Category  |  odb

പ്രോത്സാഹനത്തിനുള്ള വരം

“നിങ്ങളുടെ തേനീച്ചകൾ പറന്നുപോകുന്നു!” എന്റെ ഭാര്യ വാതിലിനുള്ളിലേക്കു തല കടത്തു എനിക്ക്, തേനീച്ച വളർത്തുന്ന ഒരാളും കേൾക്കാൻ ആഗ്രഹിക്കാത്ത വാർത്ത തന്നു. ഞാൻ പുറത്തേക്ക് ഓടി, ആയിരക്കണക്കിന് തേനീച്ചകൾ കൂട്ടിൽ നിന്ന് പറന്ന്് ഉയരമുള്ള ഒരു പൈൻ മരത്തിന്റെ മുകളിൽ പറ്റിയിരിക്കുന്നത് കണ്ടു, അവ ഇനി ഒരിക്കലും മടങ്ങിവരില്ല. 
തേനീച്ചകൾ കൂടു വിടുന്നതിന്റെ സൂചനകൾ മനസ്സിലാക്കുന്നതിൽ ഞാൻ അൽപ്പം പിന്നിലായിരുന്നു; ഒരാഴ്ചയിലധികമായി വീശിയടിച്ച കൊടുങ്കാറ്റ് എന്റെ പരിശോധനകളെ തടസ്സപ്പെടുത്തി. രാവിലെ കൊടുങ്കാറ്റ് അവസാനിച്ചതും തേനീച്ചകൾ പോയി. കോളനി പുതിയതും ആരോഗ്യകരവുമായിരുന്നു, പുതിയതൊന്ന് ആരംഭിക്കുന്നതിനായി തേനീച്ചകൾ യഥാർത്ഥത്തിൽ കോളനിയെ വിഭജിക്കുകയായിരുന്നു. ''നിങ്ങൾ വിഷമിക്കരുത്'' എന്റെ നിരാശ കണ്ട പരിചയസമ്പന്നനായ ഒരു തേനീച്ച വളർത്തുകാരൻ സന്തോഷത്തോടെ എന്നോട് പറഞ്ഞു, 'ഇത് ആർക്കും സംഭവിക്കാം!' 
പ്രോത്സാഹനം ഒരു നല്ല വരമാണ്. ശൗൽ തന്റെ ജീവനെടുക്കാൻ വേണ്ടി പിന്തുടരുന്നതിൽ ദാവീദ് നിരാശനായപ്പോൾ, ശൗലിന്റെ മകനായ യോനാഥാൻ ദാവീദിനെ പ്രോത്സാഹിപ്പിച്ചു. ''ഭയപ്പെടേണ്ട,'' യോനാഥൻ പറഞ്ഞു. ''എന്റെ അപ്പനായ ശൗലിന്നു നിന്നെ പിടികിട്ടുകയില്ല; നീ യിസ്രായേലിന്നു രാജാവാകും; അന്നു ഞാൻ നിനക്കു രണ്ടാമനും ആയിരിക്കും; അതു എന്റെ അപ്പനായ ശൗലും അറിയുന്നു'' (1 ശമൂവേൽ 23:17). 
സിംഹാസനാവകാശിയായ ഒരാളുടെ നിസ്വാർത്ഥ വാക്കുകളാണ് അത്. ദൈവം ദാവീദിനോടൊപ്പമുണ്ടെന്ന് യോനാഥൻ തിരിച്ചറിഞ്ഞിരിക്കാം, അതിനാൽ അവൻ വിശ്വാസത്തിന്റെ താഴ്മയുള്ള ഹൃദയത്തിൽ നിന്നാണ് സംസാരിച്ചത്. 
നമുക്ക് ചുറ്റും പ്രോത്സാഹനം ആവശ്യമുള്ളവർ ധാരാളമുണ്ട്. നാം ദൈവമുമ്പാകെ നമ്മെത്തന്നെ താഴ്ത്തുകയും നമ്മിലൂടെ അവരെ സ്‌നേഹിക്കാൻ അവനോട് ആവശ്യപ്പെടുകയും ചെയ്യുമ്പോൾ അവരെ സഹായിക്കാൻ ദൈവം നമ്മെ സഹായിക്കും. 

തുറന്ന ഇടങ്ങൾ കണ്ടെത്തുക

മാർജിൻ എന്ന തന്റെ പുസ്തകത്തിൽ, ഡോ. റിച്ചാർഡ് സ്വെൻസൺ എഴുതുന്നു, ''നമുക്ക് ശ്വസിക്കാൻ കുറച്ച് ഇടമുണ്ടായിരിക്കണം. നമുക്ക് ചിന്തിക്കാനുള്ള സ്വാതന്ത്ര്യവും സുഖപ്പെടാനുള്ള അനുവാദവും വേണം. വേഗതയാൽ നമ്മുടെ ബന്ധങ്ങൾ പട്ടിണി കിടന്നു മരിക്കുന്നു. . . .'' നമ്മുടെ കുട്ടികൾ മുറിവേറ്റ നിലയിൽ നിലത്ത് കിടക്കുന്നു, നമ്മുടെ അതിവേഗ സദുദ്ദേശ്യത്താൽ ചവിട്ടിമെതിക്കപ്പെടുന്നു. ദൈവം ഇപ്പോൾ ക്ഷീണിതനാണോ? അവൻ ഇനി ആളുകളെ സ്വസ്ഥതയുള്ള വെള്ളത്തിനരികിലേക്കു നയിക്കുകയില്ലേ? ഭൂതകാലത്തിന്റെ വിശാലമായ തുറസ്സായ സ്ഥലങ്ങൾ ആരാണ് കൊള്ളയടിച്ചത്, നമുക്ക് അവ എങ്ങനെ തിരികെ ലഭിക്കും?'' സ്വെൻസൺ പറയുന്നത്, നമുക്ക് ജീവിതത്തിൽ ദൈവത്തിൽ വിശ്രമിക്കാനും അവനുമായി കണ്ടുമുട്ടാനും കഴിയുന്ന ശാന്തവും ശാദ്വലവുമായ 'ഭൂമി' ആവശ്യമുണ്ട് എന്നാണ്. 
ഇതു നിങ്ങളുടെ ശബ്ദമായി തോന്നുണ്ടോ? തുറസ്സായ സ്ഥലങ്ങൾ തേടുന്നത്, മോശെ നന്നായി ജീവിച്ച ഒരു കാര്യമാണ്. 'ശാഠ്യമുള്ളവരും മത്സരികളുമായ' ഒരു ജനതയെ നയിച്ചുകൊണ്ടിരുന്ന (പുറപ്പാട് 33:5), അവൻ പലപ്പോഴും ദൈവസന്നിധിയിൽ വിശ്രമവും മാർഗ്ഗനിർദ്ദേശവും കണ്ടെത്താനായി അടുത്തുചെന്നു. അവന്റെ 'സമാഗമന കൂടാരത്തിൽ' (വാ. 7), 'ഒരുത്തൻ തന്റെ സ്‌നേഹിതനോടു സംസാരിക്കുന്നതുപോലെ യഹോവ മോശെയോടു അഭിമുഖമായി സംസാരിച്ചു' (വാ. 11). യേശുവും 'നിർജ്ജനദേശത്തു വാങ്ങിപ്പോയി പ്രാർത്ഥിച്ചുകൊണ്ടിരുന്നു' (ലൂക്കൊസ് 5:16). പിതാവിനോടൊപ്പം ഏകാന്തമായി സമയം ചെലവഴിക്കേണ്ടതിന്റെ പ്രാധാന്യം അവനും മോശെയും മനസ്സിലാക്കി. 
വിശ്രമത്തിലും ദൈവസന്നിധിയിലും ചിലവഴിക്കുന്ന വിശാലവും തുറസ്സായതുമായ ചില ഇടങ്ങൾ, ചില മാർജിനുകൾ, നമ്മുടെ ജീവിതത്തിൽ നാമും കെട്ടിപ്പടുക്കേണ്ടതുണ്ട്. അവനോടൊപ്പം സമയം ചെലവഴിക്കുന്നത് മികച്ച തീരുമാനങ്ങൾ എടുക്കാൻ നമ്മെ സഹായിക്കും-നമ്മുടെ ജീവിതത്തിൽ ആരോഗ്യകരമായ അരികുകളും അതിരുകളും സൃഷ്ടിക്കുന്നതിലൂടെ അവനെയും മറ്റുള്ളവരെയും നന്നായി സ്‌നേഹിക്കുന്നതിനുള്ള ബാൻഡ് വിഡ്ത്ത് ലഭ്യമാകുന്നു. 
നമുക്ക് ഇന്ന് തുറസ്സായ സ്ഥലങ്ങളിൽ ദൈവത്തെ അന്വേഷിക്കാം. 

ക്രിസ്തുവിന്റെ ശക്തി

2013-ൽ അറുനൂറോളം കാണികൾ നിക്ക് വാലെൻഡാ, ഗ്രാൻഡ് കാന്യോണിന് സമീപം 1500 അടി വീതിയുള്ള മലയിടുക്കിലൂടെ കുറുകെ വലിച്ചുകെട്ടിയ വടത്തിലൂടെ നടക്കുന്നതിനു സാക്ഷ്യം വഹിച്ചു. വാലെൻഡ 2 ഇഞ്ച് കനമുള്ള സ്റ്റീൽ കേബിളിൽ കയറി, താഴെയുള്ള താഴ്‌വരയിലേക്ക് ഹെഡ് ക്യാമറ തിരിച്ചുകൊണ്ട് യേശുവിന് നന്ദി പറഞ്ഞു. അദ്ദേഹം ഒരു നടപ്പാതയിൽ ഉലാത്തുന്നതു പോലെ ശാന്തമായി കയറിലൂടെ നടക്കുമ്പോൾ യേശുവിനോടു പ്രാർത്ഥിക്കുകയും സ്തുതിക്കുകയും ചെയ്തു. കാറ്റ് പ്രതികൂലമായപ്പോൾ അദ്ദേഹം കുനിഞ്ഞു. പിന്നീട് എഴുന്നേറ്റ് സമനില വീണ്ടെടുത്തു, ''ആ കേബിളിനെ ശാന്തമാക്കിയതിന്'' ദൈവത്തിന് നന്ദി പറഞ്ഞു. ആ ഓരോ ചുവടിലും, അന്നത്തെ കാഴ്ചക്കാരോടും ഇന്നു ലോകമെമ്പാടും വീഡിയോ കാണുന്നവരോടും ക്രിസ്തുവിന്റെ ശക്തിയിലുള്ള തന്റെ ആശ്രയത്വം അദ്ദേഹം പ്രദർശിപ്പിച്ചു. 
ഗലീല കടലിൽ ശക്തിമായ കാറ്റും തിരമാലയും ഉയർന്നപ്പോൾ ശിഷ്യന്മാരെ ഭയം പിടികൂടി. സഹായത്തിനായുള്ള അവരുടെ നിലവിളി അവരുടെ ഭയത്തെ പ്രകടിപ്പിക്കുന്നതായിരുന്നു (മർക്കൊസ് 4:35-38). യേശു കൊടുങ്കാറ്റിനെ ശാന്തമാക്കിയപ്പോൾ, അവൻ കാറ്റിനെയും മറ്റെല്ലാറ്റിനെയും നിയന്ത്രിക്കുന്നുവെന്ന് അവർ മനസ്സിലാക്കി (വാ. 39-41). പതുക്കെ പതുക്കെ അവർ അവനിലുള്ള വിശ്വാസത്തിൽ വളരാൻ പഠിച്ചു. അവരുടെ വ്യക്തിപരമായ അനുഭവങ്ങൾ യേശുവിന്റെ സാമീപ്യവും അസാധാരണമായ ശക്തിയും തിരിച്ചറിയാൻ മറ്റുള്ളവരെ സഹായിച്ചു. 
ജീവിതത്തിലെ കൊടുങ്കാറ്റുകൾ അനുഭവിക്കുമ്പോൾ അല്ലെങ്കിൽ കഷ്ടതയുടെ ആഴമേറിയ ഗർത്തത്തിനു മുളിലൂടെ വിശ്വാസത്തിന്റെ കയറിൽ സഞ്ചരിക്കുമ്പോൾ, നമുക്ക് ക്രിസ്തുവിന്റെ ശക്തിയിലുള്ള ആത്മവിശ്വാസം പ്രകടിപ്പിക്കാൻ കഴിയും. തന്നിൽ പ്രത്യാശിക്കാൻ മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നതിനായി ദൈവം നമ്മുടെ വിശ്വാസ-നടത്തത്തെ ഉപയോഗിക്കും. 

ആരാധനയുടെ ഉത്സവങ്ങൾ

ഒരു വലിയ പരിപാടിയിൽ പങ്കെടുക്കുന്നത് നിങ്ങളെ അത്ഭുതപ്പെടുത്തുന്ന വിധം മാറ്റിയേക്കാം. യുകെയിലെയും യുഎസിലെയും മൾട്ടി-ഡേ ഒത്തുചേരലുകളിൽ 1,200-ലധികം ആളുകളുമായി സംവദിച്ചതിന് ശേഷം, വലിയ ഉത്സവങ്ങൾ നമ്മുടെ ധാർമ്മിക ദിശയെ ബാധിക്കുമെന്നും മറ്റുള്ളവരുമായി വിഭവങ്ങൾ പങ്കിടാനുള്ള നമ്മുടെ സന്നദ്ധതയെ പോലും ബാധിക്കുമെന്നും ഗവേഷകനായ ഡാനിയൽ യുഡ്കിനും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും മനസ്സിലാക്കി. ഫെസ്റ്റിവലിൽ പങ്കെടുത്തവരിൽ 63 ശതമാനം പേർക്കും ഒരു “രൂപാന്തരീകരണ'' അനുഭവം ഉണ്ടായെന്നും അതവരെ മാനുഷികതയുമായി കൂടുതൽ ബന്ധിപ്പിച്ചെന്നും സുഹൃത്തുക്കളോടും കുടുംബത്തോടും തികച്ചും അപരിചിതരോടുപോലും കൂടുതൽ ഉദാരമനസ്‌കത കാണിക്കാനും ഇടവരുത്തിയതായും അവരുടെ ഗവേഷണം കണ്ടെത്തി. 
എന്നിരുന്നാലും, ദൈവത്തെ ആരാധിക്കാൻ മറ്റുള്ളവരുമായി നാം ഒത്തുകൂടുമ്പോൾ, ഒരു മതേതര ഉത്സവത്തിന്റെ സാമൂഹിക “പരിവർത്തനം” എന്നതിലുപരിയായ ഒന്ന് നമുക്ക് അനുഭവിക്കാൻ കഴിയും; നാം ദൈവവുമായി തന്നെ ആശയവിനിമയം നടത്തുന്നു. പുരാതന കാലത്ത് യിസ്രായേൽ ജനം വർഷത്തിലുടനീളം യെരൂശലേമിൽ തങ്ങളുടെ വിശുദ്ധ ഉത്സവങ്ങൾക്കായി ഒത്തുകൂടുമ്പോൾ ദൈവവുമായുള്ള ആ ബന്ധം നിസ്സംശയം അവർക്ക് അനുഭവപ്പെട്ടു. “പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാളിനും വാരോത്സവത്തിനും കൂടാരപ്പെരുന്നാളിനും'' ആധുനിക സൗകര്യങ്ങളില്ലാതെ തന്നെ അവർ യെരൂശലേമിലേക്കു യാത്ര ചെയ്തു (ആവർത്തനം 16:16). ഈ ഒത്തുചേരലുകൾ കുടുംബത്തോടും ദാസന്മാരോടും പരദേശികളോടും മറ്റുള്ളവരോടും ഒപ്പം “യഹോവയുടെ സന്നിധിയിൽ'' ഗംഭീരമായ സ്മരണയുടെയും ആരാധനയുടെയും സന്തോഷത്തിന്റെയും സമയങ്ങളായിരുന്നു (വാ. 11). 
അവനെ തുടർന്നും ആസ്വദിക്കാനും അവന്റെ വിശ്വസ്തതയിൽ ആശ്രയിക്കാനും പരസ്പരം സഹായിക്കുന്നതിനായി നമുക്ക് മറ്റുള്ളവരുമായി ആരാധനയ്ക്കായി ഒത്തുകൂടാം. 

ബ്രാൻഡ് അംബാസഡർമാരേക്കാളധികം

ഇന്റർനെറ്റ് യുഗത്തിൽ മത്സരം രൂക്ഷമായിരിക്കുന്നു. ഉപഭോക്താക്കളെ ആകർഷിക്കാൻ കമ്പനികൾ ക്രിയാത്മകമായ വഴികൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. ഉദാഹരണത്തിന് സുബാരു വാഹനങ്ങൾ എടുക്കുക. സുബാരു ഉടമകൾ വിശ്വസ്തരാണ്, അതിനാൽ കമ്പനി 'സുബി സൂപ്പർ ഫാൻസിനെ' വാഹനങ്ങളുടെ 'ബ്രാൻഡ് അംബാസഡർ' ആകാൻ ക്ഷണിക്കുന്നു. 
കമ്പനിയുടെ വെബ്‌സൈറ്റ് പറയുന്നു, ''സുബാരു അംബാസഡർമാർ, സുബാരുവിനെക്കുറിച്ച് പ്രചരിപ്പിക്കാനും ബ്രാൻഡിന്റെ ഭാവി രൂപപ്പെടുത്താനും അവരുടെ അഭിനിവേശവും ഉത്സാഹവും സ്വമേധയാ നൽകുന്ന ഊർജ്ജസ്വലരായ വ്യക്തികളുടെ ഒരു പ്രത്യേക ഗ്രൂപ്പാണ്.” സുബാരു ഉടമസ്ഥാവകാശം ആളുകളുടെ ഐഡന്റിറ്റിയുടെ ഭാഗമാകണമെന്ന് കമ്പനി ആഗ്രഹിക്കുന്നു-അവർക്ക് അത്യധികം അഭിനിവേശമുണ്ട്, അവർക്ക് പങ്കിടാതിരിക്കാൻ കഴികയില്ല. 
2 കൊരിന്ത്യർ 5-ൽ, യേശുവിനെ അനുഗമിക്കാൻ മറ്റുള്ളവരെ ക്ഷണിക്കുന്ന ഒരു വ്യത്യസ്തമായ 'അംബാസഡർ' പരിപാടിയെക്കുറിച്ച് പൗലൊസ് വിവരിക്കുന്നു. “ആകയാൽ കർത്താവിനെ ഭയപ്പെടേണം എന്നു അറിഞ്ഞിട്ടു ഞങ്ങൾ മനുഷ്യരെ സമ്മതിപ്പിക്കുന്നു” (വാ. 11). തുടർന്ന് പൗലൊസ് കൂട്ടിച്ചേർക്കുന്നു, ''ഈ നിരപ്പിന്റെ വചനം ഞങ്ങളുടെ പക്കൽ ഭരമേല്പിച്ചുമിരിക്കുന്നു. ആകയാൽ ഞങ്ങൾ ക്രിസ്തുവിന്നു വേണ്ടി സ്ഥാനാപതികളായി ദൈവത്തോടു നിരന്നു കൊൾവിൻ എന്നു ക്രിസ്തുവിന്നു പകരം അപേക്ഷിക്കുന്നു” (വാ. 19-20). 
പല ഉൽപ്പന്നങ്ങളും നമുക്ക് സന്തോഷവും സമ്പൂർണ്ണതയും ലക്ഷ്യവും പോലെ   ആഴത്തിലുള്ള ആവശ്യങ്ങൾ നിറവേറ്റുമെന്നു വാഗ്ദാനം ചെയ്യുന്നു. എന്നാൽ ഒരേയൊരു സന്ദേശം -യേശുവിൽ വിശ്വസിക്കുന്നവരായ നമ്മെ ഏൽപ്പിച്ചിരിക്കുന്ന നിരപ്പിന്റെ സന്ദേശം- യഥാർത്ഥത്തിൽ സന്തോഷവാർത്തയാണ്. നിരാശാജനകമായ ഒരു ലോകത്തിലേക്ക് ആ സന്ദേശം എത്തിക്കാനുള്ള പദവി നമുക്കു ലഭിച്ചിരിക്കുന്നു.