
ദൈവം എന്തു ചെയ്തെന്ന് അവരോട് പറയുക
കോളേജിൽ എന്റെ സുഹൃത്തായിരുന്ന ബിൽ തോബിയാസ് അനേക വർഷങ്ങൾ ഒരു ദ്വീപിൽ മിഷനറിയായി ശുശ്രൂഷിച്ചു. ഭാഗ്യം തേടി ജന്മനാട് വിട്ടുപോയ ഒരു യുവാവിന്റെ കഥ അദ്ദേഹം പറയുന്നു. എന്നാൽ ഒരു സുഹൃത്ത് അവനെ സഭയിലേക്ക് കൊണ്ടുപോയി, അവിടെ യേശു വാഗ്ദാനം ചെയ്യുന്ന രക്ഷയുടെ സുവാർത്ത അവൻ കേൾക്കുകയും ക്രിസ്തുവിനെ തന്റെ രക്ഷകനായി വിശ്വസിക്കുകയും ചെയ്തു.
“മന്ത്രവാദത്തിൽ മുഴുകിയിരിക്കുന്ന’’ തന്റെ ജനങ്ങളിലേക്ക് സുവിശേഷം എത്തിക്കാൻ ആ യുവാവ് ആഗ്രഹിച്ചു, അതിനായി അവരുടെയടുത്തേക്ക് അയയ്ക്കാനായി ഒരു മിഷനറിയെ അവൻ അന്വേഷിച്ചു. എന്നാൽ മിഷനറി അവനോട് “ദൈവം നിനക്കുവേണ്ടി എന്തു ചെയ്തെന്ന് അവരോട് പോയി പറയുക’’ എന്ന് പറഞ്ഞു (മർക്കൊസ് 5:19 കാണുക). അതവൻ ചെയ്തു. അവന്റെ ജന്മനാട്ടിൽ നിരവധി ആളുകൾ യേശുവിനെ സ്വീകരിച്ചു, എന്നാൽ ക്രിസ്തുവാണ് “വഴിയും സത്യവും ജീവനും’’ (യോഹന്നാൻ 14:6) എന്ന് പട്ടണത്തിലെ മന്ത്രവാദി തിരിച്ചറിഞ്ഞതോടെയാണ് ഏറ്റവും വലിയ വഴിത്തിരിവ് ഉണ്ടായത്. അയാൾ യേശുവിൽ വിശ്വാസമർപ്പിച്ച ശേഷം, അവനെക്കുറിച്ച് പട്ടണം മുഴുവൻ പറഞ്ഞു. നാല് വർഷത്തിനുള്ളിൽ, ഒരു യുവാവിന്റെ സാക്ഷ്യം, ആ മേഖലയിൽ ഏഴ് സഭകൾ സ്ഥാപിക്കുന്നതിനു കാരണമായി.
2 കൊരിന്ത്യരിൽ, ക്രിസ്തുവിനെ ഇതുവരെ അറിയാത്തവർക്ക് സുവിശേഷം പരിചയപ്പെടുത്തുന്നതിനുള്ള വ്യക്തമായ പദ്ധതി പൗലൊസ് മുന്നോട്ടുവയ്ക്കുന്നു—അത് ആ മിഷനറി ആ യുവ വിശ്വാസിയോട് പറഞ്ഞതിനോട് തുല്യമാണ്. “ഞങ്ങൾ ക്രിസ്തുവിന്നു വേണ്ടി സ്ഥാനപതികളായി ദൈവത്തോടു നിരന്നുകൊൾവിൻ എന്നു ക്രിസ്തുവിന്നു പകരം അപേക്ഷിക്കുന്നു’’ (5:20). ഓരോ വിശ്വാസിക്കും തങ്ങളെ “ഒരു പുതിയ സൃഷ്ടി ആക്കിയവനും . . . അവരെ ദൈവവുമായി നിരപ്പിച്ചവനുമായ’’ (വാ. 17-18) യേശു തങ്ങൾക്കുവേണ്ടി എന്താണ് ചെയ്തതെന്ന് മറ്റുള്ളവരോട് പറയാൻ കഴിയും.

ഒരു ചുംബനത്തോടെയുള്ള തിരുത്തൽ
തന്റെ ഉപമയായ ദി വൈസ് വുമണിൽ, ജോർജ്ജ് മക്ഡൊണാൾഡ് രണ്ട് പെൺകുട്ടികളുടെ കഥ പറയുന്നു. അവരുടെ സ്വാർത്ഥത തങ്ങളുൾപ്പെടെ എല്ലാവരേയും ദുരിതത്തിലാക്കുന്നു. ഒടുവിൽ ഒരു ജ്ഞാനിയായ സ്ത്രീ അവരെ വീണ്ടും “സുന്ദരികൾ’’ ആകാൻ സഹായിക്കുന്നതിന് അവരെ നിരവധി പരീക്ഷണങ്ങളിലൂടെ കടത്തിവിടുന്നു.
പെൺകുട്ടികൾ ഓരോ പരീക്ഷയിലും പരാജയപ്പെടുകയും നാണക്കേടും ഒറ്റപ്പെടലും അനുഭവിക്കുകയും ചെയ്ത ശേഷം, അവരിൽ ഒരാളായ റോസാമണ്ട് തനിക്ക് സ്വയം മാറാൻ കഴിയില്ലെന്ന് ഒടുവിൽ മനസ്സിലാക്കുന്നു. “നിങ്ങൾക്കെന്നെ സഹായിക്കാൻ കഴിയുകയില്ലേ?’’ അവൾ ജ്ഞാനിയായ സ്ത്രീയോട് ചോദിക്കുന്നു. “നീ എന്നോട് ആവശ്യപ്പെട്ടാൽ ഒരുപക്ഷേ എനിക്ക് കഴിഞ്ഞേക്കും,’’ ആ സ്ത്രീ മറുപടി പറഞ്ഞു. ജ്ഞാനിയായ സ്ത്രീ പ്രതീകവല്ക്കരിക്കുന്ന ദൈവിക സഹായത്താൽ, റോസാമണ്ട് മാറാൻ തുടങ്ങുന്നു. താൻ വരുത്തിയ എല്ലാ പ്രശ്നങ്ങളും ആ സ്ത്രീ ക്ഷമിക്കുമോ എന്ന് അവൾ ചോദിക്കുന്നു. “ഞാൻ നിന്നോട് ക്ഷമിച്ചില്ലായിരുന്നുവെങ്കിൽ, നിന്നെ ശിക്ഷിക്കാൻ ഞാൻ ഒരിക്കലും ബുദ്ധിമുട്ടില്ലായിരുന്നു’’ എന്ന് ആ സ്ത്രീ പറയുന്നു.
ദൈവം നമ്മെ ശിക്ഷിക്കുന്ന സമയങ്ങളുണ്ട്. എന്തുകൊണ്ടെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. അവന്റെ തിരുത്തൽ പ്രതികാരത്തിന്റെ ഫലമല്ല, മറിച്ച് നമ്മുടെ ക്ഷേമത്തിനായുള്ള പിതൃതാൽപ്പര്യമാണ് (എബ്രായർ 12:6). “നീതിയും സമാധാനവും’’ കൊയ്തുകൊണ്ട് നാം “അവന്റെ വിശുദ്ധിയിൽ പങ്കുചേരാൻ’’ അവൻ ആഗ്രഹിക്കുന്നു (വാ. 10-11). സ്വാർത്ഥത ദുരിതം കൊണ്ടുവരുന്നു, എന്നാൽ വിശുദ്ധി നമ്മെ പൂർണ്ണരും സന്തോഷമുള്ളവരും അവനെപ്പോലെ “സുന്ദരന്മാരും’’ ആക്കുന്നു. തന്നെപ്പോലുള്ള ഒരു സ്വാർത്ഥമതിയായ പെൺകുട്ടിയെ എങ്ങനെ സ്നേഹിക്കാൻ കഴിയുമെന്ന് റോസാമണ്ട് ജ്ഞാനിയായ സ്ത്രീയോട് ചോദിക്കുന്നു. അവളെ ചുംബിക്കാൻ കുനിഞ്ഞുകൊണ്ട് ആ സ്ത്രീ മറുപടി പറഞ്ഞു, “നീ എന്തായിത്തീരുമെന്ന് ഞാൻ കണ്ടു.’’ ദൈവത്തിന്റെ തിരുത്തൽ സ്നേഹത്തോടെയും നാം ആകണമെന്ന് അവൻ ആഗ്രഹിക്കുന്നവരായി നമ്മെ മാറ്റാനുള്ള ആഗ്രഹത്തോടെയുമാണ് വരുന്നത്.

ബഹുവർണ്ണ മതിൽ
എന്റെയൊരു സുഹൃത്ത് താൻ ചെയ്തുകൊണ്ടിരുന്ന ഒരു വാട്ടർ കളർ പെയിന്റിംഗ് എനിക്കു കാണിച്ചുതന്നപ്പോൾ, ക്യാൻവാസിലെ ചിത്രം വെല്ലൂർ കോട്ടയുടെ ഒരു മതിലാണെന്നു ഞാൻ തിരിച്ചറിഞ്ഞു. ഞാനൊരു ചിത്രകാരനല്ലെങ്കിലും, ആരെങ്കിലും ഒരു മതിലിനു ചായമിടുകയാണെങ്കിൽ, അതിനു മുഴുവൻ ഒരേ നിറമടിക്കുമെന്നായിരുന്നു ഞാൻ സങ്കൽപ്പിച്ചിരുന്നത്. എന്നാൽ, അവളുടെ മതിൽ അതിമനോഹരമായി ബഹുവർണ്ണം ചാലിച്ചതായിരുന്നു. ഒരു കല്ലിനു ചെമ്മണിന്റെ നിറമായിരുന്നെങ്കിൽ, മറ്റൊന്നിനു ഓറഞ്ചു നിറം. പായൽ നിറഞ്ഞ പച്ചനിറവും മാതളനാരങ്ങയുടെ പർപ്പിൾ നിറവും പോലും ഉണ്ടായിരുന്നു. ഈ നിറങ്ങളിൽ ആകൃഷ്ടനായി ഞാൻ ചോദിച്ചു, “ഈ മതിലെങ്ങനെ വ്യത്യസ്തമായി തീർന്നു?” അവൾ മറുപടി പറഞ്ഞു, “കാരണം ഓരോ കല്ലും ഒരോ പാറയിൽ നിന്നാണു വരുന്നത്, അതിനാൽ ഓരോന്നിനും വ്യത്യസ്ത നിറമാണുള്ളത്.” അതിനുശേഷം, എപ്പോഴെല്ലാം ഞാനൊരു കന്മതിൽ കാണുന്നുവോ, അപ്പോഴെല്ലാം നിരവധിയായ അതിന്റെ കല്ലുകളുടെ ഘടനയും നിറഭേദവും ആകൃതിയും ശ്രദ്ധിക്കാതിരിക്കാൻ എനിക്കു കഴിയാതെ പോകുന്നു.
പത്രൊസ് നമ്മെ “ജീവനുള്ള കല്ലുകൾ” (വാ. 5) എന്നു വിളിക്കുന്നു. എന്റെ സുഹൃത്തിന്റെ പെയിന്റിംഗിലെ കല്ലുകൾ പോലെ, നാമെല്ലാവരും അതുല്യരാണ്. വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ള നാം വൈവിധ്യമാർന്ന അനുഭവങ്ങളുള്ളവരാണ്. എന്നാൽ നിർമ്മാണ പദ്ധതിയിൽനിന്നു ഒഴിവാക്കപ്പെട്ട ഒരു കല്ലു പോലെ നാം ഒറ്റപ്പെട്ടു ജീവിക്കണമെന്ന് ഇതിനർത്ഥമില്ല. മറിച്ച്, ദൈവം നമ്മെ ഓരോരുത്തരെയും തിരഞ്ഞെടുത്തു നമ്മെ ഒരുമിച്ചു കൊണ്ടുവന്നു (വാ. 4). ഒരൊറ്റ കല്ല് ഒറ്റയ്ക്ക് ഒരു മതിൽ സൃഷ്ടിക്കില്ലെങ്കിലും, ദൈവം നമ്മെ ഒരുമിച്ചു കൊണ്ടുവരുമ്പോൾ, അവൻ നമ്മെ “ആത്മികഗൃഹമായി” (വാ. 5) നിർമ്മിക്കുന്നു. മൂലക്കല്ലായ യേശുവിനാൽ ഐകമത്യപ്പെട്ടുകൊണ്ട്, “തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവർഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും” (വാ. 5-9) ആയി നാം മാറുന്നു. നിരസിക്കപ്പെട്ടതായോ എവിടെയെങ്കിലും ചേർന്നുപോകാൻ കഴിയാത്ത വിധം വ്യത്യസ്തമായോ തോന്നുമ്പോൾ (വാ. 11-12), പത്രൊസ് പറയുന്നത് ഓർക്കുക: “അവനിൽ (യേശുവിൽ) വിശ്വസിക്കുന്നവൻ ലജ്ജിച്ചുപോകയില്ല” (1 പത്രൊസ് 2:6). താൻ പണിയുന്നതിന്റെ ഭാഗമാകാൻ ദൈവം യേശുവിലൂടെ നമ്മെ തിരഞ്ഞെടുത്തു (വാ. 5). നമ്മുടെ അതുല്യത ദൈവത്തിന്റെ സമൂഹത്തിൽ തികച്ചും യോജിക്കുന്നു.

നമ്മുടെ ആത്മീയ തീക്ഷ്ണത സൂക്ഷിക്കൽ
യഹോവയുടെ കണ്ണു തങ്കൽ ഏകാഗ്രചിത്തന്മാരായിരിക്കുന്നവർക്കു വേണ്ടി തന്നെത്താൻ ബലവാനെന്നു കാണിക്കേണ്ടതിന്നു ഭൂമിയിലെല്ലാടവും ഊടാടിക്കൊണ്ടിരിക്കുന്നു. [ 2 ദിനവൃത്താന്തം 16:9 ]
നമ്മുടെ ആത്മീയ തീക്ഷ്ണത സൂക്ഷിക്കൽ
ഹെവിവെയ്റ്റ് ചാമ്പ്യനാകാൻ അസംഭവ്യമായ പ്രതിബന്ധങ്ങളെ തരണം ചെയ്യുന്ന ഒരു ബോക്സറുടെ കഥയാണ് റോക്കി സിനിമകൾ പറയുന്നത്. റോക്കി III-ൽ, വിജയിയായ റോക്കിക്ക് സ്വന്തം നേട്ടങ്ങളിൽ മതിപ്പുതോന്നുന്നു. ടെലിവിഷൻ പരസ്യങ്ങൾ ജിമ്മിലെ അവന്റെ സമയത്തെ തടസ്സപ്പെടുത്തുന്നു. ചാമ്പ്യൻ മയപ്പെടുകയും, ഒരു എതിരാളി അവനെ തോല്പിക്കുകയും ചെയ്തു. തന്റെ പോരാട്ട വീര്യം വീണ്ടെടുക്കാനുള്ള റോക്കിയുടെ ശ്രമമാണ് സിനിമയുടെ ബാക്കി ഭാഗം.
ഒരു ആത്മീയ അർത്ഥത്തിൽ, യെഹൂദാ രാജാവായ ആസയ്ക്ക് തന്റെ പോരാട്ടവീര്യം നഷ്ടപ്പെട്ടു. തന്റെ ഭരണത്തിന്റെ തുടക്കത്തിൽ, ഭയാനകമായ പ്രതിബന്ധങ്ങൾക്കിടയിലും അവൻ ദൈവത്തിൽ ആശ്രയിച്ചു. ശക്തരായ കൂശ്യർ ആക്രമിക്കാൻ വന്നപ്പോൾ, ആസാ പ്രാർത്ഥിച്ചു: “ഞങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ, സഹായിക്കേണമേ; നിന്നിൽ ഞങ്ങൾ ആശ്രയിക്കുന്നു; നിന്റെ നാമത്തിൽ ഞങ്ങൾ ഈ പുരുഷാരത്തിന്നു നേരെ പുറപ്പെട്ടുവന്നിരിക്കുന്നു’’ (2 ദിനവൃത്താന്തം 14:11). ദൈവം അവന്റെ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകി, യെഹൂദാ അവരുടെ ശത്രുക്കളെ തോല്പിച്ചു ചിതറിച്ചുകളഞ്ഞു (വാ. 12-15).
വർഷങ്ങൾക്കുശേഷം, യെഹൂദാ വീണ്ടും ഭീഷണിയിലായി. ഇത്തവണ സ്വയം പര്യാപ്തനായ ആസാ ദൈവത്തെ അവഗണിക്കുകയും പകരം അരാം രാജാവിനോട് സഹായം ആവശ്യപ്പെടുകയും ചെയ്തു (16:2-3). അതു വിജയിച്ചതായി തോന്നി. പക്ഷേ ദൈവം തൃപ്തനായില്ല. അവൻ ദൈവത്തിൽ ആശ്രയിക്കുന്നത് നിർത്തിയതായി ഹനാനി പ്രവാചകൻ ആസയോട് പറഞ്ഞു (വാ. 7-8). എന്തുകൊണ്ടാണ് അവൻ അന്നത്തെപ്പോലെ ഇപ്പോൾ ദൈവത്തിൽ ആശ്രയിക്കാതിരുന്നത്? നമ്മുടെ ദൈവം എക്കാലവും വിശ്വസ്തനാണ്. അവന്റെ കണ്ണുകൾ “തങ്കൽ ഏകാഗ്രചിത്തന്മാരായിരിക്കുന്നവർക്കു വേണ്ടി തന്നേത്താൻ ബലവാനെന്നു കാണിക്കേണ്ടതിന്നു ഭൂമിയിലെല്ലാടവും ഊടാടിക്കൊണ്ടിരിക്കുന്നു’’ (വാ. 9). നാം നമ്മുടെ ആത്മീയ തീക്ഷ്ണത നിലനിർത്തുമ്പോൾ—പൂർണ്ണമായും ദൈവത്തിൽ ആശ്രയിക്കുമ്പോൾ—നാം അവന്റെ ശക്തി അനുഭവിക്കും. മൈക്ക് വിറ്റ്മെർ
നിങ്ങൾക്കു പ്രായമാകുമ്പോൾ, നിങ്ങളുടെ സ്വർഗ്ഗീയ പിതാവിനെ
വിശ്വസിക്കുന്നത് കൂടുതൽ എളുപ്പമാകുമോ അതോ ബുദ്ധിമുട്ടാകുമോ?
എന്തുകൊണ്ടാണ് അത് എന്നാണ് നിങ്ങൾ കരുതുന്നത്?
ദൈവം നിങ്ങളുടെ വിശ്വാസത്തെ എങ്ങനെ ശക്തിപ്പെടുത്തും?
പ്രിയ യേശുവേ, ഓരോ ദിവസവും ഞാൻ അങ്ങയിൽ കൂടുതൽ വിശ്രമിക്കട്ടെ.

ക്രിസ്തുവിന്റെ ദയ വെച്ചുനീട്ടുക
ഏശാവ് ഓടിവന്നു അവനെ എതിരേറ്റു, ആലിംഗനം ചെയ്തു; അവന്റെ കഴുത്തിൽ വീണു അവനെ ചുംബിച്ചു, രണ്ടുപേരും കരഞ്ഞു. [ ഉല്പത്തി 33:4 ]
ക്രിസ്തുവിന്റെ ദയ വെച്ചുനീട്ടുക
ദയയോ പ്രതികാരമോ? ഒരു ലിറ്റിൽ ലീഗ് റീജിയണൽ ചാമ്പ്യൻഷിപ്പ് ബേസ്ബോൾ ഗെയിമിനിടെ ഒരു വന്യമായ പിച്ച് ഐസയായുടെ തലയിലാണ് കൊണ്ടത്. അവൻ തലയിൽ തടവിക്കൊണ്ട് നിലത്തിരുന്നു. ഭാഗ്യവശാൽ, ഹെൽമെറ്റ് ഗുരുതരമായ പരിക്കിൽ നിന്ന് അവനെ സംരക്ഷിച്ചു. കളി പുനരാരംഭിച്ചപ്പോൾ, തന്റെ മനഃപൂർവമല്ലാത്ത പിഴവുമൂലം പിച്ചർ വിറയ്ക്കുന്നത് ഐസയാ ശ്രദ്ധിച്ചു. ആ നിമിഷം, ഐസയാ അസാധാരണമായ ഒരു കാര്യം ചെയ്തു, അദ്ദേഹത്തിന്റെ പ്രതികരണത്തിന്റെ വീഡിയോ വൈറലായി. അവൻ പിച്ചറിനരികിലേക്ക് നടന്നു, അവനെ ആശ്വസിപ്പിക്കുന്ന ഒരു ആലിംഗനം നൽകി, തനിക്ക് കുഴപ്പമൊന്നുമില്ലെന്ന് പിച്ചറിനെ ബോദ്ധ്യപ്പെടുത്തി.
കലഹത്തിൽ കലാശിക്കുമായിരുന്ന ഒരു സാഹചര്യത്തിൽ ഐസയാ ദയ തിരഞ്ഞെടുത്തു.
പഴയനിയമത്തിൽ, ഏശാവ്, തന്നെ വഞ്ചിച്ച ഇരട്ട സഹോദരനായ യാക്കോബിനോടു പ്രതികാരം ചെയ്യാനുള്ള ദീർഘകാല പദ്ധതികൾ ഉപേക്ഷിക്കുന്നത് കൂടുതൽ ബുദ്ധിമുട്ടായിരുന്നെങ്കിലും, സമാനമായ ഒരു തിരഞ്ഞെടുപ്പ് നടത്തുന്നതായി നാം കാണുന്നു. ഇരുപത് വർഷത്തെ പ്രവാസത്തിനു ശേഷം യാക്കോബ് നാട്ടിലേക്ക് മടങ്ങിയപ്പോൾ, യാക്കോബ് തന്നോട് ചെയ്ത തെറ്റുകൾക്ക് പ്രതികാരം ചെയ്യുന്നതിന് പകരം ദയയും ക്ഷമയും ഏശാവ് തിരഞ്ഞെടുത്തു. ഏശാവ് യാക്കോബിനെ കണ്ടപ്പോൾ, “ഓടിവന്നു അവനെ എതിരേറ്റു, ആലിംഗനം ചെയ്തു’’ (ഉല്പത്തി 33:4). ഏശാവ് യാക്കോബിന്റെ ക്ഷമാപണം സ്വീകരിക്കുകയും ഒരു കുഴപ്പവുമില്ലെന്ന് അറിയിക്കുകയും ചെയ്തു (വാ. 9-11).
നമുക്കെതിരെ ചെയ്ത തെറ്റുകൾക്ക് ആരെങ്കിലും പശ്ചാത്താപം പ്രകടിപ്പിക്കുമ്പോൾ, നമുക്കും ദയ അല്ലെങ്കിൽ പ്രതികാരം തിരഞ്ഞെടുക്കേണ്ടിവരും. ദയയോടെ അവരെ സ്വീകരിക്കുന്നത് തിരഞ്ഞെടുക്കുമ്പോൾ നാം യേശുവിന്റെ മാതൃക പിന്തുടരുകയാണു ചെയ്യുന്നത് (റോമർ 5:8). ഒപ്പം അനുരഞ്ജനത്തിലേക്കുള്ള ഒരു വഴിയുമാണത്. ലിസ എം. സമ്ര
ഒരു തെറ്റ് സമ്മതിച്ചതിനു ശേഷം നിങ്ങളെ എപ്പോഴാണ് ദയ എതിരേറ്റത്? മറ്റൊരാളോട് നിങ്ങൾക്ക് എങ്ങനെ ദയ കാണിക്കാൻ കഴിയും?
യേശുവേ, അങ്ങയുടെ മാതൃക പിൻപറ്റാനും അനീതി നേരിടുമ്പോൾ
ദയ കാണിക്കാനും എന്നെ സഹായിക്കണമേ.