
അത്ഭുതപ്പെടുത്തുന്ന ദൈവം
കൺവെൻഷൻ സെന്റർ ഇരുട്ടിലായിരുന്നു, പ്രഭാഷകൻ സമർപ്പണത്തിന്റെ പ്രാർത്ഥനയിലൂടെ ഞങ്ങളെ നയിച്ചപ്പോൾ ആയിരക്കണക്കിനു വരുന്ന യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളായ ഞങ്ങൾ തല കുനിച്ചു. വിദേശ മിഷനിൽ സേവനമനുഷ്ഠിക്കാൻ വിളിക്കപ്പെടുന്നവരെ അദ്ദേഹം സ്വാഗതം ചെയ്യുമ്പോൾ, എന്റെ സുഹൃത്ത് ലിനറ്റ് അവളുടെ ഇരിപ്പിടത്തിൽ നിന്നെഴുന്നേല്ക്കുന്നതു ഞാൻ കണ്ടു. അവൾ ഫിലിപ്പീൻസിൽ ജീവിക്കാനും പ്രവർത്തിക്കാനും വാഗ്ദ്ധാനം ചെയ്യുകയാണെന്ന് എനിക്കറിയാമായിരുന്നു. എന്നിട്ടും എനിക്ക് എഴുന്നേൽക്കാൻ തോന്നിയില്ല. സ്വന്തം നാട്ടിലെ ആവശ്യങ്ങൾ കണ്ട്, ജന്മനാട്ടിൽ ദൈവസ്‌നേഹം പങ്കിടാൻ ഞാൻ ആഗ്രഹിച്ചു. എന്നാൽ ഒരു ദശാബ്ദത്തിനു ശേഷം, ദൈവം എനിക്കുതരുന്ന അയൽക്കാർക്കിടയിൽ ദൈവത്തെ സേവിക്കാൻ ആഗ്രഹിച്ചുകൊണ്ട് ഞാൻ മറ്റൊരു രാജ്യത്തേക്ക് പോകേണ്ടിവരുമായിരുന്നു. ഞാൻ പ്രതീക്ഷിച്ചതിൽ നിന്നും വ്യത്യസ്തമായ ഒരു സാഹസിക യാത്രയ്ക്ക് ദൈവം എന്നെ ക്ഷണിച്ചുവെന്നറിഞ്ഞപ്പോൾ ഞാൻ എങ്ങനെയാണ് എന്റെ ജീവിതം നയിക്കേണ്ടത്‌എന്നതിനെക്കുറിച്ചുള്ള എന്റെ ആശയങ്ങൾ മാറി.
തന്നെ അനുഗമിക്കാൻ വിളിക്കപ്പെട്ട മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ താൻ കണ്ടുമുട്ടിയവരെയെല്ലാം യേശു പലപ്പോഴും അത്ഭുതപ്പെടുത്തി. മീൻ പിടിക്കാനുള്ള ഒരു പുതിയ ദൗത്യം ക്രിസ്തു അവർക്ക് നൽകിയപ്പോൾ, പത്രൊസും അന്ത്രെയോസും “ഉടനെ” വല ഉപേക്ഷിച്ച് അവനെ അനുഗമിച്ചു (മത്തായി 4:20), യാക്കോബും യോഹന്നാനും “ഉടനെ” അവരുടെ പടകു വിട്ടു (വാ. 22). അവർ യേശുവിനോടൊപ്പം ഈ പുതിയ സാഹസിക യാത്ര ആരംഭിച്ചു, തങ്ങൾ എവിടേക്കാണ് പോകുന്നതെന്ന് അറിയാതെ അവനിൽ വിശ്വസിച്ചു.
തീർച്ചയായും ദൈവം, ആളുകളെ അവർ എവിടെയായിരുന്നാലും തന്നെ സേവിക്കാൻ വിളിക്കുന്നു! സ്വദേശത്തു താമസിച്ചാലും വിദേശത്തു പോയാലും, നമുക്ക് ഒരിക്കലും സാധ്യമല്ലാത്ത വിധത്തിൽ അവനുവേണ്ടി ജീവിക്കാനുള്ള അത്ഭുതകരമായ അനുഭവങ്ങളും അവസരങ്ങളും കൊണ്ട് നമ്മെ ആശ്ചര്യപ്പെടുത്താൻ നമുക്ക് അവനിലേക്ക് പ്രതീക്ഷയോടെ നോക്കാം.

ദയയുടെ പ്രവൃത്തികൾ
ഗർഭച്ഛിദ്രം സംഭവിച്ചു മാസങ്ങൾക്കുശേഷം, വലേരി താൻ വാങ്ങിയ സാധനങ്ങൾ വില്ക്കുവാൻ തീരുമാനിച്ചു. ഏതാനും മൈലുകൾ അകലെ താമസിക്കുന്ന അയൽവാസിയും കരകൗശലവിദഗ്ധനുമായ ജെറാൾഡ്, അവൾ വിൽക്കുന്ന കുഞ്ഞൻ തൊട്ടിൽ കൗതുകത്തോടെ വാങ്ങി. അവിടെ വെച്ച് ജെറാൾഡിന്റെ ഭാര്യ വലേരിയുമായി സംസാരിക്കുകയും അവളുടെ നഷ്ടത്തെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്തു. വീട്ടിലേക്കുള്ള വഴിയിൽ അവളുടെ അവസ്ഥയെക്കുറിച്ച് കേട്ടതിന് ശേഷം, വലേരിക്ക് ഒരു സ്മരണിക തയ്യാറാക്കുന്നതിനായി തൊട്ടിൽ ഉപയോഗിക്കാൻ ജെറാൾഡ് തീരുമാനിച്ചു. ഒരാഴ്ചയ്ക്കു ശേഷം, അവൻ കണ്ണീരോടെ അവൾക്ക് മനോഹരമായ ഒരു ബെഞ്ച് സമ്മാനിച്ചു. ''നല്ല ആളുകളുണ്ട്, ഇതാണതിന്റെ തെളിവ്,'' വലേരി പറഞ്ഞു.
വലേരിയെപ്പോലെ, രൂത്തിനും നൊവൊമിക്കും വലിയ നഷ്ടം സംഭവിച്ചു. നൊവൊമിയുടെ ഭർത്താവും രണ്ട് ആൺമക്കളും മരിച്ചിരുന്നു. ഇപ്പോൾ അവൾക്കും അവളുടെ നിർഭാഗ്യവതിയായ മരുമകൾ രൂത്തിനും അവകാശികളോ, അവരെ പരിപാലിക്കാൻ ആളുകളോ ഇല്ല (രൂത്ത് 1:1-5). അവിടെയാണ് ബോവസ് ഇടപെട്ടത്. വയലിൽ വീണുകിടക്കുന്ന ധാന്യങ്ങൾ പെറുക്കാൻ രൂത്ത് ഒരു വയലിൽ വന്നപ്പോൾ ഉടമയായ ബോവസ് അവളെക്കുറിച്ച് ചോദിച്ചു. അവൾ ആരാണെന്ന് അറിഞ്ഞപ്പോൾ അവൻ അവളോട് ദയ കാണിച്ചു (2:5-9). ആശ്ചര്യഭരിതയായ രൂത്ത് ചോദിച്ചു, “നീ എന്നെ വിചാരിപ്പാൻ തക്കവണ്ണം നിനക്കു എന്നോടു ദയതോന്നിയതു എങ്ങനെ?” (വാ. 10). അവൻ മറുപടി പറഞ്ഞു, “നിന്റെ ഭർത്താവു മരിച്ചശേഷം അമ്മാവിയമ്മെക്കു നീ ചെയ്തിരിക്കുന്ന ... വിവരമൊക്കെയും ഞാൻ കേട്ടിരിക്കുന്നു” (വാ. 11).
ബോവസ് പിന്നീട് രൂത്തിനെ വിവാഹം കഴിക്കുകയും നൊവൊമിയെ സംരക്ഷിക്കുകയും (അദ്ധ്യായം 4) ചെയ്തു. അവരുടെ വിവാഹത്തിലൂടെ, ദാവീദിന്റെയും യേശുവിന്റെയും ഒരു പൂർവ്വപിതാവ് ജനിച്ചു. മറ്റൊരാളുടെ ദുഃഖത്തെ രൂപാന്തരപ്പെടുത്തുന്നതിനു സഹായിക്കാൻ ദൈവം ജെറാൾഡിനെയും ബോവസിനെയും ഉപയോഗിച്ചതുപോലെ, വേദനയിൽ മറ്റുള്ളവരോട് ദയയും സഹാനുഭൂതിയും കാണിക്കാൻ അവനു നമ്മിലൂടെ പ്രവർത്തിക്കാൻ കഴിയും.
ഞാൻ ആരുമല്ല! നിങ്ങൾ ആരാണ്?
''ഞാൻ ആരുമല്ല! നിങ്ങൾ ആരാണ്?” എന്നു തുടങ്ങുന്ന ഒരു കവിതയിൽ, അജ്ഞാതത്വത്തിന്റെ സന്തോഷകരമായ സ്വാതന്ത്ര്യത്തിനായി വാദിച്ചുകൊണ്ട്, “ആരെങ്കിലും’’ ആകാൻ ആളുകൾ ശ്രമിക്കുന്ന എല്ലാ ശ്രമങ്ങളെയും എമിലി ഡിക്കിൻസൺ തമാശയായി വെല്ലുവിളിക്കുന്നു. “എത്ര വിരസമാണ് - ആരോ ഒരാൾ- ആകുന്നത്! / ഒരുവന്റെ പേര് പറയുന്നത് - നീണ്ടുനില്ക്കുന്ന ജൂണിൽ / ബഹുമാനിതമായ ചെളിക്കുണ്ടിൽ! / ഒരു തവളയെപ്പോലെ – പരസ്യമാകുന്നത്.”
ചില കാര്യങ്ങളിൽ, ''ആരെങ്കിലും'' ആകേണ്ടതിന്റെ ആവശ്യകത ഉപേക്ഷിക്കുന്നതിൽ സ്വാതന്ത്ര്യം കണ്ടെത്തുന്നത് അപ്പൊസ്തലനായ പൗലൊസിന്റെ സാക്ഷ്യത്തെ പ്രതിധ്വനിപ്പിക്കുന്നു. ക്രിസ്തുവിനെ കണ്ടുമുട്ടുന്നതിന് മുമ്പ്, പൗലൊസിന് ശ്രദ്ധേയമായ മതപരമായ യോഗ്യതകളുടെ ഒരു നീണ്ട പട്ടിക “ജഡത്തിൽ ആശ്രയിക്കാനുള്ള കാരണങ്ങൾ” (ഫിലിപ്പിയർ 3:4) ഉണ്ടായിരുന്നു.
എന്നാൽ യേശുവിനെ കണ്ടുമുട്ടിയത് എല്ലാം മാറ്റിമറിച്ചു. ക്രിസ്തുവിന്റെ ത്യാഗപരമായ സ്‌നേഹത്തിന്റെ വെളിച്ചത്തിൽ തന്റെ മതപരമായ നേട്ടങ്ങൾ എത്ര പൊള്ളയാണെന്ന് കണ്ടപ്പോൾ പൗലൊസ് ഏറ്റുപറഞ്ഞു, “എന്റെ കർത്താവായ ക്രിസ്തുയേശുവിനെക്കുറിച്ചുള്ള പരിജ്ഞാനത്തിന്റെ ശ്രേഷ്ഠതനിമിത്തം ഞാൻ ഇപ്പോഴും എല്ലാം ചേതം എന്നു എണ്ണുന്നു. ഞാൻ ക്രിസ്തുവിനെ നേടേണ്ടതിന്നും... അവനിൽ ഇരിക്കേണ്ടതിന്നും ....എല്ലാം ഉപേക്ഷിച്ചു ചവറു എന്നു എണ്ണുന്നു” (വാ. 8-11). അവശേഷിച്ച ഏക അഭിലാഷം “അവന്റെ മരണത്തോടു അനുരൂപപ്പെട്ടിട്ടു അവനെയും അവന്റെ പുനരുത്ഥാനത്തിന്റെ ശക്തിയെയും അവന്റെ കഷ്ടാനുഭവങ്ങളുടെ കൂട്ടായ്മയെയും അനുഭവിച്ചറിയുക’’ (വാ. 10-11) എന്നതു മാത്രമായിരുന്നു.
“ആരെങ്കിലും” ആകാൻ സ്വയം ശ്രമിക്കുന്നത് വിരസതയുളവാക്കുന്നതാണ്. എന്നാൽ, യേശുവിനെ അറിയുക, അവന്റെ സ്വയ-ത്യാഗ സ്‌നേഹത്തിലും ജീവിതത്തിലും നമ്മെത്തന്നെ നഷ്ടപ്പെടുത്തുക, നമ്മെത്തന്നെ വീണ്ടും കണ്ടെത്തുക (വാ. 9), അങ്ങനെ ഒടുവിൽ സ്വതന്ത്ര്യവും സമ്പൂർണ്ണതയും നേടുക.

എല്ലാം എനിക്ക് എതിരാണ്
“ഇന്ന് രാവിലെ ഞാൻ കരുതി, എനിക്ക് ഒരു വലിയ തുകയുടെ മൂല്യമുണ്ടെന്ന്; ഇപ്പോൾ എന്റെ പക്കൽ ഒരു ഡോളർ തന്നെ ഉണ്ടോയെന്ന് സംശയമാണ്.’’ ഒരു ബിസിനസ് പങ്കാളി തന്റെ ജീവിത സമ്പാദ്യം കബളിപ്പിച്ചെടുത്ത ദിവസം മുൻ യുഎസ് പ്രസിഡന്റ് യുളീസസ് എസ്. ഗ്രാന്റ് പറഞ്ഞ വാക്കുകളാണിവ. മാസങ്ങൾക്ക് ശേഷം, ഗ്രാന്റിന് ചികിത്സിച്ചു ഭേദമാക്കാൻ കഴിയാത്ത ക്യാൻസർ ഉണ്ടെന്ന് കണ്ടെത്തി. തന്റെ കുടുംബത്തിന് വേണ്ടി എന്തെങ്കിലും കരുതിവയ്ക്കുന്നതിനായി, തന്റെ ഓർമ്മക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാനുള്ള അവകാശം എഴുത്തുകാരൻ മാർക്ക് ട്വെയ്‌ന് അദ്ദേഹം നൽകി. താൻ മരിക്കുന്നതിന് ഒരാഴ്ച മുമ്പ് അദ്ദേഹം അതു പൂർത്തിയാക്കി.
കഠിനമായ കഷ്ടതകൾ നേരിട്ട മറ്റൊരു വ്യക്തിയെക്കുറിച്ച് ബൈബിൾ നമ്മോടു പറയുന്നു. തന്റെ മകൻ യോസേഫിനെ ഒരു “ദുഷ്ടമൃഗം’’ കടിച്ചുകീറിയതായി യാക്കോബ് വിശ്വസിച്ചു (ഉല്പത്തി 37:33). തുടർന്ന് അവന്റെ മകൻ ശിമെയോൻ ഒരു വിദേശരാജ്യത്ത് തടവിലാക്കപ്പെട്ടു, തന്റെ മകൻ ബെന്യാമിനും തന്നിൽ നിന്ന് അകറ്റപ്പെടുമെന്ന് യാക്കോബ് ഭയപ്പെട്ടു. കഠിനവ്യഥയാൽ, “സകലവും എനിക്കു പ്രതികൂലം തന്നേ!’’ എന്ന് അവൻ നിലവിളിച്ചു (42:36).
പക്ഷേ അതുണ്ടായില്ല. തന്റെ മകൻ യോസേഫ് ജീവിച്ചിരിപ്പുണ്ടെന്നും തന്റെ കുടുംബത്തെ പുനഃസ്ഥാപിക്കാൻ ദൈവം “തിരശ്ശീലയ്ക്ക് പിന്നിൽ” പ്രവർത്തിക്കുകയാണെന്നും യാക്കോബ് അറിഞ്ഞിരുന്നില്ല. നമ്മുടെ സാഹചര്യങ്ങളിൽ അവന്റെ കൈ കാണാൻ കഴിയാതെ വരുമ്പോൾ പോലും അവനെ എങ്ങനെ വിശ്വസിക്കാമെന്ന് അവരുടെ കഥ വ്യക്തമാക്കുന്നു.
ഗ്രാന്റിന്റെ ഓർമ്മക്കുറിപ്പുകൾ വലിയ വിജയമായി മാറുകയും അദ്ദേഹത്തിന്റെ കുടുംബം നന്നായി പരിപാലിക്കപ്പെടുകയും ചെയ്തു. അത് കാണാൻ ഗ്രാന്റ് ജീവിച്ചില്ലെങ്കിലും ഭാര്യ അത് കണ്ടു. നമ്മുടെ കാഴ്ച പരിമിതമാണ്, എന്നാൽ ദൈവത്തിന്റേത് അങ്ങനെയല്ല. നമ്മുടെ പ്രത്യാശയായ യേശുവിനൊപ്പം, “ദൈവം നമുക്കു അനുകൂലം എങ്കിൽ നമുക്കു പ്രതികൂലം ആർ?’’ (റോമർ 8:31). ഇന്ന് നമുക്ക് അവനിൽ ആശ്രയിക്കാം.

അതീവ ദയ
ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റ് ജീവനക്കാരനായ കെവിൻ ഫോർഡിന് ഇരുപത്തിയേഴ് വർഷമായി ഒരു ഷിഫ്റ്റ് പോലും നഷ്ടമായിരുന്നില്ല. തന്റെ പതിറ്റാണ്ടുകളുടെ സേവനത്തിന്റെ സ്മരണയ്ക്കായി തനിക്ക് ലഭിച്ച ഒരു മാന്യമായ സമ്മാനത്തിനുള്ള എളിയ നന്ദി കാണിക്കുന്ന ഒരു വീഡിയോ പുറത്തുവന്നതിനു ശേഷം, ആയിരക്കണക്കിന് ആളുകൾ അദ്ദേഹത്തോട് ദയ കാണിക്കാൻ ഒരുമിച്ച് അണിനിരന്നു. “ഇത് ഒരു സ്വപ്‌നം പോലെയാണ്, ഒരു സ്വപ്‌നം സാക്ഷാത്കരിക്കപ്പെടുന്നതുപോലെ,’’ ഒരു ധനസമാഹരണ ശ്രമം ഒരാഴ്ചയ്ക്കുള്ളിൽ 2,50,000 ഡോളർ സമാഹരിച്ചതറിഞ്ഞ് അദ്ദേഹം പറഞ്ഞു.
യെഹൂദയുടെ നാടുകടത്തപ്പെട്ട രാജാവായ യെഹോയാഖീനും അങ്ങേയറ്റം ദയ ലഭിച്ചിരുന്നു. ബാബിലോണിയൻ രാജാവിന്റെ ദയ മൂലം മോചിപ്പിക്കപ്പെടുന്നതിന് മുമ്പ് അദ്ദേഹം മുപ്പത്തിയേഴ് വർഷം തടവിൽ കിടന്നു.”[രാജാവ്] യെഹോയാഖീനെ കടാക്ഷിച്ചു കാരാഗൃഹത്തിൽനിന്നു വിടുവിച്ചു, അവനോടു ആദരവായി സംസാരിച്ചു, അവന്റെ ആസനത്തെ തന്നോടു കൂടെ ബാബേലിൽ ഉള്ള രാജാക്കന്മാരുടെ ആസനങ്ങൾക്കു മേലായി വെച്ചു’’ (യിരെ. 52:31-32). യെഹോയാഖീന് ഒരു പുതിയ സ്ഥാനവും പുതിയ വസ്ത്രവും പുതിയ താമസസ്ഥലവും നൽകി. അദ്ദേഹത്തിന്റെ പുതിയ ജീവിതം പൂർണ്ണമായും രാജാവായിട്ടായിരുന്നു.
യേശുവിന്റെ മരണത്തിലും പുനരുത്ഥാനത്തിലും വിശ്വസിക്കുന്ന ആളുകൾ തങ്ങളുടേതോ മറ്റുള്ളവരുടെയോ സംഭാവനകളില്ലാതെ ദൈവത്തിൽ നിന്നുള്ള അകൽച്ചയിൽ നിന്ന് രക്ഷിക്കപ്പെടുമ്പോൾ ആത്മീയമായി എന്താണ് സംഭവിക്കുന്നതെന്ന് ഈ കഥ ചിത്രീകരിക്കുന്നു. അവർ ഇരുട്ടിൽ നിന്നും മരണത്തിൽ നിന്നും വെളിച്ചത്തിലേക്കും ജീവിതത്തിലേക്കും കൊണ്ടുവരപ്പെടുന്നു; ദൈവത്തിന്റെ അതീവ ദയ നിമിത്തം അവരെ ദൈവത്തിന്റെ കുടുംബത്തിലേക്ക് കൊണ്ടുവരുന്നു.
