Category  |  odb

ജീവിതം മാറ്റിമറിക്കുന്ന ദൈവിക ദാനം

വേദപുസ്തകങ്ങൾ വിതരണം ചെയ്തുകൊണ്ടു ഞാനും എന്റെ ഭർത്താവും ഞങ്ങളുടെ യുവജന സംഘത്തെ അഭിവാദ്യം ചെയ്തു. “നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കാനായി ദൈവം ഈ അമൂല്യമായ ദാനങ്ങൾ ഉപയോഗിക്കും,” ഞാൻ പറഞ്ഞു. അന്നു രാത്രി, ഏതാനും വിദ്യാർത്ഥികൾ യോഹന്നാന്റെ സുവിശേഷം ഒരുമിച്ചു വായിക്കാൻ തീരുമാനിച്ചു. ഞങ്ങളുടെ പ്രതിവാര യോഗങ്ങളിൽ അവരെ പഠിപ്പിക്കുമ്പോൾ വീട്ടിൽ വെച്ച് തുടർന്നും തിരുവെഴുത്തു വായിക്കാൻ ഞങ്ങൾ സംഘത്തോടു ആവശ്യപ്പെട്ടു. ഒരു ദശാബ്ദത്തിനു ശേഷം, ഞങ്ങളുടെ വിദ്യാർത്ഥികളിൽ ഒരാളെ ഞാൻ കാണാൻ ഇടയായി. “താങ്കൾ തന്ന വേദപുസ്തകം ഞാൻ ഇപ്പോഴും ഉപയോഗിക്കുന്നു,” അവൾ പറഞ്ഞു. അവളുടെ വിശ്വാസം നിറഞ്ഞ ജീവിതത്തിൽ ഞാൻ അതിന്റെ തെളിവുകൾ കണ്ടു.

വേദപുസ്തക വാക്യങ്ങൾ പാരായണം ചെയ്യുന്നതിനും ഓർമ്മിക്കുന്നതിനും അപ്പുറം ചെയ്യാൻ ദൈവം തന്റെ വ്യക്തികളെ ശക്തീകരിക്കുന്നു. തിരുവെഴുത്തു “പ്രകാരം” ജീവിച്ചുകൊണ്ടു “നടപ്പിനെ നിർമ്മലമാക്കാൻ” അവൻ നമ്മെ പ്രാപ്തരാക്കുന്നു (സങ്കീർത്തനം 119:9). പാപത്തിൽ നിന്ന് നമ്മെ മോചിപ്പിച്ച്, നമ്മിൽ രൂപാന്തരം വരുത്താൻ തന്റെ മാറ്റമില്ലാത്ത സത്യം ഉപയോഗിക്കുമ്പോൾ നാം അവനെ അന്വേഷിക്കുകയും അനുസരിക്കുകയും ചെയ്യണമെന്ന് ദൈവം ആഗ്രഹിക്കുന്നു (വാ. 10-11). ദൈവത്തെ അറിയാനും വേദപുസ്തകത്തിൽ അവൻ പറയുന്ന കാര്യങ്ങൾ ഗ്രഹിക്കാനും നമ്മെ സഹായിക്കാനായി ദിവസവും നമുക്കു ദൈവത്തോട് അപേക്ഷിക്കാം (വാ. 12-13).

ദൈവമാർഗ്ഗത്തിൽ ജീവിക്കുന്നതിന്റെ വിലമതിക്കാനാകാത്ത മൂല്യം നാം തിരിച്ചറിയുമ്പോൾ, “സർവ്വസമ്പത്തിലും . . . ആനന്ദിക്കുന്ന” ഒരുവനെപ്പോലെ അവന്റെ പ്രബോധനത്തിൽ നമുക്ക് “ആനന്ദിക്കാം” (വാ. 14-15). “ഞാൻ നിന്റെ ചട്ടങ്ങളിൽ രസിക്കും; നിന്റെ വചനത്തെ മറക്കയുമില്ല” എന്നു സങ്കീർത്തനക്കാരനെപ്പോലെ നമുക്കും പാടാം. നമ്മെ ശക്തീകരിക്കാനായി പരിശുദ്ധാത്മാവിനെ ക്ഷണിക്കുമ്പോൾ, ജീവിതം മാറ്റിമറിക്കുന്ന ദൈവീക ദാനമായ വേദപുസ്തകം പ്രാർത്ഥനാപൂർവ്വം വായിക്കുന്ന ഓരോ നിമിഷവും നമുക്ക് ആസ്വദിക്കാൻ സാധിക്കും. സോചിൽ ഡിക്സൺ

 

ഒരു ദേശീയ ക്യാമ്പൗട്ട്

അതിവിശാലമായ പശ്ചിമാഫ്രിക്കൻ ആകാശത്തിനും ഞങ്ങൾക്കുമിടയിൽ യാതൊന്നുമില്ലാതെ ഞങ്ങൾ നക്ഷത്രങ്ങൾക്കു കീഴിൽ ഒരിക്കൽ ക്യാമ്പു ചെയ്യുകയുണ്ടായി. വേനൽക്കാലത്ത് ഒരു കൂടാരത്തിന്റെ ആവശ്യമുണ്ടായിരുന്നില്ല. എന്നാൽ തീ നിർണ്ണായകമായിരുന്നു. “തീ അണയാൻ ഒരിക്കലും അനുവദിക്കരുത്,” ഒരു വടികൊണ്ടു തടികൾക്കിടയിൽ കുത്തിക്കൊണ്ട് എന്റെ പിതാവു പറഞ്ഞു. തീ വന്യജീവികളെ അകറ്റി നിർത്തും. ദൈവത്തിന്റെ സൃഷ്ടികൾ അത്ഭുതകരമാണെങ്കിലും, നിങ്ങളുടെ ക്യാമ്പ് സൈറ്റിലൂടെ ഒരു പുള്ളിപ്പുലിയോ പാമ്പോ ചുറ്റിത്തിരിയുന്നതു അത്ര നല്ലതായിരിക്കില്ല.

ഘാനയുടെ വടക്കൻ മേഖലയിലെ ഒരു മിഷനറിയായിരുന്നു എന്റെ പിതാവ്. ഏതൊരു സന്ദർഭവും ഉപദേശത്തിനുള്ള ഒരു നിമിഷമാക്കി മാറ്റാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. ക്യാമ്പിങ്ങും അതിനൊരു അപവാദമായിരുന്നില്ല.

തന്റെ ജനത്തെ ഉപദേശിക്കാനുള്ള ഒരു ഇടമായി ദൈവം ക്യാമ്പൗട്ടുകൾ ഉപയോഗിച്ചു. വർഷത്തിലൊരിക്കൽ, ഒരു ആഴ്ച മുഴുവനും, യിസ്രായേൽമക്കൾ “ഈത്തപ്പനയുടെ കുരുത്തോലയും തഴെച്ചിരിക്കുന്ന വൃക്ഷങ്ങളുടെ കൊമ്പും ആറ്റലരിയും” (ലേവ്യപുസ്തകം 23:40) കൊണ്ട് നിർമ്മിച്ച കൂടാരങ്ങളിൽ താമസിക്കണം. അതിനു രണ്ട് ഉദ്ദേശ്യമാണുണ്ടായിരുന്നത്. ദൈവം അവരോട് പറഞ്ഞു, “ഞാൻ യിസ്രായേൽമക്കളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്നപ്പോൾ അവരെ കൂടാരങ്ങളിൽ പാർപ്പിച്ചു എന്നു നിങ്ങളുടെ സന്തതികൾ അറിവാൻ നിങ്ങൾ ഏഴു ദിവസം കൂടാരങ്ങളിൽ പാർക്കേണം” (വാ. 42-43). എന്നാൽ ആ ചടങ്ങ് ആഘോഷം തന്നെയായിരുന്നു. “നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ ഏഴു ദിവസം സന്തോഷിക്കേണം” (വാ. 40).

നിങ്ങളെ സംബന്ധിച്ച് ക്യാമ്പിംഗ് ഒരു രസകരമായ ആശയമായിരിക്കില്ല, എന്നാൽ തന്റെ നന്മയെ ഓർമപ്പെടുത്താനുള്ള സന്തോഷകരമായ മാർഗമായി യിസ്രായേൽമക്കൾക്കായി ദൈവം ഒരാഴ്ചത്തെ ക്യാമ്പൗട്ട് ഏർപ്പെടുത്തി. നമ്മുടെ ആഘോഷദിനങ്ങളുടെ കാതലായ അർത്ഥം നാം എളുപ്പത്തിൽ മറന്നുപോകാറുണ്ട്. നമ്മുടെ ഉത്സവങ്ങൾ നമ്മുടെ സ്നേഹവാനായ ദൈവത്തിന്റെ സ്വഭാവത്തിന്റെ സന്തോഷകരമായ ഓർമ്മപ്പെടുത്തലുകളായിരിക്കാം. അവൻ വിനോദവും സൃഷ്ടിച്ചു. 

 

“മീൻ” ചട്ടികൾ

മീൻ കറി പാചകം ചെയ്യാൻ മാത്രം ഉപയോഗിച്ചിരുന്ന ഒരു മൺചട്ടി ഞങ്ങളുടെ വീട്ടിലുണ്ടായിരുന്നു. ഈ മണ്‍ചട്ടി മറ്റു പാത്രങ്ങളിൽ നിന്നു കാഴ്ചയ്ക്കു വ്യത്യസ്തമായിരുന്നില്ല. ഞങ്ങൾ അതിൽ മത്സ്യം പാചകം ചെയ്യാൻ തുടങ്ങുന്നതിനുമുമ്പ്, യാതൊരു തരത്തിലും അതു പ്രത്യേകയുള്ളതായിരുന്നില്ല. എന്നിരുന്നാലും, ഇപ്പോൾ, മറ്റൊരു വിഭവം തയ്യാറാക്കാൻ ആ പാത്രം ഉപയോഗിക്കാൻ ഞങ്ങൾക്കു കഴിയില്ല. കാരണം, അതിൽ പാചകം ചെയ്യുന്ന എന്തിനും ഒരല്പം “മീൻ” രുചിയുണ്ടായിരിക്കും. എന്നിരുന്നാലും, അതിൽ പാചകം ചെയ്യുമ്പോഴെല്ലാം മത്സ്യവിഭവങ്ങൾക്കു അധികമായ രുചി ലഭിക്കുന്നതിനാൽ സമുദ്രവിഭവങ്ങൾക്കുള്ള ഞങ്ങളുടെ പ്രധാന പാത്രമാണത്.

നാം വീട്ടിൽ ഉപയോഗിക്കുന്ന വ്യത്യസ്ത പാത്രങ്ങളെക്കുറിച്ചു തിമൊഥെയൊസിനുള്ള തന്റെ ലേഖനത്തിൽ പൗലൊസ് സംസാരിക്കുന്നു. “മാന്യകാര്യത്തിനായി” മാറ്റിവെച്ചിരിക്കുന്ന ചില പാത്രങ്ങളുള്ളപ്പോൾ തന്നെ “ഹീനകാര്യത്തിനായി” (വാ. 20) ഉപയോഗിക്കുന്ന പാത്രങ്ങളുമുണ്ടെന്നു അവൻ വിശദീകരിക്കുന്നു. തുടർന്ന്, ദൈവജനവുമായി ഇതിനുള്ള സാദൃശ്യം പൗലൊസ് കാണിച്ചുതരുന്നു (വാ. 14). നല്ല വേലയ്ക്ക് “ഉടമസ്ഥന്നു ഉപയോഗമായി” (വാ. 21) തീരേണ്ടതിനു ദൈവജനത്തെ മാന്യകാര്യത്തിനായി വിളിച്ചു വേർതിരിച്ചിരിക്കുന്നു എന്നു ദൈവജനത്തെ ഓർമ്മിപ്പിക്കാൻ അവൻ തിമൊഥെയൊസിനോടു പറയുന്നു (വാ. 14). അവൻ ഇപ്പോൾ അവരെ സവിശേഷമാക്കിയതിനാൽ, ശണ്ഠകൾ, ഭക്തിവിരുദ്ധമായ വൃഥാലാപങ്ങൾ, ദുർമോഹങ്ങൾ, മൗഢ്യതർക്കം എന്നിവയിൽ നിന്ന് ഒഴിഞ്ഞിരിക്കാൻ അവരെ വിളിച്ചിരിക്കുന്നു (വാ. 14-24). “നീതിയും വിശ്വാസവും സ്നേഹവും . . . സമാധാനവും ആചരിക്കാനും” “എല്ലാവരോടും ശാന്തൻ” (വാ. 22-24) ആയിരുന്നുകൊണ്ടു “ദൈവത്തിന്നു കൊള്ളാകുന്നവൻ” എന്ന നിലയിൽ അവർ വേറിട്ടുനിൽക്കണം.

പൗലൊസിന്റെ സന്ദേശം നമുക്കും കൂടിയുള്ളതാണ്. ക്രിസ്തുവിന്റെ നാമം ഏറ്റുപറയുന്നവരെ അവൻ അറിയുകയും തിരഞ്ഞെടുക്കുകയും ചെയ്യുന്നു (വാ. 19). യേശുവിൽ നാം വിശ്വസിക്കുമ്പോൾ, ദൈവത്തിന്റെ ഉപയോഗത്തിനായി വേർതിരിക്കപ്പെട്ട പ്രത്യേക പാത്രമായി നാം ഓരോരുത്തരും മാറുന്നു. ദൈവത്തിന്റെ സ്വഭാവത്തെ പ്രതിഫലിപ്പിക്കാത്ത കാര്യങ്ങൾ നമ്മളും ഉപേക്ഷിക്കണം എന്നാണ് ഇതിനർത്ഥം (വാ. 19). പകരം, “ഉടമസ്ഥന്നു ഉപയോഗമായി” നിലകൊള്ളാൻ കഴിയും വിധം ദൈവം ആഗ്രഹിക്കുന്നതെന്തും ചെയ്യാൻ നാം സ്വയം സമർപ്പിക്കണം. നമ്മുടെ കർത്താവിന് ഉപയോഗിക്കാൻ കഴിയുന്ന മൺപാത്രങ്ങളായി നമുക്കു തീരാം (1 കൊരിന്ത്യർ 4:7).

 

അതിന് നിനക്ക് എന്ത്?

“എനിക്കെന്താ സ്ട്രോബെറി ലോലിപോപ്പ് തന്നത്? അവൾക്ക് മുന്തിരി ലോലിപോപ്പാണല്ലോ കൊടുത്തത്?” എന്റെ ആറുവയസ്സുള്ള അനന്തരവൾ ചോദിച്ചു. കുട്ടികൾ പലപ്പോഴും തങ്ങൾക്കു ലഭിക്കുന്നത് മറ്റുള്ളവർക്ക് ലഭിക്കുന്നതുമായി താരതമ്യം ചെയ്യുമെന്ന് എന്റെ അനന്തരവളും അനന്തരവനും എന്നെ നേരത്തെ പഠിപ്പിച്ചിരുന്നു. ഇതിനർത്ഥം, ഒരു അമ്മായി എന്ന നിലയിൽ, ഞാൻ നീതിയോടെ പ്രവർത്തിക്കണം എന്നാണ്!

ഞാനും ചിലപ്പോൾ ദൈവം എനിക്ക് നൽകുന്ന കാര്യങ്ങളെ അവൻ മറ്റുള്ളവർക്ക് നൽകിയവയുമായി താരതമ്യം ചെയ്യുന്നു. “എനിക്ക് എന്തുകൊണ്ടാണ് ഇതും, അവൾക്ക് അതും കിട്ടിയത്?” ഞാൻ ദൈവത്തോട് ചോദിക്കുന്നു. എന്റെ ചോദ്യം ഗലീല കടൽത്തീരത്തുവച്ച് ശിമോൻ പത്രൊസ് യേശുവിനോട് ചോദിച്ചത് എന്നെ ഓർമ്മിപ്പിക്കുന്നു. പത്രൊസ് തന്നെ തള്ളിപ്പറഞ്ഞതിനു ശേഷം യേശു അവനോട് ക്ഷമിക്കുകയും അവനെ യഥാസ്ഥാനപ്പെടുത്തുകയും ചെയ്തു. ഒരു രക്തസാക്ഷിയുടെ മരണത്തിലൂടെ താൻ ദൈവത്തെ മഹത്വപ്പെടുത്തുമെന്ന് ഇപ്പോൾ അവനോട് യേശു പറയുന്നു (യോഹന്നാൻ 21:15-19). എന്നിരുന്നാലും, തന്നെ അനുഗമിക്കാനുള്ള യേശുവിന്റെ ക്ഷണത്തിന് “അങ്ങനെയാകട്ടെ” എന്ന് മറുപടി പറയുന്നതിനുപകരം, “കർത്താവേ, ഇവന്നു [യോഹന്നാന് ] എന്തു ഭവിക്കും?” എന്ന് പത്രൊസ് ചോദിച്ചു. (വാ. 21).

യേശു മറുപടി പറഞ്ഞു, “അതു നിനക്കു എന്തു? നീ എന്നെ അനുഗമിക്ക” (വാ. 22). യേശു നമ്മോടും ഇതുതന്നെ പറയുമെന്ന് ഞാൻ വിശ്വസിക്കുന്നു. നമ്മുടെ ജീവിതത്തിലെ ഒരു മേഖലയിൽ ദൈവം നമുക്ക് വഴികാണിച്ചു തരുമ്പോൾ നാം അവനിൽ ആശ്രയിക്കണമെന്ന് അവൻ ആഗ്രഹിക്കുന്നു. നാം നമ്മുടെ ജീവിതയാത്രയെ മറ്റുള്ളവരുടേതുമായി താരതമ്യപ്പെടുത്തേണ്ടതില്ല. മറിച്ച്, നാം അവനെ അനുഗമിക്ക മാത്രമാണ് വേണ്ടത്.

മുപ്പതിലധികം വർഷം ആദിമ സഭയുടെ ഒരു ധീരനായ നേതാവായി അപ്പൊസ്തലനായ പത്രൊസ് ദൈവത്തെ അനുഗമിച്ചു. ചരിത്രരേഖകൾ കാണിക്കുന്നത് അദ്ദേഹം നീറോ ചക്രവർത്തിയുടെ കാലത്ത് ഭയമില്ലാതെ രക്തസാക്ഷിയായി മരണം വരിച്ചു എന്നാണ്. നമുക്കും ചോദ്യം ചെയ്യപ്പെടാനാകാത്ത സ്ഥിരതയോടെ ദൈവത്തെ അനുകരിക്കാം — അവിടുത്തെ സ്നേഹത്തെയും മാർഗനിർദ്ദേശങ്ങളെയും അംഗീകരിച്ചു കൊണ്ട്. 

 

നിങ്ങൾ പ്രിയപ്പെട്ടവരാണ്

അവൻ യഹോവെക്കു പ്രിയൻ; തത്സന്നിധിയിൽ നിർഭയം വസിക്കും; [ ആവർത്തനം 33:12 ]

നിങ്ങൾ പ്രിയപ്പെട്ടവരാണ്

തന്റെ സങ്കടം പ്രകടിപ്പിക്കാൻ, ആലി എന്ന പെൺകുട്ടി ഒരു മരക്കഷണത്തിൽ ഇങ്ങനെ എഴുതി ഒരു പാർക്കിൽ കൊണ്ടുപോയി വച്ചു: “സത്യം പറഞ്ഞാൽ, എനിക്ക് സങ്കടമുണ്ട്. ആരും ഒരിക്കലും എന്നോടൊപ്പം നടക്കാൻ പോകാൻ ആഗ്രഹിക്കുന്നില്ല. ഞാൻ പറയുന്നത് ശ്രദ്ധിക്കുന്ന ഒരേയൊരു വ്യക്തിയെ എനിക്ക് നഷ്ടപ്പെട്ടു. ഞാൻ എല്ലാ ദിവസവും കരയുന്നു.”

ആ കുറിപ്പ് കണ്ട ഒരു പെൺകുട്ടി, റോഡിൽ എഴുതുന്ന കട്ടിയുള്ള ഒരു ചോക്ക് പാർക്കിലേക്ക് കൊണ്ടുവന്ന് ആലിയോട് അവർക്ക് പറയാനുള്ള കാര്യങ്ങൾ എഴുതാൻ അഭ്യർത്ഥിച്ചു. അടുത്തുള്ള സ്കൂളിലെ കുട്ടികൾ ആലിയെ പിന്തുണയ്ക്കുന്ന ഡസൻ കണക്കിന് വാക്കുകൾ എഴുതി: “ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു.” “ദൈവം നിന്നെ സ്നേഹിക്കുന്നു.” “നീ പ്രിയപ്പെട്ടവളാണ്.” സ്കൂൾ പ്രിൻസിപ്പൽ പറഞ്ഞു, “അവളോട് അടുക്കാനും, അവളുടെ ശൂന്യത നികത്താനുമുള്ള ഒരു എളിയ മാർഗ്ഗമായിരുന്നു ഇത്. അവൾ നമ്മെ എല്ലാവരെയും പ്രതിനിധീകരിക്കുന്നു, കാരണം ചില സമയങ്ങളിൽ നമുക്കെല്ലാവർക്കും സങ്കടവും കഷ്ടപ്പാടും ഉണ്ടാകും.”

“നിങ്ങൾ പ്രിയപ്പെട്ടവരാണ്” എന്ന വാചകം, മരിക്കുന്നതിന് തൊട്ടുമുമ്പ് ബെന്യാമിൻ എന്ന യിസ്രായേല്യ ഗോത്രത്തിന് മോശെ നൽകിയ മനോഹരമായ ഒരു അനുഗ്രഹത്തെ ഓർമ്മിപ്പിക്കുന്നു: “അവൻ യഹോവെക്കു പ്രിയൻ; തത്സന്നിധിയിൽ നിർഭയം വസിക്കും” (ആവർത്തനം 33:12). ശത്രു രാഷ്ട്രങ്ങളെ പരാജയപ്പെടുത്തുകയും, പത്തു കൽപ്പനകൾ സ്വീകരിക്കുകയും, ദൈവത്തെ അനുഗമിക്കാൻ അവരെ ആഹ്വാനം ചെയ്യുകയും ചെയ്തുകൊണ്ട് മോശെ ദൈവജനത്തെ നയിച്ചു. ദൈവത്തിന് തന്റെ ജനത്തെക്കുറിച്ച് ഉണ്ടായിരുന്ന വീക്ഷണം മോശെയ്ക്കും ഉണ്ടായിരുന്നു. നമ്മളും പ്രിയപ്പെട്ടവർ ആണ്, കാരണം, “...ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു” (യോഹന്നാൻ 3:16).

യേശുവിൽ വിശ്വസിക്കുന്ന ഓരോരുത്തരും “പ്രിയപ്പെട്ടവരാണ്” എന്ന സത്യത്തിൽ സുരക്ഷിതത്വം കണ്ടെത്താൻ ദൈവം നമ്മെ സഹായിക്കുന്നതിനാൽ, ആലിയുടെ പുതിയ സുഹൃത്തുക്കൾ ചെയ്തതുപോലെ മറ്റുള്ളവരോട് അടുക്കാനും അവരെ സ്നേഹിക്കാനും നമുക്കു കഴിയും. ആനി സീറ്റാസ്

ദൈവസ്നേഹത്തിൽ സുരക്ഷിതത്വം കണ്ടെത്താൻ നിങ്ങൾ എങ്ങനെയാണ് പഠിക്കുന്നത്? ആ സ്നേഹം മറ്റുള്ളവരുമായി എങ്ങനെ പങ്കുവെക്കും?

പ്രിയ ദൈവമേ, എന്നോടുള്ള അങ്ങയുടെ സ്നേഹത്തിൽ എനിക്ക് പൂർണ്ണനിശ്ചയമുണ്ടായിരിക്കട്ടെ, അങ്ങയുടെ സ്നേഹം 
ചുറ്റുമുള്ളവരിലേക്കും വ്യാപിപ്പിക്കുവാൻ എനിക്ക് കഴിയട്ടെ.