
ദയവായി നിശബ്ദമായിരിക്കുക
വെസ്റ്റ്് വിർജീനിയയിലെ ഗ്രീൻ ബാങ്ക്, പരുക്കനായ അപ്പലേച്ചിയൻ പർവതനിരകളിലെ ഒരു ചെറിയ പ്രദേശമാണ്. ഈ നഗരം ഒരു കാര്യത്തിലൊഴികെ പ്രദേശത്തെ മറ്റ് ഡസൻ കണക്കിന് ചെറിയ പട്ടണങ്ങളുമായി സാമ്യമുള്ളതാണ്. 142 നിവാസികളിൽ ആർക്കും ഇന്റർനെറ്റ് സൗകര്യം ഇല്ല എന്നതാണ് ആ വ്യത്യാസം. സമീപത്തുള്ള ഗ്രീൻ ബാങ്ക് ഒബ്‌സർവേറ്ററിയുടെ പ്രവർത്തനത്തെ വൈ-ഫൈ അല്ലെങ്കിൽ സെല്ലുലാർ ഫോൺ ടവറുകളിൽ നിന്നുള്ള സിഗ്നലുകൾ തടയാതിരിക്കുന്നതിനാണ് ഇത്. കാരണം അതിന്റെ ടെലിസ്‌കോപ്പ് ആകാശത്ത് നിരന്തരം നിരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്നു. തൽഫലമായി, വടക്കേ അമേരിക്കയിലെ ഏറ്റവും സാങ്കേതികമായി നിശബ്ദമായ സ്ഥലങ്ങളിൽ ഒന്നാണ് ഗ്രീൻ ബാങ്ക്.
ചിലപ്പോൾ ശാന്തതയാണ് മുന്നോട്ട് പോകാനുള്ള ഏറ്റവും നല്ല അന്തരീക്ഷം-പ്രത്യേകിച്ച് ദൈവവുമായുള്ള നമ്മുടെ ബന്ധത്തിൽ. തന്റെ പിതാവുമായി സംസാരിക്കാൻ ശാന്തവും ആളൊഴിഞ്ഞതുമായ സ്ഥലങ്ങളിലേക്ക് പിൻവാങ്ങിക്കൊണ്ട് യേശു തന്നെ ഇതിനു മാതൃക കാണിച്ചു. ലൂക്കൊസ് 5:16 ൽ നാം വായിക്കുന്നു, “അവനോ നിർജ്ജനദേശത്തു വാങ്ങിപ്പോയി പ്രാർത്ഥിച്ചുകൊണ്ടിരുന്നു.” ഒരുപക്ഷേ താക്കോൽ പദം കൊണ്ടിരുന്നു എന്നതാണ്. ഇത് ക്രിസ്തുവിന്റെ പതിവ് സമ്പ്രദായമായിരുന്നു, ഇത് നമുക്ക് ഉത്തമ മാതൃകയാണ്. പ്രപഞ്ചത്തിന്റെ സ്രഷ്ടാവ് തന്റെ പിതാവിനെ ആശ്രയിക്കുന്നതിന്റെ ആവശ്യത്തെക്കുറിച്ച് അറിഞ്ഞിരുന്നെങ്കിൽ, നമുക്ക് അവനെ എത്രയധികം ആവശ്യമാണ്!
ദൈവത്തിന്റെ സാന്നിധ്യത്തിൽ നവോന്മേഷം പ്രാപിക്കാൻ ശാന്തമായ ഒരു സ്ഥലത്തേക്ക് മടങ്ങുന്നത് അവന്റെ നവീകരണ ശക്തിയിൽ മുന്നോട്ട് പോകാൻ നമ്മെ സജ്ജരാക്കുന്നു. അത്തരമൊരു സ്ഥലം ഇന്ന് നിങ്ങൾക്ക് എവിടെ കണ്ടെത്താനാകും?

നീണ്ട കളി
ടൂണിന്റെ രാജ്യത്ത് ഒരു പട്ടാള അട്ടിമറി ഉണ്ടായപ്പോൾ സൈന്യം യേശുവിൽ വിശ്വസിക്കുന്നവരെ ഭയപ്പെടുത്താനും അവരുടെ വളർത്തുമൃഗങ്ങളെ കൊല്ലാനും തുടങ്ങി. ഉപജീവനമാർഗം നഷ്ടപ്പെട്ട ടൂണിന്റെ കുടുംബം വിവിധ രാജ്യങ്ങളിലേക്ക് ചിതറിപ്പോയി. ഒൻപത് വർഷത്തോളം ടൂൺ തന്റെ കുടുംബത്തിൽ നിന്ന് അകലെ ഒരു അഭയാർത്ഥി ക്യാമ്പിൽ താമസിച്ചു. ദൈവം തന്നോടൊപ്പമുണ്ടെന്ന് അവനറിയാമായിരുന്നു, എങ്കിലും വേർപിരിയൽ സമയത്ത് രണ്ട് കുടുംബാംഗങ്ങൾ മരിച്ചു. ടൂൺ നിരാശനായി.
വളരെക്കാലം മുമ്പ്, മറ്റൊരു ജനവിഭാഗം ക്രൂരമായ അടിച്ചമർത്തലുകൾ നേരിട്ടു. അതുകൊണ്ട് മിസ്രയീമിൽ നിന്ന് യിസ്രായേല്യരെ പുറപ്പെടുവിക്കാൻ ദൈവം മോശയെ നിയോഗിച്ചു. മോശെ മനസ്സില്ലാമനസ്സോടെ സമ്മതിച്ചു. എന്നാൽ അവൻ ഫറവോനെ സമീപിച്ചപ്പോൾ, മിസ്രയീമ്യ ഭരണാധികാരി പീഡനം ശക്തമാക്കി (പുറപ്പാട് 5:6-9). “ഞാൻ യഹോവയെ അറികയില്ല; ഞാൻ യിസ്രായേലിനെ വിട്ടയക്കയുമില്ല,” അവൻ പറഞ്ഞു (വാ. 2). ജനം മോശെയോടും മോശെ ദൈവത്തോടും പരാതി പറഞ്ഞു (വാ. 20-23).
അവസാനം, ദൈവം യിസ്രായേല്യരെ സ്വതന്ത്രരാക്കി, അവർക്ക് അവർ ആഗ്രഹിച്ച സ്വാതന്ത്ര്യം ലഭിച്ചു - എന്നാൽ ദൈവത്തിന്റെ വഴിയിലും സമയത്തിലും ആണതു ലഭിച്ചത്. അവൻ ഒരു നീണ്ട കളി കളിക്കുന്നു. അങ്ങനെ അവന്റെ സ്വഭാവത്തെക്കുറിച്ച് നമ്മെ പഠിപ്പിക്കുകയും വലിയ കാര്യത്തിനായി നമ്മെ തയ്യാറാക്കുകയും ചെയ്യുന്നു.
ന്യൂഡൽഹിയിലെ സെമിനാരിയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ടൂൺ അഭയാർത്ഥി ക്യാമ്പിലെ തന്റെ വർഷങ്ങൾ നന്നായി ഉപയോഗിച്ചു. ഇപ്പോൾ അവൻ സ്വന്തം ആളുകളുടെ - ഒരു പുതിയ വീട് കണ്ടെത്തിയ അവനെപ്പോലുള്ള അഭയാർത്ഥികളുടെ - പാസ്റ്ററാണ്. “ഒരു അഭയാർത്ഥി എന്ന നിലയിലുള്ള എന്റെ കഥ ഒരു ശുശ്രൂഷകനെന്ന നിലയിൽ നയിക്കുന്നതിനുള്ള ഒരു മൂലഘടകമാണ്,” അദ്ദേഹം പറയുന്നു. തന്റെ സാക്ഷ്യത്തിൽ, പുറപ്പാട് 15:2-ൽ മോശെയുടെ ഗാനം ടൂൺ ഉദ്ധരിക്കുന്നു: “എന്റെ ബലവും എന്റെ ഗീതവും യഹോവയത്രേ.” ഇന്ന് അവൻ നമ്മുടേയും ബലവും ഗീതവും ആണ്.

അധിക കൃപ ആവശ്യമാണ്
ഒരു പ്രത്യേക പരിപാടിക്കായി ഞങ്ങൾ പള്ളി അലങ്കരിച്ചപ്പോൾ, ചുമതലയുള്ള സ്ത്രീ എന്റെ പരിചയക്കുറവിനെക്കുറിച്ച് പറഞ്ഞു. അവൾ പോയതിനു ശേഷം മറ്റൊരു സ്ത്രീ എന്റെ അടുത്തേക്ക് വന്നു. ''അവളെ ഓർത്ത് വിഷമിക്കണ്ട. അവളെ ഞങ്ങൾ EGR (Extra Grace Required - അധിക കൃപ ആവശ്യമുള്ളവൾ) എന്നാണ് വിളിക്കുന്നത്.”
ഞാൻ ചിരിച്ചു. എനിക്ക് ആരോടെങ്കിലും വഴക്കുണ്ടാകുമ്പോഴെല്ലാം ഞാൻ ആ ലേബൽ ഉപയോഗിക്കാൻ തുടങ്ങി. വർഷങ്ങൾക്ക് ശേഷം, ആ EGR ന്റെ ചരമപ്രസംഗം കേട്ടുകൊണ്ട് ഞാൻ അതേ പള്ളിയിൽ ഇരുന്നു. തിരശ്ശീലയ്ക്ക് പിന്നിൽ അവൾ ദൈവത്തെ സേവിച്ചതും മറ്റുള്ളവർക്ക് ഉദാരമായി നൽകിയതുമായ കാര്യങ്ങൾ പാസ്റ്റർ പങ്കുവെച്ചു. അവളെയും ഞാൻ മുമ്പ് EGR എന്ന് ലേബൽ ചെയ്തിരുന്ന മറ്റാരെയും കുറിച്ച് വിധിക്കുകയും പരദൂഷണം പറയുകയും ചെയ്തതിന് എന്നോട് ക്ഷമിക്കണമെന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചു. എല്ലാത്തിനുമുപരി, യേശുവിലുള്ള മറ്റേതൊരു വിശ്വാസിയെയും പോലെ എനിക്കും അധിക കൃപ ആവശ്യമായിരുന്നു.
എഫെസ്യർ 2-ൽ, എല്ലാ വിശ്വാസികളും “പ്രകൃതിയാൽ കോപത്തിന്റെ മക്കൾ ആയിരുന്നു’’ (വാ. 3) എന്ന് അപ്പൊസ്തലനായ പൗലൊസ് പ്രസ്താവിക്കുന്നു. എന്നാൽ ദൈവം നമുക്ക് രക്ഷയുടെ ദാനം നൽകി, അർഹതയില്ലാത്തവർക്കുള്ള ഒരു ദാനം. “ആരും പ്രശംസിക്കാതിരിക്കാൻ’’ നമുക്ക് ഒരിക്കലും നേടാനാകാത്ത ഒരു ദാനമായിരുന്നു അത് (വാ. 9).
ഈ ആജീവനാന്ത യാത്രയിൽ നിമിഷം തോറും നാം ദൈവത്തിന് സമർപ്പിക്കുമ്പോൾ, പരിശുദ്ധാത്മാവ് നമ്മുടെ സ്വഭാവം മാറ്റാൻ പ്രവർത്തിക്കും, അങ്ങനെ നമുക്ക് ക്രിസ്തുവിന്റെ സ്വഭാവം പ്രതിഫലിപ്പിക്കാനാകും. ഓരോ വിശ്വാസിക്കും അധിക കൃപ ആവശ്യമാണ്. എന്നാൽ ദൈവകൃപ മതിയായതാണ് എന്നതിൽ നമുക്ക് നന്ദിയുള്ളവരായിരിക്കാം (2 കൊരിന്ത്യർ 12:9).

ദൂരത്തേക്ക് എറിയപ്പെട്ട വിശ്വാസം
1965 ജൂണിൽ, ആറ് ടോംഗൻ കൗമാരക്കാർ സാഹസികത തേടി തങ്ങളുടെ ദ്വീപ് നാട്ടിൽ നിന്ന് യാത്ര തിരിച്ചു. എന്നാൽ ആദ്യരാത്രിയിൽ ഒരു കൊടുങ്കാറ്റ് അവരുടെ പായ്മരവും ചുക്കാനും തകർത്തപ്പോൾ, അവർ ദിവസങ്ങളോളം ഭക്ഷണമോ വെള്ളമോ ഇല്ലാതെ ഒഴുകി തെക്കൻ പസഫിക് സമുദ്രത്തിലെ ആറ്റ എന്ന ജനവാസമില്ലാത്ത ദ്വീപിലെത്തി. പതിനഞ്ച് മാസങ്ങൾ കഴിഞ്ഞാണ് അവരെ കണ്ടെത്തിയത്.
അറ്റയിൽ അകപ്പെട്ട കുട്ടികൾ അതിജീവനത്തിനായി ഒരുമിച്ച് പ്രവർത്തിച്ചു, ഒരു ചെറിയ കൃഷിത്തോട്ടം സ്ഥാപിക്കുകയും, മഴവെള്ളം സംഭരിക്കുന്നതിന് തടി തുരന്നു പാത്രം ഉണ്ടാക്കുകയും, ഒരു താൽക്കാലിക ജിം പോലും നിർമ്മിക്കുകയും ചെയ്തു. ഒരു കുട്ടി മലഞ്ചരിവിൽനിന്നു വീണു കാലൊടിഞ്ഞപ്പോൾ, മറ്റുള്ളവർ വടികളും ഇലകളും ഉപയോഗിച്ച് അത് വെച്ചുകെട്ടി സുഖപ്പെടുത്തി. നിർബന്ധിത അനുരഞ്ജനത്തോടെ തർക്കങ്ങൾ കൈകാര്യം ചെയ്തു, ഓരോ ദിവസവും പാട്ടും പ്രാർത്ഥനയുമായി ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്തു. കുട്ടികൾ അവരുടെ കഠിനാധ്വാനത്തിലൂടെ ആരോഗ്യവാന്മാരായപ്പോൾ, അവരുടെ കുടുംബം ആശ്ചര്യപ്പെട്ടു - അവരുടെ ശവസംസ്‌കാര ചടങ്ങുകൾ ഇതിനകം നടന്നിരുന്നു.
ഒന്നാം നൂറ്റാണ്ടിൽ യേശുവിൽ വിശ്വസിക്കുന്നത് ഒരു ഒറ്റപ്പെട്ട അനുഭവമായിരിക്കും. നിങ്ങളുടെ വിശ്വാസത്തിനുവേണ്ടി പീഡിപ്പിക്കപ്പെടുകയും പലപ്പോഴും കുടുംബത്തിൽ നിന്ന് അകന്നുപോവുകയും ചെയ്താൽ ഒരാൾക്ക് അകല്ച അനുഭവപ്പെടാം. അച്ചടക്കത്തോടെയും പ്രാർത്ഥനയോടെയും നിലകൊള്ളുക (1 പത്രൊസ് 4:7), പരസ്പരം കരുതുക (വാ. 8), ജോലി പൂർത്തിയാക്കാൻ അവരവരുടെ കഴിവുകൾ ഉപയോഗിക്കുക (വാ. 10-11) എന്നിങ്ങനെയായിരുന്നു അപ്പൊസ്തലനായ പത്രൊസ് അവരെ പ്രോത്സാഹിപ്പിച്ചത്. കാലക്രമേണ അവരുടെ പരിശോധനകളിലൂടെ ദൈവം അവരെ “ശക്തരും വിശ്വാസത്തിൽ സ്ഥിരതയുള്ളവരും” (5:10) ആയി പുറത്തുകൊണ്ടുവരും.
പരിശോധനാ വേളകളിൽ, “ദൂരത്തേക്ക് എറിയപ്പെട്ട വിശ്വാസം” ആവശ്യമാണ്. നാം ഐക്യദാർഢ്യത്തോടെ പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നു, അതിജീവിക്കാൻ ദൈവം നമ്മെ സഹായിക്കുന്നു.

ഓരോ സങ്കടവും
“ഞാൻ അഭിമുഖീകരിക്കുന്ന ഓരോ ദുഃഖവും ഞാൻ അളക്കുന്നു,” പത്തൊൻപതാം നൂറ്റാണ്ടിലെ കവയത്രി എമിലി ഡിക്കിൻസൺ എഴുതി. കൂർപ്പിച്ചതും പരിശോധിക്കുന്നതുമായ കണ്ണുകളോടെ - / അതിന് എന്റേത് പോലെ ഭാരമുണ്ടോ - / അതോ ലഘുവായ വലിപ്പമാണോ എന്ന് ഞാൻ അത്ഭുതപ്പെടുന്നു.'' ആളുകൾ അവരുടെ ജീവിതത്തിലുടനീളം ഏറ്റ മുറിവുകളെ എങ്ങനെ വഹിക്കുന്നു എന്നതിന്റെ ഹൃദയസ്പർശിയായ പ്രതിഫലനമാണ് ഈ കവിത. അവളുടെ ഏക ആശ്രയത്തെക്കുറിച്ച് ഡിക്കിൻസൺ ഏതാണ്ട് മടിയോടെ ഉപസംഹരിച്ചുകൊണ്ട്, കാൽവറിയിൽ അവളുടെ സ്വന്തം മുറിവുകളുടെ പ്രതിഫലനം രക്ഷകനിൽ കണ്ടതിന്റെ “തുളയ്ക്കുന്ന ആശ്വാസ’’ത്തോടെ അവൾ എഴുതി: “ഇപ്പോഴും അനുമാനിക്കാൻ വശീകരിക്കപ്പെടുന്നു / അവയിൽ ചിലത് എന്റെതുപോലെയാണെന്ന്.’’
വെളിപ്പാടു പുസ്തകം നമ്മുടെ രക്ഷകനായ യേശുവിനെ “കുഞ്ഞാട്, അറുക്കപ്പെട്ടതുപോലെ നിൽക്കുന്നു” (5:6; വാക്യം 12 കാണുക) എന്നു വിവരിച്ചു. അവന്റെ മുറിവുകൾ ഇപ്പോഴും ദൃശ്യമാണ്. തന്റെ ജനത്തിന്റെ പാപവും നിസ്സഹായതയും സ്വയം ഏറ്റെടുക്കുന്നതിലൂടെ നേടിയ മുറിവുകളാണവ (1 പത്രൊസ് 2:24-25), അങ്ങനെ അവർക്ക് പുതിയ ജീവിതവും പ്രത്യാശയും ലഭ്യമാകും.
രക്ഷകൻ തന്റെ മക്കളുടെ കണ്ണിൽ നിന്നും “കണ്ണുനീരെല്ലാം തുടയ്ക്കുന്ന” ഒരു ഭാവി ദിനത്തെ വെളിപ്പാട് പുസ്തകം വിവരിക്കുന്നു (21:4). യേശു അവരുടെ വേദന കുറയ്ക്കുകയില്ല, എന്നാൽ ഓരോ വ്യക്തിയുടെയും അതുല്യമായ ദുഃഖം യഥാർത്ഥമായി കാണുകയും കരുതുകയും ചെയ്യുന്നു – “ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല” (വാ. 4). “ദാഹിക്കുന്നവന്നു ഞാൻ ജിവനീരുറവിൽ നിന്നു സൗജന്യമായി കൊടുക്കും'' (വാ. 6; കാണുക 22:2).
നമ്മുടെ രക്ഷകൻ നമ്മുടെ എല്ലാ സങ്കടങ്ങളും വഹിച്ചതിനാൽ, അവന്റെ രാജ്യത്തിൽ നമുക്ക് വിശ്രമവും രോഗശാന്തിയും കണ്ടെത്താനാകും.