
ഏതു സാഹചര്യത്തിലും സ്തുതിക്കുക
എത്യോപ്യയിലേക്കുള്ള ഒരു ഹ്രസ്വകാല മിഷനറി യാത്രയ്ക്കിടെ, ഞങ്ങളുടെ ടീം ഒരു പ്രാദേശിക മിനിസ്ട്രിയിൽ നിന്നുള്ള മറ്റൊരു ടീമിനൊപ്പം ചേർന്നു പ്രവർത്തിക്കുകയുണ്ടായി. കഠിനമായ സാഹചര്യങ്ങളിൽകൂടി കടന്നുപോകുന്നവരും അക്ഷരാർത്ഥത്തിൽ ആക്രിക്കൂമ്പാരത്തിനടുത്തു താമസിക്കുന്നവരുമായ ഒരു കൂട്ടം ചെറുപ്പക്കാരുടെ അടുത്തേക്കാണ് ഞങ്ങൾ പോയത്. അവരെ കണ്ടുമുട്ടിയത് വളരെ സന്തോഷകരമായിരുന്നു! ഞങ്ങൾ ഒരുമിച്ച് സാക്ഷ്യങ്ങളും പ്രോത്സാഹജനകമായ വാക്കുകളും പ്രാർത്ഥനകളും പങ്കുവെച്ചു. അന്നത്തെ സായാഹ്നത്തിൽ ഞാനനുഭവിച്ച പ്രിയപ്പെട്ട നിമിഷങ്ങളിൽ ഒന്ന്, ഒരു പ്രാദേശിക ടീമംഗം ഗിറ്റാർ വായിക്കുകയും ഞങ്ങളുടെ പുതിയ സുഹൃത്തുക്കളോടൊപ്പം പ്രകാശമാനമായ ചന്ദ്രനു കീഴിൽ ആരാധന നടത്തുകയും ചെയ്ത സമയങ്ങളായിരുന്നു. എന്തൊരു പവിത്ര നിമിഷങ്ങളായിരുന്നു അത്! അവരുടെ നിരാശാജനകമായ സാഹചര്യത്തിനു നടുവിലും ഈ മനുഷ്യർക്ക് യേശുവിൽ മാത്രം കണ്ടെത്താൻ കഴിയുന്ന പ്രത്യാശയും സന്തോഷവും അനുഭവവേദ്യമായിരുന്നു.
അപ്പൊസ്തല പ്രവൃത്തികൾ 16-ൽ, മറ്റൊരു അപ്രതീക്ഷിത ആരാധനാ സമയത്തെക്കുറിച്ച് നാം വായിക്കുന്നു. ഫിലിപ്പി പട്ടണത്തിലെ ഒരു ജയിലിലാണ് ഇത് സംഭവിച്ചത്. പൗലൊസും ശീലാസും യേശുവിനെ സേവിക്കുന്നതിനിടയിൽ അറസ്റ്റുചെയ്യപ്പെട്ടു. അധികാരികൾ അവരെ അടിക്കുകയും മർദ്ദിക്കുകയും തടവിലാക്കുകയും ചെയ്തു. എന്നാൽ നിരാശയ്ക്കു വഴങ്ങുന്നതിനു പകരം അവർ തങ്ങളുടെ ജയിൽ മുറിയിൽ ‘പ്രാർത്ഥിച്ചു ദൈവത്തെ പാടി സ്തുതിച്ചു.’ “പെട്ടെന്നു വലിയോരു ഭൂകമ്പം ഉണ്ടായി, കാരാഗൃഹത്തിന്റെ അടിസ്ഥാനം കുലുങ്ങി വാതിൽ ഒക്കെയും തുറന്നുപോയി, എല്ലാവരുടെയും ചങ്ങല അഴിഞ്ഞുവീണു’’ (വാ. 25-26).
ജയിലർ ആദ്യം ചിന്തിച്ചത് തന്റെ ജീവിതം അവസാനിപ്പിക്കാനായിരുന്നു. എന്നാൽ തടവുകാർ രക്ഷപ്പെട്ടില്ലെന്ന് മനസ്സിലാക്കിയപ്പോൾ, അവൻ ദൈവത്തെ ഭയപ്പെട്ടു, അവന്റെ കുടുംബത്തിന് രക്ഷ കൈവന്നു (വാ. 27-34).
നാം അവനെ സ്തുതിക്കുന്നത് കേൾക്കുന്നതിൽ ദൈവം സന്തോഷിക്കുന്നു. ജീവിതത്തിന്റെ ഉയർച്ചയിലും താഴ്ചയിലും നമുക്ക് അവനെ ആരാധിക്കാം.

സമയമാകുമ്പോൾ
എന്റെ സുഹൃത്തുക്കളായ അൽ ഷിഫറും കാത്തിയും അവരുടെ രണ്ടാം ലോകമഹായുദ്ധ കാലത്തെ ഐക്കണിക് വിമാനം എയർഷോകൾക്കായി പറത്തിയപ്പോൾ, പ്രായമായ യുദ്ധവിദഗ്ദ്ധരുടെ പ്രതികരണങ്ങളാണ് അവരെ ഏറ്റവും കൂടുതൽ സന്തോഷിപ്പിച്ചത്. അവർ പങ്കെടുത്ത യുദ്ധങ്ങളെക്കുറിച്ചും അവർ പറത്തിയ വിമാനങ്ങളെക്കുറിച്ചും സംസാരിക്കാൻ അവർ മുന്നോട്ടുവന്നു. അവരുടെ മിക്ക യുദ്ധകഥകളും കണ്ണീരോടെയാണവർ പങ്കുവെച്ചത്. തങ്ങളുടെ രാജ്യത്തെ സേവിക്കുമ്പോൾ ലഭിച്ച ഏറ്റവും നല്ല വാർത്ത, “യുദ്ധം അവസാനിച്ചു, കുട്ടികളേ. വീട്ടിലേക്ക് പോകാനുള്ള സമയമായി’’ എന്നതായിരുന്നുവെന്ന് മിക്കവരും പറഞ്ഞു.
മുൻ തലമുറയിൽ നിന്നുള്ള ഈ വാക്കുകൾ യേശുവിലുള്ള വിശ്വാസികൾ ഏർപ്പെട്ടിരിക്കുന്ന യുദ്ധവുമായി ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ യുദ്ധം ആത്മാക്കളുടെ ശത്രുവായ പിശാചിനെതിരായ നമ്മുടെ വിശ്വാസ പോരാട്ടമാണ്. അപ്പൊസ്തലനായ പത്രൊസ് നമുക്ക് മുന്നറിയിപ്പ് നൽകുന്നു: “നിങ്ങളുടെ പ്രതിയോഗിയായ പിശാച് അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരഞ്ഞു ചുറ്റിനടക്കുന്നു.’’ യേശുവിലുള്ള നമ്മുടെ വിശ്വാസത്തിൽ നിന്ന് നമ്മെ അകറ്റാൻ അവൻ നമ്മെ പലവിധത്തിൽ പ്രലോഭിപ്പിക്കുകയും കഷ്ടതകളിലൂടെയും പീഡനങ്ങളിലൂടെയും നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു. പത്രൊസ് തന്റെ ആദ്യ വായനക്കാരെയും ഇന്നത്തെ നമ്മെയും “ഉണർന്നിരിക്കുവാനും നിർമ്മദരായിരിക്കുവാനും’’ ആഹ്വാനം ചെയ്തു (1 പത്രൊസ് 5:8). നാം പരിശുദ്ധാത്മാവിൽ ആശ്രയിക്കുന്നതിനാൽ യുദ്ധത്തിൽ കീഴടങ്ങാനും ശത്രു നമ്മെ വീഴ്ത്തുവാനും അവൻ അനുവദിക്കില്ല.
ഒരു ദിവസം യേശു മടങ്ങിവരുമെന്ന് നമുക്കറിയാം. അവൻ വരുമ്പോൾ, അവന്റെ വാക്കുകൾ ലോകമഹായുദ്ധകാലത്തെ സൈനികർക്ക് അനുഭവപ്പെട്ടതിനു സമാനമായ ഫലമാണുണ്ടാക്കുക — നമ്മുടെ കണ്ണുകളിൽ സന്തോഷത്തിന്റെ കണ്ണുനീരും ഹൃദയങ്ങളിൽ സന്തോഷവും അതു വരുത്തും: “യുദ്ധം അവസാനിച്ചു, കുട്ടികളേ. വീട്ടിലേക്ക് പോകാനുള്ള സമയമായി.’’


പൊടിയുടെ സ്ഥാനത്ത് സൗന്ദര്യം
ഒരു സായാഹ്നത്തിൽ, എന്റെ വീടിനടുത്തുള്ള ഒരു ഒഴിഞ്ഞ സ്ഥലത്ത് വൃത്തിയുള്ള മണ്ണിന്റെ വാരം ഞാൻ ശ്രദ്ധിച്ചു. ഓരോ നിരയിലും ചെറിയ മുകുളങ്ങളുള്ള ചെറിയ പച്ച ഇലകൾ ഉണ്ടായിരുന്നു. പിറ്റേന്ന് രാവിലെ, മനോഹരമായ ചുവന്ന ടൂലിപ്സ് തഴച്ചുവളരുന്നത് കണ്ടപ്പോൾ ഞാൻ നോക്കി നിന്നു.
കഴിഞ്ഞ ശരത്കാലത്ത്, ഒരു സംഘം ആളുകൾ ചിക്കാഗോയുടെ തെക്ക് ഭാഗത്ത് തരിശായ സ്ഥലങ്ങളിൽ ഒരു ലക്ഷം ടൂലിപ് വിത്തുകൾ നട്ടിരുന്നു. പ്രാഥമികമായി ന്യൂനപക്ഷങ്ങൾ താമസിക്കുന്ന സ്ഥലങ്ങളെ റെഡ്ലൈനിംഗ് (ബാങ്കുകളുടെ വായ്പാ വിവേചനം) എങ്ങനെ സ്വാധീനിച്ചുവെന്ന് കാണിക്കാൻ അവർ ചുവപ്പ് ടൂലിപ് തിരഞ്ഞെടുത്തു. ടൂലിപ്സ് ആ സ്ഥലങ്ങളിൽ ഉണ്ടാകാവുന്ന വീടുകളുടെ പ്രതീകമായിരുന്നു.
ദൈവജനം അനേകം വെല്ലുവിളികൾ നേരിട്ടിട്ടുണ്ട് — അവരുടെ മാതൃരാജ്യങ്ങളിൽ നിന്ന് നാടുകടത്തുന്നത് മുതൽ റെഡ്ലൈനിംഗ് പോലെയുള്ള വിവേചനം വരെ. എന്നിരുന്നാലും, നമുക്ക് ഇപ്പോഴും പ്രത്യാശ കണ്ടെത്താൻ കഴിയും. ദൈവം അവരെ കൈവിടില്ലെന്ന് പ്രവാസ കാലത്ത് യെശയ്യാവ് യിസ്രായേലിനെ ഓർമ്മിപ്പിക്കുന്നു. അവൻ അവർക്ക് വെണ്ണീറിനു പകരം “അലങ്കാരമാല’’ നൽകും. ദരിദ്രർക്ക് പോലും “സദ്വർത്തമാനം’’ ലഭിക്കും (61:1). വിഷണ്ഡമനസ്സുകളെ “സ്തുതി എന്ന മേലാട’’ അണിയിക്കുമെന്ന് ദൈവം വാഗ്ദത്തം ചെയ്തു. ഈ പ്രതീകങ്ങളെല്ലാം അവന്റെ മഹത്വത്തെ ഉണർത്തുകയും ജനങ്ങൾക്ക് സന്തോഷം നൽകുകയും ചെയ്യും. അവർ അപ്പോൾ നിരാശരായ പ്രവാസികൾക്ക് പകരം “നീതിവൃക്ഷങ്ങൾ’’ ആയി മാറും (വാ. 3).
മാലിന്യത്തിൽ നിന്നും വിവേചനത്തിൽ നിന്നും ദൈവത്തിന് മഹത്വം സൃഷ്ടിക്കാൻ കഴിയുമെന്ന് ആ ടൂലിപ്സ് കാണിക്കുന്നു. ഓരോ വസന്തകാലത്തും ടൂലിപ്സ് കാണാൻ — അതിലും പ്രധാനമായി എന്റെ അയൽപക്കങ്ങളിലും മറ്റ് സമൂഹങ്ങളിലും പുതിയ പ്രതീക്ഷകൾ കാണാൻ — ഞാൻ കാത്തിരിക്കുന്നു.

ദൈവം എന്തു ചെയ്തെന്ന് അവരോട് പറയുക
കോളേജിൽ എന്റെ സുഹൃത്തായിരുന്ന ബിൽ തോബിയാസ് അനേക വർഷങ്ങൾ ഒരു ദ്വീപിൽ മിഷനറിയായി ശുശ്രൂഷിച്ചു. ഭാഗ്യം തേടി ജന്മനാട് വിട്ടുപോയ ഒരു യുവാവിന്റെ കഥ അദ്ദേഹം പറയുന്നു. എന്നാൽ ഒരു സുഹൃത്ത് അവനെ സഭയിലേക്ക് കൊണ്ടുപോയി, അവിടെ യേശു വാഗ്ദാനം ചെയ്യുന്ന രക്ഷയുടെ സുവാർത്ത അവൻ കേൾക്കുകയും ക്രിസ്തുവിനെ തന്റെ രക്ഷകനായി വിശ്വസിക്കുകയും ചെയ്തു.
“മന്ത്രവാദത്തിൽ മുഴുകിയിരിക്കുന്ന’’ തന്റെ ജനങ്ങളിലേക്ക് സുവിശേഷം എത്തിക്കാൻ ആ യുവാവ് ആഗ്രഹിച്ചു, അതിനായി അവരുടെയടുത്തേക്ക് അയയ്ക്കാനായി ഒരു മിഷനറിയെ അവൻ അന്വേഷിച്ചു. എന്നാൽ മിഷനറി അവനോട് “ദൈവം നിനക്കുവേണ്ടി എന്തു ചെയ്തെന്ന് അവരോട് പോയി പറയുക’’ എന്ന് പറഞ്ഞു (മർക്കൊസ് 5:19 കാണുക). അതവൻ ചെയ്തു. അവന്റെ ജന്മനാട്ടിൽ നിരവധി ആളുകൾ യേശുവിനെ സ്വീകരിച്ചു, എന്നാൽ ക്രിസ്തുവാണ് “വഴിയും സത്യവും ജീവനും’’ (യോഹന്നാൻ 14:6) എന്ന് പട്ടണത്തിലെ മന്ത്രവാദി തിരിച്ചറിഞ്ഞതോടെയാണ് ഏറ്റവും വലിയ വഴിത്തിരിവ് ഉണ്ടായത്. അയാൾ യേശുവിൽ വിശ്വാസമർപ്പിച്ച ശേഷം, അവനെക്കുറിച്ച് പട്ടണം മുഴുവൻ പറഞ്ഞു. നാല് വർഷത്തിനുള്ളിൽ, ഒരു യുവാവിന്റെ സാക്ഷ്യം, ആ മേഖലയിൽ ഏഴ് സഭകൾ സ്ഥാപിക്കുന്നതിനു കാരണമായി.
2 കൊരിന്ത്യരിൽ, ക്രിസ്തുവിനെ ഇതുവരെ അറിയാത്തവർക്ക് സുവിശേഷം പരിചയപ്പെടുത്തുന്നതിനുള്ള വ്യക്തമായ പദ്ധതി പൗലൊസ് മുന്നോട്ടുവയ്ക്കുന്നു—അത് ആ മിഷനറി ആ യുവ വിശ്വാസിയോട് പറഞ്ഞതിനോട് തുല്യമാണ്. “ഞങ്ങൾ ക്രിസ്തുവിന്നു വേണ്ടി സ്ഥാനപതികളായി ദൈവത്തോടു നിരന്നുകൊൾവിൻ എന്നു ക്രിസ്തുവിന്നു പകരം അപേക്ഷിക്കുന്നു’’ (5:20). ഓരോ വിശ്വാസിക്കും തങ്ങളെ “ഒരു പുതിയ സൃഷ്ടി ആക്കിയവനും . . . അവരെ ദൈവവുമായി നിരപ്പിച്ചവനുമായ’’ (വാ. 17-18) യേശു തങ്ങൾക്കുവേണ്ടി എന്താണ് ചെയ്തതെന്ന് മറ്റുള്ളവരോട് പറയാൻ കഴിയും.
