അനുഗൃഹീത മുഖംമൂടി
കോവിഡ് മഹാമാരിയുടെ സമയത്ത് നിർബന്ധമായിരുന്ന മാസ്‌ക് ഉപയോഗം ഇപ്പോൾ നിർബന്ധമല്ലാത്തതിനാൽ, അവ ഇപ്പോഴും ആവശ്യമുള്ളിടത്ത്- എന്റെ മകളുടെ സ്‌കൂൾ പോലെയുള്ള സ്ഥലങ്ങളിൽ - ഒരു മാസ്‌ക് കൈയിൽ കരുതാൻ ഞാൻ പാടുപെടുന്നു. ഒരു ദിവസം എനിക്ക് ഒരു മാസ്‌ക് ആവശ്യമായി വന്നപ്പോൾ, എന്റെ കാറിൽ ഒരെണ്ണം കണ്ടെത്തി - മുൻവശത്ത് “ബ്ലസ്സഡ്’’ എന്ന് എഴുതിയിരുന്നതിനാൽ ഞാൻ ധരിക്കാതെ മാറ്റിവെച്ച ഒരെ ണ്ണമായിരുന്നു അത്.
സന്ദേശങ്ങളെഴുതാത്ത മാസ്‌ക് ധരിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. ഞാൻ കണ്ടെത്തിയ മാസ്‌കിലെ വാക്ക് അമിതമായി ഉപയോഗിച്ചിട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. പക്ഷെ എനിക്ക് വേറെ വഴിയില്ലായിരുന്നു, മനസ്സില്ലാമനസ്സോടെ ഞാൻ മാസ്‌ക് ധരിച്ചു. സ്‌കൂളിലെ ഒരു പുതിയ റിസപ്ഷനിസ്റ്റിനോട് എന്റെ അസ്വസ്ഥത ഞാൻ പ്രകടിപ്പിച്ചപ്പോൾ, എന്റെ മാസ്‌കിലെ വാക്ക് കാരണമാകാം അവളതു പെട്ടെന്നു ശ്രദ്ധിച്ചു. സങ്കീർണ്ണമായ ഒരു സംവിധാനം ശരിയാക്കാൻ പാടുപെടുന്ന ഒരു വ്യക്തിയുടെ മുമ്പിൽ അസ്വസ്ഥത പ്രകടിപ്പിക്കുകയും ഒപ്പം “അനുഗൃഹീത'' എന്നെഴുതിയ മാസ്‌ക് ധരിക്കുകയും ചെയ്തുകൊണ്ട് ഒരു കപടഭക്തയെപ്പോലെ കാണപ്പെടാൻ ഞാൻ ഒട്ടും ആഗ്രഹിച്ചില്ല.
എന്റെ മാസ്‌കിലെ അക്ഷരങ്ങൾ ക്രിസ്തുവിനുവേണ്ടിയുള്ള എന്റെ സാക്ഷ്യത്തെ ഓർമ്മിപ്പിച്ചെങ്കിലും, എന്റെ ഹൃദയത്തിലുള്ള തിരുവെഴുത്തുകളുടെ വാക്കുകൾ മറ്റുള്ളവരോട് ക്ഷമകാണിക്കാനുള്ള യഥാർത്ഥ ഓർമ്മപ്പെടുത്തലായിരിക്കണം. പൗലൊസ് കൊരിന്ത്യർക്ക് എഴുതിയതുപോലെ, ''ഞങ്ങളുടെ ശുശ്രൂഷയാൽ ഉണ്ടായ ക്രിസ്തുവിൻ പത്രമായി നിങ്ങൾ വെളിപ്പെടുന്നുവല്ലോ. അതു മഷികൊണ്ടല്ല, ജീവനുള്ള ദൈവത്തിന്റെ ആത്മാവിനാൽ അത്രേ. കല്പലകയിൽ അല്ല, ഹൃദയമെന്ന മാംസപ്പലകയിൽ തന്നേ എഴുതിയിരിക്കുന്നത്'' (2 കൊരിന്ത്യർ 3:3). “ജീവൻ നൽകുന്ന’’ പരിശുദ്ധാത്മാവ് (വാ. 6), “സ്‌നേഹം, സന്തോഷം, സമാധാനം’’, ഉവ്വ്, “ക്ഷമ’’ (ഗലാത്യർ 5:22) എന്നിവയിൽ ജീവിക്കാൻ നമ്മെ സഹായിക്കും. നമ്മുടെ ഉള്ളിലെ അവന്റെ സാന്നിധ്യത്താൽ നാം യഥാർത്ഥത്തിൽ അനുഗൃഹീതരാണ്!

ദൈവത്തെ അറിയാൻ
അയർലൻഡ് സന്ദർശനവേളയിൽ, അലങ്കാരച്ചെടിയായ ഷാംറോക്കിന്റെ സമൃദ്ധിയിൽ ഞാൻ അത്ഭുതപ്പെട്ടു. ചെറിയ പച്ചനിറത്തിലുള്ള, മൂന്ന് ഇതൾ ഇലകളുള്ള ചെടി എല്ലാ സ്റ്റോറുകളിലും എല്ലാ സാധനങ്ങളിലും -വസ്ത്രങ്ങൾ, തൊപ്പികൾ, ആഭരണങ്ങൾ - കാണപ്പെടുന്നു!
അയർലണ്ടിലുടനീളം വളരുന്ന സമൃദ്ധമായ ഒരു ചെടി എന്നതിലുപരി, ത്രിത്വത്തെ വിശദീകരിക്കാനുള്ള ഒരു ലളിതമായ മാർഗമായി ഷാംറോക്ക് തലമുറകളായി സ്വീകരിക്കപ്പെട്ടു. ദൈവം മൂന്ന് വ്യത്യസ്ത ആളത്വങ്ങളിൽ - പിതാവായ ദൈവം, പുത്രനായ ദൈവം, പരിശുദ്ധാത്മാവായ ദൈവം - ശാശ്വതമായി നിലനിൽക്കുന്ന ഏക സത്തയാണെന്ന ചരിത്രപരമായ ക്രിസ്തീയ വിശ്വാസമാണ് ത്രിത്വ വിശ്വാസം. ത്രിത്വത്തെക്കുറിച്ചുള്ള എല്ലാ മാനുഷിക വിശദീകരണങ്ങളും അപര്യാപ്തമാണെങ്കിലും, ഷാംറോക്ക് ഒരു സഹായകരമായ പ്രതീകമാണ്, കാരണം ഇത് ഒരേ പദാർത്ഥത്തിൽ നിർമ്മിക്കപ്പെട്ട മൂന്ന് വ്യത്യസ്ത ഇലകളുള്ള ഒരു ചെടിയാണ്.
ത്രിത്വം എന്ന വാക്ക് തിരുവെഴുത്തുകളിൽ കാണുന്നില്ല, എന്നാൽ ത്രിത്വത്തിലെ മൂന്ന് വ്യക്തികളും ഒരേ സമയം പ്രത്യക്ഷപ്പെടുന്ന ഭാഗങ്ങളിൽ നാം വ്യക്തമായി കാണുന്ന ദൈവശാസ്ത്ര സത്യത്തെ ഇത് സംഗ്രഹിക്കുന്നു. പുത്രനായ ദൈവമായ യേശു സ്‌നാനം സ്വീകരിക്കുമ്പോൾ, പരിശുദ്ധാത്മാവായ ദൈവം “പ്രാവുരൂപത്തിൽ’’ സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങിവരുന്നതായി കാണുന്നു. “നീ എന്റെ പ്രിയപുത്രൻ’’ (മർക്കൊസ് 1:11) എന്ന് പിതാവായ ദൈവത്തിന്റെ ശബ്ദം സ്വർഗ്ഗത്തിൽ നിന്നുകേൾക്കുന്നു.
ദൈവത്തെ അറിയുന്നതിന് ആളുകളെ സഹായിക്കാൻ ആഗ്രഹിച്ച ഐറിഷ് വിശ്വാസികൾ ഷാംറോക്ക് ഉപയോഗിച്ച് അതു വിശദീകരിച്ചു. ത്രിത്വത്തിന്റെ സൗന്ദര്യം നാം കൂടുതൽ പൂർണ്ണമായി മനസ്സിലാക്കുമ്പോൾ, അത് ദൈവത്തെ അറിയാനും അവനെ “ആത്മാവിലും സത്യത്തിലും’’ ആരാധിക്കാനുള്ള നമ്മുടെ കഴിവിനെ ആഴത്തിലാക്കാനും സഹായിക്കുന്നു (യോഹന്നാൻ 4:24).

ദൈവത്തിന്റെ ഇതിഹാസ കഥ
ലൈഫ് മാസികയുടെ 1968 ജൂലൈ 12 ലക്കത്തിന്റെ പുറംചട്ടയിൽ, നൈജീരിയയിലെ ആഭ്യന്തര യുദ്ധകാലത്ത് പട്ടിണി കിടക്കുന്ന ബിയാഫ്രയിൽ നിന്നുള്ള കുട്ടികളുടെ ഒരു ഭയാനകമായ ഫോട്ടോ കൊടുത്തിരുന്നു. ഇതു കണ്ടു വിഷമംതോന്നിയ ഒരു കുട്ടി, മാസികയുടെ ഒരു കോപ്പി ഒരു പാസ്റ്ററുടെ അടുത്ത് കൊണ്ടുപോയി, ''ദൈവത്തിന് ഇതിനെക്കുറിച്ച് അറിയാമോ?'' എന്ന് ചോദിച്ചു. പാസ്റ്റർ മറുപടി പറഞ്ഞു, “നിനക്കു മനസ്സിലാകുകയില്ലെന്ന് എനിക്കറിയാം, പക്ഷേ, ദൈവത്തിന് അതിനെക്കുറിച്ച് അറിയാം.’’ അത്തരമൊരു ദൈവത്തിൽ തനിക്ക് താൽപ്പര്യമില്ലെന്ന് പ്രഖ്യാപിച്ച് അവൻ പുറത്തേക്ക് നടന്നു.
ഈ ചോദ്യങ്ങൾ കുട്ടികളെ മാത്രമല്ല, നമ്മെയെല്ലാം അസ്വസ്ഥരാക്കുന്നു. ദൈവത്തിന്റെ നിഗൂഢമായ അറിവിന്റെ സ്ഥിരീകരണത്തോടൊപ്പം, മുൻ രാഷ്ട്രമായ ബിയാഫ്ര പോലെയുള്ള സ്ഥലങ്ങളിൽ പോലും ദൈവം തുടർന്നും എഴുതിക്കൊണ്ടിരിക്കുന്ന ഇതിഹാസ കഥയെക്കുറിച്ച് ആ കുട്ടി കേട്ടിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു.
അവൻ അവരെ കഷ്ടങ്ങളിൽ നിന്ന് രക്ഷിക്കുമെന്ന് കരുതിയ തന്റെ അനുയായികൾക്കായി യേശു ഈ കഥ ചുരുൾ നിവർത്തി. ക്രിസ്തു അവരോട് പറഞ്ഞത് “ഈ ലോകത്തിൽ നിങ്ങൾക്ക് കഷ്ടങ്ങൾ ഉണ്ട്’’ എന്നാണ്. എന്നിരുന്നാലും, ഈ തിന്മകൾ അവസാനമല്ലെന്ന വാഗ്ദാനമാണ് യേശു നൽകിയത്. വാസ്തവത്തിൽ, അവൻ ഇതിനകം “ലോകത്തെ ജയിച്ചുകഴിഞ്ഞു’’ (യോഹന്നാൻ 16:33). ദൈവത്തിന്റെ അവസാന അധ്യായത്തിൽ, എല്ലാ അനീതിയും പരിഹരിക്കപ്പെടും, എല്ലാ കഷ്ടപ്പാടുകളും സുഖപ്പെടും.
അചിന്തനീയമായ എല്ലാ തിന്മകളെയും ദൈവം നശിപ്പിക്കുകയും എല്ലാ തെറ്റുകളും ശരിയാക്കുകയും ചെയ്യുന്നതിന്റെ കഥ ഉല്പത്തി മുതൽ വെളിപ്പാട് വരെ വിവരിക്കുന്നു. നമ്മോടുള്ള ചോദ്യം ചെയ്യപ്പെടാത്ത സ്‌നേഹത്തിന്റെ ഉടയവനായ ഒരുവനെ കഥ അവതരിപ്പിക്കുന്നു. യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു, “നിങ്ങൾക്കു എന്നിൽ സമാധാനം ഉണ്ടാകേണ്ടതിന്നു ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു’’ (വാ. 33). ഇന്ന് നമുക്ക് അവിടുത്തെ സമാധാനത്തിലും സാന്നിദ്ധ്യത്തിലും വിശ്രമിക്കാൻ കഴിയും.

അജ്ഞാത സഞ്ചാരപാത
ഒരുപക്ഷെ, ബ്രയനോടൊപ്പം ഒരു ഓട്ടമത്സരത്തിൽ ചേരാൻ ഞാൻ സമ്മതിക്കരുതായിരുന്നു. ഞാൻ ഒരു വിദേശ രാജ്യത്തായിരുന്നു, എവിടേക്കെന്നോ എത്ര ദൂരം ഓടണമെന്നോ, ഭൂപ്രദേശം എങ്ങനെയായിരിക്കുമെന്നോ എനിക്കറിയില്ലായിരുന്നു. കൂടാതെ, അവൻ ഒരു അതിവേഗ ഓട്ടക്കാരനായിരുന്നു. അവനോടൊപ്പം എത്താൻ ശ്രമിച്ച്് ഞാൻ കാലിടറി വീഴുമോ? ബ്രയന് വഴി അറിയാമായിരുന്നതിനാൽ അവനെ വിശ്വസിക്കുകയല്ലാതെ എനിക്ക് മറ്റെന്തു ചെയ്യാൻ കഴിയും? ഞങ്ങൾ ഓടിത്തുടങ്ങിയപ്പോൾ, ഞാൻ കൂടുതൽ ആശങ്കാകുലനായി. പാത പരുക്കനും വളഞ്ഞുപുളഞ്ഞതും കൊടും വനത്തിലൂടെയുള്ളതുമായിരുന്നു. ഭാഗ്യവശാൽ, ഞാൻ പിന്തുടരുന്നുണ്ടോയെന്നു പരിശോധിക്കാനും വരാനിരിക്കുന്ന കഠിന സ്ഥലങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകാനും ബ്രയൻ തിരിഞ്ഞുകൊണ്ടിരുന്നു.
അപരിചിതമായ പ്രദേശത്തേക്ക് പ്രവേശിക്കുമ്പോൾ, ബൈബിൾ കാലഘട്ടത്തിലെ ചില ആളുകൾക്ക് - കനാനിലെ അബ്രഹാം, മരുഭൂമിയിലെ യിസ്രായേല്യർ, സുവാർത്ത പങ്കുവെക്കാനുള്ള തങ്ങളുടെ ദൗത്യമേറ്റെടുത്ത യേശുവിന്റെ ശിഷ്യന്മാർ ആദിയായവർ - ഇങ്ങനെയായിരുന്നു തോന്നിയത്. യാത്ര ദുഷ്‌കരമായിരിക്കും എന്നതൊഴിച്ചാൽ എങ്ങനെയായിരിക്കുമെന്ന് അവർക്ക് ഒരു സൂചനയും ഇല്ലായിരുന്നു. എന്നാൽ മുന്നോട്ടുള്ള വഴി അറിയുന്ന ഒരാൾ അവരെ നയിച്ചു. ദൈവം തങ്ങൾക്ക് നേരിടാനുള്ള ശക്തി നൽകുമെന്നും അവൻ അവരെ പരിപാലിക്കുമെന്നും അവർ വിശ്വസിക്കണമായിരുന്നു. എന്താണ് വരാനിരിക്കുന്നതെന്ന് അവന് കൃത്യമായി അറിയാമായിരുന്നതുകൊണ്ട് അവർക്ക് അവനെ അനുഗമിക്കാൻ കഴിയുമായിരുന്നു.
ശൗലിന്റെ മുമ്പിൽ നിന്ന് ഓടിപ്പോയപ്പോൾ ഈ ഉറപ്പ് ദാവീദിനെ ആശ്വസിപ്പിച്ചു. വലിയ അനിശ്ചിതത്വത്തിനിടയിലും അവൻ ദൈവത്തോട് പറഞ്ഞു: 'എന്റെ ആത്മാവു എന്റെ ഉള്ളിൽ വിഷാദിച്ചിരിക്കുമ്പോൾ നീ എന്റെ പാതയെ അറിയുന്നു' (സങ്കീർത്തനം 142:3). വരാനിരിക്കുന്നതിനെ ഭയാനക സമയങ്ങൾ ജീവിതത്തിൽ ഉണ്ടാകും. എന്നാൽ നമുക്കത് അറിയാം കാരണം, നമ്മോടുകൂടെ നടക്കുന്ന നമ്മുടെ ദൈവത്തിന് വഴി അറിയാം.

വഴിയിലെ സ്വാതന്ത്ര്യം
ബീപ് ബേസ്‌ബോളിൽ, അന്ധരായ കളിക്കാർ എന്തുചെയ്യണം, എവിടേക്ക് പോകണം എന്നറിയാൻ ബോളിന്റെ ബീപിംഗ് അല്ലെങ്കിൽ ബേസിന്റെ മുഴക്കം എന്നിവ ശ്രദ്ധിക്കുന്നു. കണ്ണുമൂടിക്കെട്ടിയ ബാറ്ററും (അന്ധതയുടെ വിവിധ തലങ്ങൾ കണക്കാക്കാൻ) കാഴ്ചയുള്ള പിച്ചറും ഒരേ ടീമിലാണ്. ഒരു ബാറ്റർ ബാറ്റ് വീശുകയും ബീപ്പിംഗ് ബോൾ അടിക്കുകയും ചെയ്യുമ്പോൾ, അവൻ അല്ലെങ്കിൽ അവൾ മുഴങ്ങുന്ന ബേസിലേക്ക് ഓടുന്നു. ബാറ്റർ ബേസിലെത്തുന്നതിനുമുമ്പ് ഒരു ഫീൽഡർ പന്ത് 'പിടിച്ചാൽ' ബാറ്റർ ഔട്ട്; അല്ലെങ്കിൽ, ബാറ്റർ ഒരു റൺ നേടുന്നു. വ്യക്തമായ വഴിയും ദിശയും ഉണ്ടെന്ന് അറിയാവുന്നതിനാൽ 'ഓട്ടത്തിൽ വലിയ സ്വാതന്ത്ര്യം' അനുഭവപ്പെടുന്നു എന്നതാണ് ഏറ്റവും നല്ല ഭാഗമെന്ന് ഒരു കളിക്കാരൻ അഭിപ്രായപ്പെട്ടു.
'ദൈവം നീതിമാന്റെ പാതയെ ചൊവ്വായി നിരത്തുന്നു' (26:7) എന്ന് യെശയ്യാവിന്റെ പുസ്തകം നമ്മോട് പറയുന്നു. ഇത് എഴുതിയപ്പോൾ, യിസ്രായേല്യരുടെ പാത സുഗമമായി കാണപ്പെട്ടിരുന്നില്ല; അനുസരണക്കേടിന്റെ പേരിൽ അവർ ദൈവിക ന്യായവിധി അനുഭവിക്കുകയായിരുന്നു. വിശ്വാസത്തിലും അനുസരണത്തിലും -പലപ്പോഴും ദുഷ്‌കരവും എന്നാൽ സുഗമവുമായ പാതയിൽ - നടക്കാൻ യെശയ്യാവ് അവരെ ഉദ്‌ബോധിപ്പിച്ചു ദൈവത്തിന്റെ ''നാമവും കീർത്തിയും'' (വാക്യം 8) അവരുടെ ഹൃദയത്തിന്റെ ശ്രദ്ധാകേന്ദ്രമാകണമായിരുന്നു.
യേശുവിൽ വിശ്വസിക്കുന്നവരെന്ന നിലയിൽ, നാം അനുസരണത്തിൽ അവന്റെ വഴികൾ പിന്തുടരുമ്പോൾ ദൈവത്തെക്കുറിച്ച് കൂടുതൽ അറിയുകയും അവന്റെ വിശ്വസ്ത സ്വഭാവത്തിലുള്ള നമ്മുടെ വിശ്വാസം വളർത്തുകയും ചെയ്യുന്നു. നമ്മുടെ ജീവിത പാത എല്ലായ്‌പ്പോഴും സുഗമമായി കാണപ്പെടണമെന്നില്ല, പക്ഷേ ദൈവം നമ്മോടൊപ്പമുണ്ടെന്നും ഒരു വഴി നിരത്തുന്നുവെന്നും അവനിൽ വിശ്വസിച്ചുകൊണ്ട് ഉറപ്പുള്ളരായിരിക്കാൻ നമുക്കു കഴിയും. നമുക്ക് വേണ്ടിയുള്ള ദൈവത്തിന്റെ ഏറ്റവും നല്ല പാതയിൽ അനുസരണയോടെ നടക്കുമ്പോൾ നമുക്കും സ്വാതന്ത്ര്യം അനുഭവിക്കാൻ കഴിയും.
