Category  |  odb

അന്തസ്സ് വർദ്ധിപ്പിക്കുന്നു

മാഗിയുടെ യുവ സുഹൃത്ത് വളരെ മോശമായ രീതിയിൽ വസ്ത്രം ധരിച്ച് പള്ളിയിൽ എത്തി. അവൾ ഒരു വേശ്യയായിരുന്നതിനാൽ അതിൽ ആർക്കും ആശ്ചര്യം തോന്നിയതുമില്ല. മാഗിയുടെ ആ സുഹൃത്ത് അവളുടെ ഇരിപ്പിടത്തിൽ അസ്വസ്ഥതയോടെ ഇരിക്കുകയും, വളരെ ഇറക്കം കുറഞ്ഞ അവളുടെ പാവാടയുടെ അറ്റം താഴോട്ട് വലിക്കുകയും, കൈകെട്ടി ബോധപൂർവ്വം ശരീരം മറയ്ക്കാൻ ശ്രമിക്കുകയും ചെയ്തു.

“ഓ, നിനക്ക് തണുക്കുന്നുണ്ടോ?” അവൾ ധരിച്ചിരിക്കുന്ന വസ്ത്രത്തിൽ നിന്ന് ശ്രദ്ധ വ്യതിചലിപ്പിച്ചുകൊണ്ട് മാഗി സുഹൃത്തിനോട് ചോദിച്ചു. “ഇതാ! എന്റെ ഷാൾ എടുത്തോളൂ,” ആൾക്കാരെ പള്ളിയിലേക്ക് ക്ഷണിക്കുകയും അവർക്ക് ആശ്വാസം നൽകുകയും ചെയ്തുകൊണ്ട് മാഗി യേശുവിനെ നിരവധി ആളുകൾക്കു പരിചയപ്പെടുത്തി. അവളുടെ നല്ല ഇടപെടലുകളിലൂടെ സുവിശേഷത്തിനു മാറ്റു കൂടി. അവൾ എല്ലാവരോടും മാന്യമായി പെരുമാറി.

വ്യഭിചാരത്തിന്റെ കഠിനമായ ആരോപണവുമായി മതനേതാക്കൾ ഒരു സ്ത്രീയെ യേശുവിന്റെ മുമ്പിലേക്ക് വലിച്ചിഴച്ചപ്പോൾ, കുറ്റാരോപിതരെ പറഞ്ഞയയ്ക്കുന്നതുവരെ ക്രിസ്തു അവളെ ശ്രദ്ധിച്ചില്ല. അവർ പോയിക്കഴിഞ്ഞപ്പോൾ അവന് അവളെ ശാസിക്കാമായിരുന്നു. പകരം, യേശു രണ്ട് ലളിതമായ ചോദ്യങ്ങൾ ചോദിച്ചു: “സ്ത്രീയേ, അവർ എവിടെ?” “നിനക്ക് ആരും ശിക്ഷവിധിച്ചില്ലയോ?” (യോഹന്നാൻ 8:10). അവസാനത്തെ ചോദ്യത്തിനുള്ള ഉത്തരം, തീർച്ചയായും “ഇല്ല” എന്നായിരുന്നു. അതിനാൽ യേശു ചുരുക്കമായി അവളോട് സുവിശേഷം പറഞ്ഞു. “ഞാനും നിനക്കു ശിക്ഷ വിധിക്കുന്നില്ല: പോക, ഇനി പാപം ചെയ്യരുത് എന്ന് യേശു പറഞ്ഞു” (വാ. 11).

മറ്റുള്ളവരോടുള്ള ആത്മാർത്ഥമായ സ്നേഹത്തിന്റെ ശക്തിയെ—വിമർശന മനോഭാവം ഇല്ലാത്ത എല്ലാവർക്കും ക്ഷമയും മാന്യതയും നൽകുന്ന തരത്തിലുള്ള സ്നേഹം— ഒരിക്കലും വിലകുറച്ച് കാണരുത്. 

നന്ദിയാൽ തിരിച്ചുപിടിച്ചവർ

ബ്രെയിൻ ട്യൂമർ ഉണ്ടെന്ന് കണ്ടെത്തിയതിന് ശേഷം, ക്യാൻസറിനെ നേരിടുന്നതിനെക്കുറിച്ചുള്ള സംഭാഷണങ്ങളിൽ “ക്യാൻസറിനോട് പോരാടണം” എന്ന കാര്യം പലരം ഊന്നിപ്പറയുത് ക്രിസ്റ്റീന കോസ്റ്റയുടെ ശ്രദ്ധയിൽപ്പെട്ടു. എന്നാൽ, ആ ‘പോരാട്ടം’ തന്നെ തളർത്തിക്കളയുന്നതാണെന്ന് അവൾ വേഗം മനസ്സിലാക്കി. “[തന്റെ] ശരീരവുമായി ഒരു വർഷത്തിലധികം പോരാട്ടത്തിൽ ചെലവഴിക്കാൻ അവൾ ആഗ്രഹിച്ചില്ല.” അതിനുപകരം, അവളെ പരിചരിക്കുന്ന വിദഗ്ധരുടെ സംഘത്തിനും, അവൾക്ക് ലഭിക്കുന്ന സൗഖ്യത്തിനും വേണ്ടി എല്ലാ ദിവസവും നന്ദിയുള്ളവളായി ഇരിക്കുന്നതാണ് നല്ലത് എന്ന് അവൾക്ക് മനസ്സിലായി. പ്രതിസന്ധി എത്ര കഠിനമാണെങ്കിലും, നന്ദിയുള്ള ഹൃദയം വിഷാദത്തെ ചെറുക്കാൻ സഹായിക്കുമെന്നും, “പ്രതിരോധശേഷി വളർത്താൻ നമ്മുടെ തലച്ചോറിനെ സജ്ജമാക്കുമെന്നും” അവൾ നേരിട്ട് അനുഭവിച്ചറിഞ്ഞു.

നന്ദി പ്രകടിപ്പിക്കുന്നത് വിശ്വാസികൾ ഒരു കടമ എന്ന നിലയിൽ മാത്രം ചെയ്യേണ്ട കാര്യമല്ലെന്നും, അത് സ്വമേധയാ ചെയ്യേണ്ട കാര്യമാണെന്നും കോസ്റ്റയുടെ കഥ എന്നെ ഓർമ്മിപ്പിച്ചു. ദൈവം നമ്മുടെ കൃതജ്ഞത അർഹിക്കുന്നു എന്നത് സത്യമാണെങ്കിലും, കൃതജ്ഞത പ്രകടിപ്പിക്കുന്നത് നമുക്കും അത്യധികം നല്ലതാണ്. “എൻ മനമേ, യഹോവയെ വാഴ്ത്തുക; അവന്റെ ഉപകാരങ്ങൾ ഒന്നും മറക്കരുത്” (സങ്കീർത്തനം 103:2) എന്ന് പറയാൻ നാം നമ്മുടെ ഹൃദയം ഉയർത്തുമ്പോൾ, ദൈവം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന എണ്ണമറ്റ വഴികൾ അതു നമ്മെ ഓർമ്മിപ്പിക്കുന്നു—ക്ഷമയുടെ ഉറപ്പ് നൽകുന്നു, രോഗശാന്തിക്കായി പ്രവർത്തിക്കുന്നു; നമ്മുടെ ശരീരത്തിനും മനസ്സിനും സൗഖ്യം നൽകുന്നു; അവന്റെ സൃഷ്ടിയുടെ “ദയയും കരുണയും,” എണ്ണമറ്റ “നന്മയും” അനുഭവിക്കാൻ നമ്മെ അനുവദിക്കുന്നു (വാ. 3-5). ഈ ജീവിതകാലത്ത് എല്ലാ കഷ്ടപ്പാടുകൾക്കും പൂർണ്ണമായ സൗഖ്യം ലഭിക്കില്ലെങ്കിലും, നമ്മുടെ ഹൃദയങ്ങൾ എല്ലായ്പ്പോഴും നന്ദിയാൽ പുതുക്കപ്പെടണം, കാരണം ദൈവസ്നേഹം നമ്മോടൊപ്പമുണ്ട് “എന്നും എന്നേക്കും” (വാ. 17). 

നിയമപരമായി സ്വതന്ത്രൻ

1976-ൽ ഇന്ത്യയിൽ ബോണ്ടഡ് ലേബർ അഥവാ അടിമ വേല നിയമപരമായി നിർത്തലാക്കപ്പെട്ടു. എന്നാൽ ഇന്ത്യയുടെ പല ഭാഗത്തും ഈ രീതി ഇപ്പോഴും നിലനിൽക്കുന്നു. വ്യക്തികൾ തങ്ങൾക്കു തിരിച്ചടയ്ക്കാൻ കഴിയാത്ത വായ്പകൾ എടുക്കുകയും അവരുടെ അധ്വാനം ഈടായി പണയം വയ്ക്കുകയും ചെയ്യുമ്പോൾ അടിമത്തത്തിന്റെ ഈ പരിവൃത്തി ആരംഭിക്കുന്നു. കടം വീട്ടണമെന്ന വ്യവസ്ഥയോടെ കടം കൊടുക്കുന്നവർ വേലയ്ക്ക് എടുക്കുന്നുവെങ്കിലും തുച്ഛമായ കൂലിയായിരിക്കും നൽകുക. തൽഫലമായി, തൊഴിലാളികൾ തങ്ങളുടെ ജീവിതകാലം മുഴുവൻ, കടം കൊടുത്തയാളുടെ സ്വത്തു പോലെ, ചിലപ്പോൾ തലമുറകളിലേക്കു നീളുന്ന കടങ്ങൾ വീട്ടാൻ ശ്രമിച്ചുകൊണ്ടു ജീവിക്കുന്നു. നിയമപ്രകാരം അവർ സ്വതന്ത്രരും പുനരധിവാസത്തിന് അർഹതയുള്ളവരുമാണെങ്കിലും, പല തൊഴിലാളികൾക്കും തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് അറിവുണ്ടായിരിക്കുകയില്ല. തൽഫലമായി, ആയിരക്കണക്കിനു മനുഷ്യർ അടിമത്തത്തിൽ ഉഴലുന്നു.

കിണറ്റുകരയിൽ വെള്ളം കോരാൻ വന്ന ശമര്യസ്ത്രീയും സാമൂഹിക പെരുമാറ്റച്ചട്ടങ്ങളുടെ അടിമയായിരുന്നു. അവളുടെ ജീവിതരീതി നിമിത്തം അവളുടെ ആളുകൾ അവളെ ഒഴിവാക്കിയതുകൊണ്ടാകാം അവൾ തനിയെ വന്നത്. അവൾ ഒരു ശമര്യക്കാരി ആയതിനാൽ, യെഹൂദാ കാഴ്ചപ്പാടിൽ ഭ്രഷ്ടയായിരുന്നു (വാ. 20) എന്നത് ഇതിനെ കൂടുതൽ സങ്കീർണ്ണമാക്കുന്നു. എന്നാൽ യേശുവുമായുള്ള അവളുടെ സംഭാഷണം താൻ സ്വീകാര്യയാണെന്ന തോന്നലുളവാക്കുകയും അവളെ ഉറപ്പിക്കുകയും ചെയ്തു. യേശു അവളെ രക്ഷിക്കാനായി വന്നവനാണെങ്കിലും അവൾക്കത് അറിയില്ലായിരുന്നു. അവളോടു കുടിക്കാൻ ചോദിച്ചതിലെ അവന്റെ അസാധാരണമായ പ്രവൃത്തിയും വീക്ഷണവും അവളെ അമ്പരപ്പിച്ചു. എന്നാൽ തങ്ങൾ കാത്തിരിക്കുന്ന മശിഹായാണ് അവനെന്ന് അവൾ മനസ്സിലാക്കിയപ്പോൾ, അവൾ സന്തോഷത്തോടെ തന്റെ ഗ്രാമത്തിൽ ചെന്നു ബാക്കിയുള്ളവരെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു.

യേശുവിൽ വിശ്വസിക്കുന്ന ഏവനും രക്ഷിക്കപ്പെട്ടിരിക്കുന്നു (യോഹന്നാൻ 3:16). യേശു നമുക്കുവേണ്ടി ക്രൂശിൽ മരിച്ചതോടെ നമ്മുടെ പാപങ്ങളുടെ കടം വീട്ടപ്പെട്ടു. അവൻ നമ്മുടെ സ്വാതന്ത്ര്യം വിലകൊടുത്തു വാങ്ങി നമ്മെ എന്നെന്നേക്കുമായി സ്വതന്ത്രരാക്കി. അന്ധവിശ്വാസമോ പാരമ്പര്യമോ സമൂഹത്തിന്റെ പ്രതീക്ഷകളോ നിമിത്തം നാം ഇനി ക്ലേശിക്കേണ്ടതില്ല. അവൻ വാഗ്ദത്തം ചെയ്യുന്നവ സ്വീകരിക്കുമ്പോൾ നാം സ്വതന്ത്രരായി തീരുന്നു.

അതു വിലയേറിയതാണ്!

വില്യം കാരി സ്നാനപ്പെടുത്തിയ ആദ്യത്തെ വിശ്വാസിയായ കൃഷ്ണപാലിന്റെ സ്നാനത്തിന്റെ സുപ്രധാന സന്ദർഭത്തെക്കുറിച്ചു വില്യം കാരി: ഷൂമേക്കർ ആൻഡ് മിഷനറി എന്ന തന്റെ പുസ്തകത്തിൽ, ജോർജ്ജ് സ്മിത്ത് എഴുതുന്നുണ്ട്. ഗംഗയിലെ ചെളി നിറഞ്ഞ ജലത്തിൽ നിന്നു കൃഷ്ണപാൽ ഉയർന്നുവന്നപ്പോൾ, ഇന്ത്യൻ ദൗത്യങ്ങൾക്ക് ഒരു നാഴികക്കല്ലാകേണ്ടിയിരുന്ന ആ സംഭവം കാരിയുടെ പരിതഃസ്ഥിതികളാൽ വികലമാക്കപ്പെട്ടു. ശ്രീമതി കാരിയും അദ്ദേഹത്തിന്റെ മിഷൻ പങ്കാളിയായ ജോൺ തോമസും മാനസികമായി അസ്വസ്ഥരായിരുന്നു. എന്നിട്ടും അവരുടെ നിലവിളികൾക്കും ബഹളങ്ങൾക്കും ഇടയിൽ, നഷ്ടപ്പെട്ട ഒരു ആത്മാവു തിരികെ വന്നതിൽ സന്തോഷിച്ചുകൊണ്ട്, ആഘോഷത്തിന്റെ ഒരു ബംഗാളി സ്തുതിഗീതം ആലപിക്കാൻ കാരിക്കു സാധിച്ചു.

റോമാ സാമ്രാജ്യത്തിൽ നിന്നു ക്രിസ്ത്യാനികൾ കടുത്ത പീഡകൾ നേരിടുന്ന സമയത്താണു പൗലൊസ് റോമിലെ സഭയ്ക്കു ലേഖനമെഴുതിയത്. പൗലൊസ് അവതരിപ്പിച്ച സുവിശേഷം പ്രാവർത്തികമാക്കാൻ എളുപ്പമായിരുന്നില്ല. അതിനു വലിയ ത്യാഗം ആവശ്യമായിരുന്നു. തന്റെ മൂന്നാമത്തെ മിഷനറി യാത്രയുടെ ഏതാണ്ട് അവസാനത്തിൽ, മനുഷ്യസാധ്യമായ എല്ലാ കഷ്ടതകളും സഹിച്ച ശേഷം, പൗലൊസ് പറഞ്ഞു, “നാമോ നമ്മെ സ്നേഹിച്ചവൻ മുഖാന്തരം ഇതിൽ ഒക്കെയും പൂർണ്ണജയം പ്രാപിക്കുന്നു” (വാ. 37). അവനെ ഏൽപ്പിച്ച മഹാദൗത്യം നിമിത്തം ഉപദ്രവം, പട്ടിണി, നഗ്നത, ആപത്ത് (വാ. 35) എന്നിവ സന്തോഷത്തോടെ സഹിച്ചു. സുവിശേഷ ദൗത്യത്തിന്റെ ഒരു മുൻഗാമിയെന്ന നിലയിൽ, റോമിലെ വിശ്വാസികളെ അവരുടെ ബുദ്ധിമുട്ടുകൾ സഹിക്കാൻ അദ്ദേഹം പ്രോത്സാഹിപ്പിക്കുന്നു. കാരണം ക്രിസ്തുവിന്റെ അവിശ്വസനീയമായ സ്നേഹം അതിനെ “വിലയേറിയതായി എണ്ണാൻ” സഹായിക്കുന്നു (വാ.38-39).

വില്യം കാരിയുടെയും അപ്പൊസ്തലനായ പൗലൊസിന്റെയും ത്യാഗങ്ങളെ “വിലയേറിയതായി എണ്ണാൻ” പ്രാപ്തമാക്കിയ അതേ സ്നേഹമാണ് നമുക്കും വാഗ്ദാനം ചെയ്യപ്പെടുന്നത്. പ്രത്യേകിച്ചു നമ്മുടെ വിശ്വാസം നിമിത്തം കഷ്ടതകൾ വരുമ്പോൾ, നാം അനുഗ്രഹിക്കപ്പെട്ടവരാണെന്നു നമുക്ക് ഓർമിക്കാം (മത്തായി 5:10). വഴങ്ങിക്കൊടുത്തുകൊണ്ടു വിട്ടുവീഴ്ച ചെയ്യാതെ, ക്രിസ്തുവിന്റെ സ്നേഹത്തെ പ്രതി നമ്മുടെ കഷ്ടതകളെ എല്ലായ്പ്പോഴും “വിലയേറിയതായി എണ്ണാൻ” സാധിക്കുമെന്നു മനസ്സിലാക്കിക്കൊണ്ടു അവയെ അഭിമുഖീകരിക്കുക. 

ക്രിസ്തുവിലുള്ള ആഴമായ സൗഹൃദം

പതിനേഴാം നൂറ്റാണ്ടിലെ രണ്ട് ഡോക്ടർമാരായ ജോൺ ഫിഞ്ച്, തോമസ് ബെയ്ൻ സ് എന്നിവർക്കായി നിർമ്മിച്ചിരിക്കുന്ന ഒരു സ്മാരകം ഇംഗ്ലണ്ടിലെ കേംബ്രിഡ്ജിലെ ക്രൈസ്റ്റ്സ് കോളേജിന്റെ ചാപ്പലിൽ ഉണ്ട്. "വേർപെടുത്താനാവാത്ത സുഹൃത്തുക്കൾ" എന്നറിയപ്പെടുന്ന ഫിഞ്ചും ബെയ്നസും മെഡിക്കൽ ഗവേഷണത്തിൽ സഹകരിക്കുകയും നയതന്ത്ര യാത്രകളിൽ ഒരുമിച്ച് യാത്ര ചെയ്യുകയും ചെയ്തു. 1680-ൽ ബെയ്ൻസ് മരിച്ചപ്പോൾ, മുപ്പത്തിയാറ് വർഷം നീണ്ടുനിന്ന അവരുടെ "ആത്മാക്കളുടെ ഉടയാത്ത വിവാഹത്തെക്കുറിച്ച്" ഫിഞ്ച് വിലപിച്ചു. വാത്സല്യത്തിന്റെയും, വിശ്വസ്തതയുടെയും, പ്രതിബദ്ധതയുടെയും സൗഹൃദമായിരുന്നു അവരുടേത്.

ദാവീദ് രാജാവും യോനാഥാനും തമ്മിൽ അടുത്ത സൗഹൃദമുണ്ടായിരുന്നു. അവർ ആഴത്തിലുള്ള പരസ്പര സ്നേഹം പങ്കിട്ടു (1 ശമൂ. 20:41) ഒപ്പം പരസ്പരം പ്രതിബദ്ധത പ്രതിജ്ഞ പോലും ചെയ്തു (വാ. 8–17, 42). ദാവീദിന് രാജാവാകാൻ യോനാഥാൻ തന്റെ സിംഹാസനത്തിനുള്ള അവകാശം പോലും ത്യജിച്ചു എന്നത് (20:30–31; കാണുക 23:15–18) അവരുടെ പൂർണ്ണമായ വിശ്വസ്തതയെ കാണിക്കുന്നു (1 ശമൂ. 19:1-2; 20:13). യോനാഥാൻ മരിച്ചപ്പോൾ, തന്നോടുള്ള യോനാഥാന്റെ സ്നേഹം "കളത്രപ്രേമത്തിലും വിസ്മയമേറിയത്" എന്ന് ദാവീദ് വിലപിച്ചു (2 ശമൂ. 1:26).

സൗഹൃദത്തെ വിവാഹവുമായി ഉപമിക്കുന്നത് ഇന്ന് നമുക്ക് അസ്വസ്ഥതയുണ്ടാക്കിയേക്കാം, പക്ഷേ ഫിഞ്ച്, ബെയ്ൻസ്, ദാവീദ് യോനാഥാൻ എന്നിവരുടെ സൗഹൃദങ്ങൾ നമ്മുടെ സൗഹൃദത്തെ കൂടുതൽ ആഴത്തിൽ എത്താൻ സഹായിച്ചേക്കാം. തന്നിൽ ചാരുവാൻ യേശു തന്റെ സുഹൃത്തുക്കളെ സ്വാഗതം ചെയ്തു (യോഹ. 13:23-25). അവൻ നമ്മോട് കാണിക്കുന്ന വാത്സല്യവും വിശ്വസ്തതയും പ്രതിബദ്ധതയുമാണ് നാം ഒരുമിച്ച് കെട്ടിപ്പടുക്കുന്ന ആഴത്തിലുള്ള സൗഹൃദയത്തിന്റെ അടിസ്ഥാനം.