Category  |  odb

സ്നേഹത്തിൽ വേരൂന്നി

ഏകാന്തതയോടെയും ഭയത്തോടെയുമാണ് എന്റെ മാതാവിന്റെ ചികിത്സക്ക് കൂടെനിൽക്കാനായി ഞാൻ ക്യാൻസർ കെയർ സെന്ററിൽ എത്തിയത്. എന്റെ കുടുംബവും എന്നെ പിന്തുണയ്ക്കുന്നവരും 1200 മൈൽ അകലെയാണിപ്പോൾ. ഞാൻ ലഗേജ് എടുക്കാൻ ശ്രമിച്ചപ്പോഴേക്കും വിടർന്ന ചിരിയോടെ, ഫ്രാങ്ക് എന്ന മനുഷ്യൻ സഹായിക്കാൻ വന്നു. ഞങ്ങൾ ആറാം നിലയിൽ എത്തിയപ്പോൾ അദ്ദേഹത്തിന്റെ ചികിത്സയ്ക്കായി കൂടെയുണ്ടായിരുന്ന ഭാര്യ ലോറിയെ കാണണമെന്ന് ഞാൻ കരുതി. ഈ ദമ്പതികൾ ഞങ്ങൾക്ക് സ്വന്തകുടുംബം പോലെയായി; ഞങ്ങൾ പരസ്പരവും ദൈവത്തിലും ആശ്രയിച്ചു. ഞങ്ങൾ ഒരുമിച്ച് ചിരിച്ചു, ദുഃഖങ്ങൾ പങ്കുവെച്ചു, കരഞ്ഞു, പ്രാർത്ഥിച്ചു. അകലെയായി എന്ന് ഞങ്ങൾക്കെല്ലാവർക്കും തോന്നിയെങ്കിലും ദൈവത്തോടും പരസ്പരവുമുള്ള ഞങ്ങളുടെ ബന്ധം ഞങ്ങളെ  സ്നേഹത്തിൽ വേരൂന്നി അന്യോന്യം കരുതാൻ ഇടയാക്കി.

രൂത്ത് അമ്മാവിയമ്മ നവോമിയുടെ കൂടെ പോകാൻ തീരുമാനിച്ചപ്പോൾ തന്റെ പരിചയങ്ങളുടെ സുരക്ഷിതത്വം വേണ്ടെന്ന് വെച്ചു. രൂത്ത് "വയലിൽ കൊയ്ത്തുകാരുടെ പിന്നാലെ ചെന്നു പെറുക്കി" ( രൂത്ത് 2:3). കൊയ്ത്തുകാരുടെ കാര്യസ്ഥൻ ഉടമസ്ഥനായ ബോവസിനോട് രൂത്ത് വയലിൽ വന്ന് പെറുക്കിയ കാര്യവും വിശ്രമമില്ലാതെ പെറുക്കിയ കാര്യവും പറഞ്ഞു (വാ. 7). രൂത്ത് നവോമിയെ കരുതിയതുകൊണ്ട് തന്നെ കരുതുന്നവരുള്ള ഒരു സുരക്ഷിതയിടം അവൾക്കും ലഭിച്ചു (വാ.8, 9). ബോവസിന്റെ ഔദാര്യമനസ്സിലൂടെ ദൈവം രൂത്തിനും നവോമിക്കും വേണ്ടി കരുതുകയായിരുന്നു (വാ.14-16 ).

ജീവിത സാഹചര്യങ്ങൾ നമ്മുടെ സുരക്ഷിതയിടങ്ങൾക്കുമപ്പുറം അപ്രതീക്ഷിത പാതകൾ സമ്മാനിക്കാം. എന്നാൽ നാം ദൈവത്തോടും പരസ്പരവുമുള്ള ബന്ധത്തിൽ നിലനിൽക്കുമ്പോൾ, നാം അന്യോന്യം സഹായിക്കുന്നതിലൂടെ തന്റെ സ്നേഹത്തിൽ വേരൂന്നും.

ഫാക്ടറിയിൽ നിർമ്മിച്ചതു പോലെ തന്നെ

ഈ അടുത്തകാലത്ത് എന്റെ കമ്പ്യൂട്ടർ തകരാറിലാകുകയും ഞാനത് സ്വയം നന്നാക്കാൻ ശ്രമിക്കുകയും ചെയ്തു. അതിനായി പല വീഡിയോകളും കാണുകയും, അതും പരാജയപ്പെട്ടപ്പോൾ ചില സുഹൃത്തുക്കളുടെ സഹായം തേടുകയും ചെയ്തു. എന്നാൽ അവരുടെ ശ്രമവും വിജയിക്കാത്തതിനാൽ അടുത്തുള്ള സർവ്വീസ് സെന്ററിൽ പോകാതെ നിവൃത്തിയില്ലായായിരുന്നു; വാറണ്ടി കാലാവധി കഴിഞ്ഞിട്ടില്ലായിരുന്നു എന്ന് നന്ദിയോടെ ഓർക്കുന്നു.

വിശദമായി പരിശോധിച്ചതിന് ശേഷം ടെക്നീഷ്യൻ പറഞ്ഞത് "ഹാർഡ് ഡിസ്ക് മാറ്റാതെ പറ്റില്ല, അത് കമ്പ്യൂട്ടറിനെ ആദ്യം ഫാക്ടറിയിൽ നിർമ്മിച്ചതു പോലെയാക്കും." എനിക്ക് കുറെ ഡാറ്റ നഷ്ടപ്പെടുമെങ്കിലും കമ്പ്യൂട്ടർ വാങ്ങിയപ്പോൾ ഉള്ളതു പോലെ പുതിയതാകും എന്നാണ് ഇതിനർത്ഥം. പുറമെ പഴയതായി തോന്നിയാലും ഉള്ളിൽ പുതിയതായിരിക്കും.

ദൈവത്തിന്റെ പാപക്ഷമയും ഇങ്ങനെയാണ്. നാം പാപം ചെയ്ത് സ്വന്ത വഴിയിൽ പോകുകയും, എന്നാൽ നമ്മുടെ കുറവുകളും ബലഹീനതകളും അംഗീകരിക്കുമ്പോൾ നമ്മെ താൻ നിർമ്മിച്ചപ്പോൾ ഉള്ളതുപോലെ ആക്കി മാറ്റുവാനും കഴിയും. അവൻ നമുക്ക് ഒരു പുതിയ ഹൃദയം നല്കി, പുതിയ തുടക്കം തരും, രണ്ടാമത് ഒരു അവസരം. നമ്മുടെ ശരീരങ്ങൾ ക്ഷീണവും രോഗവും ബാധിച്ചതാകാം. എന്നാൽ ഹൃദയം നിർമ്മിച്ച നാളിലെ പോലെ പുതുതാകും. അവിടുന്ന് വാഗ്ദത്തം ചെയ്തതുപോലെ, "ഞാൻ നിങ്ങൾക്കു പുതിയോരു ഹൃദയം തരും; പുതിയോരു ആത്മാവിനെ ഞാൻ നിങ്ങളുടെ ഉള്ളിൽ ആക്കും; കല്ലായുള്ള ഹൃദയം ഞാൻ നിങ്ങളുടെ ജഡത്തിൽനിന്നു നീക്കി മാംസമായുള്ള ഹൃദയം നിങ്ങൾക്കു തരും." (യെഹെസ്കേൽ 36:26)

നാം ഒരുമിച്ച് കൂടുമ്പോൾ

2015 ലെ ഒരു പഠനപ്രകാരം, ഇന്ത്യയിൽ ഏറ്റവും സന്തോഷമുള്ള നഗരം ചണ്ഡീഗഡ് ആണ്. പഠനപ്രകാരം ചണ്ഡീഗഢിലെ ആളുകൾ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നത് ഇഷ്ടപ്പെടുന്നവരും സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും നല്ല ബന്ധം സൂക്ഷിക്കുന്നത് വിലമതിക്കുന്നവരുമാണ്. നിങ്ങൾ ചണ്ഡീഗഢ് സന്ദർശിക്കുകയാണെങ്കിൽ വാരാന്ത്യങ്ങളിൽ കുടുംബാംഗങ്ങൾ ഒരുമിച്ച് ഹോട്ടലുകളിൽ ഉച്ചഭക്ഷണമോ അത്താഴമോ കഴിക്കുന്നത് കാണാം. പ്രിയപ്പെട്ടവരുടെ കൂടെ ഭക്ഷണമേശയ്ക്ക് ചുറ്റുമിരിക്കുന്നത് അവരുടെ ഹൃദയങ്ങളെ ഉന്മേഷഭരിതമാക്കുന്നു.

എബ്രായ ലേഖകൻ സമൂഹമായി നാം ഒരുമിച്ച് കൂടുന്നതിനെ പ്രോത്സാഹിപ്പിക്കുന്നു. ക്രിസ്തുവിനെ അനുഗമിക്കുന്നവർക്ക് വിശ്വാസത്തിൽ നിലനില്ക്കുന്നതിന് വലിയ പ്രതിസന്ധികളെ നേരിടേണ്ടിവരും. ദൈവം നമ്മെ, രക്ഷകനിലുള്ള വിശ്വാസത്താൽ, സ്വന്തമായി സ്വീകരിച്ചു എങ്കിലും ചുറ്റുപാടുനിന്നുമുള്ള അപമാനവും പരിഹാസവും പീഡനവും ഒക്കെ നാം നേരിടേണ്ടി വരാം. നാം ഒരുമിച്ച് കൂടുന്നതുവഴി ഈ സാഹചര്യത്തിൽ നിലനില്ക്കാനാവശ്യമായ പ്രോത്സാഹനം പ്രാപിക്കാനാകും. നാം കൂട്ട് പങ്ക് വെക്കുമ്പോൾ "സ്നേഹത്തിനും സത്പ്രവൃത്തികൾക്കും ഉത്സാഹം വർദ്ധിക്കുകയും" (എബ്രായർ 10:24, 25 ) വിശ്വാസം അഭിവൃദ്ധിപ്പെടുകയും ചെയ്യും.

സുഹൃത്തുക്കളുമായി ഒരുമിച്ച് കൂടുന്നത് നമ്മുക്ക് സന്തോഷ അവലോകനത്തിൽ ഒരു ഉയർന്ന സ്ഥാനം വാഗ്ദാനം ചെയ്യുന്നില്ല. എന്നാൽ നാം അനുഭവിക്കുന്ന പൊതുവായ ജീവിത സംഘർഷങ്ങൾക്കിടയിൽ വിശ്വാസത്തിൽ നിലനില്ക്കുന്നതിന് സഹായകരമായ മാർഗ്ഗമായി ബൈബിൾ നിർദ്ദേശിക്കുന്നത് ഈ കൂട്ടായ്മയാണ്. ഒരു സഭയുടെ കൂട്ടായ്മക്ക് എത്ര മഹത്തായ ഒരു കാരണമാണത്; അല്ലെങ്കിൽ -ആ പഞ്ചാബി ലാളിത്യതത്തോടെ - മറ്റൊരാളുടെ ഹൃദയത്തെ പരിപോഷിപ്പിക്കുവാൻ നമ്മുടെ വീടുകൾ തുറന്നു നൽകാം.

അറിവ് വേദനിപ്പിക്കുമ്പോൾ

ഗ്രാൻഡ് കാന്യണിലൂടെ ഇരുപത്തിയഞ്ചു ദിവസത്തെ വഞ്ചി തുഴയലിനുശേഷം സാക്ക് എൽഡറും സുഹൃത്തുക്കളും കരയിലേക്കടുപ്പിച്ചു. അവരുടെ റാഫ്റ്റുകൾ കൊണ്ടുപോകാൻ വന്നയാൾ അവരോട് കോവിഡ് 19 വൈറസിനെക്കുറിച്ച് പറഞ്ഞു. അയാൾ തമാശ പറയുകയാണെന്ന് അവർ കരുതി. എന്നാൽ അവർ മലയിടുക്കിൽ നിന്ന് പുറത്തുകടക്കുമ്പോൾ അവരുടെ ഫോണുകൾ ശബ്ദിച്ചു - മാതാപിതാക്കളുടെ അടിയന്തര സന്ദേശങ്ങളായിരുന്നു അവ. സാക്കും കൂട്ടുകാരും സ്തംഭിച്ചുപോയി. നദിയിലേക്ക് മടങ്ങാനും ഇപ്പോൾ അറിഞ്ഞ കാര്യത്തിൽ നിന്നു രക്ഷപ്പെടാനും അവർ ആഗ്രഹിച്ചു.

വീണുപോയ ലോകത്തിൽ, അറിവ് പലപ്പോഴും വേദനിപ്പിക്കുന്നതാണ്. സഭാപ്രസംഗിയിലെ ജ്ഞാനിയായ പ്രബോധകൻ ഇങ്ങനെ നിരീക്ഷിച്ചു: “ജ്ഞാനബാഹുല്യത്തിൽ വ്യസനബാഹുല്യം ഉണ്ടു; അറിവു വർദ്ധിപ്പിക്കുന്നവൻ ദുഃഖവും വർദ്ധിപ്പിക്കുന്നു’’ (1:18). ഒരു കുട്ടിയുടെ ആനന്ദദായകമായ അറിവില്ലായ്മയിൽ ആരാണ് അസൂയപ്പെടാത്തത്? വംശീയത, അക്രമം, ക്യാൻസർ എന്നിവയെക്കുറിച്ച് അവൾക്ക് ഇതുവരെ അറിവില്ല. നാം വളർന്ന് നമ്മുടെ സ്വന്തം ദൗർബല്യങ്ങളും തിന്മകളും തിരിച്ചറിയുന്നതിനു മുമ്പ് നാം കൂടുതൽ സന്തുഷ്ടരായിരുന്നില്ലേ? നമ്മുടെ കുടുംബത്തിന്റെ രഹസ്യങ്ങൾ പഠിക്കുന്നതിനുമുമ്പ് - എന്തുകൊണ്ടാണ് നമ്മുട അങ്കിൾ അമിതമായി മദ്യപിക്കുന്നത് അല്ലെങ്കിൽ നമ്മുടെ മാതാപിതാക്കൾ വിവാഹമോചനം നേടിയത്? - നാം കൂടുതൽ സന്തുഷ്ടരായിരുന്നില്ലേ?

അറിവിൽ നിന്നുള്ള വേദന മാറ്റാനാവില്ല. അറിഞ്ഞുകഴിഞ്ഞാൽ, അങ്ങനെയില്ലെന്ന് നടിച്ചിട്ടു കാര്യമില്ല. എന്നാൽ സഹിച്ചുനിൽക്കാനും മുമ്പോട്ടുപോകാനും നമ്മെ പ്രാപ്തരാക്കുന്ന ഉയർന്ന അറിവുണ്ട്. യേശു ദൈവവചനമാണ്, നമ്മുടെ ഇരുട്ടിൽ പ്രകാശിക്കുന്ന വെളിച്ചമാണ് (യോഹന്നാൻ 1:1-5). അവൻ “നമുക്കു ദൈവത്തിങ്കൽ നിന്നു ജ്ഞാനവും നീതിയും ശുദ്ധീകരണവും വീണ്ടെടുപ്പുമായിത്തീർന്നു’’ (1 കൊരിന്ത്യർ 1:30). നിങ്ങളുടെ വേദനയാണ് യേശുവിന്റെ അടുത്തേക്ക് ഓടാനുള്ള കാരണം. അവൻ നിങ്ങളെ അറിയുകയും നിങ്ങൾക്കായി കരുതുകയും ചെയ്യുന്നു.

ലൈറ്റ് തെളിയിച്ചിടുക

ഒരു ഹോട്ടൽ ശൃംഖലയുടെ പരസ്യത്തിൽ, ഇരുണ്ട രാത്രിയിൽ ഒരു ചെറിയ കെട്ടിടം നിൽക്കുന്നു. മറ്റൊന്നും ചുറ്റും ഉണ്ടായിരുന്നില്ല. കെട്ടിടത്തിന്റെ വരാന്തയിലെ വാതിലിനടുത്തുള്ള ഒരു ചെറിയ വിളക്കിൽ നിന്നുള്ള വെളിച്ചം മാത്രമാണ് ദൃശ്യത്തിലെത്തിയത്. സന്ദർശകന് പടികൾ കയറി കെട്ടിടത്തിനുള്ളിൽ പ്രവേശിക്കാൻ ബൾബ് മതിയായ പ്രകാശം നൽകി. “ഞങ്ങൾ നിങ്ങൾക്കായി ലൈറ്റ് തെളിയിച്ചിടും’’ എന്ന വാചകത്തോടെയാണ് പരസ്യം അവസാനിച്ചത്.

ഒരു പൂമുഖത്തെ ലൈറ്റ് സ്വാഗത ചിഹ്നത്തിനു സമാനമാണ്, ക്ഷീണിതരായ സഞ്ചാരികളെ അവർക്കും നിർത്താനും വിശ്രമിക്കാനും സൗകര്യമുള്ള ഒരു സ്ഥലം ഇപ്പോഴും തുറന്നിട്ടുണ്ടെന്ന് അതോർമ്മിപ്പിക്കുന്നു. ഇരുട്ടും ക്ഷീണവുമുള്ള യാത്രയിൽ നിന്നു രക്ഷപ്പെടാനും കടന്നുവരാനും കടന്നുപോകുന്നവരെ വെളിച്ചം ക്ഷണിക്കുന്നു.

തന്നിൽ വിശ്വസിക്കുന്നവരുടെ ജീവിതം സ്വാഗതാർഹമായ ഒരു പ്രകാശത്തിനു തുല്യമാകണമെന്ന് യേശു പറയുന്നു. അവൻ തന്റെ അനുയായികളോട് പറഞ്ഞു, “നിങ്ങൾ ലോകത്തിന്റെ വെളിച്ചം ആകുന്നു; മലമേൽ ഇരിക്കുന്ന പട്ടണം മറഞ്ഞിരിപ്പാൻ പാടില്ല’’ (മത്തായി 5:14). വിശ്വാസികൾ എന്ന നിലയിൽ, നാം ഇരുണ്ട ലോകത്തെ പ്രകാശിപ്പിക്കുകയാണ്.

അവൻ നമ്മെ നയിക്കുകയും ശക്തീകരിക്കുകയും ചെയ്യുന്നതുപോലെ, അവർ നമ്മുടെ “നല്ല പ്രവൃത്തികളെ കണ്ടു, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തും’’ (വാ. 16). നാം നമ്മുടെ വിളക്കുകൾ പ്രകാശിപ്പിക്കുമ്പോൾ, ലോകത്തിന്റെ ഒരേയൊരു യഥാർത്ഥ വെളിച്ചമായ യേശുവിനെക്കുറിച്ചു (യോഹന്നാൻ 8:12) കൂടുതലറിയാൻ നമ്മുടെ അടുത്തേക്കു വരാൻ അവർ സ്വാഗതം ചെയ്യപ്പെടുകയാണ്. ക്ഷീണിതവും ഇരുണ്ടതുമായ ലോകത്ത്, അവന്റെ വെളിച്ചം എപ്പോഴും നിലനിൽക്കും.

നിങ്ങളുടെ ലൈറ്റ് തെളിയിച്ചിട്ടുണ്ടോ? ഇന്ന് യേശു നിങ്ങളിലൂടെ പ്രകാശിക്കുമ്പോൾ, മറ്റുള്ളവർ കാണുകയും അവന്റെ പ്രകാശം പ്രസരിപ്പിക്കുകയും ചെയ്‌തേക്കാം.