കൊടുക്കുന്നതിലുള്ള സന്തോഷം
കേരിയുടെ ഇളയ മകന് മസ്കുലർ ഡിസ്ട്രോഫിയുമായി ബന്ധപ്പെട്ട മറ്റൊരു ശസ്ത്രക്രിയ കൂടി നടക്കുമ്പോൾ, അവളുടെ കുടുംബത്തിന്റെ ഈ അവസ്ഥയിൽ നിന്ന് മനസ്സ് മാറ്റാൻ വേണ്ടി, മറ്റുള്ളവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യുവാൻ അവൾ ആഗ്രഹിച്ചു. അതിനായി അവൾ, തന്റെ മകൻ കുറച്ചുമാത്രം ഉപയോഗിച്ചപ്പോഴേക്കും ചെറുതായിപ്പോയ ഷൂസ് എല്ലാം കൂടി എടുത്ത് ഒരു ധർമ്മസ്ഥാപനത്തിന് ദാനം ചെയ്തു. അവളുടെ ഈ പ്രവൃത്തി കണ്ട അവളുടെ സുഹൃത്തുക്കളും, കുടുംബാംഗങ്ങളും, അയൽക്കാരും ചേർന്ന് താമസിയാതെ ഇരുനൂറിലധികം ജോഡി ഷൂസ് സംഭാവനയായി നൽകി!
ഈ ഷൂ ദാനം മറ്റുള്ളവരുടെ പ്രയോജനത്തിനായിട്ടാണ് നടത്തിയതെങ്കിലും, അതുമൂലം തന്റെ കുടുംബം കൂടുതൽ അനുഗ്രഹിക്കപ്പെട്ടതായി കേരി കരുതുന്നു. "ഈ അനുഭവം ശരിക്കും ഞങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും, മറ്റുള്ളവരിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞങ്ങളെ സഹായിക്കുകയും ചെയ്തു."
യേശുവിന്റെ അനുഗാമികൾ ഉദാരമായി കൊടുക്കുന്നത് എത്ര പ്രധാനമാണെന്ന് പൗലോസിന് മനസ്സിലായി. യെരൂശലേമിലേക്കുള്ള യാത്രാമധ്യേ അപ്പോസ്തലനായ പൗലോസ് എഫെസൊസിൽ താമസിച്ചു. താൻ അവിടെ സ്ഥാപിച്ച സഭയിലെ വിശ്വാസികളുമായുള്ള തന്റെ അവസാന സന്ദർശനമാകും അതെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. സഭാ മൂപ്പന്മാരോടുള്ള വിടവാങ്ങൽ പ്രസംഗത്തിൽ, ദൈവവേലയിൽ താൻ എങ്ങനെ ഉത്സാഹത്തോടെ പ്രവർത്തിച്ചുവെന്ന് അവൻ അവരെ ഓർമ്മിപ്പിക്കുകയും അത് ചെയ്യാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു (അപ്പ. പ്രവൃ.20:17-35). തുടർന്ന് അദ്ദേഹം, "വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നതു ഭാഗ്യം" (വാക്യം 35) എന്ന യേശുവിന്റെ വാക്കുകളോടെ ഉപസംഹരിച്ചു.
നാം സ്വമേധയായും താഴ്മയോടെയും നമ്മെത്തന്നെ നൽകണമെന്ന് യേശു ആഗ്രഹിക്കുന്നു (ലൂക്കാ 6:38). അവൻ നമ്മെ നയിക്കുമെന്ന് നാം വിശ്വസിക്കുമ്പോൾ, അതിനുള്ള അവസരങ്ങൾ അവൻ നമുക്ക് നൽകും. അതിന്റെ ഫലമായി നാം അനുഭവിക്കുന്ന സന്തോഷം, കേരിയുടെ കുടുംബത്തെപ്പോലെ, നമ്മെയും അത്ഭുതപ്പെടുത്തിയേക്കാം.

ദൈവത്തിന് നന്ദി പറയുക
ആശുപത്രിയിലെ ക്ലേശകരമായ ജോലി കഴിഞ്ഞ് എന്റെ സ്നേഹിത മടങ്ങിവരുകയായിരുന്നു. തന്റെ ഭർത്താവ് അതുപോലെതന്നെ പ്രയാസമുള്ള ജോലി കഴിഞ്ഞ് മടങ്ങിവരുന്നതിന് മുമ്പ് അത്താഴത്തിന് എന്ത് തയ്യാറാക്കുമെന്ന് ചിന്തിച്ച് അവൾ ആശങ്കപ്പെട്ടു. അവൾ ഞായറാഴ്ച ചിക്കൻ ഉണ്ടാക്കി, തിങ്കളാഴ്ച അതിന്റെ ബാക്കിയുണ്ടായിരുന്നത് വിളമ്പി. ചൊവ്വാഴ്ച അവൾ ഫ്രിഡ്ജിൽ നോക്കിയപ്പോൾ പച്ചക്കറി മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ സസ്യാഹാരം തന്റെ ഭർത്താവിന് അത്ര ഇഷ്ടമല്ലെന്ന് അവൾക്കറിയാമായിരുന്നു. കുറച്ച് നേരംകൊണ്ട് മറ്റൊന്നും തയ്യാറാക്കാൻ സാധിക്കാത്തതുകൊണ്ട് സസ്യാഹാരം തന്നെ ഉണ്ടാക്കുവാൻ അവൾ തീരുമാനിച്ചു.
അവൾ കറി മേശപ്പുറത്ത് വെച്ചപ്പോൾ, വീട്ടിൽ എത്തിയ ഭർത്താവിനോട് അൽപ്പം ക്ഷമാപണത്തോടെ പറഞ്ഞു: "ഇത് നിങ്ങൾക്ക് അത്ര ഇഷ്ടമുള്ളതല്ല എന്ന് എനിക്കറിയാം." അവളുടെ ഭർത്താവ് തലയുയർത്തി നോക്കി പറഞ്ഞു, "പ്രിയേ, നമുക്ക് കഴിക്കാൻ ഭക്ഷണം ഉണ്ടല്ലോ, അത് തന്നെ സന്തോഷം."
ദൈവം നമുക്ക് അനുദിനം നൽകുന്ന ദാനങ്ങൾ എന്തുതന്നെ ആയിരുന്നാലും നാം നന്ദിയുള്ളവരായിരിക്കണം എന്നാണ് ഈ വ്യക്തിയുടെ മനോഭാവം നമ്മെ ഓർമ്മിപ്പിക്കുന്നത്. നമ്മുടെ ദൈനംദിന ആഹാരത്തിന് നന്ദി പറയുന്നത് യേശുവിന്റെ മാതൃകയാണ്. തന്റെ പുനരുത്ഥാനത്തിനുശേഷം രണ്ട് ശിഷ്യന്മാരോടൊപ്പം ഭക്ഷണം കഴിച്ചപ്പോൾ, ക്രിസ്തു "അപ്പമെടുത്തു, നന്ദി പറഞ്ഞു, നുറുക്കി" (ലൂക്കോ. 24:30). അഞ്ച് അപ്പവും രണ്ട് ചെറിയ മീനും കൊണ്ട് അയ്യായിരം പേർക്ക് ഭക്ഷണം നൽകിയപ്പോൾ പിതാവിന് നന്ദി പറഞ്ഞു (യോഹന്നാൻ 6:9).
നമ്മുടെ ദൈനംദിന ഭക്ഷണത്തിനും മറ്റ് ദാനങ്ങൾക്കും നന്ദി പറയുമ്പോൾ, നമ്മുടെ കൃതജ്ഞത യേശുവിന്റെ മാതൃകയെ പ്രതിഫലിപ്പിക്കുകയും നമ്മുടെ സ്വർഗീയ പിതാവിനെ ബഹുമാനിക്കുകയും ചെയ്യുന്നു. ഇന്ന് നമുക്ക് ദൈവത്തിന് നന്ദി പറയാം.

ദൈവത്തിന് ഇഷ്ടപ്പെട്ടതും പ്രിയപ്പെട്ടതും
Facebook-ലെ ചെറിയ തംപ്സ്-അപ്പ് കാണിക്കുന്ന "ലൈക്സ്" എല്ലാ കാലത്തും നമ്മോടൊപ്പം ഉണ്ടായിരുന്നു എന്ന് കരുതാറുണ്ട്. എന്നാൽ അംഗീകാര സ്വഭാവമുള്ള ഈ ചിഹ്നം ഓൺലൈനിൽ 2009 മുതൽ മാത്രമേ കാണുവാൻ തുടങ്ങിയിട്ടുള്ളൂ.
"ലൈക്ക്" ന്റെ ഡിസൈനർ, ജസ്റ്റിൻ റോസെൻസ്റ്റീൻ, "പരസ്പരം തകർക്കുന്നതിനുപകരം ആളുകൾ പരസ്പരം ഉയർത്തുന്ന ഒരു ലോകം" സൃഷ്ടിക്കാൻ ആഗ്രഹിച്ചു എന്ന് പറഞ്ഞു. എന്നാൽ തന്റെ കണ്ടുപിടിത്തം ഏതെല്ലാം വിധത്തിലാണ് ഉപയോക്താക്കൾക്ക് സോഷ്യൽ മീഡിയയോടുള്ള അനാരോഗ്യകരമായ ആസക്തിയുണ്ടാക്കിയതെന്ന് ഓർത്ത് റോസെൻസ്റ്റീൻ പിന്നീട് പരിതപിച്ചു.
റോസെൻസ്റ്റീന്റെ ഈ സൃഷ്ടി, അംഗീകാരത്തിനും ബന്ധങ്ങൾക്കും വേണ്ടിയുള്ള നമ്മുടെ ജന്മസിദ്ധമായ ആവശ്യത്തെ വിളിച്ചറിയിക്കുന്നു എന്ന് ഞാൻ കരുതുന്നു. മറ്റുള്ളവർക്ക് നമ്മളെ അറിയാമെന്നും, നമ്മളെ ശ്രദ്ധിക്കുന്നുവെന്നും, ഇഷ്ടപ്പെടുന്നുവെന്നും അറിയാൻ നാം ആഗ്രഹിക്കുന്നു. "ലൈക്ക്" തികച്ചും പുതിയതാണ്. എന്നാൽ അറിയാനും അറിയപ്പെടാനുമുള്ള നമ്മുടെ ആഗ്രഹത്തിന് മനുഷ്യന്റെ സൃഷ്ടിയോളം പഴക്കമുണ്ട്.
എന്നിട്ടും, 'ലൈക്ക് ബട്ടൺ' കൊണ്ട് ഉദ്ദേശിച്ച ഫലം കിട്ടുന്നില്ല അല്ലേ? ഭാഗ്യവശാൽ, ഒരു ഡിജിറ്റൽ അംഗീകാരത്തേക്കാൾ വളരെ ആഴത്തിലുള്ള സ്നേഹമുള്ള ഒരു ദൈവത്തെ നാം സേവിക്കുന്നു. യിരെമ്യാവ് 1:5 ൽ, അവൻ തന്നിലേക്ക് വിളിച്ച ഒരു പ്രവാചകനുമായുള്ള അവന്റെ അഗാധമായ ബന്ധത്തിന് നാം സാക്ഷ്യം വഹിക്കുന്നു. "നിന്നെ ഉദരത്തിൽ ഉരുവാക്കിയതിന്നു മുമ്പെ ഞാൻ നിന്നെ അറിഞ്ഞു; നീ ഗർഭപാത്രത്തിൽനിന്നു പുറത്തു വന്നതിന്നു മുമ്പെ ഞാൻ നിന്നെ വിശുദ്ധീകരിച്ചു."
ഗർഭത്തിൽ ഉരുവാകുന്നതിന് മുമ്പുതന്നെ ദൈവം പ്രവാചകനെ അറിയുകയും, അർത്ഥപൂർണ്ണമായ ഒരു ജീവിതദൗത്യത്തിനു വേണ്ടി അവനെ രൂപകൽപ്പന ചെയ്യുകയും ചെയ്തു (വാ. 8-10). നമ്മെ വളരെ അടുത്തറിയുകയും, സ്നേഹിക്കുകയും, ഇഷ്ടപ്പെടുകയും ചെയ്യുന്ന ഈ പിതാവിനെ നാം അറിയുമ്പോൾ ലക്ഷ്യബോധമുള്ള ഒരു ജീവിതത്തിലേക്ക് അവൻ നമ്മെയും ക്ഷണിക്കുന്നു.

ദാഹവും കൃതജ്ഞതയും
ഞാനും രണ്ട് സുഹൃത്തുക്കളും എപ്പോഴും മലകയറുവാൻ ആഗ്രഹിച്ചിരുന്നു. ഒരു ദിവസം ഞങ്ങൾ മലകയറ്റം ആരംഭിക്കുന്നതിന് മുമ്പ്, ആവശ്യത്തിന് വെള്ളം ഉണ്ടോ എന്ന് സംശയമുണ്ടായിരുന്നു. ആശങ്കപ്പെട്ടതുപോലെ വെള്ളം വേഗത്തിൽ തീർന്നു. മുകളിലെത്താൻ കുറെ ദൂരമുള്ളപ്പോൾ ഞങ്ങളുടെ വെള്ളം പൂർണ്ണമായും തീർന്നു. ഞങ്ങൾ കിതയ്ക്കുവാനും പ്രാർത്ഥിക്കുവാനും തുടങ്ങി. പിന്നെ ഞങ്ങൾ ഒരു വളവ് തിരിയുമ്പോൾ ഒരു അത്ഭുതം കണ്ടു. പാറയുടെ ഒരു പിളർപ്പിൽ മൂന്ന് വെള്ളക്കുപ്പികൾ, ഒരു കുറിപ്പോടു കൂടി, സൂക്ഷിച്ചുവച്ചിരിക്കുന്നത് ഞങ്ങൾ കണ്ടു: “നിങ്ങൾക്ക് ഇത് ആവശ്യമാണെന്ന് അറിയാമായിരുന്നു. കുടിച്ചോളൂ!" ഞങ്ങൾ വിശ്വസിക്കാനാകാതെ പരസ്പരം നോക്കി, ദൈവത്തോട് നന്ദി പറഞ്ഞു, വളരെ ആവശ്യമുള്ള രണ്ട് കവിൾ കുടിച്ചിട്ട്, തുടർന്ന് അവസാനത്തെ കയറ്റത്തിലേക്ക് പുറപ്പെട്ടു. എന്റെ ജീവിതത്തിൽ ഞാൻ ഒരിക്കലും അത്രമാത്രം ദാഹിക്കുകയും നന്ദിയുള്ളവനാകുകയും ചെയ്തിട്ടില്ല.
സങ്കീർത്തനക്കാരന് ഒരു പർവ്വതാരോഹണത്തിന്റെ അനുഭവം ഉണ്ടായിരുന്നില്ല, പക്ഷേ ദാഹവും ഭയവും ഉള്ളപ്പോൾ ഒരു മാൻ എങ്ങനെ പ്രവർത്തിക്കുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. "മാൻ നീർത്തോടുകളിലേക്കു ചെല്ലുവാൻ കാംക്ഷിക്കുന്നു" (സങ്കീർത്തനം 42:1)—ദാഹവും വിശപ്പും മനസ്സിലേക്ക് കൊണ്ടുവരുന്ന ഒരു വാക്ക്. സാഹചര്യം മാറിയില്ലെങ്കിൽ നിങ്ങൾ മരിക്കുമെന്ന് നിങ്ങൾ ഭയപ്പെടുന്നു. സങ്കീർത്തനക്കാരൻ മാനുകളുടെ ദാഹത്തിന്റെ അളവിനെ, ദൈവത്തോടുള്ള അവന്റെ ആഗ്രഹത്തിന് തുല്യമാക്കുന്നു: അതുപോലെ "എന്റെ ആത്മാവു ദൈവത്തിന്നായി, ജീവനുള്ള ദൈവത്തിന്നായി തന്നേ, ദാഹിക്കുന്നു" (വാക്യം 1).
വളരെ ആവശ്യമായ വെള്ളം പോലെ, ദൈവം നമ്മുടെ ഏറ്റവും അടുത്ത തുണയായിരിക്കുന്നു. അവൻ നമ്മുടെ തളർന്ന ജീവിതത്തിന് പുതുശക്തിയും നവോന്മേഷവും നൽകുന്നതിനാൽ, അനുദിന യാത്രയിൽ എന്തുതന്നെ വന്നാലും നേരിടാൻ നമ്മെ സജ്ജരാക്കുന്നു.

ക്രിസ്തുവിനാൽ ശുദ്ധീകരിക്കപ്പെട്ടത്
നദിക്കരയിൽ ഒരു പള്ളി പണിയാൻ സഹായിക്കുന്നതിനായി ഒറീസ്സയിലെ കാട്ടിലേക്ക് ആയിരുന്നു എന്റെ ആദ്യത്തെ ഹ്രസ്വകാല മിഷൻ യാത്ര. ഒരു ദിവസം ഉച്ചതിരിഞ്ഞ്, ആ പ്രദേശത്തെ, വാട്ടർ ഫിൽറ്റർ ഉള്ള ചുരുക്കം ചില വീടുകളിൽ ഒന്ന് ഞങ്ങൾ സന്ദർശിച്ചു. ഞങ്ങളുടെ ആതിഥേയൻ കലങ്ങിയ കിണർ വെള്ളം വാട്ടർ ഫിൽറ്ററിന്റെ മുകളിലേക്ക് ഒഴിച്ചപ്പോൾ, മിനിറ്റുകൾക്കുള്ളിൽ എല്ലാ മാലിന്യങ്ങളും നീക്കം ചെയ്യപ്പെടുകയും തെളിഞ്ഞ ശുദ്ധജലം പ്രത്യക്ഷപ്പെടുകയും ചെയ്തു. ക്രിസ്തുവിനാൽ ശുദ്ധീകരിക്കപ്പെടുക എന്നതിന്റെ ഒരു ദൃഷ്ടാന്തം ആ വ്യക്തിയുടെ സ്വീകരണമുറിയിൽ എനിക്ക് കാണാൻ കഴിഞ്ഞു.
നാം ആദ്യം കുറ്റബോധത്തോടും അപമാനത്തോടും കൂടി യേശുവിന്റെ അടുക്കൽ വന്ന് പാപക്ഷമയ്ക്കായി അപേക്ഷിക്കുകയും അവനെ നമ്മുടെ രക്ഷകനായി സ്വീകരിക്കുകയും ചെയ്യുമ്പോൾ, അവൻ നമ്മുടെ പാപങ്ങളിൽ നിന്ന് നമ്മെ ശുദ്ധീകരിക്കുകയും നമ്മെ പുതുതാക്കുകയും ചെയ്യുന്നു. ചെളിവെള്ളം ശുദ്ധമായ കുടിവെള്ളമായി മാറിയതുപോലെ നാം ശുദ്ധീകരിക്കപ്പെടുന്നു. യേശുവിന്റെ യാഗം നിമിത്തം നാം ദൈവത്തോട് നിരപ്പ് പ്രാപിച്ചു എന്ന് അറിയുന്നതും (2 കൊരിന്ത്യർ 5:21), ഉദയം അസ്തമയത്തോടു അകന്നിരിക്കുന്നതുപോലെ (സങ്കീർത്തനം 103:12) ദൈവം നമ്മുടെ പാപങ്ങളെ നീക്കം ചെയ്യുന്നു എന്നറിയുന്നതും എത്ര സന്തോഷകരമാണ്!
എന്നാൽ നമ്മൾ ഇനി ഒരിക്കലും പാപം ചെയ്യില്ല എന്നല്ല ഇതിനർത്ഥം എന്ന് അപ്പോസ്തലനായ യോഹന്നാൻ നമ്മെ ഓർമ്മിപ്പിക്കുന്നു. ആ ഫിൽറ്ററിൻ്റെ ഉദാഹരണം പഠിപ്പിക്കുന്നതു പോലെ, നാമും പാപം ചെയ്യുമ്പോൾ, "നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു." (1 യോഹന്നാൻ 1:9) എന്നറിയുന്നതിലൂടെ നമുക്ക് ഉറപ്പും ആശ്വാസവും ലഭിക്കും.
നാം നിരന്തരം ക്രിസ്തുവിനാൽ ശുദ്ധീകരിക്കപ്പെടുകയാണെന്ന് അറിഞ്ഞുകൊണ്ട് നമുക്ക് ആത്മവിശ്വാസത്തോടെ ജീവിക്കാം.
