Category  |  odb

പ്രായത്തിൽനിന്നു പ്രായത്തിലേക്ക്

എൺപത്തിയൊന്നാം വയസ്സിൽ എൺപതു ദിവസം കൊണ്ടു ലോകം ചുറ്റി ഒരു യാത്ര പൂർത്തിയാക്കിയതിനു ടെക്സാസിൽ നിന്നുള്ള രണ്ടു മുത്തശ്ശിമാർ അടുത്തിടെ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റി. ഇരുപത്തിമൂന്ന് വർഷമായി ഉറ്റ ചങ്ങാതിമാരായ ഇവർ ഏഴ് ഭൂഖണ്ഡങ്ങളിലും സഞ്ചരിച്ചു. അവർ അന്റാർട്ടിക്കയിൽ തുടങ്ങി, അർജന്റീനയിൽ ടാംഗോ കളിച്ച്, ഈജിപ്തിൽ ഒട്ടകപ്പുറത്ത് കയറി, ഉത്തരധ്രുവത്തിൽ ഒരു ഹിമവണ്ടിയിൽ യാത്ര നടത്തി. സാംബിയ, ഇന്ത്യ, നേപ്പാൾ, ബാലി, ജപ്പാൻ, റോം തുടങ്ങി പതിനെട്ടു രാജ്യങ്ങൾ സന്ദർശിച്ച അവർ ഓസ്ട്രേലിയയിൽ യാത്ര അവസാനിപ്പിച്ചു. ഭാവിതലമുറയെ തങ്ങളുടെ പ്രായം കണക്കിലെടുക്കാതെ ലോകം ചുറ്റിക്കറങ്ങാൻ തങ്ങൾ പ്രചോദിപ്പിക്കുമെന്നു പ്രതീക്ഷിക്കുന്നതായി ഇരുവരും പറഞ്ഞു.

പുറപ്പാടു പുസ്തകത്തിൽ, ജീവിതകാലത്ത് ഒരിക്കൽ മാത്രം ലഭിക്കുന്ന വ്യത്യസ്തമായ ഒരു സാഹസികതയ്ക്കായി ദൈവം തിരഞ്ഞെടുത്ത എൺപതുകളിലുള്ള രണ്ടു പേരെക്കുറിച്ചു നാം വായിക്കുന്നു. ഫറവോന്റെ അടുക്കൽ പോയി ദൈവജനത്തെ അടിമത്തത്തിൽ നിന്ന് മോചിപ്പിക്കാൻ ആവശ്യപ്പെടാൻ ദൈവം മോശയെ വിളിച്ചു. പിന്തുണയ്ക്കായി ദൈവം മോശയുടെ മൂത്ത സഹോദരൻ അഹരോനെയും അയച്ചു. “അവർ ഫറവോനോടു സംസാരിച്ച കാലത്തു മോശെക്കു എൺപതു വയസ്സും അഹരോന്നു എൺപത്തുമൂന്നു വയസ്സും ആയിരുന്നു” (പുറപ്പാട് 7:7).

ഈ അഭ്യർത്ഥന ഏത് പ്രായത്തിലും ഭയങ്കരമായി തോന്നാം. എന്നാൽ ഈ കർത്തവ്യത്തിനായി ദൈവം ഈ സഹോദരങ്ങളെ തിരഞ്ഞെടുത്തു, അവർ അവന്റെ നിർദ്ദേശങ്ങൾ പാലിച്ചു. “അങ്ങനെ മോശെയും അഹരോനും ഫറവോന്റെ അടുക്കൽ ചെന്നു യഹോവ തങ്ങളോടു കല്പിച്ചതു പോലെ ചെയ്തു” (പുറപ്പാട് 7:10).

നാനൂറിലധികം വർഷത്തെ അടിമത്തത്തിൽ നിന്നു ദൈവം തന്റെ ജനത്തെ വിടുവിക്കുന്നതിനു സാക്ഷ്യം വഹിക്കാനുള്ള ബഹുമതി മോശയ്ക്കും അഹരോനും ലഭിച്ചു. ഏതു പ്രായത്തിലും അവനു നമ്മെ ഉപയോഗിക്കാൻ സാധിക്കുമെന്ന് ഈ മനുഷ്യർ തെളിയിക്കുന്നു. ചെറുപ്പക്കാരോ മുതിർന്നവരോ ആകട്ടെ, അവൻ നയിക്കുന്നിടങ്ങളിലേക്കു നമുക്ക് അവനെ അനുഗമിക്കാം.

 

ആഘോഷിക്കേണ്ട വാർത്ത

രണ്ട് നൂറ്റാണ്ടിലേറെക്കാലം, മെതഡിസ്റ്റ് സ്തുതിഗീതങ്ങളിൽ ഒന്നാമതായി സ്ഥാനം പിടിച്ചിരുന്ന സ്തുതിഗീതം “O for a Thousand Tongues to Sing” എന്നതായിരുന്നു. ചാൾസ് വെസ്ലി എഴുതിയതും യഥാർത്ഥത്തിൽ “For the Anniversary Day of One’s Conversion” എന്ന് പേരിട്ടിരുന്നതുമായ ഈ ഗാനം യേശുവിലുള്ള തന്റെ വിശ്വാസത്താൽ ഉണർത്തപ്പെട്ട സമൂലമായ നവീകരണത്തെ അനുസ്മരിക്കുന്നതിനാണ് രചിച്ചത്. അനുതപിച്ചു ക്രിസ്തുവിനെ അനുഗമിക്കുന്നവരോടുള്ള ദൈവത്തിന്റെ നന്മയുടെ മഹത്വം പ്രഘോഷിക്കുന്ന പതിനെട്ട് സ്റ്റാൻസകൾ ഇതിലുണ്ട്. 

അത്തരം വിശ്വാസം ആഘോഷിക്കേണ്ടതും പങ്കുവെക്കേണ്ടതുമാണ്. 2 തിമൊഥെയൊസ് 2-ൽ, തന്റെ വിശ്വാസത്തിൽ ഉറച്ചുനിൽക്കാനും അത് പങ്കുവെക്കുന്നതിൽ സ്ഥിരോത്സാഹം കാണിക്കാനും പൗലൊസ് തിമൊഥെയൊസിനെ പ്രോത്സാഹിപ്പിക്കുന്നു. “അതു ആകുന്നു എന്റെ സുവിശേഷം. അതു അറിയിക്കുന്നതിൽ ഞാൻ ദുഷ്പ്രവൃത്തിക്കാരൻ എന്നപോലെ ചങ്ങല ധരിച്ചു കഷ്ടം സഹിക്കുന്നു” (വാ. 8-9). തന്റെ തിരഞ്ഞെടുപ്പുകളെക്കുറിച്ചു രണ്ടാമതൊന്നു ചിന്തിക്കുന്നതിനുപകരം, സുവാർത്തയുടെ സന്ദേശം ഓർമ്മിക്കാൻ പൗലൊസ് തിമൊഥെയൊസിനെ ഓർമ്മപ്പെടുത്തുന്നു: “ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തു” (വാക്യം 8), വന്നത് ഭരിക്കാനല്ല. മറിച്ചു, ശുശ്രൂഷിക്കാനും നാം ദൈവവുമായി സമാധാനം പ്രാപിക്കേണ്ടതിന്നു ലോകത്തിന്റെ പാപങ്ങൾക്കായി ആത്യന്തികമായി മരിക്കാനുമാണ് വന്നത്. മരണം ജയിച്ചില്ല. യേശു കല്ലറയിൽ നിന്ന് ഉയിർത്തെഴുന്നേറ്റു.

വിശ്വസിക്കുന്നവരെ വചനം സ്വതന്ത്രരാക്കുന്നതുപോലെ, സന്ദേശം സ്വയം ബന്ധിക്കുന്നില്ല. “ദൈവവചനത്തിന്നോ ബന്ധനം ഇല്ല,” (വാക്യം 9) എന്നു പൗലൊസ് പറയുന്നു. തടവറകൾ, ആശുപത്രി കിടക്കകൾ, ശവക്കുഴികൾ തുടങ്ങി മരണം ജയിച്ചതായി കരുതപ്പെടുന്ന ഇടങ്ങളിൽ നിന്ന് പോലും. ക്രിസ്തുവിൽ, എല്ലാ മനുഷ്യർക്കും പ്രത്യാശയുണ്ട്. അത് ആഘോഷിക്കപ്പെടേണ്ട വാർത്തയാണ്!

 

പ്രാർത്ഥനയ്ക്കു സമർപ്പിതരാകുക

“അമ്പതു വർഷമായി ഞാൻ നിങ്ങൾക്കായി പ്രാർത്ഥിക്കുന്നു,” വൃദ്ധ പറഞ്ഞു. എന്റെ സുഹൃത്ത് ലൂ അഗാധമായ നന്ദിയോടെ അവരുടെ കണ്ണുകളിലേക്ക് നോക്കി. തന്റെ പിതാവു വളർന്നതും കൗമാരപ്രായത്തിൽ വിട്ടുപോന്നതുമായ ബൾഗേറിയൻ ഗ്രാമം സന്ദർശിക്കുകയായിരുന്നു അവൻ. യേശുവിൽ വിശ്വസിക്കുന്ന ആ സ്ത്രീ അവന്റെ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും അയൽപക്കത്താണു താമസിച്ചിരുന്നത്. ഒരു ഭൂഖണ്ഡം അകലെ ലൂവിന്റെ ജനനത്തെക്കുറിച്ചു കേട്ടയുടനെ അവർ അവനുവേണ്ടി പ്രാർത്ഥിക്കാൻ തുടങ്ങി. ഇപ്പോൾ, അരനൂറ്റാണ്ടിനുശേഷം, അവൻ ഒരു ബിസിനസ്സ് യാത്രയ്ക്കായി ഗ്രാമം സന്ദർശിക്കുകയായിരുന്നു. അവിടെ അവൻ ഒരു കൂട്ടത്തോടു തന്റെ വിശ്വാസത്തെക്കുറിച്ചു സംസാരിച്ചു. ഏകദേശം മുപ്പതു വയസ്സാകുന്നതുവരെ ലൂ യേശുവിൽ വിശ്വസിച്ചിരുന്നില്ല. അവൻ സംസാരിച്ചതിനു ശേഷം ആ സ്ത്രീ അവനെ സമീപിച്ചപ്പോൾ, വിശ്വാസത്തിലേക്കുള്ള തന്റെ വരവിൽ അവരുടെ നിരന്തരമായ പ്രാർത്ഥനകൾ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് അവൻ ആശ്ചര്യപ്പെട്ടു.

സ്വർഗ്ഗത്തിന്റെ ഇങ്ങേ വശത്തു സംഭവിക്കുന്ന നമ്മുടെ പ്രാർത്ഥനയുടെ പൂർണ്ണമായ ഫലം നാം ഒരിക്കലും അറിയുകയില്ല. എന്നാൽ തിരുവെഴുത്ത് നമുക്ക് ഈയൊരു ഉപദേശം നൽകുന്നു: “പ്രാർത്ഥനയിൽ ഉറ്റിരിപ്പിൻ; സ്തോത്രത്തോടെ അതിൽ ജാഗരിപ്പിൻ” (കൊലൊസ്യർ 4:2). ചെറിയ നഗരമായ കൊലൊസ്യയിലെ വിശ്വാസികൾക്കു പൗലൊസ് ആ വാക്കുകൾ എഴുതിയപ്പോൾ, താൻ പോകുന്നിടത്തെല്ലാം ദൈവസന്ദേശത്തിനായി “വാതിൽ തുറന്നുതരാൻ” (വാ. 3) തന്നെയും പ്രാർത്ഥനയിൽ ഓർക്കാൻ അപേക്ഷിക്കുന്നു.

പ്രാർത്ഥന എന്ന ആത്മീയ വരം എനിക്കില്ല എന്നു ചിലപ്പോൾ നാം ചിന്തിച്ചേക്കാം. എന്നാൽ വേദപുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്ന എല്ലാ ആത്മീയ വരങ്ങളിലും പ്രാർത്ഥന ഉൾപ്പെടുന്നില്ല. അവനു മാത്രം ചെയ്യാൻ കഴിയുന്നതു നാം കാണേണ്ടതിനു നാം ഓരോരുത്തരും വിശ്വസ്തതയോടെ പ്രാർത്ഥിക്കണമെന്നു ദൈവം ആഗ്രഹിക്കുന്നതുകൊണ്ടായിരിക്കാം ഇത്.

 

ക്രിസ്തുവിൽ ഒത്തൊരുമ നന്ന്

തന്റെ ചെറിയ അമേരിക്കൻ നഗരമായ ഇല്ലിനോയിയിലെ ഈസ്റ്റ് സെന്റ് ലൂയിസിൽ കുറ്റകൃത്യങ്ങൾ പല തരത്തിലുള്ള സ്വാധീനം ചെലുത്തുന്നതു ഡോ. ടിഫാനി ഗോൽസൺ കണ്ടിട്ടുണ്ട്. എന്നിരുന്നാലും, 2023 ആയപ്പോഴേക്കും നഗരത്തിൽ കൊലപാതകങ്ങളിൽ 31 ശതമാനവും കുറ്റകൃത്യങ്ങളിൽ 37 ശതമാനവും കുറവുണ്ടായി. എന്തായിരുന്നു സംഭവിച്ചത്? ഒരു പങ്കാളിത്തം. സംസ്ഥാന പോലീസ്, നഗര പോലീസ്, നഗര വിദ്യാഭ്യാസ ജില്ല, വിശ്വാസ സംഘടന എന്നിവ ഉൾപ്പെടുന്ന നഗരത്തിലെ പൊതു സുരക്ഷാ നിർവ്വഹണ സംഘം ഒരുമിച്ചുചേർന്നുകൊണ്ട് എല്ലാ പൗരന്മാർക്കും വേണ്ടി മാറ്റം കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടത്തി.

നഗര പങ്കാളിത്തത്തിലെ എല്ലാ അംഗങ്ങളും പൗരന്മാരെ സഹായിക്കാൻ ചേർന്നുവന്ന ആ സംഭവം, “ഒരു വിവാഹമാണെന്നു ഞങ്ങൾ പറയുന്നു,” ഡോ. ഗോൽസൺ പ്രസ്താവിച്ചു. ഡോ. ഗോൽസൺ നയിക്കുന്ന വിദ്യാഭ്യാസ ജില്ലയുടെ റാപ്പറൗണ്ട് വെൽനസ് സെന്റർ, കുറ്റകൃത്യങ്ങളാലോ അപകടങ്ങളാലോ ബാധിക്കപ്പെട്ട കുട്ടികളെ പിന്തുണയ്ക്കുന്നതിനായി സ്കൂൾ സാമൂഹിക പ്രവർത്തകർ, നഴ്സുമാർ, സ്റ്റാഫ് എന്നിവർ ഉൾക്കൊള്ളുന്ന ഒരു സംഘടനയാണ്. മറ്റ് പ്രവർത്തക സംഘങ്ങളും തങ്ങളുടെ ശേഷി പങ്കിടുന്നു. തെരുവിലെ ജനങ്ങളുമായി കൂടുതൽ സംസാരിക്കാനും അവരെ കേൾക്കാനും പോലീസ് പ്രതിജ്ഞാബദ്ധമായി.

“ഇതാ, സഹോദരന്മാർ ഒത്തൊരുമിച്ചു വസിക്കുന്നതു എത്ര ശുഭവും എത്ര മനോഹരവും ആകുന്നു!” (സങ്കീർത്തനങ്ങൾ 133:1) എന്നു സങ്കീർത്തനക്കാരനായ ദാവീദ് എഴുതി. “ഒത്തൊരുമ,” ദാവീദ് കൂട്ടിച്ചേർക്കുന്നു, “സീയോൻ പർവ്വതത്തിൽ പെയ്യുന്ന ഹെർമ്മോന്യമഞ്ഞുപോലെയും ആകുന്നു” (വാ. 3). ദൈവത്തിൽ ഏകീകരിക്കുന്ന വിശ്വാസം പങ്കിടുന്ന വ്യക്തികളെക്കുറിച്ചാണു ദാവീദ് ഇവിടെ പരാമർശിച്ചത്. സിദ്ധാന്തങ്ങളാലോ രാഷ്ട്രീയത്താലോ ഭിന്നിക്കുന്നതിനുപകരം നാം ഒന്നാണ്. മനസ്സിലാക്കാൻ പ്രയാസമുള്ള ഒന്നായി ഈ ആശയം തോന്നിയേക്കാമെങ്കിലും അത് എല്ലാവരെയും അനുഗ്രഹിക്കുന്നു. വിശ്വാസികൾ പരസ്പരം കരുതൽ കാണിക്കുക എന്നതു മനോഹരമായ ഒരു ലക്ഷ്യമാണ് - പ്രത്യേകിച്ച് യേശുവിന്റെ സ്നേഹം അത്യാവശ്യമുള്ള നമ്മുടെ നഗരങ്ങളിൽ.

 

ആദ്യം ആരാധന

മുതിർന്നവരുടെ സൗഹൃദവുമായി ബന്ധപ്പെട്ട് ലാഭേച്ഛയില്ലാത്ത ഒരു സംഘടന തുടങ്ങാൻ ഞാൻ ഒരിക്കലും പദ്ധതിയിട്ടിരുന്നില്ല. അതിനായി എനിക്ക് വിളി ഉണ്ടായപ്പോൾ എന്റെ മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ ഉയർന്നുവന്നു. ആ ചാരിറ്റിക്ക് എങ്ങനെ ധനസഹായം ലഭിക്കും? അത് നിർമ്മിക്കാൻ ആരാണ് എന്നെ സഹായിക്കുക? ഈ കാര്യങ്ങളിൽ എനിക്ക് ഏറ്റവും വലിയ സഹായം ലഭിച്ചത് ഒരു ബിസിനസ്സ് പുസ്തകത്തിൽ നിന്നല്ല, മറിച്ച് വേദപുസ്തകത്തിൽ നിന്നാണ്.

എന്തെങ്കിലും നിർമ്മിക്കാനായി ദൈവം വിളിച്ച ആരേ സംബന്ധിച്ചും എസ്രയുടെ പുസ്തകം അത്യന്താപേക്ഷിതമായ വായനയാണ്. യെഹൂദന്മാർ തങ്ങളുടെ പ്രവാസത്തിനുശേഷം യെരൂശലേമിനെ പുനർനിർമിച്ചതെങ്ങനെയെന്ന് വിവരിക്കുമ്പോൾ, പൊതു സംഭാവനകളിലൂടെയും സർക്കാരിന്റെ  സഹായധനത്തിലൂടെയും ദൈവം പണം നൽകിയതെങ്ങനെയെന്നും (എസ്രാ 1:4-11; 6:8-10) സന്നദ്ധപ്രവർത്തകരും കരാറുകാരും ജോലി ചെയ്തതെങ്ങനെയെന്നും (1:5; 3:7) ആ വേദഭാഗങ്ങൾ കാണിച്ചുതരുന്നു. യെഹൂദരുടെ മടങ്ങിവരവിന്റെ രണ്ടാം വർഷം വരെ പുനർനിർമ്മാണം ആരംഭിക്കാതിരുന്നത്, തയ്യാറെടുപ്പിനായുള്ള സമയത്തിന്റെ പ്രാധാന്യം കാണിച്ചുതരുന്നു (3:8). എതിർപ്പുകൾ എപ്രകാരം ഉയർന്നു വരാമെന്ന് ഇത്  കാണിച്ചുതരുന്നു (അദ്ധ്യായം 4). പക്ഷേ, കഥയിലെ ഒരു കാര്യം പ്രത്യേകം എന്റെ ശ്രദ്ധ ആകർഷിച്ചു. ഏതെങ്കിലും കെട്ടിടം ആരംഭിക്കുന്നതിന് ഒരു വർഷം മുമ്പേ, യെഹൂദന്മാർ യാഗപീഠം സ്ഥാപിച്ചു (3:1-6). “യഹോവയുടെ മന്ദിരത്തിന്റെ അടിസ്ഥാനം അതുവരെ ഇട്ടിരുന്നില്ല” (എസ്രാ 3:6) എങ്കിലും ജനം ആരാധിച്ചു (വാ. 6). ആരാധനയാണ് ആദ്യം സംഭവിച്ചത്. 

പുതിയ എന്തെങ്കിലും ആരംഭിക്കാൻ ദൈവം നിങ്ങളെ വിളിക്കുന്നുണ്ടോ? നിങ്ങൾ ഒരു ചാരിറ്റിയോ വേദപുസ്തകദ്ധ്യയനമോ ഒരു സർഗ്ഗാത്മക പദ്ധതിയോ തൊഴിലിടത്ത് എന്തെങ്കിലും പുതിയ ചുമതലയോ ആരംഭിക്കുകയാണെങ്കിൽ എസ്രായുടെ പ്രമാണം ഗൗരവമായ ഒന്നാണ്. ദൈവദത്തമായ ഒരു പദ്ധതിക്കു പോലും നമ്മുടെ ശ്രദ്ധ അവനിൽ നിന്ന് അകറ്റാൻ കഴിയും. അതിനാൽ നമുക്ക് ആദ്യം ദൈവത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാം. ജോലി ആരംഭിക്കും മുമ്പ്, നാം ആരാധന ആരംഭിക്കണം.