
നമ്മുടെ സ്വർഗ്ഗസ്ഥ പിതാവിനെ വിളിക്കുക
രണ്ടാം ലോക മഹായുദ്ധം അവസാനിച്ചതായി യുഎസ് പ്രസിഡന്റ് ഹാരി ട്രൂമാൻ പ്രഖ്യാപിച്ചു മിനിറ്റുകൾക്ക് ശേഷം, മിസോറിയിലെ ഗ്രാൻഡ് വ്യൂവിലുള്ള ഒരു ചെറിയ വീട്ടിൽ ഒരു ഫോൺ റിംഗ് ചെയ്തു. തൊണ്ണൂറ്റി രണ്ട് വയസ്സുള്ള ഒരു സ്ത്രീ കോൾ എടുത്തു. “ഹലോ... അതെ, എനിക്ക് കുഴപ്പമില്ല. അതെ, ഞാൻ റേഡിയോ കേട്ടുകൊണ്ടിരിക്കുകയാണ്... നിനക്ക് ഇപ്പോൾ സാധിക്കുമെങ്കിൽ വന്നു എന്നെ കാണൂ... ഗുഡ്ബൈ” എന്നു ആ വൃദ്ധ പറയുന്നത് അവരുടെ അതിഥി കേട്ടു. വൃദ്ധ തന്റെ അതിഥിയുടെ അടുത്തേക്ക് മടങ്ങി. “[എന്റെ മകൻ] ഹാരിയായിരുന്നു അത്. ഹാരി ഒരു നല്ല മനുഷ്യനാണ്... അവൻ വിളിക്കുമെന്ന് എനിക്കറിയാമായിരുന്നു. എന്തെങ്കിലും സംഭവം ഉണ്ടായിക്കഴിഞ്ഞ ശേഷം അവൻ എപ്പോഴും എന്നെ വിളിക്കാറുണ്ട്.”
എന്തുമാത്രം നേട്ടം കൈവരിച്ചാലും, എത്രമാത്രം വയസ്സുചെന്നാലും, മാതാപിതാക്കളെ വിളിക്കാൻ നാം കൊതിക്കുന്നു. “നന്നായി!” എന്നുള്ള അവരുടെ ഉറപ്പിക്കുന്ന വാക്കുകൾ കേൾക്കാൻ. അസാമാന്യമായ വിജയം വരിച്ചവരായിരിക്കാം നാമെങ്കിൽപോലും നാം എപ്പോഴും അവരുടെ മകനോ മകളോ ആയിരിക്കും.
ഖേദകരം എന്നു പറയട്ടെ, എല്ലാവർക്കും തങ്ങളുടെ ഭൗമിക മാതാപിതാക്കളുമായി ഇത്തരത്തിലുള്ള ബന്ധം ഉണ്ടായിരിക്കണമെന്നില്ല. എന്നാൽ യേശുവിലൂടെ നമുക്കെല്ലാവർക്കും ദൈവത്തെ നമ്മുടെ പിതാവായി ലഭിക്കും. “പുത്രത്വത്തിൻ ആത്മാവിനെ അത്രേ പ്രാപിച്ചതു” (റോമർ 8:15) എന്നതുമൂലം ക്രിസ്തുവിനെ അനുഗമിക്കുന്ന നമ്മെ ദൈവകുടുംബത്തിലേക്കു കൊണ്ടുവന്നിക്കുന്നു. നാം ഇപ്പോൾ “ദൈവത്തിന്റെ അവകാശികളും ക്രിസ്തുവിന്നു കൂട്ടവകാശികളും തന്നേ” (വാക്യം 17). നാം ദൈവത്തോട് ഒരു അടിമ എന്ന നിലയിലല്ല സംസാരിക്കുന്നത്. പകരം ആശയറ്റ നേരത്ത് യേശു ഉപയോഗിച്ച “അബ്ബാ പിതാവേ” (വാക്യം 15; മര്‍ക്കൊസ് 14:36 നോക്കുക) എന്ന ദൃഢബന്ധത്തെ സൂചിപ്പിക്കുന്ന നാമം ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം നമുക്കിപ്പോളുണ്ട്.
നിങ്ങൾക്കെന്തെങ്കിലും വാർത്തയുണ്ടോ? നിങ്ങൾക്കെന്തെങ്കിലും ആവശ്യങ്ങളുണ്ടോ? നിങ്ങളുടെ നിത്യഭവനമായവനെ വിളിക്കുക.

ജീവിതം മാറ്റിമറിക്കുന്ന ദൈവീക ദാനം
വേദപുസ്തകങ്ങൾ വിതരണം ചെയ്തുകൊണ്ടു ഞാനും എന്റെ ഭർത്താവും ഞങ്ങളുടെ യുവജന സംഘത്തെ അഭിവാദ്യം ചെയ്തു. “നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കാനായി ദൈവം ഈ അമൂല്യമായ ദാനങ്ങൾ ഉപയോഗിക്കും,” ഞാൻ പറഞ്ഞു. അന്നു രാത്രി, ഏതാനും വിദ്യാർത്ഥികൾ യോഹന്നാന്റെ സുവിശേഷം ഒരുമിച്ചു വായിക്കാൻ തീരുമാനിച്ചു. ഞങ്ങളുടെ പ്രതിവാര യോഗങ്ങളിൽ അവരെ പഠിപ്പിക്കുമ്പോൾ വീട്ടിൽ വെച്ച് തുടർന്നും തിരുവെഴുത്തു വായിക്കാൻ ഞങ്ങൾ സംഘത്തോടു ആവശ്യപ്പെട്ടു. ഒരു ദശാബ്ദത്തിനു ശേഷം, ഞങ്ങളുടെ വിദ്യാർത്ഥികളിൽ ഒരാളെ ഞാൻ കാണാൻ ഇടയായി. “താങ്കൾ തന്ന വേദപുസ്തകം ഞാൻ ഇപ്പോഴും ഉപയോഗിക്കുന്നു,” അവൾ പറഞ്ഞു. അവളുടെ വിശ്വാസം നിറഞ്ഞ ജീവിതത്തിൽ ഞാൻ അതിന്റെ തെളിവുകൾ കണ്ടു.
വേദപുസ്തക വാക്യങ്ങൾ പാരായണം ചെയ്യുന്നതിനും ഓർമ്മിക്കുന്നതിനും അപ്പുറം ചെയ്യാൻ ദൈവം തന്റെ വ്യക്തികളെ ശക്തീകരിക്കുന്നു. തിരുവെഴുത്തു “പ്രകാരം” ജീവിച്ചുകൊണ്ടു “നടപ്പിനെ നിർമ്മലമാക്കാൻ” അവൻ നമ്മെ പ്രാപ്തരാക്കുന്നു (സങ്കീർത്തനം 119:9). പാപത്തിൽ നിന്ന് നമ്മെ മോചിപ്പിച്ച്, നമ്മിൽ രൂപാന്തരം വരുത്താൻ തന്റെ മാറ്റമില്ലാത്ത സത്യം ഉപയോഗിക്കുമ്പോൾ നാം അവനെ അന്വേഷിക്കുകയും അനുസരിക്കുകയും ചെയ്യണമെന്ന് ദൈവം ആഗ്രഹിക്കുന്നു (വാ. 10-11). ദൈവത്തെ അറിയാനും വേദപുസ്തകത്തിൽ അവൻ പറയുന്ന കാര്യങ്ങൾ ഗ്രഹിക്കാനും നമ്മെ സഹായിക്കാനായി ദിവസവും നമുക്കു ദൈവത്തോട് അപേക്ഷിക്കാം (വാ. 12-13).
ദൈവമാർഗ്ഗത്തിൽ ജീവിക്കുന്നതിന്റെ വിലമതിക്കാനാകാത്ത മൂല്യം നാം തിരിച്ചറിയുമ്പോൾ, “സർവ്വസമ്പത്തിലും… ആനന്ദിക്കുന്ന” ഒരുവനെപ്പോലെ അവന്റെ പ്രബോധനത്തിൽ നമുക്ക് “ആനന്ദിക്കാം” (വാ. 14-15). “ഞാൻ നിന്റെ ചട്ടങ്ങളിൽ രസിക്കും; നിന്റെ വചനത്തെ മറക്കയുമില്ല” എന്നു സങ്കീർത്തനക്കാരനെപ്പോലെ നമുക്കും പാടാം. നമ്മെ ശക്തീകരിക്കാനായി പരിശുദ്ധാത്മാവിനെ ക്ഷണിക്കുമ്പോൾ, ജീവിതം മാറ്റിമറിക്കുന്ന ദൈവീക ദാനമായ വേദപുസ്തകം പ്രാർത്ഥനാപൂർവ്വം വായിക്കുന്ന ഓരോ നിമിഷവും നമുക്ക് ആസ്വദിക്കാൻ സാധിക്കും.

ഒരു ദേശീയ ക്യാമ്പൗട്ട്
അതിവിശാലമായ പശ്ചിമാഫ്രിക്കൻ ആകാശത്തിനും ഞങ്ങൾക്കുമിടയിൽ യാതൊന്നുമില്ലാതെ ഞങ്ങൾ നക്ഷത്രങ്ങൾക്കു കീഴിൽ ഒരിക്കൽ ക്യാമ്പു ചെയ്യുകയുണ്ടായി. വേനൽക്കാലത്ത് ഒരു കൂടാരത്തിന്റെ ആവശ്യമുണ്ടായിരുന്നില്ല. എന്നാൽ തീ നിർണായകമായിരുന്നു. “തീ അണയാൻ ഒരിക്കലും അനുവദിക്കരുത്,” ഒരു വടികൊണ്ടു തടികൾക്കിടയിൽ കുത്തിക്കൊണ്ടു എന്റെ പിതാവു പറഞ്ഞു. തീ വന്യജീവികളെ അകറ്റി നിർത്തും. ദൈവത്തിന്റെ സൃഷ്ടികൾ അത്ഭുതകരമാണെങ്കിലും, നിങ്ങളുടെ ക്യാമ്പ് സൈറ്റിലൂടെ ഒരു പുള്ളിപ്പുലിയോ പാമ്പോ ചുറ്റിത്തിരിയുന്നതു അത്ര നല്ലതായിരിക്കില്ല.
ഘാനയുടെ വടക്കൻ മേഖലയിലേക്കുള്ള ഒരു മിഷനറിയായിരുന്നു എന്റെ പിതാവ്. ഏതൊരു സന്ദർഭവും ഉപദേശത്തിനുള്ള ഒരു നിമിഷമാക്കി മാറ്റാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. ക്യാമ്പിങ്ങും അതിനൊരു അപവാദമായിരുന്നില്ല.
തന്റെ ജനത്തെ ഉപദേശിക്കാനുള്ള ഒരു ഇടമായി ദൈവം ക്യാമ്പൗട്ടുകൾ ഉപയോഗിച്ചു. വർഷത്തിലൊരിക്കൽ, ഒരു ആഴ്ച മുഴുവനും, യിസ്രായേൽമക്കൾ “ഈത്തപ്പനയുടെ കുരുത്തോലയും തഴെച്ചിരിക്കുന്ന വൃക്ഷങ്ങളുടെ കൊമ്പും ആറ്റലരിയും” (ലേവ്യപുസ്തകം 23:40) കൊണ്ട് നിർമ്മിച്ച കൂടാരങ്ങളിൽ താമസിക്കണം. അതിനു രണ്ട് ഉദ്ദേശ്യമാണുണ്ടായിരുന്നത്. ദൈവം അവരോട് പറഞ്ഞു, “ഞാൻ യിസ്രായേൽമക്കളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്നപ്പോൾ അവരെ കൂടാരങ്ങളിൽ പാർപ്പിച്ചു എന്നു നിങ്ങളുടെ സന്തതികൾ അറിവാൻ നിങ്ങൾ ഏഴു ദിവസം കൂടാരങ്ങളിൽ പാർക്കേണം” (വാ. 42-43). എന്നാൽ ആ ചടങ്ങ് ആഘോഷം തന്നെയായിരുന്നു. “നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ ഏഴു ദിവസം സന്തോഷിക്കേണം” (വാക്യം 40).
നിങ്ങളെ സംബന്ധിച്ച് ക്യാമ്പിംഗ് ഒരു രസകരമായ ആശയമായിരിക്കില്ല, എന്നാൽ തന്റെ നന്മയെ ഓർമപ്പെടുത്താനുള്ള സന്തോഷകരമായ മാർഗമായി യിസ്രായേൽമക്കൾക്കായി ദൈവം ഒരാഴ്ചത്തെ ക്യാമ്പൗട്ട് ഏർപ്പെടുത്തി. നമ്മുടെ ആഘോഷദിനങ്ങളുടെ കാതലായ അർത്ഥം നാം എളുപ്പത്തിൽ മറന്നുപോകാറുണ്ട്. നമ്മുടെ ഉത്സവങ്ങൾ നമ്മുടെ സ്നേഹവാനായ ദൈവത്തിന്റെ സ്വഭാവത്തിന്റെ സന്തോഷകരമായ ഓർമ്മപ്പെടുത്തലുകളായിരിക്കാം. അവൻ വിനോദവും സൃഷ്ടിച്ചു.

പ്രസാദപ്രകാരം ശുശ്രൂഷിക്കുക
അമേരിക്കൻ പ്രസിഡന്റ് ജോർജ് ഡബ്ല്യു. ബുഷിന്റെ ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്നു ആൻഡ്രൂ കാർഡ്. വൈറ്റ് ഹൗസിലെ തന്റെ പങ്കിനെക്കുറിച്ചുള്ള ഒരു അഭിമുഖത്തിൽ അദ്ദേഹം ഇപ്രകാരം വിശദീകരിച്ചു, “ഓരോ സ്റ്റാഫ് അംഗത്തിന്റെയും ഓഫീസിൽ ഒരു ഫ്രെയിം ചെയ്ത ഉദ്ദേശ്യ പ്രസ്താവന തൂക്കിയിരിക്കുന്നു: ‘ഞങ്ങൾ പ്രസിഡന്റിന്റെ ഹിതപ്രകാരം പ്രവർത്തിക്കുന്നു.’ എന്നാൽ, അതിനർത്ഥം ഞങ്ങൾ പ്രസിഡന്റിനെ പ്രീതിപ്പെടുത്താനോ അദ്ദേഹത്തിന്റെ ഇഷ്ടം നേടിയെടുക്കാനോ പ്രവർത്തിക്കുന്നു എന്നല്ല. പകരം, തന്റെ ജോലി ചെയ്യേണ്ടതിന് ആവശ്യമായി അറിയേണ്ട കാര്യങ്ങൾ അദ്ദേഹത്തിനു പറഞ്ഞുകൊടുക്കാനായി ഞങ്ങൾ പ്രവർത്തിക്കുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക ഭരിക്കുക എന്നതാണ് ആ ജോലി.
അപ്പൊസ്തലനായ പൗലൊസ് പലപ്പോഴും പ്രേരിപ്പിക്കുന്നതുപോലെ, നമ്മുടെ പല കർത്തവ്യങ്ങളിലും ബന്ധങ്ങളിലും നാം ഐക്യത്തിൽ പരസ്പരം കെട്ടിപ്പടുക്കുന്നതിനു പകരം വ്യക്തികളെ പ്രീതിപ്പെടുത്തുന്ന രീതിയിലേക്ക് വഴുതിവീഴുന്നു. “അവൻ ചിലരെ അപ്പൊസ്തലന്മാരായും ചിലരെ പ്രവാചകന്മാരായും ചിലരെ സുവിശേഷകന്മാരായും ചിലരെ ഇടയന്മാരായും ഉപദേഷ്ടാക്കന്മാരായും നിയമിച്ചിരിക്കുന്നു; അതു നാം എല്ലാവരും വിശ്വാസത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പരിജ്ഞാനത്തിലുമുള്ള ഐക്യതയും തികഞ്ഞ പുരുഷത്വവും ക്രിസ്തുവിന്റെ സമ്പൂർണ്ണതയായ പ്രായത്തിന്റെ അളവും പ്രാപിക്കുവോളം വിശുദ്ധന്മാരുടെ യഥാസ്ഥാനത്വത്തിന്നായുള്ള ശുശ്രൂഷയുടെ വേലെക്കും ക്രിസ്തുവിന്റെ ശരീരത്തിന്റെ ആത്മികവർദ്ധനെക്കും ആകുന്നു” (വാ. 11-13) എന്ന് എഫെസ്യർ 4-ൽ പൗലൊസ് എഴുതിയിരിക്കുന്നു. 15-16 വാക്യങ്ങളിൽ, വ്യക്തികളെ പ്രീതിപ്പെടുത്തുന്ന നമ്മുടെ പ്രവണതകളെ പൗലൊസു വിമർശിച്ചുകൊണ്ട്, ഈ വരങ്ങൾ “സ്നേഹത്തിൽ സത്യം സംസാരിച്ചുകൊണ്ടു” "ശരീരം മുഴുവനും… സ്നേഹത്തിലുള്ള വർദ്ധനെക്കായി അവനിൽ നിന്നു വളർച്ച” പ്രാപിക്കാനായി പ്രകടിപ്പിക്കണമെന്ന് ഊന്നിപ്പറയുന്നു.
യേശുവിൽ വിശ്വസിക്കുന്നവരെന്ന നിലയിൽ, വ്യക്തികളെ കെട്ടിപ്പടുക്കുന്നതിനും ദൈവത്തിന്റെ ഉദ്ദേശ്യങ്ങൾ നിറവേറ്റുന്നതിനുമായി നാം അവരെ ശുശ്രൂഷിക്കുന്നു. നാം മറ്റുള്ളവരെ പ്രസാദിപ്പിച്ചാലും ഇല്ലെങ്കിലും, തന്റെ സഭയിൽ ഐക്യം സൃഷ്ടിക്കാൻ ദൈവം നമ്മിലൂടെ പ്രവർത്തിക്കുമ്പോൾ നാം ദൈവത്തെ പ്രസാദിപ്പിക്കുന്നു.

അതിന് നിനക്ക് എന്ത്?
"എനിക്കെന്താ സ്ട്രോബെറി ലോലിപോപ്പ് തന്നത്? അവൾക്ക് മുന്തിരി ലോലിപോപ്പാണല്ലോ കൊടുത്തത്? എന്റെ ആറുവയസ്സുള്ള അനന്തരവൾ ചോദിച്ചു. കുട്ടികൾ പലപ്പോഴും തങ്ങൾക്കു ലഭിക്കുന്നത് മറ്റുള്ളവർക്ക് ലഭിക്കുന്നതുമായി താരതമ്യം ചെയ്യുമെന്ന് എന്റെ അനന്തരവളും അനന്തരവനും എന്നെ നേരത്തെ പഠിപ്പിച്ചിരുന്നു. ഇതിനർത്ഥം, ഒരു അമ്മായി എന്ന നിലയിൽ, ഞാൻ നീതിയോടെ പ്രവർത്തിക്കണം എന്നാണ്!
ഞാനും ചിലപ്പോൾ ദൈവം എനിക്ക് നൽകുന്ന കാര്യങ്ങളെ അവൻ മറ്റുള്ളവർക്ക് നൽകിയവയുമായി താരതമ്യം ചെയ്യുന്നു. "എനിക്ക് എന്തുകൊണ്ടാണ് ഇതും, അവൾക്ക് അതും കിട്ടിയത്?" ഞാൻ ദൈവത്തോട് ചോദിക്കുന്നു. എന്റെ ചോദ്യം ഗലീല കടൽത്തീരത്തുവച്ച് ശിമോൻ പത്രോസ് യേശുവിനോട് ചോദിച്ചത് എന്നെ ഓർമ്മിപ്പിക്കുന്നു. പത്രോസ് തന്നെ തള്ളിപ്പറഞ്ഞതിനു ശേഷം യേശു അവനോട് ക്ഷമിക്കുകയും അവനെ യഥാസ്ഥാനപ്പെടുത്തുകയും ചെയ്തിരുന്നു. ഒരു രക്തസാക്ഷിയുടെ മരണത്തിലൂടെ താൻ ദൈവത്തെ മഹത്വപ്പെടുത്തുമെന്ന് ഇപ്പോൾ അവനോട് പറയുകയായിരുന്നു (യോഹന്നാൻ 21:15-19). എന്നിരുന്നാലും, തന്നെ അനുഗമിക്കാനുള്ള യേശുവിന്റെ ക്ഷണത്തിന് "അങ്ങനെയാകട്ടെ" എന്ന് മറുപടി പറയുന്നതിനുപകരം, “കർത്താവേ, ഇവന്നു [യോഹന്നാന് ] എന്തു ഭവിക്കും?” എന്ന് പത്രോസ് ചോദിച്ചു. (വാ. 21).
യേശു മറുപടി പറഞ്ഞു, “അതു നിനക്കു എന്തു? നീ എന്നെ അനുഗമിക്ക" (വാക്യം 22). യേശു നമ്മോടും ഇതുതന്നെ പറയുമെന്ന് ഞാൻ വിശ്വസിക്കുന്നു. നമ്മുടെ ജീവിതത്തിലെ ഒരു മേഖലയിൽ ദൈവം നമുക്ക് വഴികാണിച്ചു തരുമ്പോൾ നാം അവനിൽ ആശ്രയിക്കണമെന്ന് അവൻ ആഗ്രഹിക്കുന്നു. നാം നമ്മുടെ ജീവിതയാത്രയെ മറ്റുള്ളവരുടേതുമായി താരതമ്യപ്പെടുത്തേണ്ടതില്ല. മറിച്ച്, നാം അവനെ അനുഗമിക്ക മാത്രമാണ് വേണ്ടത്.
മുപ്പതിലധികം വർഷം ആദിമ സഭയുടെ ഒരു ധീരനായ നേതാവായി അപ്പസ്തോലനായ പത്രോസ് ദൈവത്തെ അനുഗമിച്ചു. ചരിത്രരേഖകൾ കാണിക്കുന്നത് അദ്ദേഹം നീറോ ചക്രവർത്തിയുടെ കാലത്ത് ഭയമില്ലാതെ രക്തസാക്ഷിയായി മരണം വരിച്ചു എന്നാണ്. നമുക്കും ചോദ്യം ചെയ്യപ്പെടാനാകാത്ത സ്ഥിരതയോടെ ദൈവത്തെ അനുകരിക്കാം, അവിടുത്തെ സ്നേഹത്തെയും മാർഗനിർദ്ദേശങ്ങളെയും അംഗീകരിച്ചു കൊണ്ട്.