നമ്മുടെ എല്ലാ ഇടപാടുകളിലും
1524 ൽ, മാർട്ടിൻ ലൂഥർ ഇങ്ങനെ നിരീക്ഷിച്ചു: “വ്യാപാരികൾക്ക് തങ്ങൾക്കിടയിൽ ഒരു പൊതുനിയമമുണ്ട്, അത് അവരുടെ മുഖ്യ തത്വമാണ്. . . . എനിക്ക് എന്റെ ലാഭം ഉള്ളിടത്തോളവും എന്റെ അത്യാഗ്രഹം തൃപ്തിപ്പെടുത്തുന്നിടത്തോളവും ഞാൻ എന്റെ അയൽക്കാരനെ കാര്യമാക്കുന്നില്ല.’’ ഇരുനൂറിലേറെ വർഷങ്ങൾക്കുശേഷം, ന്യൂജേഴ്‌സിയിലെ മൗണ്ട് ഹോളിയിൽ നിന്നുള്ള ജോൺ വൂൾമാൻ, യേശുവിനോടുള്ള പ്രതിബദ്ധത തന്റെ തയ്യൽക്കട ഇടപാടുകളെ സ്വാധീനിക്കാൻ അനുവദിച്ചു. അടിമകളെ മോചിപ്പിക്കുന്നതിനുള്ള പിന്തുണയുടെ പേരിൽ, തൊഴിലാളികളെ നിർബന്ധിച്ചു പണിയെടുപ്പിക്കുന്ന കമ്പനികളിൽ നിന്ന് കോട്ടൺ അല്ലെങ്കിൽ ഡൈ വാങ്ങാൻ അദ്ദേഹം വിസമ്മതിച്ചു. വ്യക്തമായ മനസ്സാക്ഷിയോടെ, അദ്ദേഹം തന്റെ അയൽക്കാരനെ സ്‌നേഹിക്കുകയും തന്റെ എല്ലാ ഇടപാടുകളിലും സത്യസന്ധതയും ആത്മാർത്ഥതയും പുലർത്തി ജീവിക്കുകയും ചെയ്തു.
അപ്പൊസ്തലനായ പൗലൊസ് “വിശുദ്ധിയിലും നിർമ്മലതയിലും’’ ജീവിക്കാൻ ശ്രമിച്ചു (2 കൊരിന്ത്യർ 1:12). കൊരിന്തിലെ ചിലർ യേശുവിന്റെ ഒരു അപ്പൊസ്തലൻ എന്ന നിലയിലുള്ള അവന്റെ അധികാരത്തെ തുരങ്കം വയ്ക്കാൻ ശ്രമിച്ചപ്പോൾ അവൻ അവരുടെ ഇടയിൽ തന്റെ പെരുമാറ്റത്തെ ന്യായീകരിച്ചു. തന്റെ വാക്കുകൾക്കും പ്രവൃത്തികൾക്കും ഏറ്റവും അടുത്ത സൂക്ഷ്മപരിശോധനയെ നേരിടാൻ കഴിയുമെന്ന് അവൻ എഴുതി (വാ. 13). ഫലപ്രാപ്തിക്കായി താൻ ആശ്രയിക്കുന്നത് സ്വസന്തശക്തിയിലല്ല, ദൈവത്തിന്റെ ശക്തിയിലും കൃപയിലാണെന്നും അവൻ കാണിച്ചു (വാ. 12). ചുരുക്കത്തിൽ, പൗലൊസിന്റെ ക്രിസ്തുവിലുള്ള വിശ്വാസം അവന്റെ എല്ലാ ഇടപാടുകളിലും വ്യാപിച്ചു.
നാം യേശുവിന്റെ സ്ഥാനപതികളായി ജീവിക്കുമ്പോൾ, നമ്മുടെ എല്ലാ ഇടപാടുകളിലും - കുടുംബം, ബിസിനസ്സ്, കൂടാതെ മറ്റു പലതിലും - സുവാർത്ത മുഴങ്ങാൻ നമുക്ക് ശ്രദ്ധിക്കാം. ദൈവത്തിന്റെ ശക്തിയാലും കൃപയാലും നാം അവന്റെ സ്‌നേഹം മറ്റുള്ളവർക്ക് വെളിപ്പെടുത്തുമ്പോൾ, നാം അവനെ ബഹുമാനിക്കുകയും നമ്മുടെ അയൽക്കാരെ സ്‌നേഹിക്കുകയും ആണു ചെയ്യുന്നത്.

ഒരുമിച്ചു മിടിക്കുന്നു
സൃഷ്ടിയുടെ ഉദയം മുതൽ കഥകൾ മനുഷ്യനെ ആകർഷിച്ചിട്ടുണ്ട് - ലിഖിത ഭാഷ നിലനിൽക്കുന്നതിന് വളരെ മുമ്പുതന്നെ അറിവ് കൈമാറുന്നതിനുള്ള ഒരു മാർഗമായി അവ പ്രവർത്തിച്ചിരുന്നു. ഒരു കഥ കേൾക്കുന്നതിനോ വായിക്കുന്നതിനോ ഉള്ള ആനന്ദം നമുക്കെല്ലാം അറിയാം, “ഒരിടത്തൊരിടത്ത്’’ എന്നതുപോലുള്ള തുടക്ക വരികളിൽ ഉടനടി നമ്മെ ആകർഷിക്കുന്നു. ഒരു കഥയുടെ ശക്തി കേവലം ആസ്വാദനത്തിനപ്പുറം വ്യാപിക്കുന്നതായി കാണാം: നമ്മൾ ഒരുമിച്ച് ഒരു കഥ കേൾക്കുമ്പോൾ, നമ്മുടെ ഹൃദയമിടിപ്പുകൾ സമന്വയിക്കുന്നതായി തോന്നുന്നു! ഒരു ദിവസത്തെ നമ്മുടെ വ്യക്തിഗത ഹൃദയമിടിപ്പുകൾ വ്യത്യാസപ്പെട്ടിരിക്കുമെങ്കിലും, മറ്റൊരാളുടെ ഹൃദയമിടിപ്പുകൾ യാദൃശ്ചികമായി പൊരുത്തപ്പെടുമെങ്കിലും, ഒരേ സമയം ഒരേ കഥ കേൾക്കുമ്പോൾ നമ്മുടെ ഹൃദയങ്ങളെല്ലാം ഒരേ താളത്തിൽ ആകുമെന്ന് പുതിയ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.
“ആദിയിൽ’’ (ഉൽപത്തി 1:1) എന്ന വാക്കുകളോടെയാണ് ദൈവം തന്റെ കഥ നമ്മോട് പറയാൻ തുടങ്ങുന്നത്. ആദാമും ഹവ്വായും ആദ്യമായി ശ്വസിച്ച നിമിഷം മുതൽ (വാ. 27), നമ്മുടെ വ്യക്തിഗത ജീവിതത്തെ മാത്രമല്ല - ഒരു പക്ഷേ അതിലും പ്രധാനമായി - തന്റെ മക്കളെന്ന നിലയിൽ നമ്മുടെ കൂട്ടായ ജീവിതത്തെയും രൂപപ്പെടുത്താൻ ദൈവം ആ ചുരുളഴിയുന്ന കഥ ഉപയോഗിച്ചു. ബൈബിളിലൂടെ - ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും മഹത്തായ സാങ്കലിപ്കമല്ലാത്ത കഥ - യേശുവിൽ വിശ്വസിക്കുന്നവരും അവന്റെ ഉദ്ദേശ്യങ്ങൾക്കായി വേർതിരിക്കപ്പെട്ടവരുമായ നമ്മുടെ ഹൃദയങ്ങൾ ഒന്നിച്ചുചേരുന്നു (1 പത്രൊസ് 2:9).
പ്രതികരണമായി, രചയിതാവിന്റെ സർഗ്ഗാത്മക സൃഷ്ടികളാൽ ആഹ്ലാദംകൊള്ളുന്ന നമ്മുടെ ഹൃദയങ്ങൾ പങ്കിട്ട താളത്തിൽ മിടിക്കട്ടെ. നമുക്ക് അവന്റെ കഥ മറ്റുള്ളവരുമായി പങ്കുവെക്കാം, “ജാതികളുടെ ഇടയിൽ അവന്റെ മഹത്വവും സകലവംശങ്ങളുടെയും ഇടയിൽ അവന്റെ അത്ഭുതങ്ങളും’’ (സങ്കീർത്തനം 96:3) പ്രഖ്യാപിച്ചുകൊണ്ട്, അവരെയും അതിന്റെ ഭാഗമാകാൻ ക്ഷണിക്കാം.

നിങ്ങൾ ഭയപ്പെടുമ്പോൾ
എനിക്ക് ഒരു മെഡിക്കൽ ചെക്കപ്പ് ക്രമീകരിച്ചിരുന്നു, എനിക്ക് സമീപകാലത്ത് ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും, ഈ സന്ദർശനത്തെ ഞാൻ ഭയപ്പെട്ടു. വളരെക്കാലം മുമ്പ് ഒരു അപ്രതീക്ഷിത രോഗനിർണയത്തിന്റെ ഓർമ്മകൾ എന്നെ വേട്ടയാടിയിരുന്നു. ദൈവം എന്നോടൊപ്പമുണ്ടെന്നും ഞാൻ അവനെ വിശ്വസിക്കണമെന്നും എനിക്കറിയാമായിരുന്നെങ്കിലും എനിക്കു ഭയം തോന്നി.
എന്റെ ഭയത്തിലും വിശ്വാസമില്ലായ്മയിലും ഞാൻ നിരാശനായി. ദൈവം എപ്പോഴും എന്നോടൊപ്പമുണ്ടെങ്കിൽ, എനിക്ക് എന്തിനാണ് ഇത്ര ഉത്കണ്ഠ തോന്നുന്നത്? ഒരു പ്രഭാതത്തിൽ, അവൻ എന്നെ ഗിദെയോന്റെ കഥയിലേക്ക് നയിച്ചുവെന്ന് ഞാൻ വിശ്വസിക്കുന്നു.
“പരാക്രമശാലി’’ (ന്യായാധിപന്മാർ 6:12) എന്നു വിളിക്കപ്പെട്ട ഗിദെയോൻ, മിദ്യാന്യരെ ആക്രമിക്കാനുള്ള തന്റെ നിയോഗത്തെക്കുറിച്ച് ഭയപ്പെട്ടു. തന്റെ സാന്നിധ്യവും വിജയവും ദൈവം അവനു വാഗ്ദത്തം ചെയ്തിരുന്നുവെങ്കിലും, ഗിദെയോൻ അപ്പോഴും ഒന്നിലധികം ഉറപ്പുകൾ തേടി (വാ. 16-23, 36-40).
എന്നിരുന്നാലും, ഗിദെയോന്റെ ഭയത്തിന് ദൈവം അവനെ കുറ്റപ്പെടുത്തിയില്ല. ദൈവത്തിന് അവനെ മനസ്സിലായി. ആക്രമണത്തിന്റെ രാത്രിയിൽ, അവൻ ഗിദെയോന് വീണ്ടും വിജയം ഉറപ്പുനൽകി, അവന്റെ ഭയം ശമിപ്പിക്കാനുള്ള ഒരു വഴി പോലും നൽകി (7:10-11).
എന്റെ ഭയവും ദൈവത്തിനു മനസ്സിലായി. അവന്റെ ഉറപ്പ് അവനെ വിശ്വസിക്കാൻ എനിക്ക് ധൈര്യം നൽകി. ഫലം എന്തായിരുന്നാലും അവൻ എന്നോടൊപ്പമുണ്ടെന്ന് അറിഞ്ഞുകൊണ്ട് ഞാൻ അവന്റെ സമാധാനം അനുഭവിച്ചു. അവസാനം, എന്റെ പരിശോധനയിൽ പ്രശ്‌നമൊന്നും കണ്ടെത്തിയില്ല.
നമ്മുടെ ഭയം മനസ്സിലാക്കുകയും തിരുവെഴുത്തിലൂടെയും ആത്മാവിലൂടെയും നമുക്ക് ഉറപ്പുനൽകുകയും ചെയ്യുന്ന ഒരു ദൈവം നമുക്കുണ്ട് (സങ്കീർത്തനം 23:4; യോഹന്നാൻ 14:16-17). ഗിദെയോനെപ്പോലെ (ന്യായാധിപന്മാർ 7:15) നമുക്കും അവനെ നന്ദിയോടെ ആരാധിക്കാം.

ക്രിസ്തുമസ്-കാർഡ് പൂർണ്ണതയുള്ളതാണ്
ബാർക്കർ കുടുംബത്തിന്റെ ക്രിസ്തുമസ് വീഡിയോ മികച്ചതായിരുന്നു. നീളൻ കുപ്പായം ധരിച്ച മൂന്ന് ഇടയന്മാർ (കുടുംബത്തിന്റെ ഇളയ മക്കൾ) ഒരു പുൽമേടിലെ തീയ്ക്ക് ചുറ്റും ഇരുന്നു. പെട്ടെന്ന് മലമുകളിൽ നിന്ന് ഒരു മാലാഖ ഇറങ്ങിവന്നു (അവരുടെ വലിയ സഹോദരി, പിങ്ക് നിറത്തിലുള്ള ഉയരം കൂടിയ ഷൂവുകൾ ഒഴികെ ബാക്കിയെല്ലാം മനോഹരമായി കാണപ്പെട്ടു). സൗണ്ട്ട്രാക്ക് ഉച്ചത്തിലാകുമ്പോൾ, ഇടയന്മാർ വിസ്മയത്തോടെ ആകാശത്തേക്ക് നോക്കി. ഒരു വയലിലൂടെയുള്ള ഒരു നടത്തം അവരെ ഒരു യഥാർത്ഥ ശിശുവിന്റെ അടുത്തേക്ക് നയിച്ചു. ഒരു ആധുനിക കളപ്പുരയിലുള്ള അവരുടെ കുഞ്ഞു സഹോദരൻ. മൂത്ത സഹോദരി ഇപ്പോൾ മറിയയുടെ വേഷം അണിഞ്ഞു.
പിന്നീട് “ബോണസ് സവിശേഷതകൾ’’ വന്നു, അവരുടെ പിതാവു ഞങ്ങളെ തിരശ്ശീലയ്ക്ക് പിന്നിലേക്ക് നോക്കാൻ അനുവദിച്ചു. കുട്ടികൾ ചിണുങ്ങിക്കൊണ്ടു പരാതി പറഞ്ഞു, “എനിക്ക് തണുക്കുന്നു.’’ “എനിക്ക് ഇപ്പോൾ ബാത്ത്‌റൂമിൽ പോകണം!’’ “നമുക്ക് വീട്ടിൽ പോകാമോ?’’ “കുട്ടികളേ, ശ്രദ്ധിക്കൂ,’’ അവരുടെ അമ്മ ഒന്നിലധികം തവണ പറഞ്ഞു. ക്രിസ്തുമസ് കാർഡിൽ നിന്ന് യാഥാർത്ഥ്യം വളരെ അകലെയായിരുന്നു.
നന്നായി എഡിറ്റ് ചെയ്ത ഒരു ചിത്രത്തിന്റെ ലെൻസിലൂടെ യഥാർത്ഥ ക്രിസ്തുമസ് കഥ കാണാൻ എളുപ്പമാണ്. എന്നാൽ യേശുവിന്റെ ജീവിതം അത്ര സുഗമമല്ലായിരുന്നു. അസൂയാലുവായ ഹെരോദാവ് അവനെ ശൈശവത്തിൽ കൊല്ലാൻ ശ്രമിച്ചു (മത്തായി 2:13). മറിയയും യോസേഫും അവനെ തെറ്റിദ്ധരിച്ചു (ലൂക്കൊസ് 2:41-50). ലോകം അവനെ വെറുത്തു (യോഹന്നാൻ 7:7). ഒരു കാലത്തേക്ക്, “അവന്റെ സഹോദരന്മാരും അവനിൽ വിശ്വസിച്ചില്ല’’ (7:5). അവന്റെ ദൗത്യം ദാരുണമായ മരണത്തിലേക്ക് നയിച്ചു. തന്റെ പിതാവിനെ ബഹുമാനിക്കാനും നമ്മെ രക്ഷിക്കാനുമാണ് അവൻ ഇതെല്ലാം ചെയ്തത്.
യേശുവിന്റെ ഈ വാക്കുകളോടെയാണ് ബാർക്കർ കുടുംബത്തിന്റെ വീഡിയോ അവസാനിച്ചത്: “ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല’’ (യോഹന്നാൻ 14:6). അത് നമുക്ക് ജീവിതത്തിൽ അനുഭവിക്കാൻ കഴിയുന്ന ഒരു യാഥാർത്ഥ്യമാണ് - എന്നേക്കും.

ദൈവവചനത്തിന്റെ ശക്തി
1968 ലെ ക്രിസ്മസ് രാവിൽ, അപ്പോളോ 8 ബഹിരാകാശയാത്രികരായ ഫ്രാങ്ക് ബോർമാൻ, ജിം ലോവൽ, ബിൽ ആൻഡേഴ്‌സ് എന്നിവർ ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ച ആദ്യ മനുഷ്യരായി. ചന്ദ്രനെ പത്ത് തവണ വലംവെച്ചുകൊണ്ട് ചന്ദ്രന്റെയും ഭൂമിയുടെയും ചിത്രങ്ങൾ അവർ പങ്കുവെച്ചു. ഒരു തത്സമയ സംപ്രേക്ഷണ വേളയിൽ, അവർ ഉല്പത്തി 1 ൽ നിന്ന് മാറിമാറി വായിച്ചു. നാൽപ്പതാം വാർഷിക ആഘോഷത്തിൽ, ബോർമാൻ പറഞ്ഞു, “ക്രിസ്മസ് രാവിൽ, ഇതുവരെ മനുഷ്യശബ്ദം ശ്രവിച്ചിട്ടില്ലാത്ത ഏറ്റവും വലിയ പ്രേക്ഷകഗണം ഞങ്ങൾക്കുണ്ടാകുമെന്ന് ഞങ്ങളോട് പറഞ്ഞു. നാസയിൽ നിന്ന് ഞങ്ങൾക്ക് ലഭിച്ച ഒരേയൊരു നിർദ്ദേശം ഉചിതമായ എന്തെങ്കിലും ചെയ്യുക എന്നതായിരുന്നു.’’ അപ്പോളോ 8 ബഹിരാകാശയാത്രികർ പറഞ്ഞ ബൈബിൾ വാക്യങ്ങൾ ചരിത്രപരമായ റെക്കോർഡുകൾ കേൾക്കുന്ന ആളുകളുടെ ഹൃദയത്തിൽ സത്യത്തിന്റെ വിത്തുകൾ പാകുന്നു.
യെശയ്യാ പ്രവാചകനിലൂടെ ദൈവം പറയുന്നു: “നിങ്ങൾ ചെവി ചായിച്ചു എന്റെ അടുക്കൽ വരുവിൻ!; നിങ്ങൾക്കു ജീവനുണ്ടാകേണ്ടതിന്നു കേട്ടുകൊൾവിൻ!’’ (യെശയ്യാവ് 55:3). രക്ഷയുടെ സൗജന്യ വാഗ്ദാനത്തെ വെളിപ്പെടുത്തിക്കൊണ്ട്, നമ്മുടെ പാപത്തിൽ നിന്ന് തിരിഞ്ഞ് അവന്റെ കരുണയും ക്ഷമയും സ്വീകരിക്കാൻ അവൻ നമ്മെ ക്ഷണിക്കുന്നു (വാ. 6-7). അവന്റെ ചിന്തകളുടെയും പ്രവർത്തനങ്ങളുടെയും ദൈവിക അധികാരം അവൻ പ്രഖ്യാപിക്കുന്നു, അത് നമുക്ക് ശരിക്കും മനസ്സിലാക്കാൻ കഴിയാത്തത്ര വിശാലമാണ് (വാ. 8-9). എന്നിരുന്നാലും, യേശുവിലേക്ക് വിരൽ ചൂണ്ടുന്നതും തന്റെ ജനത്തിന്റെ ആത്മീയ വളർച്ചയ്ക്ക് ഉത്തരവാദി താനാണെന്ന് സ്ഥിരീകരിക്കുന്നതുമായ, ജീവിതത്തിനു രൂപാന്തരം വരുത്തുന്ന തിരുവെഴുത്തുകളുടെ വാക്കുകൾ പങ്കിടാൻ ദൈവം നമുക്ക് അവസരം നൽകുന്നു (വാ. 10-13).
പിതാവ് തന്റെ എല്ലാ വാഗ്ദാനങ്ങളും അവന്റെ പരിപൂർണ്ണ പദ്ധതിക്കും വേഗതയ്ക്കും അനുസരിച്ച് നിറവേറ്റുന്നതിനാൽ, സുവിശേഷം പങ്കുവെക്കാൻ പരിശുദ്ധാത്മാവ് നമ്മെ സഹായിക്കുന്നു.
