ക്രിസ്തുവിനായുള്ള ഹൃദയം
ഒന്നും മിണ്ടാതെ വായടച്ചിരിക്കുന്നിടത്തോളം കാലം ഒരു തെറ്റും ഉണ്ടാകില്ല എന്ന് ഞാൻ സ്വയം പറഞ്ഞു. എന്റെ ഒരു സഹപ്രവർത്തക പറഞ്ഞത് തെറ്റിദ്ധരിച്ചിട്ട് ഞാൻ രോഷം കൊണ്ടിരിക്കുകയായിരുന്നു. ഞങ്ങൾ എന്നും കാണേണ്ടവരായിരുന്നത് കൊണ്ട്, അത്യാവശ്യത്തിന് മാത്രം സംസാരിച്ചാൽ മതി എന്ന് ഞാൻ തീരുമാനിച്ചു (ഇത് എന്റെ ഒരു നിശബ്ദമായ പ്രതികാരം ആയിരുന്നു). നിശബ്ദമായ പെരുമാറ്റം എങ്ങനെ തെറ്റാകും?
യേശു പറഞ്ഞത് പാപം ആരംഭിക്കുന്നത് ഹൃദയത്തിലാണെന്നാണ് (മത്തായി 15:18-20). ഞാൻ മിണ്ടാതിരിക്കുന്നതുവഴി കുഴപ്പമൊന്നുമില്ല എന്ന് ആളുകളെ തെറ്റിദ്ധരിപ്പിക്കാനായേക്കാം, എന്നാൽ ദൈവത്തെ കബളിപ്പിക്കാനാകില്ലല്ലോ. കോപം നിറഞ്ഞ ഒരു ഹൃദയം ഞാൻ ഒളിപ്പിച്ചു വെച്ചിരിക്കുകയാണെന്ന് ദൈവത്തിനറിയാമായിരുന്നു. ഹൃദയം ദൂരത്ത് വെച്ചിട്ട് അധരം കൊണ്ട് ദൈവത്തെ ആദരിക്കുന്ന പരീശന്മാരെപ്പോലെയായിരുന്നു ഞാനും (വാ. 8). എന്റെ പ്രകടനങ്ങളിൽ കാണപ്പെട്ടില്ലെങ്കിലും ഹൃദയത്തിൽ കയ്പ് നിറഞ്ഞിരിക്കുകയായിരുന്നു. സ്വർഗീയ പിതാവിനോട് എനിക്കുണ്ടായിരുന്ന അടുപ്പവും സന്തോഷവും നഷ്ടപ്പെട്ടിരുന്നു. ഇതാണ് പാപത്തെ മറയ്ക്കുന്നതിന്റെയും താലോലിക്കുന്നതിന്റെയും ഫലം!
ദൈവം കൃപ ചെയ്തതുകൊണ്ട്, എനിക്ക് ആ സഹപ്രവർത്തകയോട് എന്റെ ഹൃദയം പകരാനും ക്ഷമ ചോദിക്കാനും കഴിഞ്ഞു. അവൾ ദയാപൂർവ്വം എന്നോട് ക്ഷമിച്ചു, പതിയെ ഞങ്ങൾ നല്ല സുഹൃത്തുക്കളായി.
“ദുഷ്ചിന്ത... ഹൃദയത്തിൽ നിന്ന് പുറപ്പെട്ടു വരുന്നു” (വാ. 19) എന്നാണ് യേശു പറഞ്ഞത്. നമ്മുടെ ഹൃദയത്തിന്റെ സ്ഥിതി വളരെ പ്രധാനപ്പെട്ടതാണ്; കാരണം ഹൃദയത്തിൽ തിന്മ വസിച്ചാൽ അത് ജീവിതത്തിൽ പ്രകടമാകും. നമ്മുടെ ആന്തരികവും ഭൗതികവുമായ സ്ഥിതി നല്ലതായിരിക്കണം.

ഉടമസ്ഥനോ കാര്യസ്ഥനോ?
“ഞാൻ ഒരു ഉടമസ്ഥനാണോ അതോ കാര്യസ്ഥനാണോ?” ബില്യൺ കണക്കിന് ഡോളർ ആസ്തിയുള്ള ഒരു കമ്പനിയുടെ സി ഇ ഒ ആയ മനുഷ്യൻ തന്റെ കുടുംബത്തിന്റെ നന്മയെക്കുറിച്ച് ചിന്തിച്ചപ്പോൾ സ്വയം ചോദിച്ച ചോദ്യമാണിത്. ഒത്തിരി ധനം കുമിഞ്ഞുകൂടുമ്പോൾ ഉണ്ടാകാവുന്ന പ്രലോഭനങ്ങളെക്കുറിച്ച് വിചാരിച്ചപ്പോൾ, തന്റെ കുടുംബത്തിലെ തുടർന്നുള്ള അവകാശികൾക്ക് ഈ വെല്ലുവിളി ഉണ്ടാകരുത് എന്നദ്ദേഹം കരുതി. അതുകൊണ്ട് അദ്ദേഹം കമ്പനിയുടെ ഉടമസ്ഥാവകാശം ഉപേക്ഷിച്ച്, 100 ശതമാനം ആസ്തിയും ഒരു ട്രസ്റ്റിനെ ഏല്പിച്ചു. സകലതും ദൈവത്തിന്റെ വകയാണ് എന്ന് തിരിച്ചറിഞ്ഞത് കൊണ്ട് അദ്ധ്വാനം കൊണ്ട് ജീവിതമാർഗ്ഗം കണ്ടെത്താനും മിച്ചമുള്ളവ സൂക്ഷിച്ചുവെക്കാതെ ക്രിസ്തീയ ശുശ്രൂഷകൾക്കായി നല്കാനും ആ കുടുംബത്തെ സ്വാധീനിക്കാൻ അദ്ദേഹത്തിനായി.
സങ്കീ. 50:10 ൽ ദൈവം തന്റെ ജനത്തോട് പറയുന്നു: “കാട്ടിലെ സകലമൃഗവും പർവ്വതങ്ങളിലെ ആയിരമായിരം ജന്തുക്കളും എനിക്കുള്ളവയാകുന്നു.” സകലത്തിന്റെയും സ്രഷ്ടാവായ ദൈവം നമ്മോട് എന്തെങ്കിലും കടപ്പെട്ടിരിക്കുകയോ ആവശ്യപ്പെടുകയോ ചെയ്യുന്നില്ല. “നിന്റെ വീട്ടിൽ നിന്നു കാളയെയോ നിന്റെ തൊഴുത്തുകളിൽ നിന്നു കോലാട്ടു കൊറ്റന്മാരെയോ ഞാൻ എടുക്കുകയില്ല” (വാ. 9) എന്ന് അവിടുന്ന് പറയുന്നു. നമുക്കുള്ളതും നാം ഉപയോഗിക്കുന്നതും അദ്ധ്വാനിച്ച് സമ്പാദിക്കാനുള്ള കഴിവും ശക്തിയും എല്ലാം ദൈവം ഔദാര്യമായി നല്കുന്നതാണ്. അതുകൊണ്ട്, നമ്മുടെ ഹൃദയപൂർവ്വമായ ആരാധന അവിടുത്തേക്ക് അവകാശപ്പെട്ടതാണെന്ന് സങ്കീർത്തനം കാണിച്ചുതരുന്നു. സകലത്തിന്റെയും ഉടമസ്ഥൻ ദൈവമാണ്. എന്നാൽ അവിടുത്തെ നന്മയാൽ, അവങ്കലേക്ക് തിരിയുന്ന ഏവനും അവനുമായി വ്യക്തിബന്ധം സാധ്യമാകും വിധം ദൈവം തന്നെത്തന്നെ — യേശുവിനെ — നമുക്കായി നല്കി.
യേശു “ശുശ്രൂഷ ചെയ്യിക്കുവാനല്ല, ശുശ്രൂഷിക്കുവാനും അനേകർക്കു വേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുക്കുവാനും അത്രേ വന്നത്” (മർക്കൊസ് 10:45). ദാനങ്ങളേക്കാൾ അവ നല്കിയവനെ വിലമതിച്ച് സേവിക്കുമ്പോൾ അവനിൽ നിരന്തരം ആനന്ദിക്കാനുള്ള അനുഗ്രഹം നമുക്ക് ലഭിക്കും.

ദൈവം നമ്മെ സഹായിക്കുന്നതനുസരിച്ച് സംസാരിക്കുക
പൂമ്പാറ്റകൾ ശബ്ദമുണ്ടാക്കുമെന്ന് നാം കരുതാറില്ല: ഒരു രാജശലഭത്തിന്റെ ചിറകടി ശബ്ദം കേൾക്കാനേ കഴിയില്ല. എന്നാൽ മെക്സിക്കൻ മഴക്കാടുകളിൽ നിരവധി ചിത്രശലഭങ്ങൾ അവയുടെ ചെറുജീവിതം ചിറകടിച്ച് ആരംഭിക്കുമ്പോൾ അവയുടെ ഒരുമിച്ചുള്ള ചിറകടി ശബ്ദം വളരെ ഉച്ചത്തിൽ കേൾക്കാം. പല ലക്ഷങ്ങളായ ഇവ ഒരുമിച്ച് ചിറകടിക്കുമ്പോൾ അതൊരു വെള്ളച്ചാട്ടത്തിന്റെ ശബ്ദം പോലെ വലുതാണ്.
യെഹെസ്ക്കേലിന്റെ ദർശനത്തിലെ ജീവികളുടെ ചിറകടി ശബ്ദവും ഇങ്ങ നെയാണ് വിവരിച്ചിരിക്കുന്നത്. ചിത്രശലഭങ്ങളെപ്പോലെ അസംഖ്യം എണ്ണമില്ലെ ങ്കിലും അവയുടെ ചിറകടിയുടെ ശബ്ദവും “വലിയ വെള്ളത്തിന്റെ ഇരച്ചിൽ പോലെ” (യെഹെ. 1:24) എന്നാണ് വർണ്ണിച്ചിരിക്കുന്നത്. ജീവികൾ നിന്ന് ചിറകുകൾ താഴ്ത്തിയപ്പോൾ യെഹെസ്കേൽ ദൈവം പറയുന്നത് കേട്ടു—ദൈവത്തിന്റെ വചനം യിസ്രായേലിനോട് പറയുക എന്ന് (2:7).
മറ്റ് പഴയ നിയമ പ്രവാചന്മാരെപ്പോലെ ദൈവത്തിന്റെ ജനത്തോട് സത്യങ്ങൾ അറിയിക്കാൻ യെഹെസ്കേലിനും കല്പന ലഭിച്ചു. ദൈവം നമ്മുടെ ജീവിതത്തിൽ ചെയ്യുന്ന നന്മകൾ ചുറ്റുമുള്ളവരോട് അറിയിക്കാൻ ഇന്നു നമ്മെയും ആഹ്വാനം ചെയ്യുന്നു (1 പത്രൊസ് 3:15). ചിലപ്പോൾ അത് ഒരു വെള്ളച്ചാട്ടത്തിന്റെ ഇരമ്പലോടെ സത്യങ്ങൾ പറയാനാകും. മറ്റ് ചിലപ്പോൾ നിശബ്ദമായി, ഒരു പ്രയാസത്തിൽ സഹായിക്കാനാകും. ബഹുലക്ഷം ചിത്രശലഭങ്ങളുടെ ഇരമ്പത്തോടെ ദൈവ സ്നേഹം വർണ്ണിക്കാനോ ഒരു പൂമ്പാറ്റയുടെ ശബ്ദം പോലെ പറയാനോ ആയാലും നാം യെഹെസ്കേലിനെപ്പോലെ ദൈവത്തിന് നമ്മോട് പറയാനുള്ളത് കേൾ ക്കാൻ ശ്രദ്ധയോടെ ഇരിക്കണം.

“എന്റെ അവിശ്വാസത്തിനു സഹായിക്കേണമേ!”
“എന്റെ വിശ്വാസം എവിടെ? എന്റെ മനസ്സിന്റെ ആഴത്തിൽ അന്ധകാരവും ശൂന്യതയും അല്ലാതെ മറ്റൊന്നും ഇല്ല....അവിടെ ദൈവമുണ്ടെങ്കിൽ —എന്നോട് ക്ഷമിക്കേണമേ.”
ആ വാക്കുകളുടെ രചയിതാവ് ആരെന്നറിഞ്ഞാൽ നിങ്ങൾ അത്ഭുതപ്പെട്ടേക്കാം: മദർ തെരേസ. പ്രിയപ്പെട്ടവളും, കൽക്കത്തയിലെ പാവപ്പെട്ടവരുടെ അശ്രാന്തസേവക എന്ന നിലയിൽ പ്രശസ്തയുമായ മദർ തെരേസ അഞ്ച് പതിറ്റാണ്ടുകൾ തന്റെ വിശ്വാസത്തിനുവേണ്ടി നിശബ്ദമായി ഒരു തീവ്രയുദ്ധം നടത്തി. 1997-ൽ അവരുടെ മരണശേഷം, അവരുടെ ഡയറിയിലെ ചില ഭാഗങ്ങൾ കം ബി മൈ ലൈറ്റ് എന്ന പുസ്തകത്തിൽ പ്രസിദ്ധീകരിച്ചതോടെയാണ് ആ പോരാട്ടം വെളിച്ചത്തു വന്നത്.
നമുക്ക് സംശയങ്ങൾ ഉണ്ടാകുമ്പോൾ, അല്ലെങ്കിൽ ദൈവം അവിടെ ഇല്ലെന്ന് തോന്നുമ്പോൾ നമ്മൾ എന്തു ചെയ്യണം? ചില വിശ്വാസികൾ ആ സമയങ്ങളിൽ മറ്റുള്ളവരെക്കാൾ കൂടുതൽ വിഷമിച്ചേക്കാം. എന്നാൽ, വിശ്വസ്തരായ പല ക്രിസ്തീയ വിശ്വാസികളും അവരുടെ ജീവിതത്തിലെ ഏതെങ്കിലും ഘട്ടത്തിൽ അത്തരം സംശയങ്ങളിലൂടെ കടന്നു പോകാൻ ഇടയുണ്ട്.
വിശ്വാസവും, വിശ്വാസമില്ലായ്മയും പ്രകടിപ്പിക്കുന്ന മനോഹരവും വിരോധാഭാസരൂപത്തിലുള്ളതുമായ ഒരു പ്രാർത്ഥന തിരുവെഴുത്ത് നമുക്ക് നൽകിയതിൽ ഞാൻ നന്ദിയുള്ളവനാണ്. മർക്കൊസ് 9-ൽ, കുട്ടിക്കാലം മുതൽ ദുരാത്മാവിനാൽ പീഡപ്പിക്കപ്പെട്ടിരുന്ന ഒരു ബാലന്റെ പിതാവിനെ യേശു കണ്ടുമുട്ടുന്നു (വാ. 21). മനുഷ്യന് വിശ്വാസം ഉണ്ടായിരിക്കണമെന്ന് യേശു പറഞ്ഞു. “വിശ്വസിക്കുന്നവനു സകലതും കഴിയും” (വാ. 23). ഉടനെ ബാലന്റെ പിതാവ്, “കർത്താവേ, ഞാൻ വിശ്വസിക്കുന്നു; എന്റെ അവിശ്വാസത്തിനു സഹായിക്കേണമേ!” എന്നു നിലവിളിച്ചു പറഞ്ഞു.(വാ. 24). ഈ സത്യസന്ധവും ഹൃദയംഗമവുമായ അപേക്ഷ, നമ്മുടെ വിശ്വാസത്തെ ശക്തിപ്പെടുത്താനും നാം കടന്നുപോകുന്ന ഏറ്റവും ആഴമേറിയതും ഇരുണ്ടതുമായ താഴ്വരകൾക്കിടയിൽ നമ്മെ ഉറച്ചുനിർത്താനും കഴിയുമെന്ന് വിശ്വസിച്ചുകൊണ്ട്, സംശയത്തോടെ പോരാടുന്ന നമ്മെ ദൈവത്തിന് സമർപ്പിക്കാൻ ക്ഷണിക്കുന്നു. ആഡം ആർ.

യേശു നില്ക്കുമ്പോൾ
രോഗിയായ ആ പൂച്ച, എന്റെ ജോലിസ്ഥലത്തിന് അടുത്ത് ഒരു പെട്ടിയിൽ ചുരുണ്ടുകൂടി കിടന്ന്, ദിവസങ്ങളോളം കരഞ്ഞു. തെരുവിൽ ഉപേക്ഷിക്കപ്പെട്ട പൂച്ചയെ പലരും ശ്രദ്ധിക്കാതെ കടന്നുപോയി. തെരുവ് ശുചീകരണ തൊഴിലാളിയായ ജൂണ്‍ ആ മിണ്ടാപ്രാണിയെ വീട്ടിലേക്ക് കൊണ്ടുപോയി, അവിടെ അയാൾക്ക് രണ്ടു നായ്ക്കളും കൂടി ഉണ്ടായിരുന്നു, അവ മുൻപ് തെരുവ് നായ്ക്കൾ ആയിരുന്നു.
ജൂൺ പറഞ്ഞു, “ഞാൻ അവയെ പരിപാലിക്കുന്നു, കാരണം അവ ആരും ശ്രദ്ധിക്കാത്ത ജീവികളാണ്, അവയിൽ ഞാൻ എന്നെത്തന്നെ കാണുന്നു, ഒരു തെരുവ് ശുചീകരണ തൊഴിലാളിയെ ആരും ശ്രദ്ധിക്കാറില്ല.”
യേശു യെരൂശലേമിലേക്കുള്ള യാത്രാമധ്യേ യെരീഹോയിലേക്ക് നടക്കുമ്പോൾ ഒരു അന്ധൻ വഴിയരികിൽ ഭിക്ഷ യാചിച്ചുകൊണ്ടിരുന്നു. തന്നെ ആരും ശ്രദ്ധിക്കുന്നില്ലെന്ന് അവനും തോന്നി. ജനക്കൂട്ടം കടന്നുപോകുമ്പോൾ, എല്ലാവരുടെയും കണ്ണുകൾ ക്രിസ്തുവിലേക്ക് കേന്ദ്രീകരിക്കപ്പെട്ടപ്പോൾ, ആരും യാചകനെ സഹായിക്കാൻ നിന്നില്ല.
എന്നാൽ യേശു അങ്ങനെയായിരുന്നില്ല. ആളുകളുടെ ആരവത്തിനിടയിൽ മറഞ്ഞുപോയ ആ മനുഷ്യന്റെ നിലവിളി അവൻ കേട്ടു. അവൻ അടുക്കൽ വന്നപ്പോൾ: “ഞാൻ നിനക്കു എന്തു ചെയ്യേണം” എന്നു ചോദിച്ചു. “കർത്താവേ, എനിക്കു കാഴ്ച കിട്ടേണം” എന്നു അവൻ പറഞ്ഞു. യേശു അവനോടു: “കാഴ്ച പ്രാപിക്ക; നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു” എന്നു പറഞ്ഞു. (ലൂക്കൊസ് 18:41–42). ചില സമയങ്ങളിൽ നമ്മൾ ശ്രദ്ധിക്കപ്പെടാതെ പോകുന്നതായി തോന്നുന്നുണ്ടോ? നമ്മെക്കാൾ പ്രാധാന്യമുള്ള ആളുകൾ മൂലം നമ്മുടെ നിലവിളി കേൾക്കാതെ പോകുന്നുണ്ടോ? ലോകം ശ്രദ്ധിക്കാൻ ആഗ്രഹിക്കാത്തവരെ നമ്മുടെ രക്ഷകൻ ശ്രദ്ധിക്കുന്നു. സഹായത്തിനായി അവനെ വിളിക്കുക! മറ്റുള്ളവർ നമ്മെ കടന്നുപോകുമ്പോൾ, അവൻ നമുക്ക് വേണ്ടി നിൽക്കും.
