്കുകയും ചെയ്തു (വാ. 11-12). വേദനാജനകമായ സമയങ്ങളിൽ ദൈവത്തെ സ്തുതിക്കുന്നതു ബുദ്ധിമുട്ടാണെങ്കിലും, അതു പരിവർത്തനത്തിലേക്കു നയിച്ചേക്കാം. നിരാശയിൽ നിന്നു പ്രതീക്ഷയിലേക്ക്, ഭയത്തിൽ നിന്നു വിശ്വാസത്തിലേക്ക്. കൂടാതെ മറ്റുള്ളവരെ ധൈര്യപ്പെടുത്താനും രൂപാന്തരപ്പെടുത്താനും അവനു നമ്മുടെ ജീവിതമാതൃക ഉപയോഗിക്കാനാകും (വാ. 4-5).

ദൈവാനുഗ്രഹത്താൽ സൂസിയുടെ കുഞ്ഞ് ആരോഗ്യം വീണ്ടെടുത്തു. ജീവിതത്തിലെ എല്ലാ വെല്ലുവിളികളും നാം പ്രതീക്ഷിക്കുന്നതുപോലെ അവസാനിക്കില്ലെങ്കിലും, നമ്മുടെ വേദനയിലും നാം അവനെ ആരാധിക്കുമ്പോൾ, നമ്മെ രൂപാന്തരപ്പെടുത്താനും പുതുസന്തോഷം കൊണ്ടു നിറയ്ക്കാനും അവനു കഴിയും (വാക്യം 11).