Category  |  odb

ദൈവവചനം ഗ്രഹിക്കുക

എന്റെ വലിയച്ഛന്റെ പഴയ ഫാം ഹൗസിന്റെ വാതിൽ ഫ്രെയിമിൽ തൂങ്ങിക്കിടക്കുന്ന പരുക്കൻ, കാസ്റ്റ് അയണിന്റെ വളയം കഠിനമായ ശൈത്യത്തെ അതിജീവിക്കുന്നതായിരുന്നു. നൂറ് അടിയിലധികം അകലെ മറ്റൊരു വളയം പശുത്തൊഴുത്തിൽ ഉറപ്പിച്ചിരുന്നു. വലിയ മഞ്ഞുവീഴ്ച ഉണ്ടാകുമ്പോൾ, എന്റെ അങ്കിൾ രണ്ടു വളയങ്ങൾക്കിടയിലൂടെ ഒരു കയർ ബന്ധിക്കും, അങ്ങനെ വീടിനും തൊഴുത്തിനും ഇടയിലുള്ള വഴി കണ്ടെത്താനാകും. കാഴ്ച മറയ്ക്കുന്ന മഞ്ഞുവീഴ്ചയിലും വഴിതെറ്റാതെ കയറിൽ പിടിച്ചുകൊണ്ട് അദ്ദേഹത്തിനു നടക്കുവാൻ കഴിയുമായിരുന്നു. 

എന്റെ അങ്കിൾ കനത്ത മഞ്ഞുവീഴ്ചയിൽ ഈ സുരക്ഷാ കയർ ഉപയോഗിക്കുന്നത്, ദൈവത്തിന്റെ ജ്ഞാനം നമ്മെ ജീവിതത്തിലൂടെ എങ്ങനെ നയിക്കുകയും പാപത്തിൽ നിന്നും തെറ്റുകളിൽ നിന്നും എങ്ങനെ സംരക്ഷിക്കുകയും ചെയ്യുന്നു എന്നറിയാൻ ദാവീദ് എബ്രായ കവിതയുടെ വരികൾ ഉപയോഗിച്ചതിനെക്കുറിച്ച് എന്നെ ഓർമ്മിപ്പിക്കുന്നു: “യഹോവാഭക്തി നിർമ്മലമായതു; അതു എന്നേക്കും നിലനില്ക്കുന്നു; യഹോവയുടെ വിധികൾ സത്യമായവ; അവ ഒട്ടൊഴിയാതെ നീതിയുള്ളവയാകുന്നു. അവ പൊന്നിലും വളരെ തങ്കത്തിലും ആഗ്രഹിക്കത്തക്കവ; തേനിലും തേങ്കട്ടയിലും മധുരമുള്ളവ. അടിയനും അവയാൽ പ്രബോധനം ലഭിക്കുന്നു; അവയെ പ്രമാണിക്കുന്നതിനാൽ വളരെ പ്രതിഫലം ഉണ്ടു’’ (സങ്കീർത്തനം 19:9-11).

നമ്മുടെ ഹൃദയങ്ങളിൽ പ്രവർത്തിക്കുന്ന ദൈവാത്മാവ് നൽകുന്ന തിരുവെഴുത്തുകളിലെ സത്യങ്ങളുടെ ദൃഢമായ ഗ്രാഹ്യം, വഴിതെറ്റിപ്പോകുന്നതിൽ നിന്ന് നമ്മെ തടയുകയും ദൈവത്തെയും മറ്റുള്ളവരെയും ബഹുമാനിക്കുന്ന തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുകയും ചെയ്യുന്നു. ദൈവത്തിൽ നിന്ന് അലഞ്ഞുതിരിയുന്നതിനെതിരെ ബൈബിൾ മുന്നറിയിപ്പ് നൽകുകയും വീട്ടിലേക്കുള്ള വഴി കാണിക്കുകയും ചെയ്യുന്നു. നമ്മുടെ രക്ഷകന്റെ അമൂല്യമായ സ്‌നേഹത്തെക്കുറിച്ചും അവനിൽ വിശ്വസിക്കുന്ന എല്ലാവരെയും കാത്തിരിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ചും അതു നമ്മോടു പറയുന്നു. തിരുവെഴുത്ത് ഒരു ജീവൻരക്ഷാ കയറാണ്! അതിനെ എപ്പോഴും മുറുകെ പിടിക്കാൻ ദൈവം നമ്മെ സഹായിക്കട്ടെ.

ഒരുമിച്ചായിരിക്കുന്നതാണു നല്ലത്

ഏകയായി ജോലി ചെയ്തു വീടു പുലർത്തുന്ന മാതാവായ മേരി സഭാരാധനയോ ബൈബിൾ പഠനമോ മുടക്കിയിരുന്നില്ല. ഓരോ ആഴ്ചയിലും അവൾ തന്റെ അഞ്ചു മക്കളുമായി പള്ളിയിലേക്കും തിരിച്ചും ബസിൽ പോകുകയും, ക്രമീകരണങ്ങൾ ചെയ്യുന്നതിലും വൃത്തിയാക്കലിലും സഹായിക്കുകയും ചെയ്തിരുന്നു.

ഒരു ഞായറാഴ്ച, ചില സഭാംഗങ്ങൾ ആ കുടുംബത്തിന് ചില സമ്മാനങ്ങൾ നൽകിയതായി പാസ്റ്റർ മേരിയോട് പറഞ്ഞു. ഒരു ദമ്പതികൾ അവർക്ക് കുറഞ്ഞ വാടകയ്ക്കു വീട് നൽകി. മറ്റൊരു ദമ്പതികൾ അവർക്ക് അവരുടെ കോഫി ഷോപ്പിൽ ആനുകൂല്യങ്ങളോടെ ജോലി വാഗ്ദാനം ചെയ്തു. ഒരു യുവാവ് അവൾക്ക് താൻ പണിതിറക്കിയ ഒരു പഴയ കാർ നൽകുകയും അവളുടെ സ്വകാര്യ മെക്കാനിക്കായി പ്രവർത്തിക്കാമെന്ന്  വാഗ്ദാനം ചെയ്യുകയും ചെയ്തു. ദൈവത്തെയും പരസ്പരവും സേവിക്കുന്നതിനായി അർപ്പിതരായ ഒരു സമൂഹത്തിൽ ജീവിക്കുന്നതിന്റെ സന്തോഷത്തിന് മേരി ദൈവത്തിനു നന്ദി പറഞ്ഞു.

മേരിയുടെ സഭാ കുടുംബത്തെപ്പോലെ ഉദാരമായി നൽകാൻ നമുക്കെല്ലാവർക്കും കഴിഞ്ഞേക്കില്ലെങ്കിലും, ദൈവജനം പരസ്പരം സഹായിക്കാൻ രൂപകൽപ്പന ചെയ്യപ്പെട്ടിട്ടുള്ളവരാണ്. സുവിശേഷ എഴുത്തുകാരനായ ലൂക്കൊസ് യേശുവിലെ വിശ്വാസികളെ “അപ്പൊസ്തലന്മാരുടെ ഉപദേശം കേൾക്കുന്നതിനും കൂട്ടായ്മ ആചരിക്കുന്നതിനും’’ സമർപ്പണമുള്ളവർ എന്ന് വിശേഷിപ്പിച്ചു (പ്രവൃത്തികൾ 2:42). നമ്മുടെ വിഭവങ്ങൾ സംയോജിപ്പിക്കുമ്പോൾ, യേശുവിലെ ആദ്യ വിശ്വാസികൾ ചെയ്തതുപോലെ ആവശ്യമുള്ളവരെ സഹായിക്കാൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയും (വാ. 44-45). ദൈവത്തോടും പരസ്പരവും നാം അടുക്കുംതോറും നമുക്ക് പരസ്പരം കരുതുവാൻ കഴിയും. ദൈവജനം തങ്ങളുടെ പ്രവർത്തനങ്ങളിലൂടെ ദൈവസ്‌നേഹം പ്രകടമാക്കുന്നത് കാണുന്നത് മറ്റുള്ളവരെ യേശുവുമായുള്ള രക്ഷാകരമായ ബന്ധത്തിലേക്ക് നയിക്കും (വാ. 46-47).

പുഞ്ചിരിയോടെയോ ഒരു ദയാ പ്രവൃത്തിയിലൂടെയോ നമുക്ക് മറ്റുള്ളവരെ സേവിക്കാൻ കഴിയും. ഒരു സാമ്പത്തിക സമ്മാനമോ പ്രാർത്ഥനയോ നൽകാൻ നമുക്കു കഴിയും. ദൈവം നമ്മിലും നമ്മിലൂടെയും പ്രവർത്തിക്കുന്നതിനാൽ, നാം ഒരുമിച്ചായിരുന്നതാണ് നല്ലത്.

തിളങ്ങാനുള്ള അവസരങ്ങൾ

ഡൽഹിയിൽ താമസിച്ചിരുന്ന അമ്മയും ഭാര്യയുമായ ശീതൾ, മഹാമാരിയുടെ സമയത്ത് വരുമാനവും ഭക്ഷണവുമില്ലാതെ റോഡുകളിൽ കഴിയുന്ന കുടിയേറ്റ തൊഴിലാളികളെക്കുറിച്ച് ആശങ്കാകുലയായി. അവരുടെ ദയനീയാവസ്ഥ കണ്ടറിഞ്ഞ ശീതൾ 10 പേർക്കുള്ള ഭക്ഷണം തയ്യാറാക്കി വിതരണം ചെയ്തു. വാർത്ത പരന്നു, ഏതാനും എൻജിഒകൾ ശീതളിനെ സഹായിക്കാൻ മുന്നോട്ടുവന്നു, ഇത് “പ്രോജക്റ്റ് അന്നപൂർണ്ണ”യുടെ പിറവിയിലേക്കു നയിച്ചു. ഒരു ദിവസം 10 പേർക്കു ഭക്ഷണം വിളമ്പുകയെന്ന ഒരു സ്ത്രീയുടെ ലക്ഷ്യം, പ്രതിദിനം 60,000ത്തിലധികം പ്രതിദിന വേതനക്കാരെ സേവിക്കുന്ന 50 സന്നദ്ധപ്രവർത്തകർ ഉള്ള ഒരു പ്രസ്ഥാനംഎന്ന നിലയിലേക്കു വളർന്നു.

കൊറോണ വൈറസ് മഹാമാരിയുടെ ഫലമായുണ്ടായ ഭീമാകാരമായ ആവശ്യങ്ങൾക്ക് പ്രതികരണമായി, സേവനത്തിനു യാതൊരു സാധ്യതയുമില്ലാത്ത പങ്കാളികളെ ഒരുമിച്ചു കൊണ്ടുവരികയും, യേശുവിൽ വിശ്വസിക്കുന്നവർക്ക് ക്രിസ്തുവിന്റെ വെളിച്ചം മറ്റുള്ളവരുമായി പങ്കിടാൻ പുതിയ അവസരങ്ങൾ നൽകുകയും ചെയ്തു. തന്റെ ഗിരിപ്രഭാഷണത്തിൽ യേശു തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചത് “മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്നു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ” (മത്തായി 5:16) എന്നാണ്. സ്‌നേഹത്തിലും ദയയിലും നല്ല വാക്കുകളിലും പ്രവൃത്തികളിലും നമ്മെ നയിക്കാൻ ആത്മാവിനെ അനുവദിച്ചുകൊണ്ട് നാം ക്രിസ്തുവിന്റെ വെളിച്ചം പ്രകാശിപ്പിക്കുന്നു (ഗലാത്യർ 5:22-23 കാണുക). യേശുവിൽ നിന്ന് നമുക്ക് ലഭിച്ച വെളിച്ചം നമ്മുടെ ദൈനംദിന ജീവിതത്തിൽ വ്യക്തമായി പ്രകാശിക്കാൻ അനുവദിക്കുമ്പോൾ, നാം '[നമ്മുടെ] സ്വർഗ്ഗസ്ഥനായ പിതാവിനെ മഹത്വപ്പെടുത്തുകയാണു' ചെയ്യുന്നത് (മത്തായി 5:16).

ക്രിസ്തുവിനെ പരിതാപകരമായ നിയയിൽ ആവശ്യമുള്ള ഒരു ലോകത്ത് ഉപ്പും വെളിച്ചവുമാകാൻ അവൻ നമ്മെ സഹായിക്കുമ്പോൾ, ഈ ദിവസവും എല്ലാ ദിവസവും നമുക്ക് ക്രിസ്തുവിനുവേണ്ടി പ്രകാശിക്കാം.

ദൈവത്തിൽ പ്രത്യാശിക്കുക

അവധിക്കാലം അടുത്തപ്പോൾ, ഓൺലൈൻ ഓർഡറുകളുടെ അഭൂതപൂർവമായ കുത്തൊഴുക്കു കാരണം പാക്കേജുകൾ എത്താൻ വൈകി. മെയിൽ ഡെലിവറിയുടെ വേഗതയിലുള്ള നിയന്ത്രണം ഞങ്ങൾക്കില്ലാത്തതിനാൽ എന്റെ കുടുംബം കടയിൽ പോയി സാധനങ്ങൾ വാങ്ങാൻ താല്പര്യപ്പെട്ട ഒരു സമയം ഞാനോർക്കുന്നു. എന്നിരുന്നാലും, അതിവേഗ ഷിപ്പിംഗ് ഉൾപ്പെടുന്ന ഒരു അക്കൗണ്ടിനായി എന്റെ അമ്മ സൈൻ അപ്പ് ചെയ്തപ്പോൾ, ഈ പ്രതീക്ഷ മാറി. ഇപ്പോൾ രണ്ട് ദിവസത്തെ ഗ്യാരന്റി ഡെലിവറി ഉള്ളതിനാൽ, കാര്യങ്ങൾ വേഗത്തിൽ സ്വീകരിക്കാൻ ഞങ്ങൾ ശീലിച്ചിരിക്കുന്നു, കാലതാമസത്തിൽ ഞങ്ങൾ നിരാശരാകുന്നു.

തൽക്ഷണ സംതൃപ്തിക്ക് പരിചിതമായ ഒരു ലോകത്താണ് നാം ജീവിക്കുന്നത്, കാത്തിരിപ്പ് ബുദ്ധിമുട്ടായിരിക്കും. എന്നാൽ ആത്മീയ മണ്ഡലത്തിൽ, ക്ഷമയ്ക്ക് ഇപ്പോഴും പ്രതിഫലമുണ്ട്. വിലാപങ്ങളുടെ പുസ്തകം എഴുതപ്പെട്ടപ്പോൾ, ബാബിലോണിയൻ സൈന്യം യെരൂശലേമിനെ നശിപ്പിച്ചതിൽ യിസ്രായേല്യർ വിലപിക്കുകയൈയിരുന്നു. അവർക്കു നിരവധി വെല്ലുവിളികൾ നേരിടേണ്ടിവന്നു. എന്നിരുന്നാലും, അരാജകത്വത്തിനിടയിൽ, ദൈവം തന്റെ ആവശ്യങ്ങൾ നിറവേറ്റുമെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നതിനാൽ, താൻ അവനെ കാത്തിരിക്കുമെന്ന് എഴുത്തുകാരൻ ധൈര്യത്തോടെ ഉറപ്പിച്ചു (വിലാപങ്ങൾ 3:24). നമ്മുടെ പ്രാർത്ഥനകൾക്കുള്ള ഉത്തരം വൈകുമ്പോൾ നാം ഉത്കണ്ഠാകുലരായിത്തീരുമെന്ന് ദൈവത്തിന് അറിയാം. ദൈവത്തിനായി കാത്തിരിക്കാൻ നമ്മെ ഓർമ്മിപ്പിച്ചുകൊണ്ട് തിരുവെഴുത്ത് നമ്മെ പ്രോത്സാഹിപ്പിക്കുന്നു. “അവന്റെ കരുണ തീർന്നു പോയിട്ടില്ല” (വാ. 22) എന്നതിനാൽ നാം ക്ഷയിച്ചുപോകുകയോ ഉത്ക്കണ്ഠാകുലരാകുകയോ ചെയ്യേണ്ടതില്ല. പകരം, ദൈവത്തിന്റെ സഹായത്താൽ നമുക്ക് “യഹോവയുടെ മുമ്പാകെ മിണ്ടാതെയിരുന്നു അവന്നായി പ്രത്യാശിക്കുവാൻ” (സങ്കീർത്തനം 37:7) കഴിയും. വാഞ്ഛകളോടും ഉത്തരം കിട്ടാത്ത പ്രാർത്ഥനകളോടും മല്ലിടുമ്പോഴും അവന്റെ സ്‌നേഹത്തിലും വിശ്വസ്തതയിലും ആശ്രയിച്ചുകൊണ്ട് നമുക്ക് ദൈവത്തിനായി കാത്തിരിക്കാം.

ബലഹീനത ശക്തിയാകുമ്പോൾ

യേശുവിനെ സേവിച്ചതിന്റെ പേരിൽ ഡ്രൂ രണ്ടു വർഷം തടവിലായിരുന്നു. ജയിൽവാസത്തിലുടനീളം നിരന്തരമായ സന്തോഷം അനുഭവിച്ച മിഷനറിമാരുടെ കഥകൾ അദ്ദേഹം വായിക്കുമായിരുന്നു, എന്നാൽ ഇതായിരുന്നില്ല തന്റെ അനുഭവമെന്ന് അദ്ദേഹം സമ്മതിച്ചു. തനിക്കു വേണ്ടി കഷ്ടപ്പെടാൻ ദൈവം തെറ്റായ മനുഷ്യനെയാണ് തിരഞ്ഞെടുത്തതെന്ന് ഡ്രൂ ഭാര്യയോട് പറഞ്ഞു. അവൾ മറുപടി പറഞ്ഞു, “ഇല്ല. അവൻ ശരിയായ ആളെത്തന്നെയാണ് തിരഞ്ഞെടുത്തതെന്നു ഞാൻ കരുതുന്നു. ഇതു യാദൃച്ഛികമായിരുന്നില്ല. ”

യെഹൂദയുടെ പാപങ്ങൾക്ക് ദൈവം അവരെ ശിക്ഷിക്കുമെന്ന് മുന്നറിയിപ്പ് നൽകി വിശ്വസ്തതയോടെ ദൈവത്തെ സേവിച്ച പ്രവാചകനായ യിരെമ്യാവുമായി ഡ്രൂവിന് തന്നെ ബന്ധിപ്പിക്കാനാകും. എന്നാൽ ദൈവത്തിന്റെ ന്യായവിധി ഇതുവരെ വന്നില്ല, യെഹൂദയുടെ നേതാക്കന്മാർ യിരെമ്യാവിനെ അടിക്കുകയും ആമത്തിൽ ഇടുകയും ചെയ്തു. യിരെമ്യാവ് ദൈവത്തെ കുറ്റപ്പെടുത്തി: “യഹോവേ, നീ എന്നെ വഞ്ചിച്ചു” (വാ. 7). തന്നെ വിടുവിക്കുന്നതിൽ ദൈവം പരാജയപ്പെട്ടുവെന്ന് പ്രവാചകൻ വിശ്വസിച്ചു. “യഹോവയുടെ വചനം എനിക്കു ഇടവിടാതെ നിന്ദെക്കും പരിഹാസത്തിന്നും ഹേതുവായിരിക്കുന്നു” (വാ. 8). “ഞാൻ ജനിച്ചദിവസം ശപിക്കപ്പെട്ടിരിക്കട്ടെ” യിരെമ്യാവു പറഞ്ഞു, “കഷ്ടവും സങ്കടവും അനുഭവിച്ചു ജീവകാലം ലജ്ജയിൽ കഴിച്ചുകൂട്ടേണ്ടതിന്നു ഞാൻ ഉദരത്തൽനിന്നു പുറത്തുവന്നതു എന്തിനു?” (വാ. 14, 18).

ഡ്രൂ പിന്നീട് മോചിതനായി, എന്നാൽ ഈ കാലയളവിൽ, താൻ ബലഹീനനായിരുന്നതുകൊണ്ട് ദൈവം തന്നെ തെരഞ്ഞെടുത്തതായിരിക്കാമെന്ന് - യിരെമ്യാവിനെ തിരഞ്ഞെടുത്തുപോലെ - അവനു ബോധ്യമായി. അവനും യിരെമ്യാവും സ്വാഭാവികമായി ശക്തരായിരുന്നുവെങ്കിൽ, അവരുടെ വിജയത്തിന് അവർക്ക് കുറച്ച് പ്രശംസ ലഭിക്കുമായിരുന്നു. എന്നാൽ അവർ സ്വാഭാവികമായും ദുർബലരാണെങ്കിൽ, അവരുടെ നിലനില്പിന്റെ മഹത്വമെല്ലാം ദൈവത്തിനായിരിക്കും (1 കൊരിന്ത്യർ 1:26-31). അവന്റെ ബലഹീനത അവനെ യേശുവിന് ഉപയോഗിക്കാൻ പറ്റിയ വ്യക്തിയാക്കി മാറ്റി.