Category  |  odb

നിങ്ങളുടെ അയൽക്കാരനെ സ്‌നേഹിക്കുക

കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്‌നേഹിക്കേണം. ലേവ്യാപുസ്തകം 19:18 
അത് യൂത്ത് ഗ്രൂപ്പിലെ ഒരു രസകരമായ ഗെയിം മാത്രമായിരുന്നു, പക്ഷേ അത് ഞങ്ങൾക്ക് ഒരു പാഠമായിരുന്നു: അയൽക്കാരെ മാറ്റുന്നതിനുപകരം, അവരെ സ്‌നേഹിക്കാൻ പഠിക്കുക. എല്ലാവരും ഒരു വലിയ വൃത്തമായി ഇരിക്കുകയും ഒരാളെ നടുവിൽ നിർത്തുകയു ചെയ്യുന്നു. നിൽക്കുന്ന ആൾ ഇരിക്കുന്ന ഒരാളോട് ചോദിക്കുന്നു, “നീ നിന്റെ അയൽക്കാരനെ സ്‌നേഹിക്കുന്നുണ്ടോ?” ഇരിക്കുന്ന വ്യക്തിക്ക് രണ്ട് തരത്തിൽ ചോദ്യത്തിന് ഉത്തരം നൽകാൻ കഴിയും: ഉവ്വ് അല്ലെങ്കിൽ ഇല്ല. തന്റെ അയൽക്കാരനെ മറ്റൊരാളുമായി കൈമാറ്റം ചെയ്യണോ എന്ന് അവൻ തീരുമാനിക്കണം. 
യഥാർത്ഥ ജീവിതത്തിലും നമ്മുടെ “അയൽക്കാരെ” തിരഞ്ഞെടുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് നമ്മൾ ആഗ്രഹിക്കുന്നില്ലേ? വിശേഷിച്ചും നമുക്ക് ഇണങ്ങിച്ചേരാൻ കഴിയാത്ത ഒരു സഹപ്രവർത്തകനോ അല്ലെങ്കിൽ ശരിയല്ലാത്ത സമയങ്ങളിൽ പുൽത്തകിടി വെട്ടാൻ ഇഷ്ടപ്പെടുന്ന ഒരു അയൽവാസിയോ ഉള്ളപ്പോൾ. എന്നിരുന്നാലും, പലപ്പോഴും, നമ്മെ ബുദ്ധിമുട്ടിക്കുന്ന അയൽക്കാരോടൊപ്പം ജീവിക്കാൻ നാം പഠിക്കേണ്ടതുണ്ട്. 
യിസ്രായേല്യർ വാഗ്ദത്ത ദേശത്ത് താമസം ആരംഭിച്ചപ്പോൾ, തങ്ങളുടെ അയല്ക്കാരോടൊപ്പം എങ്ങനെ ജീവിക്കണം എന്നതിനെക്കുറിച്ചുള്ള സുപ്രധാന നിർദ്ദേശങ്ങൾ ദൈവം അവർക്ക് നൽകി: “കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്‌നേഹിക്കേണം” (ലേവ്യാപുസ്തകം 19:18), അതിൽ പരദൂഷണമോ കിംവദന്തികളോ പ്രചരിപ്പിക്കാതിരിക്കുക, നമ്മുടെ അയൽക്കാരെ മുതലെടുക്കാതിരിക്കുക, ആളുകൾക്ക് എതിരെ എന്തെങ്കിലും ഉണ്ടെങ്കിൽ അവരെ നേരിട്ട് അഭിമുഖീകരിക്കുക (വാ. 9-18) എന്നിവ അടങ്ങിയിരിക്കുന്നു. എല്ലാവരേയും സ്‌നേഹിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും, യേശു നമ്മിൽ പ്രവർത്തിക്കുന്നതനുസരിച്ച് മറ്റുള്ളവരോട് സ്‌നേഹപൂർവ്വം പെരുമാറാൻ നമുക്കു കഴിയും. അവന്റെ ജനമെന്ന നിലയിൽ നാം നമ്മുടെ സ്വത്വത്തിൽ ജീവിക്കാൻ ശ്രമിക്കുമ്പോൾ അതിനുള്ള ജ്ഞാനവും കഴിവും ദൈവം നൽകും. 

നമ്മുടെ സങ്കേതം

വടക്കെ അമേരിക്കയിൽ കാട്ടുപോത്തുകൾ വിഹരിച്ചിരുന്ന ഒരു സ്ഥലം. യഥാർത്ഥത്തിൽ അവ മാത്രമായിരുന്നു തുടക്കത്തിൽ അവിടെയുണ്ടായിരുന്നത്. കുടിയേറ്റക്കാർ കന്നുകാലികളും കൃഷിയുമായി അവിടെയെത്തുന്നതുവരെ സമതല ഇന്ത്യക്കാർ കാട്ടുപോത്തുകളെ വോട്ടയാടി. പിന്നീട്, രണ്ടാം ലോകമഹായുദ്ധ കാലത്തെ പേൾ ഹാർബറിനുശേഷം ഈ ഭൂമി ഒരു രാസവസ്തു നിർമ്മാണ ശാല പ്രവർത്തിക്കുന്ന സ്ഥലമായി മാറി. പിന്നീട് ശീതയുദ്ധകാലത്തെ ആയുധ നിരായുധീകരണ കേന്ദ്രമായി. എന്നാൽ ഒരു ദിവസം അവിടെ കഷണ്ടിത്തലയൻ കഴുകന്മാരുടെ കൂട്ടത്തെ കണ്ടെത്തി, താമസിയാതെ റോക്കി മൗണ്ടൻ ആഴ്‌സണൽ നാഷണൽ വൈൽഡ് ലൈഫ് റെഫ്യൂജ് ജനിച്ചു - കൊളറാഡോയിലെ ഡെൻവർ മെട്രോപോലീസിന്റെ അരികിലുള്ള പതിനയ്യായിരം ഏക്കർ വിസ്തൃതിയുള്ള പുൽപ്രദേശങ്ങൾ, തണ്ണീർത്തടങ്ങൾ, വനഭൂമി എന്നിവ ഉൾപ്പെട്ട ആവാസ വ്യവസ്ഥയായിരുന്നു അത്. ഇത് ഇപ്പോൾ രാജ്യത്തെ ഏറ്റവും വലിയ, നഗരവല്ക്കരണത്തിൽ നിന്നുള്ള അഭയകേന്ദ്രങ്ങളിൽ അല്ലെങ്കിൽ സങ്കേതങ്ങളിൽ ഒന്നാണ്. മുന്നൂറിലധികം ഇനം പക്ഷിമൃഗാദികളുടെ സുരക്ഷിതമായ, സംരക്ഷിത ഭവനമാണത്. കറുത്ത കാലുള്ള ഫെററ്റുകൾ മുതൽ മാളത്തിൽ പാർക്കുന്ന മൂങ്ങകൾ മുതൽ കഷണ്ടി കഴുകന്മാർ വരെ - നിങ്ങൾ ഊഹിച്ചത് ശരിയാണ്: കാട്ടുപോത്തികളുടെയും അഭയകേന്ദ്രം. 
“ദൈവം നമുക്കു സങ്കേതമാകുന്നു” (62:8) എന്ന് സങ്കീർത്തനക്കാരൻ പറയുന്നു. ഏതൊരു ഭൗമിക സങ്കേതത്തേക്കാളും വളരെ വലുതായി ദൈവം നമ്മുടെ യഥാർത്ഥ സങ്കേതമാണ്. സുരക്ഷിതവും സംരക്ഷിതവുമായ സാന്നിധ്യമാണ്. അതിൽ “നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നു” (പ്രവൃത്തികൾ 17:28). “എല്ലാ സമയത്തും” നമുക്ക് ആശ്രയിക്കാൻ കഴിയുന്ന നമ്മുടെ സങ്കേതമാണ് അവൻ (സങ്കീർത്തനം 62:8). നമ്മുടെ എല്ലാ പ്രാർത്ഥനകളും ധൈര്യത്തോടെ കൊണ്ടുവരാൻ കഴിയുന്ന നമ്മുടെ സങ്കേതമാണ് അവൻ. 
ദൈവം നമ്മുടെ സങ്കേതമാണ്. അവൻ ആദിയിൽ ആരായിരുന്നോ, ഇപ്പോഴും അതുതന്നെയാണ്, എന്നും അങ്ങനെതന്നെയായിരിക്കും. 

ഊർജ്ജ സ്രോതസ്സുമായി ബന്ധപ്പെട്ടിരിക്കുക

ശക്തമായ കൊടുങ്കാറ്റിനെത്തുടർന്ന് ഞങ്ങളുടെ വീട്ടിൽ വൈദ്യുതി പോയി. (ഞങ്ങളുടെ നാട്ടിൽ ഇതു പതിവാണ്). മുറിയിൽ കയറിയപ്പോൾ ഞാൻ സാധാരണ ചെയ്യുന്നതുപോലെ സ്വിച്ചിട്ടു. പക്ഷേ ഒന്നും സംഭവിച്ചില്ല. ഞാൻ അപ്പോഴും ഇരുട്ടിൽ തന്നെയായിരുന്നു. 
ആ അനുഭവം-വൈദ്യുത സ്രോതസ്സുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുന്നു എന്നറിഞ്ഞിട്ടും വെളിച്ചം പ്രതീക്ഷിച്ചത് - ഒരു ആത്മീയ സത്യത്തെ സ്പഷ്ടമായി ഓർമ്മിപ്പിച്ചു. ആത്മാവിൽ ആശ്രയിക്കുന്നതിൽ പരാജയപ്പെടുമ്പോൾ പോലും നാം പലപ്പോഴും ശക്തി പ്രതീക്ഷിക്കുന്നു. 
1 തെസ്സലൊനിക്യർ-ൽ, “സുവിശേഷം വചനമായി മാത്രമല്ല, ശക്തിയോടും പരിശുദ്ധാത്മാവോടും ബഹുനിശ്ചയത്തോടും കൂടെ” (1:5) അവരിലെത്താൻ ദൈവം ഇടയാക്കിയ വിധത്തെക്കുറിച്ച് പൗലൊസ് എഴുതി. നാം ദൈവത്തിന്റെ പാപക്ഷമ സ്വീകരിക്കുമ്പോൾ, വിശ്വാസികൾക്ക് തങ്ങളുടെ ജീവിതത്തിലുള്ള അവന്റെ ആത്മാവിന്റെ ശക്തിയിലേക്ക് ഉടനടി പ്രവേശനം ലഭിക്കും. ആ ശക്തി നമ്മിൽ സ്‌നേഹം, സന്തോഷം, സമാധാനം, ക്ഷമ തുടങ്ങിയ സ്വഭാവസവിശേഷതകൾ നട്ടുവളർത്തുന്നു (ഗലാത്യർ 5:22-23), പഠിപ്പിക്കൽ, സഹായിക്കൽ, മാർഗ്ഗദർശനം എന്നിവയുൾപ്പെടെ സഭയെ സേവിക്കുന്നതിനുള്ള വരങ്ങൾ നൽകിക്കൊണ്ട് അവൻ നമ്മെ ശക്തിപ്പെടുത്തുന്നു (1 കൊരിന്ത്യർ 12:28). 
“ആത്മാവിനെ കെടുക്കാൻ” കഴിയുമെന്ന് പൗലൊസ് തന്റെ വായനക്കാർക്ക് മുന്നറിയിപ്പ് നൽകി (1 തെസ്സലൊനീക്യർ 5:19). ദൈവത്തിന്റെ സാന്നിധ്യത്തെ അവഗണിക്കുകയോ അവൻ വരുത്തുന്ന ബോധ്യങ്ങളെ നിരസിക്കുകയോ ചെയ്തുകൊണ്ട് നമുക്ക് ആത്മാവിന്റെ ശക്തിയെ നിയന്ത്രിക്കാൻ കഴിയും (യോഹന്നാൻ 16:8). എന്നാൽ അവനുമായി ബന്ധം വേർപെടുത്തി നാം ജീവിക്കേണ്ട കാര്യമില്ല. ദൈവത്തിന്റെ ശക്തി അവന്റെ മക്കൾക്ക് എപ്പോഴും ലഭ്യമാണ്. 

വേർപിരിയൽ വാക്കുകൾ

തന്റെ ജീവിതാവസാനത്തോട് അടുത്തപ്പോൾ, ജോൺ എം. പെർക്കിൻസിന് താൻ വിട്ടിട്ടു പോകുന്ന ആളുകൾക്ക് നൽകാൻ ഒരു സന്ദേശം ഉണ്ടായിരുന്നു. വംശീയ അനുരഞ്ജനത്തിനുവേണ്ടി വാദിക്കുന്നതിൽ പേരുകേട്ട പെർക്കിൻസ് പറഞ്ഞു, ''ദൈവത്തിലേക്കുള്ള ഏക വഴി മാനസാന്തരമാണ്. നിങ്ങൾ മാനസാന്തരപ്പെട്ടില്ലെങ്കിൽ നിങ്ങളെല്ലാവരും നശിച്ചുപോകും.'' 
ഈ വാക്കുകൾ യേശുവിന്റെയും ബൈബിളിലെ മറ്റു പലരുടെയും ഭാഷയെ പ്രതിഫലിപ്പിക്കുന്നു. ക്രിസ്തു പറഞ്ഞു, “അല്ലല്ല, മാനസാന്തരപ്പെടാഞ്ഞാൽ നിങ്ങൾ എല്ലാവരും അങ്ങനെതന്നേ നശിച്ചുപോകും” (ലൂക്കൊസ് 13:3). അപ്പൊസ്തലനായ പെത്രാസ് പറഞ്ഞു, “ആകയാൽ നിങ്ങളുടെ പാപങ്ങൾ മാഞ്ഞുകിട്ടേണ്ടതിന്നു മാനസാന്തരപ്പെട്ടു തിരിഞ്ഞുകൊൾവിൻ” (പ്രവൃത്തികൾ 3:19).

 തന്റെ ജനം ദൈവത്തിങ്കലേക്കു തിരിയണമെന്ന് ആഗ്രഹിച്ച മറ്റൊരു വ്യക്തിയുടെ വാക്കുകൾ തിരുവെഴുത്തുകളിൽ വളരെ മുമ്പുതന്നെ നാം വായിക്കുന്നു. “എല്ലാ യിസ്രായേലിനോടും” ഉള്ള തന്റെ (1 ശമുവേൽ 12:1) വിടവാങ്ങൽ പ്രസംഗത്തിൽ, പ്രവാചകനും പുരോഹിതനും ന്യായാധിപനുമായിരുന്ന ശമൂവേൽ പറഞ്ഞു, “ഭയപ്പെടേണ്ട; നിങ്ങൾ ഈ ദോഷമൊക്കെയും ചെയ്തിരിക്കുന്നു; എങ്കിലും യഹോവയെ വിട്ടുമാറാതെ പൂർണ്ണഹൃദയത്തോടെ യഹോവയെ സേവിപ്പിൻ” (വാ. 20). തിന്മയിൽ നിന്ന് തിരിഞ്ഞ് പൂർണ്ണഹൃദയത്തോടെ ദൈവത്തെ അനുഗമിക്കുക എന്നതായിരുന്നു അവന്റെ മാനസാന്തരത്തിന്റെ സന്ദേശം.

നാമെല്ലാവരും പാപം ചെയ്യുകയും അവന്റെ നിലവാരം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. അതുകൊണ്ട് നാം അനുതപിക്കേണ്ടതുണ്ട്, അതിനർത്ഥം പാപത്തിൽ നിന്ന് പിന്തിരിഞ്ഞ്, നമ്മോട് ക്ഷമിക്കുകയും അവനെ അനുഗമിക്കാൻ നമ്മെ ശക്തീകരിക്കുകയും ചെയ്യുന്ന യേശുവിലേക്ക് തിരിയുക എന്നാണ്. ദൈവത്തിന് മാനസാന്തരത്തിന്റെ ശക്തി ഉപയോഗിച്ച് നമ്മെ എങ്ങനെ തന്റെ ബഹുമാനത്തിനായി ഉപയോഗിക്കാനാകുന്ന ആളുകളാക്കി മാറ്റാൻ കഴിയുമെന്ന് തിരിച്ചറിഞ്ഞ ജോൺ പെർക്കിൻസ്, ശമൂവേൽ എന്നിവരുടെ വാക്കുകൾ നമുക്ക് ശ്രദ്ധിക്കാം.