Category  |  odb

വിവരങ്ങളും തെളിവുകളും

എബ്രഹാം ലിങ്കണിനെക്കുറിച്ച് ഒരു പുസ്തകം എഴുതാൻ ഡോറിസ് കെയൻസ് ഗുഡ്വിൻ തീരുമാനിച്ചപ്പോൾ, അമേരിക്കയുടെ പതിനാറാം പ്രസിഡന്റിനെക്കുറിച്ച് ഇതിനകം പതിനാലായിരത്തോളം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട് എന്ന വസ്തുത അവളെ ഭയപ്പെടുത്തി. ഈ പ്രിയ നേതാവിനെ കുറിച്ച് ഇനി എന്താണ് പറയാനുള്ളത്? നിരാശപ്പെടാതെ, ഗുഡ്വിൻ തന്റെ ശ്രമം തുടർന്നതിന്റെ ഫലമാണ്, A Team of Rivals: The Political Genius of Abraham Lincoln എന്ന പുസ്തകം. ലിങ്കണിന്റെ നേതൃത്വ ശൈലിയെക്കുറിച്ചുള്ള പുത്തൻ ഉൾക്കാഴ്‌ചകളാൽ മികച്ച റേറ്റിംഗും മികച്ച അവലോകനവും നേടിയ ഒരു പുസ്തകമായി അതു മാറി.

യേശുവിന്റെ ശുശ്രൂഷയെയും അഭിനിവേശത്തെയും കുറിച്ചുള്ള തന്റെ വിവരണം എഴുതിയപ്പോൾ അപ്പോസ്തലനായ യോഹന്നാൻ മറ്റൊരു വെല്ലുവിളി നേരിട്ടു. യോഹന്നാന്റെ സുവിശേഷത്തിന്റെ അവസാന വാക്യം പറയുന്നു, “യേശു ചെയ്തത് മറ്റു പലതും ഉണ്ട്; അത് ഓരോന്നായി എഴുതിയാൽ എഴുതിയ പുസ്തകങ്ങൾ ലോകത്തിൽതന്നെയും ഒതുങ്ങുകയില്ല എന്ന് ഞാൻ നിരൂപിക്കുന്നു” (യോഹന്നാൻ 21:25). യോഹന്നാന്  ഉപയോഗിക്കാൻ കഴിയുന്നതിലും കൂടുതൽ മെറ്റീരിയൽ ഉണ്ടായിരുന്നു!

അതിനാൽ, തന്റെ രചനയിൽ ഉടനീളം യേശുവിന്റെ "ഞാൻ" എന്ന അവകാശവാദത്തെ പിന്തുണയ്ക്കുന്ന തിരഞ്ഞെടുത്ത ചില അത്ഭുതങ്ങളിൽ (അടയാളങ്ങളിൽ) മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതായിരുന്നു യോഹന്നാന്റെ ശ്രമം. എങ്കിലും ഈ ശ്രമത്തിനു പിന്നിൽ ഒരു മഹത്തായ ഉദ്ദേശമുണ്ടായിരുന്നു: "യേശു ദൈവപുത്രനായ ക്രിസ്തു എന്നു നിങ്ങൾ വിശ്വസിക്കേണ്ടതിനും വിശ്വസിച്ചിട്ട് അവന്റെ നാമത്തിൽ നിങ്ങൾക്കു ജീവൻ ഉണ്ടാകേണ്ടതിനും ഇത് എഴുതിയിരിക്കുന്നു" (വാക്യം 31). തെളിവുകളുടെ കൂമ്പാരങ്ങളിൽ നിന്ന്, യോഹന്നാൻ യേശുവിൽ വിശ്വസിക്കാൻ ധാരാളം കാരണങ്ങൾ നൽകി. ഇന്ന് നിങ്ങള്ക്ക് ആരോടൊക്കെ അവനെക്കുറിച്ച് പ്രകീർത്തിക്കാൻ കഴിയും?

അർഹതയില്ലാത്ത സമ്മാനം

ഈയിടെ എന്റെ ഒരു സുഹൃത്ത് എനിക്ക് ഒരു സമ്മാനം തന്നപ്പോൾ, ഞാൻ അത്ഭുതപ്പെട്ടു. അവളിൽ നിന്ന് ഇത്രയും നല്ല ഒരു സമ്മാനത്തിന് അർഹയാകുമെന്ന് ഞാൻ കരുതിയില്ല. ഞാൻ അനുഭവിക്കുന്ന ചില ജോലി സമ്മർദത്തെക്കുറിച്ച് കേട്ടതിന് ശേഷമാണ് അവൾ അത് അയച്ചത്. പ്രായമായ ഒരു മാതാവ്, അവളുടെ ചെറിയ കുട്ടികൾ, ജോലിസ്ഥലത്തെ അസ്വസ്ഥതകൾ, ദാമ്പത്യത്തിലെ പിരിമുറുക്കം എന്നിവയാൽ  അവൾ എന്നേക്കാൾ കൂടുതൽ സമ്മർദ്ദത്തിലൂടെ കടന്നുപോകുന്നു. എന്നിട്ടും, അവളെക്കാൾ കൂടുതൽ അവൾ എന്നെക്കുറിച്ച് ചിന്തിച്ചുവെന്നത് എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല, അവളുടെ ലളിതമായ സമ്മാനം എന്നെ കണ്ണീരിലാഴ്ത്തി. 

സത്യത്തിൽ, നാമെല്ലാവരും ഒരിക്കലും അർഹിക്കാത്ത ഒരു സമ്മാനത്തിന്റെ സ്വീകർത്താക്കളാണ്. പൗലോസ് ഇപ്രകാരം പറഞ്ഞു: " ക്രിസ്തുയേശു പാപികളെ രക്ഷിപ്പാൻ ലോകത്തിൽ വന്നു എന്നുള്ളതു വിശ്വാസ്യവും എല്ലാവരും അംഗീകരിപ്പാൻ യോഗ്യവുമായ വചനംതന്നെ; ആ പാപികളിൽ ഞാൻ ഒന്നാമൻ." (1 തിമോത്തി 1:15). അവൻ പറയുന്നു, “മുമ്പേ ഞാൻ ദൂഷകനും ഉപദ്രവിയും നിഷ്ഠുരനും ആയിരുന്നു; എങ്കിലും അവിശ്വാസത്താൽ അറിയാതെ ചെയ്തതാകകൊണ്ട് എനിക്കു കരുണ ലഭിച്ചു.” (വാ. 13). ഉയിർത്തെഴുന്നേറ്റ യേശു, കൃപയുടെ സൗജന്യ ദാനത്തെക്കുറിച്ച് പൗലോസിന് ആഴത്തിലുള്ള ധാരണ നൽകി. തൽഫലമായി, ആ സമ്മാനത്തിനു അർഹതയില്ലാത്ത സ്വീകർത്താവ് എന്നതിന്റെ അർത്ഥമെന്താണെന്ന് അവൻ മനസ്സിലാക്കുകയും ദൈവസ്നേഹത്തിന്റെ ശക്തമായ ഉപകരണമായി മാറുകയും ദൈവം തനിക്കുവേണ്ടി ചെയ്ത കാര്യങ്ങളെക്കുറിച്ച് പലരോടും പറയുകയും ചെയ്തു.

ദൈവകൃപയാൽ മാത്രമാണ് നമുക്ക് ശിക്ഷയ്ക്ക് പകരം സ്നേഹവും ന്യായവിധിക്ക് പകരം കരുണയും ലഭിക്കുന്നത്. ഇന്ന്, ദൈവം നൽകിയ അനർഹമായ കൃപയെ നമുക്ക് ആഘോഷിക്കാം, ആ കൃപ മറ്റുള്ളവർക്ക് പ്രകടിപ്പിക്കാനുള്ള വഴികൾക്കായി നോക്കാം.

ദൈവത്തിൽ വസിക്കുക

ഒരു സായാഹ്നത്തിൽ, ഞങ്ങളുടെ അയൽപക്കത്തുള്ള ഒരു നിർമ്മാണ സ്ഥലത്തിനു സമീപം ഞാൻ ജോഗിംഗ് നടത്തുമ്പോൾ, മെലിഞ്ഞതും വൃത്തികെട്ടതുമായ ഒരു പൂച്ചക്കുട്ടി പ്രതീക്ഷയോടെ എന്നെ നോക്കി വീട്ടിലേക്ക് അനുഗമിച്ചു. ഇന്ന്, മിക്കി ആരോഗ്യമുള്ള, സുന്ദരനായ ഒരു മുതിർന്ന പൂച്ചയാണ്, ഞങ്ങളുടെ വീട്ടിൽ സുഖപ്രദമായ ജീവിതം ആസ്വദിക്കുകയും എന്റെ കുടുംബം അവനെ വളരെയധികം സ്നേഹിക്കുകയും ചെയ്യുന്നു. ഞാൻ അവനെ കണ്ടെത്തിയ വഴിയിൽ ജോഗ് ചെയ്യുമ്പോഴെല്ലാം, ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്, ദൈവമേ നന്ദി. മിക്കിയെ തെരുവിൽ നിന്ന് മോചിപ്പിച്ച് ഒരു വീട് നൽകിയതിനാൽ.

സങ്കീർത്തനം 91, “അത്യുന്നതന്റെ മറവിൽ വസിക്കയും സർവശക്തന്റെ നിഴലിൻകീഴിൽ പാർക്കയും” (വാക്യം 1) ചെയ്യുന്നവരെക്കുറിച്ച് പറയുന്നു. ‘വസിക്കുന്നു’ എന്നതിന്റെ എബ്രായ പദത്തിന്റെ അർത്ഥം "നിലനിൽക്കുക, സ്ഥിരമായി താമസിക്കുക" എന്നാണ്. നാം അവനിൽ നിലനിൽക്കുമ്പോൾ, അവന്റെ ജ്ഞാനത്തിനനുസരിച്ച് ജീവിക്കാനും എല്ലാറ്റിനുമുപരിയായി അവനെ സ്നേഹിക്കാനും അവൻ നമ്മെ സഹായിക്കുന്നു (വാ. 14; യോഹന്നാൻ 15:10). നിത്യതയോളം തന്നോടുകൂടെ ആയിരിക്കുന്നതിന്റെ ആശ്വാസവും അതുപോലെ ഭൗമിക പ്രയാസങ്ങളിലൂടെ അവൻ നമ്മോടൊപ്പമുള്ളതിന്റെ സുരക്ഷിതത്വവും ദൈവം നമുക്ക് വാഗ്ദാനം ചെയ്യുന്നു. പ്രശ്‌നങ്ങൾ വരാമെങ്കിലും, അവന്റെ പരമാധികാരത്തിലും പരിജ്ഞാനത്തിലും സ്‌നേഹത്തിലും നമ്മെ സംരക്ഷിക്കാനും വിടുവിക്കാനുമുള്ള അവന്റെ വാഗ്ദാനങ്ങളിൽ നമുക്ക് ആശ്രയിക്കാം.

നാം ദൈവത്തെ നമ്മുടെ സങ്കേതമാക്കുമ്പോൾ, നാം "സർവ്വശക്തന്റെ നിഴലിൽ" ജീവിക്കുന്നു (സങ്കീർത്തനം 91:1). അവന്റെ അനന്തമായ ജ്ഞാനവും സ്നേഹവും അനുവദിക്കുന്നതല്ലാതെ ഒരു കുഴപ്പവും നമ്മെ സ്പർശിക്കുകയില്ല. ഇതാണ് നമ്മുടെ വീടെന്ന നിലയിൽ ദൈവത്തിലുള്ള സുരക്ഷിതത്വം.

യേശുവിനെ കാണുന്നു

നാല് മാസം പ്രായമുള്ള ലിയോ തന്റെ മാതാപിതാക്കളെ കണ്ടിട്ടില്ല. കാഴ്ച മങ്ങിക്കുന്ന ഒരു അപൂർവ അവസ്ഥയുമായാണ് അവൻ ജനിച്ചത്. ഇടതൂർന്ന മൂടൽമഞ്ഞിൽ ജീവിക്കുന്നതുപോലെയായിരുന്നു അവന്റെ അവസ്ഥ. അതിനാൽ നേത്രരോഗവിദഗ്ദ്ധർ അവനായി ഒരു പ്രത്യേക കണ്ണട ഉണ്ടാക്കി നൽകി.

അമ്മ ആദ്യമായി പുതിയ കണ്ണട അവന്റെ കണ്ണുകളിൽ വയ്ക്കുന്നതിന്റെ വീഡിയോ ലിയോയുടെ പിതാവ് പോസ്റ്റ് ചെയ്തു. ലിയോയുടെ കണ്ണുകൾ പതുക്കെ ഫോക്കസ് ചെയ്യുന്നത് നമ്മൾ കാണുന്നു. തന്റെ അമ്മയെ ആദ്യമായി കാണുമ്പോൾ അവന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. അത് അമൂല്യമായിരുന്നു. ആ നിമിഷം, ചെറിയ ലിയോയ്ക്ക് അവന്റെ അമ്മയെ വ്യക്തമായി കാണാൻ കഴിഞ്ഞു.

യേശു തന്റെ ശിഷ്യന്മാരുമായി നടത്തിയ സംഭാഷണം യോഹന്നാൻ റിപ്പോർട്ട് ചെയ്യുന്നു. ഫിലിപ്പോസ് അവനോട് ചോദിച്ചു, "പിതാവിനെ ഞങ്ങൾക്കു കാണിച്ചു തരേണമേ" (യോഹന്നാൻ 14:8). ഇത്രയും കാലം ഒരുമിച്ച് കഴിഞ്ഞിട്ടും യേശുവിന്റെ ശിഷ്യന്മാർക്ക് തങ്ങളുടെ മുന്നിൽ ആരാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല. അവൻ മറുപടി പറഞ്ഞു: ഞാൻ പിതാവിലും പിതാവ് എന്നിലും ആകുന്നു എന്ന് നീ വിശ്വസിക്കുന്നില്ലയോ? (വാ. 10). "ഞാൻ തന്നെ വഴിയും സത്യവും ജീവനും ആകുന്നു" (വാ. 6) എന്ന് നേരത്തെ യേശു പറഞ്ഞിരുന്നു. യേശുവിന്റെ ഏഴ് "ഞാൻ ആകുന്നു" എന്ന പ്രസ്താവനകളിൽ ആറാമത്തേതാണ് ഇത്. ഈ ലെൻസുകളിലൂടെ അവനെ നോക്കാനും അവൻ യഥാർത്ഥത്തിൽ ആരാണെന്ന് - ദൈവം തന്നെ എന്ന് കാണാനും അവൻ നമ്മോട് പറയുന്നു.

നമ്മൾ ഈ ശിഷ്യന്മാരെപ്പോലെയാണ്. പ്രയാസകരമായ സമയങ്ങളിൽ, നമ്മൾ ബുദ്ധിമുട്ടുകയും നമ്മുടെ കാഴ്ച മങ്ങുകയും ചെയ്യുന്നു. ദൈവം ചെയ്തതും ചെയ്യാൻ കഴിയുന്നതുമായ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ നാം പരാജയപ്പെടുന്നു. ചെറിയ ലിയോ പ്രത്യേക കണ്ണട ധരിച്ചപ്പോൾ, മാതാപിതാക്കളെ വ്യക്തമായി കണ്ടു. യേശു യഥാർത്ഥത്തിൽ ആരാണെന്ന് വ്യക്തമായി കാണുന്നതിന് ഒരുപക്ഷേ നാം നമ്മുടെ ദൈവത്തിന്റെ കണ്ണട ധരിക്കേണ്ടതുണ്ട്.

ദൈവത്തിന്റെ കരങ്ങൾ തുറന്നിരിക്കുന്നു

ഞാൻ എന്റെ മൊബൈൽ ഫോണിലേക്ക് മുഖം ചുളിച്ച് നെടുവീർപ്പിട്ടു. ആശങ്ക എന്റെ നെറ്റിയിൽ ചുളിവുകളുണ്ടാക്കി. എനിക്കും എന്റെ സുഹൃത്തിനും ഞങ്ങളുടെ കുട്ടികളുമായുള്ള ഒരു പ്രശ്‌നത്തിൽ ഗുരുതരമായ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു, ഞാൻ അവളെ വിളിച്ച് ക്ഷമ ചോദിക്കണമെന്ന് എനിക്കറിയാമായിരുന്നു. ഞങ്ങളുടെ കാഴ്ചപ്പാടുകൾ ഇപ്പോഴും വൈരുദ്ധ്യത്തിലായതിനാൽ ഞാൻ അത് ചെയ്യാൻ ആഗ്രഹിച്ചില്ല എങ്കിലും, ഞങ്ങൾ വിഷയം ചർച്ച ചെയ്ത അവസാന തവണ ഞാൻ ദയയോ വിനയമോ കാണിച്ചില്ലെന്ന് എനിക്കറിയാം.

അവളുടെ ഫോൺ കോൾ പ്രതീക്ഷിച്ച് ഇരിക്കുമ്പോൾ ഞാൻ ഭയന്നു, അവൾ എന്നോട് ക്ഷമിച്ചില്ലെങ്കിലോ? ഞങ്ങളുടെ സൗഹൃദം തുടരാൻ അവൾ ആഗ്രഹിക്കുന്നില്ലെങ്കിൽ എന്തുചെയ്യും? അപ്പോഴാണ്, ഒരു പാട്ടിന്റെ വരികൾ മനസ്സിലേക്ക് വന്നത്. ആ സാഹചര്യത്തിൽ ഞാൻ എന്റെ പാപം ദൈവത്തോട് ഏറ്റുപറയുന്ന   അവസ്ഥയിലേക്ക് അത് എന്നെ തിരികെ കൊണ്ടുപോയി. ദൈവം എന്നോട് ക്ഷമിക്കുകയും കുറ്റബോധത്തിൽ നിന്ന് എന്നെ മോചിപ്പിക്കുകയും ചെയ്തുവെന്ന് എനിക്ക് ബോധ്യമായതിനാൽ എനിക്ക് ആശ്വാസം തോന്നി.

ബന്ധത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുമ്പോൾ ആളുകൾ നമ്മോട് എങ്ങനെ പ്രതികരിക്കുമെന്ന് നമ്മൾക്ക് അറിയാൻ കഴിയില്ല. നമ്മുടെ ഭാഗത്തുള്ള തെറ്റ് മനസ്സിലാക്കി, താഴ്മയോടെ ക്ഷമ ചോദിക്കുകയും ആവശ്യമായ മാറ്റങ്ങൾ വരുത്തുകയും ചെയ്യുമ്പോൾ, നമ്മൾ ദൈവത്തെ ആ പ്രശ്നം കൈകാര്യം ചെയ്യാൻ അനുവദിക്കുകയാണ്. പരിഹരിക്കപ്പെടാത്ത "ബന്ധങ്ങളുടെ" വേദന സഹിക്കേണ്ടിവന്നാലും, അവനുമായുള്ള സമാധാനം എപ്പോഴും സാധ്യമാണ്. ദൈവത്തിന്റെ കരങ്ങൾ തുറന്നിരിക്കുന്നു, നമുക്കാവശ്യമായ കൃപയും കരുണയും കാണിക്കാൻ അവൻ കാത്തിരിക്കുകയാണ്." നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു" (1 യോഹന്നാൻ 1:9).