ഉദാരമായി നൽകുന്നു; പങ്കിടുന്നു
ഞാനും എന്റെ ഭാര്യയും ഞങ്ങളുടെ ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയപ്പോൾ ധാരാളം കടങ്ങൾ ഞങ്ങൾക്ക് ഉണ്ടായിരുന്നു. കുറഞ്ഞ പലിശനിരക്കിൽ ലോണെടുത്ത് കടം വീട്ടുവാൻ ഞങ്ങൾ പ്രാദേശിക ബാങ്കിൽ ലോണിന് അപേക്ഷിച്ചു, പക്ഷേ ഞങ്ങൾ ആ നഗരത്തിൽ അധികകാലം താമസിക്കുകയോ ജോലി ചെയ്യുകയോ ചെയ്തിട്ടില്ലാത്തതിനാൽ നിരസിക്കപ്പെട്ടു. കുറച്ച് ദിവസങ്ങൾക്ക് ശേഷം, ഞങ്ങളുടെ സഭയിലെ ഒരു എൽഡറായിരുന്ന എന്റെ സുഹൃത്തിനോട് ഞാൻ കാര്യം പറഞ്ഞു. " ഞാനിത് എന്റെ ഭാര്യയോട് പറയും" എന്ന് അദ്ദേഹം പോകുന്ന സമയത്ത് പറഞ്ഞു.
ഏതാനും മണിക്കൂറുകൾക്ക് ശേഷം ഫോൺ ബെല്ലടിച്ചു. അത് എന്റെ സുഹൃത്തായിരുന്നു: "ഞാനും ഭാര്യയും നിങ്ങൾക്ക് ആവശ്യമുള്ള പണം പലിശ ഇല്ലാതെ കടം തരാൻ ആഗ്രഹിക്കുന്നു," അദ്ദേഹം വാഗ്ദാനം ചെയ്തു. എന്താണ് പറയേണ്ടതെന്ന് അറിയാതെ ഞാൻ പ്രതികരിച്ചു, "എനിക്ക് നിങ്ങളോട് അങ്ങനെ ചോദിക്കാൻ കഴിയില്ല." "നിങ്ങൾ ചോദിക്കുന്നില്ല!" എന്റെ സുഹൃത്ത് സന്തോഷത്തോടെ മറുപടി പറഞ്ഞു. അവർ ദയാപൂർവം ഞങ്ങൾക്ക് കടം തന്നു, ഞാനും എന്റെ ഭാര്യയും കഴിയുന്നത്ര വേഗത്തിൽ അവർക്ക് ആ പണം തിരികെ നൽകി. ദൈവത്തോടുള്ള സ്നേഹം നിമിത്തമാണ് ഈ സുഹൃത്തുക്കൾ ഉദാരമതികളായിത്തീർന്നതെന്ന് ഞാൻ വിശ്വസിക്കുന്നു. വിശുദ്ധ ഗ്രന്ഥം നമ്മോട് പറയുന്നതുപോലെ, "കൃപതോന്നി വായ്പകൊടുക്കുന്നവൻ ശുഭമായിരിക്കും; വ്യവഹാരത്തിൽ അവൻ തന്റെ കാര്യം നേടും." (സങ്കീർത്തനം 112:5). ദൈവത്തിൽ ആശ്രയിക്കുന്നവർക്ക്, അവരുടെ ജീവിതത്തിലെ എല്ലാ നന്മകളുടെയും ഉറവിടം ദൈവമാണെന്ന് മനസ്സിലാക്കുന്നതുകൊണ്ട്, "സ്ഥിരമായ," "ഉറപ്പുള്ള" ഹൃദയങ്ങൾ ഉണ്ടായിരിക്കും (വാ. 7-8).
ദൈവം നമ്മോട് ഉദാരമനസ്കനാണ്, നമുക്ക് ജീവനും പാപക്ഷമയും നൽകുന്നു. ദൈവസ്നേഹവും, നമ്മുടെ വിഭവങ്ങളും ആവശ്യമുള്ളവരുമായി പങ്കുവെക്കുന്നതിൽ നമുക്ക് ഔദാര്യം കാണിക്കാം.

കുറവുകളിൽ നിന്ന് വിശുദ്ധിയിലേക്ക്
കുട്ടിക്കാലത്ത്, എന്റെ മകൾക്ക് പരന്ന പാൽക്കട്ടി ഉപയോഗിച്ച് കളിക്കാൻ ഇഷ്ടമായിരുന്നു. അവൾ ചതുരത്തിലുള്ള ഇളം മഞ്ഞ പാൽക്കട്ടി അവളുടെ മുഖത്ത് ഒരു മുഖംമൂടി പോലെ ഒട്ടിച്ചുവച്ചുകൊണ്ട്, പാൽക്കട്ടിയുടെ രണ്ട് ദ്വാരങ്ങളിൽ കൂടി അവളുടെ തിളങ്ങുന്ന കണ്ണുകൾ കൊണ്ട് ഒളിഞ്ഞുനോക്കിക്കൊണ്ട് "നോക്കൂ അമ്മേ" എന്ന് പറയും. ഒരു ചെറുപ്പക്കാരിയായ അമ്മ എന്ന നിലയിലുള്ള എന്റെ പരിശ്രമങ്ങളെ ആ പാൽക്കട്ടി മുഖം മൂടി പ്രതിനിധാനം ചെയ്യുന്നു—ആത്മാർത്ഥമായി നൽകുന്നത്, സ്നേഹം നിറഞ്ഞത്, എന്നാൽ, വളരെ അപൂർണ്ണമായത്. വിശുദ്ധമായതല്ല, കുറവുകളുള്ളത്.
ദൈവത്തിനായി വേർതിരിക്കപ്പെട്ടതും, യേശുവിനെപ്പോലെ ആയിരിക്കുന്നതുമായ ഒരു വിശുദ്ധ ജീവിതം നയിക്കാൻ നാം എത്രമാത്രം ആഗ്രഹിക്കുന്നു. എന്നാൽ ഈ വിശുദ്ധി ദിനംപ്രതി, കൈയ്യെത്താത്തതായി തോന്നുന്നു. അതിന്റെ സ്ഥാനത്ത്, നമ്മുടെ കുറവുകൾ അവശേഷിക്കുന്നു.
2 തിമൊഥെയൊസ് 1:6-7-ൽ, പൗലോസ് തന്റെ അനുയായിയായ തിമൊഥെയൊസിനെ തന്റെ വിശുദ്ധ വിളി അനുസരിച്ച് ജീവിക്കാൻ പ്രേരിപ്പിക്കുന്നു. "[ദൈവം] നമ്മെ രക്ഷിക്കയും വിശുദ്ധവിളികൊണ്ടു വിളിക്കയും ചെയ്തതു നമ്മുടെ പ്രവൃത്തികൾ നിമിത്തമല്ല, ... തന്റെ സ്വന്ത നിർണ്ണയത്തിന്നും കൃപെക്കും ഒത്തവണ്ണമത്രേ." (വാക്യം 9) എന്ന് അപ്പോസ്തലൻ പിന്നീട് വ്യക്തമാക്കി. ഈ ജീവിതം സാധ്യമായത് നമ്മുടെ സ്വഭാവം കൊണ്ടല്ല, ദൈവകൃപ കൊണ്ടാണ്. പൗലോസ് തുടരുന്നു, "സകലകാലത്തിന്നും മുമ്പെ ഈ കൃപ ക്രിസ്തുയേശുവിൽ നമുക്കു നൽകി" (വാക്യം 9). ദൈവത്തിന്റെ കൃപ സ്വീകരിച്ച് അത് നൽകുന്ന ശക്തിയുടെ അടിസ്ഥാനത്തിൽ നമുക്ക് ജീവിക്കാൻ കഴിയുമോ?
മാതാപിതാക്കൾ എന്ന നിലയിലോ, വിവാഹ ബന്ധത്തിലോ, ജോലിയിലോ, അല്ലെങ്കിൽ നമ്മുടെ അയൽക്കാരെ സ്‌നേഹിക്കുന്നതിലോ, ദൈവം നമ്മെ ഒരു വിശുദ്ധ ജീവിതത്തിലേക്ക് വിളിക്കുന്നു. തികഞ്ഞവരാകാനുള്ള നമ്മുടെ പരിശ്രമങ്ങൾ കൊണ്ടല്ല, മറിച്ച്, അവന്റെ കൃപ കൊണ്ടാണ് അത് സാധ്യമാകുന്നത്.

പിസ്സയിലൂടെ കരുണ
എന്റെ സഭാ നേതാവായ ഹാരോൾഡിന്റെയും ഭാര്യ പാമിന്റെയും അത്താഴത്തിനുള്ള ക്ഷണം എന്റെ ഹൃദയത്തെ കുളിരണിയിച്ചു, ഒപ്പം അതെന്നെ അസ്വസ്ഥനുമാക്കി. ബൈബിളിലെ ചില പഠിപ്പിക്കലുകൾക്ക് വിരുദ്ധമായ ആശയങ്ങൾ പഠിപ്പിക്കുന്ന ഒരു കോളേജ് ബൈബിൾ പഠന ഗ്രൂപ്പിൽ ഞാൻ ചേർന്നിരുന്നു. അതിനെക്കുറിച്ച് അവർ എന്നോട് ചോദിച്ചാലോ?
പിസ്സ കഴിച്ചുകൊണ്ടിരിക്കുമ്പോൾ, അവർ തങ്ങളുടെ കുടുംബത്തെക്കുറിച്ച് പങ്കുവെക്കുകയും എന്റെ കുടുംബത്തെക്കുറിച്ച് ചോദിക്കുകയും ചെയ്തു. ഞാൻ ഹോംവർക്കിനെക്കുറിച്ചും എന്റെ നായയെക്കുറിച്ചും എനിക്ക് ഇഷ്ടപ്പെട്ട ആളെക്കുറിച്ചും സംസാരിക്കുമ്പോൾ അവർ ശ്രദ്ധയോടെ കേട്ടു. പിന്നീട് മാത്രമാണ് ഞാൻ പങ്കെടുക്കുന്ന ഗ്രൂപ്പിനെക്കുറിച്ച് അവർ എന്നോട് സൗമ്യമായി മുന്നറിയിപ്പ് നൽകുകയും അതിന്റെ പഠിപ്പിക്കലുകളിൽ എന്താണ് തെറ്റ് എന്ന് വിശദീകരിക്കുകയും ചെയ്തത്.
അവരുടെ മുന്നറിയിപ്പ്, ബൈബിൾ പഠനത്തിലൂടെ അവതരിപ്പിച്ച നുണകളിൽ നിന്ന് എന്നെ അകറ്റുകയും തിരുവെഴുത്തുകളുടെ സത്യങ്ങളോട് അടുപ്പിക്കുകയും ചെയ്തു. തന്റെ ലേഖനത്തിൽ, യൂദാ വ്യാജ ഉപദേശകരെക്കുറിച്ച് ശക്തമായ ഭാഷ ഉപയോഗിക്കുകയും, “വിശ്വാസത്തിനായി പോരാടാൻ’’ വിശ്വാസികളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു (യൂദാ 1:3). അന്ത്യകാലത്ത് പരിഹാസികളുണ്ടാകുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു: “അവർ ഭിന്നത ഉണ്ടാക്കുന്നവർ ... പ്രാകൃതന്മാർ, ആത്മാവില്ലാത്തവർ’’ ആണ് (വാ. 18-19). എന്നിരുന്നാലും, “സംശയിക്കുന്നവരായ ചിലരോടു കരുണ ചെയ്വിൻ’’ (വാക്യം 22) എന്നു യൂദാ വിശ്വാസികളെ ആഹ്വാനം ചെയ്യുന്നു - അവരോടൊപ്പം ചേർന്നുകൊണ്ടും സത്യത്തിൽ വിട്ടുവീഴ്ച ചെയ്യാതെയും അനുകമ്പ കാണിക്കണം.
എന്റെ വിശ്വാസത്തിൽ ഞാൻ ഉറച്ചുനിൽക്കുന്നില്ലെന്ന് ഹരോൾഡിനും പാമിനും അറിയാമായിരുന്നു, പക്ഷേ എന്നെ വിധിക്കുന്നതിനുപകരം അവർ ആദ്യം അവരുടെ സൗഹൃദവും പിന്നീട് അവരുടെ ജ്ഞാനവും വാഗ്ദാനം ചെയ്തു. സംശയമുള്ളവരോട് ഇടപഴകുമ്പോൾ ജ്ഞാനവും അനുകമ്പയും ഉപയോഗിക്കുന്നതിനായി ഇതേ സ്‌നേഹവും ക്ഷമയും ദൈവം നമുക്ക് നൽകട്ടെ.

വാക്കുകൾ നമ്മുടെ ഹൃദയത്തെ പ്രതിഫലിപ്പിക്കുന്നു
മോശം ഭാഷ എങ്ങനെ ഇല്ലാതാക്കാം? ഒരു ഹൈസ്‌കൂൾ “മോശം ഭാഷ പാടില്ല’’ എന്ന വാഗ്ദാനം നടപ്പാക്കാൻ തീരുമാനിച്ചു. വിദ്യാർത്ഥികൾ പ്രതിജ്ഞയെടുത്തു: “[ഞങ്ങളുടെ സ്‌കൂളിന്റെ] കോമ്പൗണ്ടിനുള്ളിൽ ഒരു തരത്തിലുമുള്ള അശ്ലീല ഭാഷകൾ ഉപയോഗിക്കില്ലെന്ന് ഞാൻ ആത്മാർത്ഥമായി പ്രതിജ്ഞ ചെയ്യുന്നു.’’ ഇതൊരു മഹത്തായ ശ്രമമായിരുന്നു, പക്ഷേ, യേശുവിന്റെ അഭിപ്രായത്തിൽ, ബാഹ്യമായ ഒരു നിയമത്തിനും പ്രതിജ്ഞയ്ക്കും ഒരിക്കലും മോശമായ സംസാരത്തിന്റെ ഗന്ധം മറയ്ക്കാൻ കഴികയില്ല.
നല്ല ഫലം കായ്ക്കുന്ന വൃക്ഷത്തെ ആളുകൾ തിരിച്ചറിയുന്നതുപോലെ, നമ്മുടെ വായിൽ നിന്ന് വരുന്ന വാക്കുകളുടെ ദുർഗന്ധം അകറ്റുന്നത് നമ്മുടെ ഹൃദയത്തെ നവീകരിക്കുന്നതിലൂടെയാണ് ആരംഭിക്കുന്നത് (ലൂക്കൊസ് 6:43-44), നമ്മുടെ ഹൃദയം അവനോടും അവന്റെ വഴികളോടും യോജിക്കുന്നുണ്ടോ ഇല്ലയോ എന്നതിന്റെ ബോധ്യപ്പെടുത്തുന്ന സൂചകമാണ് നമ്മുടെ സംസാരം എന്ന് യേശു പറഞ്ഞു. അധരഫലം ഒരു വ്യക്തിയുടെ സംസാരത്തെ സൂചിപ്പിക്കുന്നു, “ഹൃദയത്തിൽ നിറഞ്ഞു കവിയുന്നതല്ലോ വായി പ്രസ്താവിക്കുന്നത്’’ (വാക്യം 45). നമ്മുടെ വായിൽ നിന്ന് വരുന്ന കാര്യങ്ങൾ മാറ്റണമെങ്കിൽ, അവൻ നമ്മെ സഹായിക്കുന്നതുപോലെ, നമ്മുടെ ഹൃദയങ്ങളെ മാറ്റുന്നതിലാണ് ആദ്യം നാം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് ക്രിസ്തു ചൂണ്ടിക്കാണിച്ചു.
രൂപാന്തരപ്പെടാത്ത ഹൃദയത്തിൽ നിന്ന് പുറപ്പെടുന്ന അസഭ്യമായ ഭാഷയെ നിയന്ത്രിക്കാൻ ബാഹ്യ പ്രതിജ്ഞകൾ ഉപയോഗശൂന്യമാണ്. ആദ്യം യേശുവിൽ വിശ്വസിക്കുകയും (1 കൊരിന്ത്യർ 12:3) എന്നിട്ട് നമ്മെ നിറയ്ക്കാൻ പരിശുദ്ധാത്മാവിനെ ക്ഷണിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ നമുക്ക് അസഭ്യമായ സംസാരം ഇല്ലാതാക്കാൻ കഴിയൂ (എഫെസ്യർ 5:18). ദൈവത്തിന് തുടർച്ചയായി നന്ദി അർപ്പിക്കാൻ നമ്മെ പ്രചോദിപ്പിക്കാനും സഹായിക്കാനും അവൻ നമ്മുടെ ഉള്ളിൽ പ്രവർത്തിക്കുന്നു (വാക്യം 20). അപ്പോൾ നാം മറ്റുള്ളവരോട് പ്രോത്സാഹജനകവും ഉത്സാഹിപ്പിക്കുന്നതുമായ വാക്കുകൾ സംസാരിക്കാൻ തുടങ്ങും (4:15, 29; കൊലൊസ്യർ 4:6).

ഒരു മുതിർന്നയാളിൽ നിന്നുള്ള ഉപദേശം
“ഞാൻ ഖേദിക്കുന്ന കാര്യങ്ങൾ?’’ ന്യൂയോർക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലിംഗ് എഴുത്തുകാരനായ ജോർജ്ജ് സോണ്ടേഴ്‌സ് 2013-ൽ സിറാക്കൂസ് യൂണിവേഴ്‌സിറ്റിയിലെ തന്റെ ബിരുദാന പ്രസംഗത്തിൽ ഉത്തരം നൽകിയ ചോദ്യമാണിത്. തന്റെ ഉദാഹരണങ്ങളിൽ നിന്ന് എന്തെങ്കിലും പഠിക്കാൻ ചെറുപ്പക്കാർക്കു (ബിരുദധാരികൾ) കഴിയേണ്ടതിന് ജീവിതത്തിൽ തനിക്ക് ഉണ്ടായ ഒന്നോ രണ്ടോ പശ്ചാത്താപങ്ങൾ പങ്കുവെക്കുന്ന പ്രായമായ ഒരാളുടെ (സോണ്ടേഴ്‌സ്) സമീപനമായിരുന്നു അദ്ദേഹം സ്വീകരിച്ചത്. ദരിദ്രനായതും അതികഠിനമായ ജോലി ചെയ്യുന്നതും പോലെയുള്ള കാര്യങ്ങളിലായിരിക്കും താൻ ഖേദിക്കുന്നതെന്നായിരിക്കും ആളുകൾ കരുതുന്നത്, അദ്ദേഹം പറഞ്ഞു. എന്നാൽ അതിൽ താൻ ഖേദിക്കുന്നില്ലെന്നും താൻ ഖേദിക്കുന്നത് ദയ കാണിക്കാൻ പരാജയപ്പെട്ടതിനെക്കുറിച്ചായിരുന്നു - ആരോടെങ്കിലും ദയ കാണിക്കേണ്ട അവസരങ്ങളിൽ താൻ അവരെ കടന്നുപോയതിനെക്കുറിച്ച് - എന്നും അദ്ദേഹം പറഞ്ഞു.
ഈ ചോദ്യത്തിന് ഉത്തരം നൽകിക്കൊണ്ട് അപ്പൊസ്തലനായ പൗലൊസ് എഫെസൊസിലെ വിശ്വാസികൾക്ക് എഴുതി: ക്രിസ്തീയ ജീവിതം എങ്ങനെയിരിക്കും? ഒരു പ്രത്യേക രാഷ്ട്രീയ വീക്ഷണം, ചില പുസ്തകങ്ങളോ സിനിമകളോ ഒഴിവാക്കുക, ഒരു പ്രത്യേക രീതിയിൽ ആരാധിക്കുക എന്നിങ്ങനെയുള്ളതായിരിക്കും നമ്മുടെ ഉത്തരങ്ങൾ. എന്നാൽ പൗലൊസിന്റെ സമീപനം അദ്ദേഹത്തെ സമകാലിക വിഷയങ്ങളിൽ പരിമിതപ്പെടുത്തിയില്ല. “മോശം സംസാരത്തിൽ’’ നിന്നു (എഫെസ്യർ 4:29) വിട്ടുനിൽക്കുന്നതിനെക്കുറിച്ചും കൈപ്പും കോപവും പോലുള്ള കാര്യങ്ങളിൽ നിന്ന് നമ്മെത്തന്നെ ഒഴിവാക്കുന്നതിനെക്കുറിച്ചും അവൻ പരാമർശിക്കുന്നു (വാ. 31). എന്നിട്ട് തന്റെ ''പ്രസംഗം'' ഉപസംഹരിച്ചുകൊണ്ട് അവൻ എഫെസ്യരോടും നമ്മോടും പറയുന്നു, ''നിങ്ങൾ തമ്മിൽ ദയയും മനസ്സലിവുമുള്ളവരായിരിക്കുക'' (വാക്യം 32). അതിനു പിന്നിലെ കാരണം ക്രിസ്തുവിൽ ദൈവം നിങ്ങളോട് ക്ഷമിച്ചു എന്നതാണ്.
യേശുവിലുള്ള ജീവിതത്തിന്റെ സവിശേഷത എന്ന് നാം വിശ്വസിക്കുന്ന എല്ലാ കാര്യങ്ങളിലും, തീർച്ചയായും അവയിലൊന്ന് ദയ ആയിരിക്കണം.
