
മനസ്സലിവിന്റെ വൈദഗ്ധ്യം
''നിങ്ങളുടെ കാലിൽ ഒരു മുള്ള് തറച്ചിരിക്കുന്നു-അതുകൊണ്ടാണ് നിങ്ങൾ രാത്രിയിൽ ചിലപ്പോൾ കരയുന്നത്,'' പതിനാലാം നൂറ്റാണ്ടിൽ സിയന്നയിലെ കാതറിൻ എഴുതി. അവൾ തുടർന്നു, ''ഇത് പുറത്തെടുക്കാൻ കഴിയുന്ന ചിലർ ഈ ലോകത്തിലുണ്ട്. അതിനുള്ള വൈദഗ്ധ്യം അവർ [ദൈവത്തിൽ] നിന്ന് പഠിച്ചതാണ്.'' ആ “വൈദഗ്ധ്യം’’ വളർത്തിയെടുക്കാൻ കാതറിൻ തന്റെ ജീവിതം സമർപ്പിച്ചു. മറ്റുള്ളവരുടെ വേദനയിൽ സഹാനുഭൂതിയും മനസ്സലിവും കാണിക്കാനുള്ള അവളുടെ ശ്രദ്ധേയമായ കഴിവിന്റെ പേരിൽ ഇന്നും അവൾ ഓർമ്മിക്കപ്പെടുന്നു.
നീക്കം ചെയ്യാൻ ആർദ്രതയും വൈദഗ്ധ്യവും ആവശ്യമായിരിക്കുന്ന ആഴത്തിൽ തറച്ച മുള്ളു പോലെയുള്ള വേദനയുടെ ആ ചിത്രം, നാം എത്രമാത്രം സങ്കീർണ്ണവും മുറിവേറ്റവരുമാണ് എന്നതിന്റെയും മറ്റുള്ളവരോടും നമ്മോടും യഥാർത്ഥ മനസ്സലിവു വളർത്തിയെടുക്കാൻ ആഴത്തിൽ കുഴിക്കേണ്ടതിന്റെ ആവശ്യകതയുടെയും ഉജ്ജ്വലമായ ഓർമ്മപ്പെടുത്തലാണ്.
അല്ലെങ്കിൽ, അപ്പൊസ്തലനായ പൗലൊസ് വിവരിക്കുന്നതുപോലെ, യേശുവിനെപ്പോലെ മറ്റുള്ളവരെ സ്‌നേഹിക്കുന്നതിന് നല്ല ഉദ്ദേശ്യങ്ങളും ആഗ്രഹങ്ങളും ആവശ്യമാണെന്ന് നമ്മെ ഓർമ്മിപ്പിക്കുന്ന ഒരു ചിത്രമാണിത് - അതിന് “അന്യോന്യം സമർപ്പിക്കണം’’ (റോമർ 12:10), “സന്തോഷിക്കണം’’ പ്രത്യാശിക്കണം, കഷ്ടതയിൽ സഹിഷ്ണുത കാണിക്കണം, പ്രാർത്ഥനയിൽ ഉറ്റിരിക്കണം'' (വാ. 12). “സന്തോഷിക്കുന്നവരോടുകൂടെ സന്തോഷിക്കുവാൻ' മാത്രമല്ല, 'കരയുന്നവരോടുകൂടെകരയുവാനും’’ (വാ. 15) സന്നദ്ധത ആവശ്യമാണ്. അതു നമ്മിൽനിന്നെല്ലാം ആവശ്യപ്പെടുന്നു. തകർന്ന ഒരു ലോകത്തിൽ, നാമാരും പരിക്കേൽക്കാതെ രക്ഷപ്പെടുന്നില്ല-നമ്മിൽ ഓരോരുത്തരിലും മുറിവുകളും പാടുകളും ആഴത്തിൽ പതിഞ്ഞിരിക്കുന്നു. എന്നാൽ ക്രിസ്തുവിൽ നാം കണ്ടെത്തുന്ന സ്‌നേഹം അതിലും ആഴമുള്ളതാണ്; കരുണയുടെ തൈലം ഉപയോഗിച്ച് ആ മുള്ളുകൾ പുറത്തെടുക്കാൻ തക്ക ആർദ്രമായ സ്‌നേഹം, സുഹൃത്തിനെയും ശത്രുവിനെയും ആലിംഗനം ചെയ്യാൻ തയ്യാറാണ് (വാ. 14). നാം ഒരുമിച്ച് രോഗശാന്തി കണ്ടെത്തുക.

ദൈവത്തിന് വേണ്ടി സേവിക്കുക
2022 സെപ്റ്റംബറിൽ ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞി അന്തരിച്ചപ്പോൾ, ശവസംസ്‌കാര ഘോഷയാത്രയിൽ മാർച്ച് ചെയ്യാൻ ആയിരക്കണക്കിന് സൈനികരെ വിന്യസിച്ചിരുന്നു. വലിയ ജനക്കൂട്ടത്തിൽ അവരുടെ വ്യക്തിഗത വേഷങ്ങൾ ഏറെക്കുറെ ശ്രദ്ധിക്കപ്പെടാത്തതായിരുന്നു, പക്ഷേ പലരും അതിനെ ഏറ്റവും വലിയ ബഹുമതിയായി കണ്ടു. “അവളുടെ ബഹുമാനത്തിനായി ഞങ്ങളുടെ അവസാന കടമ നിർവഹിക്കാനുള്ള അവസരമാണിതെന്ന്’’ ഒരു സൈനികൻ പറഞ്ഞു. അവനെ സംബന്ധിച്ചിടത്തോളം, അവൻ എന്തുചെയ്യുന്നു എന്നതല്ല, ആർക്കുവേണ്ടി അത് ചെയ്യുന്നു എന്നതാണ് അതിനെ ഒരു പ്രധാന ജോലിയാക്കി മാറ്റിയത്.
സമാഗമനകൂടാരത്തിലെ ഉപകരണങ്ങൾ പരിപാലിക്കാൻ നിയോഗിക്കപ്പെട്ട ലേവ്യർക്കും സമാനമായ ഒരു ലക്ഷ്യമുണ്ടായിരുന്നു. പുരോഹിതന്മാരിൽ നിന്ന് വ്യത്യസ്തമായി, ഗെർശോന്യർ, കൊഹാത്യർ, മെരാര്യർ എന്നിവർക്ക് ഭൗതികമെന്നു തോന്നുന്ന ജോലികൾ ഏൽപ്പിക്കപ്പെട്ടിരുന്നു: ഉപകരണങ്ങൾ, വിളക്കുകൾ, തിരശ്ശീലകൾ, തൂണുകൾ, കൂടാരക്കുറ്റികൾ, കയറുകൾ എന്നിവ വൃത്തിയാക്കൽ (സംഖ്യാ. 3:25-26, 28, 31, 36-37). എന്നിട്ടും അവരുടെ ജോലികളെ ദൈവം പ്രത്യേകമായി “കൂടാരത്തിന്റെ വേല’’ (വാ. 8) എന്നു നിർവചിച്ചു നൽകി.
എന്തൊരു പ്രോത്സാഹജനകമായ ചിന്ത! ഇന്ന്, ജോലിസ്ഥലത്തോ വീട്ടിലോ സഭയിലോ നമ്മളിൽ പലരും ചെയ്യുന്ന കാര്യങ്ങൾ പദവികൾക്കും ശമ്പളത്തിനും പ്രാധാന്യം നൽകുന്ന ഒരു ലോകത്തിന് നിസ്സാരമായി തോന്നിയേക്കാം. എന്നാൽ ദൈവം അതിനെ മറ്റൊരു തരത്തിൽ കാണുന്നു. നാം അവന്റെ നിമിത്തം പ്രവർത്തിക്കുകയും സേവിക്കുകയും ചെയ്യുന്നുവെങ്കിൽ - ശ്രേഷ്ഠത തേടുകയും അവന്റെ ബഹുമാനത്തിനായി അങ്ങനെ ചെയ്യുകയും ചെയ്യുന്നുവെങ്കിൽ, ഏറ്റവും ചെറിയ ജോലിയിൽ പോലും - നമ്മുടെ മഹത്തായ ദൈവത്തെ സേവിക്കുന്നതിനാൽ നമ്മുടെ ജോലി പ്രധാനമാണ്.

ഞാൻ ആരാണ്?
ഒരു ലോക്കൽ മിനിസ്ട്രിയുടെ നേതൃത്വ ടീമിലെ അംഗമെന്ന നിലയിൽ, ഗ്രൂപ്പ് ചർച്ചാ നേതാക്കളായി ഞങ്ങളോടൊപ്പം ചേരാൻ മറ്റുള്ളവരെ ക്ഷണിക്കുക എന്നതായിരുന്നു എന്റെ ജോലിയുടെ ഭാഗം. എന്റെ ക്ഷണങ്ങളിൽ, ആവശ്യമായ സമയ പാലനത്തെ വിവരിക്കുകയും മീറ്റിംഗുകളിലും പതിവ് ഫോൺ കോളുകൾക്കിടയിലും നേതാക്കൾ അവരുടെ ചെറിയ ഗ്രൂപ്പ് പങ്കാളികളുമായി ഇടപഴകേണ്ട വഴികൾ വിവരിക്കുകയും ചെയ്തു. എന്നാൽ അവ മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കാൻ ഞാൻ പലപ്പോഴും വിമുഖത കാണിച്ചിരുന്നു, ഒരു നേതാവാകാൻ അവർ ചെയ്യുന്ന ത്യാഗത്തെക്കുറിച്ച് ഞാൻ ബോധവാന്മാരായിരുന്നു. എന്നിട്ടും ചിലപ്പോൾ അവരുടെ മറുപടി എന്നെ പൂർണ്ണമായും കീഴടക്കും: “ഞാൻ ബഹുമാനിക്കപ്പെട്ടിരിക്കുന്നു.’’ നിരസിക്കാനുള്ള ന്യായമായ കാരണങ്ങൾ ഉദ്ധരിക്കുന്നതിനുപകരം, അവർ തങ്ങളുടെ ജീവിതത്തിൽ ദൈവം ചെയ്ത എല്ലാത്തിനും ദൈവത്തോടുള്ള നന്ദിയാൽ തിരികെ നൽകാൻ ഉത്സുകരായതിന്റെ കാരണമായി അവർ വിവരിച്ചു.
ദൈവത്തിന് ഒരു ആലയം പണിയാൻ വിഭവങ്ങൾ നൽകേണ്ട സമയം വന്നപ്പോൾ, ദാവീദിനും സമാനമായ ഒരു പ്രതികരണം ഉണ്ടായിരുന്നു: ''എന്നാൽ ഞങ്ങൾ ഇങ്ങനെ ഇത്ര മനഃപൂർവ്വമായി ദാനം ചെയ്യേണ്ടതിന്നു പ്രാപ്തരാകുവാൻ ഞാൻ ആർ? എന്റെ ജനവും എന്തുള്ളു?'' (1 ദിനവൃത്താന്തം 29:14) ദാവീദിന്റെ ഔദാര്യം തന്റെ ജീവിതത്തിലും യിസ്രായേൽ ജനത്തിന്റെ ജീവിതത്തിലും ദൈവത്തിന്റെ ഇടപെടലിനുള്ള നന്ദിയാൽ നയിക്കപ്പെട്ടതായിരുന്നു. അവന്റെ പ്രതികരണം അവന്റെ വിനയത്തെക്കുറിച്ചും “പരദേശികളോടും അപരിചിതരോടുമുള്ള’’ അവന്റെ നന്മയുടെ അംഗീകാരത്തെക്കുറിച്ചും സംസാരിക്കുന്നു (വാ. 15).
ദൈവത്തിന്റെ വേലയ്ക്കുള്ള നമ്മുടെ ദാനം-സമയമായാലും കഴിവോ പണമോ ആയാലും-നമുക്ക് അവ തന്നവനോടുള്ള നമ്മുടെ നന്ദിയെ പ്രതിഫലിപ്പിക്കുന്നു. നമുക്കുള്ളതെല്ലാം അവന്റെ കൈയിൽ നിന്നാണ് വരുന്നത് (വാ.14); പ്രതികരണമായി, നമുക്ക് അവനു നന്ദിപൂർവ്വം നൽകാം.

വിശ്വാസത്താൽ കാണുക
എന്റെ പ്രഭാത നടത്തത്തിനിടയിൽ, അതിശയകരമായ ഒരു കാഴ്ച സൃഷ്ടിച്ചുകൊണ്ട് സൂര്യൻ തടാകത്തിലെ വെള്ളത്തിന്റെ ഒരു കോണിൽ തെളിഞ്ഞു. ഒരു ചിത്രമെടുക്കാൻ ക്യാമറ ഫോക്കസ് ചെയ്തുകൊണ്ട് ഞാൻ എന്റെ സുഹൃത്തിനോട് നിൽക്കാൻ ആവശ്യപ്പെട്ടു. സൂര്യന്റെ സ്ഥാനം കാരണം, ഷോട്ട് എടുക്കുന്നതിന് മുമ്പ് എനിക്ക് എന്റെ ഫോണിന്റെ സ്‌ക്രീനിൽ ചിത്രം കാണാൻ കഴിഞ്ഞില്ല. എന്നാൽ ഇത് മുമ്പ് ചെയ്തിട്ടുള്ളതിനാൽ, ഇതൊരു മികച്ച ചിത്രമാണെന്ന് എനിക്ക് തോന്നി. ഞാൻ സുഹൃത്തിനോട് പറഞ്ഞു, ''നമുക്ക് ഇത് ഇപ്പോൾ കാണാൻ കഴിയില്ല, പക്ഷേ ഇതുപോലുള്ള ചിത്രങ്ങൾ എല്ലായ്‌പ്പോഴും നന്നായി വരാറുണ്ട്.''
ഈ ജീവിതത്തിലൂടെ വിശ്വാസത്താൽ നടക്കുന്നത് പലപ്പോഴും ഒരു ചിത്രം എടുക്കുന്നതുപോലെയാണ്. നിങ്ങൾക്ക് എല്ലായ്‌പ്പോഴും സ്‌ക്രീനിൽ വിശദാംശങ്ങൾ കാണാൻ കഴിയില്ല, എന്നാൽ അതിശയകരമായ ചിത്രം അവിടെ ഇല്ലെന്ന് അതിനർത്ഥമില്ല. ദൈവം എപ്പോഴും പ്രവർത്തിക്കുന്നത് നിങ്ങൾ കാണുന്നില്ല, എന്നാൽ അവൻ അവിടെ ഉണ്ടെന്ന് നിങ്ങൾക്കു വിശ്വസിക്കാം. എബ്രായലേഖനത്തിന്റെ എഴുത്തുകാരൻ എഴുതിയതുപോലെ, “വിശ്വാസം എന്നതോ, ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു'' (11:1). വിശ്വാസത്താൽ നാം നമ്മുടെ ആശ്രയവും ഉറപ്പും ദൈവത്തിൽ അർപ്പിക്കുന്നു-പ്രത്യേകിച്ചും അവൻ ചെയ്യുന്നത് കാണാനോ മനസ്സിലാക്കാനോ കഴിയാത്തപ്പോൾ.
വിശ്വാസത്തോടെ, കാണാത്തത് ''ഷോട്ട് എടുക്കുന്നതിൽ'' നിന്ന് നമ്മെ തടയില്ല. അത് നമ്മെ കൂടുതൽ പ്രാർത്ഥിക്കാനും ദൈവത്തിന്റെ മാർഗ്ഗനിർദ്ദേശം തേടാനും പ്രേരിപ്പിച്ചേക്കാം. മറ്റുള്ളവർ വിശ്വാസത്താൽ നടന്നപ്പോൾ എന്തു സംഭവിച്ചു എന്നും (വാ. 4-12) നമ്മുടെ സ്വന്തം അനുഭവത്തിൽ എന്തു സംഭവിച്ചു എന്നും അറിയുന്നതിനാൽ നമുക്ക് ദൈവത്തിൽ ആശ്രയിക്കാം. ദൈവം മുമ്പ് ചെയ്തത്, അവനു വീണ്ടും ചെയ്യാൻ കഴിയും.

സർവ്വ സ്തുതികൾക്കും യോഗ്യൻ
ഫെറാന്റേയും ടെയ്ച്ചറും എക്കാലത്തെയും മികച്ച പിയാനോ ഡ്യുയറ്റ് ടീമായി പലരും കരുതുന്നു. അവരുടെ സഹകരിച്ചുള്ള അവതരണങ്ങൾ വളരെ കൃത്യമായിരുന്നു, അവരുടെ ശൈലി നാല് കൈകളും ഒരു മനസ്സുമാണെന്ന് വിശേഷിപ്പിക്കപ്പെട്ടു. അവരുടെ സംഗീതം കേൾക്കുമ്പോൾ, അവരുടെ വൈദഗ്ധ്യത്തെ മികച്ചതാക്കാൻ അവർ നടത്തുന്ന പരിശ്രമത്തിന്റെ അളവ് ഒരാൾക്ക് മനസ്സിലാക്കാൻ കഴിയും.
എന്നാൽ ഏതുകൊണ്ടു തീർന്നില്ല. അവർ ചെയ്യുന്നത് അവർ ആസ്വദിച്ചിരുന്നു. വാസ്തവത്തിൽ, 1989-ൽ വിരമിച്ചതിന് ശേഷവും, ഫെറാന്റേയും ടെയ്ച്ചറും ഇടയ്ക്കിടെ ഒരു പ്രാദേശിക പിയാനോ സ്റ്റോറിൽ ഒരു കച്ചേരി നടത്തുമായിരുന്നു. അവർ കേവലം സംഗീതം ചെയ്യാൻ ഇഷ്ടപ്പെട്ടു.
ദാവീദിനും സംഗീതം ചമയ്ക്കാൻ ഇഷ്ടമായിരുന്നു-എന്നാൽ തന്റെ പാട്ടിന് ഉയർന്ന ഉദ്ദേശ്യം നൽകാൻ അവൻ ദൈവത്തോടൊപ്പം ചേർന്നു. അവന്റെ സങ്കീർത്തനങ്ങൾ അവന്റെ പോരാട്ടം നിറഞ്ഞ ജീവിതത്തെയും ദൈവത്തിൽ ആഴത്തിൽ ആശ്രയിക്കാനുള്ള അവന്റെ ആഗ്രഹത്തെയും സ്ഥിരീകരിക്കുന്നു. എന്നിരുന്നാലും, അവന്റെ വ്യക്തിപരമായ പരാജയങ്ങൾക്കും അപൂർണ്ണതകൾക്കും ഇടയിൽ, അവന്റെ സ്തുതി ഒരുതരം ആത്മീയ ''തികഞ്ഞ താളം'' പ്രകടിപ്പിച്ചു, അത് അന്ധകാര സമയത്തും ദൈവത്തിന്റെ മഹത്വത്തെയും നന്മയെയും അംഗീകരിക്കുന്നതായിരുന്നു. ദാവീദിന്റെ സ്തുതിക്ക് പിന്നിലെ ഹൃദയം സങ്കീർത്തനം 18:1 ൽ ലളിതമായി പ്രസ്താവിച്ചിരിക്കുന്നു, അത് ഇങ്ങനെയാണ് “എന്റെ ബലമായ യഹോവേ, ഞാൻ നിന്നെ സ്‌നേഹിക്കുന്നു.’’
“സ്തുത്യനായ യഹോവയെ ഞാൻ വിളിച്ചപേക്ഷിച്ചു’’ (വാ. 3) ദാവീദ് തുടർന്നു. “എന്റെ കഷ്ടതയിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു'' (വാ. 6). നമ്മുടെ സാഹചര്യം എന്തുതന്നെ ആയിരുന്നാലും, നമ്മുടെ ദൈവത്തെ സ്തുതിക്കാനും ആരാധിക്കാനും നമുക്കും നമ്മുടെ ഹൃദയം ഉയർത്താം. അവൻ സർവ്വ സ്തുതികൾക്കും യോഗ്യനാണ്!