ദൈവം മാത്രം നല്കുന്ന സംതൃപ്തി
ആയിരക്കണക്കിന് രൂപയുടെ ഭക്ഷണം വീട്ടിലെത്തി- കൂറ്റൻ ചെമ്മീൻ, ഷവർമ, സാലഡ്, അങ്ങനെ പലതും അവർ എത്തിച്ച് നല്കി. കുടുംബനാഥൻ പാർട്ടി നടത്തുകയായിരുന്നില്ല. ഈ വിഭവക്കൂട്ടം ഒന്നും അയാൾ ഓർഡർ ചെയ്തത് പോലുമല്ല: അയാളുടെ ആറുവയസുകാരൻ മകൻ ചെയ്ത പണിയാണ്. എങ്ങനെ സംഭവിച്ചു എന്നല്ലേ? മകൻ ഉറങ്ങാൻ കിടന്ന സമയം പിതാവ് തന്റെ ഫോൺ അവന് കളിക്കാൻ കൊടുത്തതാണ്, കുട്ടി അതുപയോഗിച്ച് പല ഹോട്ടലുകളിൽ നിന്നും വിലപിടിച്ച ഈ വസ്തുക്കൾ ഓർഡർ ചെയ്തു. "നീ എന്താണിങ്ങനെ ചെയ്തത്?" ഒളിച്ചിരുന്ന കുട്ടിയോട് പിതാവ് ചോദിച്ചു. "എനിക്ക് വിശക്കുകയായിരുന്നു" എന്നായിരുന്നു മറുപടി. കുട്ടിയുടെ വിശപ്പും പക്വതക്കുറവും വളരെ ചെലവേറിയതായി!
ഏശാവിന്റെ വിശപ്പ് അവന് ആയിരക്കണക്കിന് രൂപയേക്കാൾ നഷ്ടം വരുത്തി. അവൻ വിശപ്പുകൊണ്ട് വലഞ്ഞ് മരിക്കാറായി എന്നാണ് ഉല്പത്തി 25 ൽ പറയുന്നത്. അവൻ സഹോദരനോട് , "ആ ചുവന്ന പായസം കുറെ എനിക്ക് തരണം; ഞാൻ നന്നാ ക്ഷീണിച്ചിരിക്കുന്നു" (വാ.30 ) എന്ന് പറഞ്ഞു. എന്നാൽ യാക്കോബ് അതിനുപകരം ഏശാവിന്റെ ജ്യേഷ്ഠാവകാശം ആണ് ചോദിച്ചത് (വാ.31). ഈ ജന്മാവകാശത്തിൽ ആദ്യജാതൻ എന്ന പദവിയും ദൈവത്തിന്റെ പ്രത്യേക അനുഗ്രഹങ്ങളും, അവകാശങ്ങളിൽ ഇരട്ടി ഓഹരിയും, കുടുംബത്തിന്റെ ആത്മീയ നേതൃത്വവും ഒക്കെ ഉൾപ്പെട്ടിരുന്നു. തന്റെ വിശപ്പിന് വിധേയനായി ഏശാവ് "ഭക്ഷിച്ച് പാനം ചെയ്തു", "ജ്യേഷ്ഠാവകാശത്തെ അലക്ഷ്യമാക്കിക്കളഞ്ഞു" (വാ.34).
നമുക്കും വല്ലാത്ത പ്രലോഭനവും താല്പര്യവും ഉണ്ടാകുമ്പോൾ, വിനാശകരമായ തെറ്റുകളിലേക്ക് നമ്മുടെ താല്പര്യങ്ങൾ പോകാതെ, സ്വർഗീയ പിതാവിങ്കലേക്ക് നോക്കാം: "സകല നന്മകളും കൊണ്ട്"(സങ്കീ.107:9) നമ്മുടെ ആത്മാവിന്റെ വിശപ്പും ദാഹവും അവിടുന്ന് ശമിപ്പിക്കും.

തീവ്രദുഃഖത്തിന്റെ വിലാപം
ഭൂകമ്പത്തിൽ തകർന്ന കെട്ടിടത്തിന്റെ അടിയിൽ അകപ്പെട്ട സിറിയൻ പെൺകുട്ടി, അഞ്ച് വയസ്സുകാരി ജിനാൻ, തന്റെ കുഞ്ഞനുജനെ പരിക്കു പറ്റാതെ പൊതിഞ്ഞ് പിടിച്ച് കൊണ്ട്, രക്ഷാപ്രവർത്തകരുടെ ശ്രദ്ധ കിട്ടാൻ കരഞ്ഞ് നിലവിളിക്കുകയായിരുന്നു. "എന്നെ ഇവിടുന്ന് ഒന്ന് രക്ഷിക്കൂ. ഞാൻ നിങ്ങൾക്ക് എന്തു വേണേലും ചെയ്യാം. നിങ്ങളുടെ വേലക്കാരി ആയിരുന്നോളാം", ഹൃദയം നുറുങ്ങി അവൾ കരഞ്ഞു പറഞ്ഞു.
തീവ്ര ദുഃഖത്തിന്റെ നിലവിളികൾ സങ്കീർത്തനത്തിൽ എവിടെയും കാണാം: "ഞെരുക്കത്തിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു, യഹോവ ഉത്തരമരുളി."(സങ്കീ.118:5). ചിലപ്പോൾ ഒരു ഭൂകമ്പം തകർത്ത കെട്ടിടത്തിന്റെ അടിയിൽ നാം അമർന്ന് പോയെന്ന് വരില്ല, എന്നാൽ ഒരു രോഗത്തിന്റെ സ്ഥിരീകരണമോ സാമ്പത്തിക തകർച്ചയോ, ഭാവിയെക്കുറിച്ചുള്ള ആശങ്കയോ, തകർന്ന ബന്ധമോ ഒക്കെ നമ്മെ ശ്വാസം മുട്ടിക്കുന്ന ഭയത്തിന് ഇടയാക്കിയേക്കാം.
ഈ സന്ദർഭങ്ങളിൽ, ദൈവം വിടുവിക്കുകയാണെങ്കിൽ ഇന്നതൊക്കെ ചെയ്യാം എന്ന് നാം വിലപേശൽ നടത്തിയേക്കാം. സഹായിക്കുന്നതിന് സ്വാധീനമൊന്നും ദൈവത്തിന് ആവശ്യമില്ല. അവൻ ഉത്തരമരുളാം എന്ന് വാഗ്ദത്തം ചെയ്തിട്ടുണ്ട്. ചിലപ്പോൾ നമ്മുടെ ദുരിതത്തിൽ നിന്ന് വിടുതൽ അല്ലായിരിക്കാം. പകരം അവിടുന്ന് നമ്മുടെ കൂടെയിരിക്കുക മാത്രമാകും. നാം ഒരു ദുരന്തവും ഭയക്കേണ്ടതില്ല - മരണം പോലും. സങ്കീർത്തനക്കാരനൊപ്പം നമുക്കും പറയാം: "എന്നെ സഹായിക്കുന്നവരോടു കൂടെ യഹോവ എന്റെ പക്ഷത്തുണ്ട്; ഞാൻ എന്നെ പകക്കുന്നവരെ കണ്ട് രസിക്കും"(വാ.7).
ജിനാനും സഹോദരനും രക്ഷപെട്ടതുപോലെ നാടകീയവിടുതൽ ഒന്നും ദൈവം എപ്പോഴും വാഗ്ദാനം ചെയ്തിട്ടില്ല എങ്കിലും ദൈവത്തിന്റെ വിശ്വസ്തതയിൽ നമുക്ക് ശരണപ്പെടാം; അവൻ നമ്മെയും
"വിശാലസ്ഥലത്താക്കും" (വാ.5). അവൻ നമ്മുടെ സാഹചര്യം അറിയുന്നു, ഒരിക്കലും കൈവിടില്ല, മരണത്തിൽപ്പോലും.

ക്രിസ്തുവിലുള്ള ധൈര്യം
19-ാം നൂറ്റാണ്ടിന്റെ ആരംഭകാലത്ത് ചിക്കാഗോയിൽ താമസിച്ചിരുന്ന മേരി മക്ഡവൽ ചുറ്റുപാടുമുള്ള കന്നുകാലി ശാലകളിൽ പണിയെടുക്കുന്നവരുടെ കൊടും യാതന അറിഞ്ഞിരുന്നില്ല. അവളുടെ താമസസ്ഥലത്ത് നിന്ന് 20 മൈൽ മാത്രം അകലെയായുണ്ടായിരുന്ന ഈ തൊഴിലിടങ്ങളിലെ ഭയാനകമായ സ്ഥിതിയിൽ പ്രതിഷേധിച്ച് തൊഴിലാളികൾ സമരം ചെയ്യുക വരെയുണ്ടായി. പിന്നീട് അവരുടെ യാതനകൾ മനസ്സിലാക്കിയ മക്ഡവൽ അവരുടെ കുടുംബങ്ങളുടെയിടയിലേക്ക് താമസം മാറ്റി; അവരുടെ മെച്ചപ്പെട്ട ജീവിതത്തിനായി പ്രയത്നിച്ചു. അവരുടെ കുഞ്ഞുങ്ങളെ പഠിപ്പിക്കാൻ ഒരു കടയുടെ പിന്നിലായി ഒരു സ്കൂളും ആരംഭിച്ചു.
മറ്റുള്ളവരുടെ നന്മക്കായി നിലപാടെടുക്കുക എന്നതാണ് - നേരിട്ടല്ലെങ്കിലും - എസ്തെറും ചെയ്തത്. അവൾ പേർഷ്യയുടെ രാജ്ഞി ആയിരുന്നു(എസ്തെർ 2:17). പേർഷ്യയിലുടനീളം ചിതറിക്കിടന്ന പ്രവാസികളായ മറ്റ് ഇസ്രയേൽക്കാരെക്കാളെല്ലാം അവകാശാധികാരങ്ങൾ എസ്തെറിനുണ്ടായിരുന്നു. എങ്കിലും അവൾ അവർക്കുവേണ്ടി, സ്വന്തം ജീവൻ തന്നെ അപകടത്തിലാക്കി, നിലപാടെടുത്തു; "പിന്നെ ഞാൻ നിയമപ്രകാരമല്ലെങ്കിലും രാജാവിന്റെ അടുക്കൽ ചെല്ലും; ഞാൻ നശിക്കുന്നു എങ്കിൽ നശിക്കട്ടെ" (എസ്തെർ 4:16) എന്ന് പറഞ്ഞുകൊണ്ട്. അവൾ ഒരു യഹൂദ സ്ത്രീയാണെന്ന് ഭർത്താവായ രാജാവ് അറിഞ്ഞിട്ടുണ്ടായിരുന്നില്ല(2:10); അതുകൊണ്ട് അവൾക്ക് മിണ്ടാതിരിക്കാമായിരുന്നു. എങ്കിലും സ്വജനത്തിന്റെ സഹായാഭ്യർത്ഥന തള്ളിക്കളയാതെ, യഹൂദരെ നശിപ്പിക്കാനുള്ള ദുഷ്ടമായ നീക്കം തടയാനായി അവൾ ധൈര്യം പൂണ്ട് പ്രവർത്തിച്ചു.
മേരി മക്ഡവലിനെപ്പോലെയോ എസ്തെറിനെപ്പോലെയോ വലിയ നീക്കങ്ങൾ ഒന്നും നടത്താൻ കഴിഞ്ഞില്ലെങ്കിലും മറ്റുള്ളവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ്, ദൈവം നല്കുന്ന സാധ്യതകൾക്കനുസരിച്ച് അവരെ സഹായിക്കാൻ നമുക്ക് കഴിയും.

സ്രഷ്ടാവിനെ ഓർക്കുക
തനിക്ക് മരണകരമായ കാൻസർ ആണെന്ന് സമ്മതിക്കാൻ വിസമ്മതിച്ച ഒരു സ്ത്രീയെക്കുറിച്ചുള്ള ഒരു നോവൽ ഈയിടെ ഞാൻ വായിച്ചു. യാഥാർത്ഥ്യം അംഗീകരിച്ച് പ്രവർത്തിക്കാൻ നിക്കോളായുടെ സുഹൃത്തുക്കൾ അവളെ നിർബന്ധിച്ചെങ്കിലും അവൾ സമ്മതിച്ചില്ല. ധാരാളം കഴിവുകളും സമ്പത്തും ഉണ്ടായിരുന്നെങ്കിലും അവൾ പരിതപിച്ചു: "ഞാൻ എന്റെ ജീവിതം നഷ്ടമാക്കി. ഒന്നും നേടാനായില്ല. വെറുതെ സമയം പാഴാക്കി. ഒന്നും ചെയ്തില്ല" എന്നൊക്കെ. ഒന്നും നേടാനായില്ല എന്ന് തോന്നുന്നതിനാൽ ഈ ലോകം വിട്ടു പോകുന്നു എന്ന ചിന്ത അവൾക്ക് ഉൾക്കൊള്ളാനാകാത്ത വേദനയായി.
ഈ സമയത്ത് തന്നെ ഞാൻ സഭാപ്രസംഗി വായിച്ചപ്പോൾ ഇതിനെതിരായ ആഹ്വാനം കണ്ട് ഞാൻ സ്തബ്ധനായി. മരണമെന്ന യാഥാർത്ഥ്യത്തെ അത് ശക്തമായി ബോധ്യപ്പെടുത്തുന്നു. എല്ലാവരും പോകുന്ന പാതാളം എന്ന യാഥാർത്ഥ്യം (9:10) നമുക്ക് പ്രയാസകരമെങ്കിലും അഭിമുഖീകരിച്ചേ മതിയാകൂ (9:2). അതുകൊണ്ട് ജീവിച്ചിരിക്കുന്ന ഓരോ നിമിഷവും വിലയേറിയതായി കാണണം (വാ.4). ഭക്ഷണവും കുടുംബ സൗഹൃദവും ഒക്കെ ബോധപൂർവ്വം ആസ്വദിക്കണം (വാ. 7-9). ചെയ്യാവുന്ന പ്രവൃത്തിയൊക്കെ ചെയ്യണം (വാ.10). പറ്റുന്ന എല്ലാ സംരഭവും സാഹസപൂർവം ഏറ്റെടുക്കണം (11:1,6). ഒരു ദിവസം ദൈവത്തിന്റെ മുമ്പിൽ കണക്ക് കൊടുക്കേണ്ടതാണ് എന്ന ബോധ്യത്തിൽ എല്ലാം ചെയ്യണം (11: 9; 12:13-14).
നിക്കോളാ വളരെ വിശ്വസ്തയും ഔദാര്യമുള്ളവളും ആയിരുന്നതുകൊണ്ട് അവളുടെ ജീവിതം ഒരിക്കലും നഷ്ടമായിരുന്നില്ല എന്ന് സുഹൃത്തുക്കൾ ചൂണ്ടിക്കാണിച്ചു. സഭാപ്രസംഗിയുടെ വാക്കുകൾ നമ്മുടെ ജീവിതാന്ത്യത്തിലും ഇങ്ങനെയൊരു സംഘർഷം വരാതെ സഹായിക്കും; സ്രഷ്ടാവിനെ ഓർക്കുക(12:1), അവന്റെ വഴികളെ അനുഗമിക്കുക, ജീവിക്കാനും ദൈവം നല്കുന്നതിനെയെല്ലാം സ്നേഹിക്കാനും ഉള്ള ഏത് അവസരവും ആസ്വദിക്കുക.

ദൈവം സകലത്തെയും സൃഷ്ടിച്ചു
കാലിഫോർണിയയിലെ മോണ്ടെറേ ബേ അക്വേറിയത്തിലേക്ക് പ്രവേശിച്ചപ്പോൾ മൂന്ന് വയസുകാരനായ എന്റെ മകൻ, സേവ്യർ, എന്റെ കയ്യിൽ പിടിച്ച് ഞെക്കി. അവിടെ തൂക്കിയിട്ടിരുന്ന ഒരു ഭീമൻ തിമിംഗലത്തിന്റെ രൂപം കണ്ട് അവൻ അതിശയിച്ച് നിന്നു. ഓരോ പ്രദർശനവും കാണുന്തോറും അവന്റെ വിടർന്ന കണ്ണുകളിലെ ആനന്ദം കാണേണ്ടതായിരുന്നു. നീർനായകളുടെ ഭക്ഷണത്തിനായുള്ള പുളച്ചിൽ കണ്ട് ഞങ്ങൾ ചിരിച്ചു പോയി. സ്വർണ്ണനിറമുള്ള ജെല്ലിഫിഷിന്റെ നീല നിറത്തിലുള്ള വെള്ളത്തിലെ മനോഹര നൃത്തം നയനാനന്ദകരമായിരുന്നു. "നിന്നെയും എന്നെയും സൃഷ്ടിച്ചതു പോലെ തന്നെ കടലിലെ എല്ലാ ജീവികളെയും ദൈവം സൃഷ്ടിച്ചതാണ്" എന്ന് ഞാൻ പറഞ്ഞപ്പോൾ സേവ്യർ ഒരു അതിശയ ശബ്ദം പുറപ്പെടുവിച്ചു.
സങ്കീർത്തനം 104 ൽ, ദൈവത്തിന്റെ അതിശയ സൃഷ്ടികളെ ഓർത്ത് സങ്കീർത്തകൻ പാടുകയാണ്:
"ജ്ഞാനത്തോടെ നീ അവയെ ഒക്കെയും ഉണ്ടാക്കിയിരിക്കുന്നു; ഭൂമി നിന്റെ സൃഷ്ടികളാൽ നിറഞ്ഞിരിക്കുന്നു(വാ.24). വീണ്ടും പറയുന്നു: "വലിപ്പവും വിസ്താരവുമുള്ള സമുദ്രം അതാ കിടക്കുന്നു. അതിൽ സഞ്ചരിക്കുന്ന ചെറിയതും വലിയതുമായ അസംഖ്യം ജന്തുക്കൾ ഉണ്ട്" (വാ.25). താൻ സൃഷ്ടിച്ചതിനെയൊക്കെയും ഔദാര്യമായും സുഭിക്ഷമായും പരിപാലിക്കുന്നതും തുടർന്ന് വർണ്ണിക്കുന്നു. (വാ. 27, 28). ഓരോ ജീവിയുടെയും ദിവസങ്ങൾ ദൈവം നിശ്ചയിച്ചിട്ടുണ്ടെന്നും അവിടെ പറഞ്ഞിരിക്കുന്നു. (വാ. 29,30).
നമുക്കും സങ്കീർത്തകനോട് ചേർന്ന് ആരാധിച്ച് പാടാം: "എന്റെ ആയുഷ്ക്കാലത്തൊക്കെയും ഞാൻ യഹോവക്ക് പാടും; ഞാൻ ഉള്ളിടത്തോളം എന്റെ ദൈവത്തിന് കീർത്തനം പാടും" (വാ. 33). ചെറുതും വലുതുമായ ഏതു ജീവജാലവും ദൈവത്തെ ആരാധിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു; കാരണം അവയെയെല്ലാം സൃഷ്ടിച്ചത് ദൈവമാണ്.
