
ദൈവത്തിന്റെ ശക്തമായ സാന്നിധ്യം
2020 ൽ, സ്ത്രീകൾക്ക് വോട്ടവകാശം നൽകുന്ന യു എസ് ഭരണഘടനയിലെ പത്തൊമ്പതാം ഭേദഗതി പാസാക്കിയതിന്റെ നൂറാം വാർഷികം ആഘോഷിച്ചു. പഴയ ഫോട്ടോഗ്രാഫുകളിൽ സങ്കീർത്തനം 68:11 ആലേഖനം ചെയ്ത ബാനറുകളുമായി മാർച്ച് ചെയ്യുന്നവരെ കാണാം: "കർത്താവ് ആജ്ഞ കൊടുക്കുന്നു; സുവാർത്താദൂതികൾ വലിയൊരു ഗണമാകുന്നു."
സങ്കീർത്തനം 68-ൽ, ദാവീദ് ദൈവത്തെ, ബദ്ധന്മാരെ അടിമത്തത്തിൽ നിന്ന് വിടുവിക്കുന്നവനായും (വാ.6), ക്ഷീണിതരായ തന്റെ ജനത്തെ നവീകരിക്കുകയും പുതുക്കുകയും ചെയ്യുന്നവനായും (വാ.9-10) വിശേഷിപ്പിക്കുന്നു. ഈ സങ്കീർത്തനത്തിന്റെ മുപ്പത്തിയഞ്ചു വാക്യങ്ങളിൽ, ദാവീദ് നാൽപത്തിരണ്ടു തവണ ദൈവത്തെ പരാമർശിക്കുന്നു; അനീതിയിൽ നിന്നും കഷ്ടതയിൽ നിന്നും തങ്ങളെ രക്ഷിക്കുവാൻ ദൈവം അവരോടൊപ്പം നിരന്തരം ഉണ്ടായിരുന്നതെങ്ങനെയെന്ന് താൻ വെളിപ്പെടുത്തുന്നു. വലിയൊരു ഗണം സുവാർത്താദൂതികൾ ഈ സത്യം പ്രഘോഷിക്കുന്നു (വാ.11).
വോട്ടവകാശത്തിന് വേണ്ടി അണിനിരന്ന സ്ത്രീകൾ സങ്കീർത്തനം 68 പ്രഖ്യാപിക്കുന്നതെല്ലാം മനസ്സിലാക്കിയിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും, അവരുടെ ബാനറുകൾ കാലാതീതമായ ഒരു സത്യത്തെ വിളിച്ചറിയിച്ചു. "അനാഥന്മാർക്കു പിതാവും" ''വിധവമാർക്കു ന്യായപാലകനും" (വാ.5) ആയ ദൈവം തന്റെ ജനത്തിന് മുമ്പേ പോയി, അവരെ അനുഗ്രഹത്തിന്റെയും ഉന്മേഷത്തിന്റെയും സന്തോഷത്തിന്റെയും ഇടങ്ങളിലേക്ക് നയിക്കുന്നു.
ദൈവത്തിന്റെ സാന്നിധ്യം എല്ലായ്പോഴും തന്റെ ജനത്തോടൊപ്പം – പ്രത്യേകിച്ചും ദുർബലരുടെയും കഷ്ടപ്പെടുന്നവരുടെയും കൂടെ - ഉണ്ടായിരുന്നുവെന്ന് ഓർത്തുകൊണ്ട് ഇന്ന് നമുക്ക് ധൈര്യപ്പെടാം. പണ്ടത്തെ പോലെതന്നെ, തന്റെ ആത്മാവിലൂടെ, ദൈവസാന്നിധ്യം ഇന്നും നമ്മോടു കൂടെയിരിക്കുന്നു.

ഒരിക്കലും അകലെയല്ല
രാജ് തന്റെ യൗവ്വനത്തിൽ യേശുവിനെ രക്ഷകനായി വിശ്വസിച്ചിരുന്നു, എന്നാൽ താമസിയാതെ, അദ്ദേഹം വിശ്വാസത്തിൽ നിന്ന് അകന്നുപോകുകയും ദൈവത്തിൽ നിന്ന് വേറിട്ട ഒരു ജീവിതം നയിക്കുകയും ചെയ്തു. അങ്ങനെയിരിക്കെ ഒരു ദിവസം, യേശുവുമായുള്ള ബന്ധം പുതുക്കി സഭയിലേക്ക് മടങ്ങാൻ അദ്ദേഹം തീരുമാനിച്ചു - ഇത്രയും വർഷങ്ങൾ വരാതിരുന്നതിന് തന്നെ നിന്ദിച്ച ഒരു സ്ത്രീയുടെ ശകാരം കേൾക്കുവാൻ വേണ്ടി മാത്രം. ആ ശകാരം, തന്നിൽ വർഷങ്ങളോളം അലഞ്ഞു തിരിഞ്ഞു നടന്നതിന്റെ ലജ്ജയും കുറ്റബോധവും വർധിപ്പിച്ചു. ഇനി എനിക്ക് ഒരു പ്രതീക്ഷയ്ക്കം വകയില്ലേ? അദ്ദേഹം അദ്ഭുതപ്പെട്ടു. യേശുവിനെ തള്ളിപ്പറഞ്ഞിട്ടും (ലൂക്കൊ. 22:34, 60-61) ശിമോൻ പത്രൊസിനെ കർത്താവ് എങ്ങനെയാണ് പുനഃസ്ഥാപിച്ചതെന്ന് അദ്ദേഹം അനുസ്മരിച്ചു (യോഹ. 21:15-17).
പത്രൊസ് എന്തെല്ലാം ശകാരം പ്രതീക്ഷിച്ചിരിക്കാമെങ്കിലും, അവന് ലഭിച്ചത് പാപമോചനവും പുനഃസ്ഥാപനവും മാത്രമാണ്. പത്രൊസ് തന്നെ തള്ളിപ്പറഞ്ഞതിനെ യേശു വീണ്ടും പരാമർശിച്ചതേയില്ല, പകരം തന്നോടുള്ള സ്നേഹം വീണ്ടും ഉറപ്പിക്കാനും തന്നെ അനുഗമിക്കുന്നവരെ പരിപാലിക്കാനും അവിടുന്ന് അവനോടു നിർദ്ദേശിച്ചു (യോഹ. 21:15-17). പത്രൊസ് തന്നെ കൈവിടുന്നതിനു മുമ്പുള്ള യേശുവിന്റെ വാക്കുകൾ നിവൃത്തിയാകുകയായിരുന്നു: "നീ ഒരു സമയം തിരിഞ്ഞു വന്നശേഷം നിന്റെ സഹോദരന്മാരെ ഉറപ്പിച്ചു കൊൾക" (ലൂക്കൊ. 22:32).
അതേ പാപമോചനത്തിനും പുനഃസ്ഥാപനത്തിനും വേണ്ടി രാജ് ദൈവത്തോട് അപേക്ഷിച്ചു, ഇന്നദ്ദേഹം യേശുവിനോട് ചേർന്ന് നടക്കുക മാത്രമല്ല സഭയിൽ സേവിക്കുകയും മറ്റു വിശ്വാസികളെ പിന്തുണയ്ക്കുകയും ചെയ്യുന്നു. നാം ദൈവത്തിൽ നിന്ന് എത്ര അകന്നുപോയാലും, നമ്മോട് ക്ഷമിക്കാനും നമ്മെ തിരികെ സ്വാഗതം ചെയ്യാനും മാത്രമല്ല, നമ്മെ പുനഃസ്ഥാപിക്കാനും അവിടുന്നു എപ്പോഴും തയ്യാറാണ്. അങ്ങനെ നമുക്ക് അവിടുത്തെ സ്നേഹിക്കാനും സേവിക്കാനും മഹത്വപ്പെടുത്താനും കഴിയും. നാം ഒരിക്കലും ദൈവത്തിൽ നിന്ന് വളരെ അകലെയല്ല: അവിടുത്തെ സ്നേഹനിർഭരമായ കരങ്ങൾ വിശാലമായി തുറന്നിരിക്കുന്നു.

നിങ്ങൾ തനിച്ചാണോ?
ശ്വേതയുടെ കുടുംബം അവളുടെ കൺമുമ്പിൽ തകർന്നുവീഴുകയായിരുന്നു. അവളുടെ ഭർത്താവ് പെട്ടെന്ന് വീടുവിട്ടിറങ്ങി, അവളും മക്കളും ആശയക്കുഴപ്പത്തിലാവുകയും ദേഷ്യപ്പെടുകയും ചെയ്തു. തന്നോടൊപ്പം വിവാഹ കൗൺസിലിംഗിന് പോകാൻ അവൾ അയാളോട് ആവശ്യപ്പെട്ടു, പക്ഷേ പ്രശ്നങ്ങൾ അവളുടേതാണെന്ന് അവകാശപ്പെട്ട് അയാൾ അത് ചെയ്തില്ല. ഇനിയൊരിക്കലും അയാൾ തിരിച്ചുവരില്ലെന്ന് മനസ്സിലാക്കിയപ്പോൾ അവളിൽ പരിഭ്രാന്തിയും നിരാശയും ഉടലെടുത്തു. തന്നെയും മക്കളെയും ഒറ്റയ്ക്ക് പരിപാലിക്കുവാൻ അവൾക്ക് കഴിയുമോ?
അബ്രഹാമിന്റെയും സാറായുടെയും ദാസിയായ ഹാഗാറും ആ ചിന്തകളെ അഭിമുഖീകരിച്ചു. വാഗ്ദത്തം ചെയ്തതുപോലെ ദൈവം അവർക്കൊരു പുത്രനെ നൽകുന്നതിനായി കാത്തിരിക്കാതെ (ഉൽപ. 12:15), സാറാ ഹാഗാറിനെ ഭർത്താവിന് നൽകി, ഹാഗാർ യിശ്മായേലിന് ജൻമം നൽകി (16:1-4,15). എന്നിരുന്നാലും, ദൈവം തന്റെ വാഗ്ദത്തം നിറവേറ്റുകയും സാറാ യിസ്ഹാക്കിനെ പ്രസവിക്കുകയും ചെയ്തപ്പോൾ കുടുംബപ്രശ്നങ്ങൾ പൊട്ടി പുറപ്പെട്ടു, അബ്രാഹാം ഹാഗാറിനെ അവരുടെ മകൻ യിശ്മായേലിനൊപ്പം കുറച്ച് വെള്ളവും ഭക്ഷണവും മാത്രം നൽകി അയച്ചു (21:8-21). അവളുടെ നിരാശ നിങ്ങൾക്ക് സങ്കൽപിക്കുവാൻ കഴിയുമോ? താമസിയാതെ മരുഭൂമിയിൽ അവരുടെ ഭക്ഷണസാധനങ്ങൾ തീർന്നു. എന്തുചെയ്യണമെന്നറിയാതെയും, മകൻ മരിക്കുന്നത് കാണാൻ ആഗ്രഹിക്കാതെയും ഹാഗാർ യിശ്മായേലിനെ ഒരു കുറ്റിക്കാട്ടിനടിയിൽ കിടത്തി കുറച്ചു ദൂരം നടന്നു. അവർ രണ്ടുപേരും തേങ്ങാൻ തുടങ്ങി. എന്നാൽ "ദൈവം ബാലന്റെ നിലവിളി കേട്ടു" (വാ.17). അവൻ അവരുടെ നിലവിളി കേട്ട്, അവരുടെ ആവശ്യങ്ങൾ നിറവേറ്റി, അവരോടുകൂടെയിരുന്നു.
നാം ഒറ്റയ്ക്കാണെന്ന് തോന്നുന്ന നിരാശയുടെ സമയങ്ങൾ ദൈവത്തോട് നിലവിളിക്കുവാൻ നമ്മെ പ്രേരിപ്പിക്കുന്നു. ആ നിമിഷങ്ങളിലും ജീവിതത്തിലുടനീളവും അവൻ നമ്മെ കേൾക്കുന്നു, നമുക്കായി കരുതുന്നു. അവൻ നമ്മോട് അടുത്ത് നിൽക്കുന്നു എന്നറിയുന്നത് എത്ര ആശ്വാസകരമാണ്.


ദൈവത്തെ അനുസരിക്കുക
ഞാൻ വീട്ടിൽ നിന്ന് കോളേജിലേക്കും പിന്നീട് വീട്ടിലേക്കും ഡ്രൈവ് ചെയ്തിരുന്ന കാലത്ത്, വളരെ ദൂരം വളവും തിരിവും ഇല്ലാത്ത ഞങ്ങളുടെ വീട്ടിലേക്കുള്ള വഴി വളരെ വിരസമായിരുന്നു. ആ വഴിയിൽ ഒന്നിലധികം തവണ, അനുവദിച്ചത്തിലും വേഗത്തിൽ വാഹനം ഓടിച്ചതായി ഞാൻ മനസ്സിലാക്കി. ആദ്യം, ഹൈവേ പട്രോൾ പോലീസ് എനിക്ക് മുന്നറിയിപ്പ് നൽകി. പിന്നെ ടിക്കറ്റ് കിട്ടി. പിന്നീട് അതേ സ്ഥലത്തു വച്ച് രണ്ടാമത് അവർ എന്നെ പിടിച്ചു.
അനുസരിക്കുവാൻ വിസമ്മതിക്കുന്നത് ദൗർഭാഗ്യകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാം. ഇതിന്റെ ദാരുണമായ ഒരു ദൃഷ്ടാന്തം നല്ലവനും വിശ്വസ്തനുമായ രാജാവായിരുന്ന യോശീയാവിന്റെ ജീവിതത്തിൽ നിന്നുള്ളതാണ്. ബാബേലിനെതിരായ യുദ്ധത്തിൽ അശ്ശൂരിനെ സഹായിക്കുവാൻ മിസ്രയീംരാജാവായ നെഖോ യെഹൂദപ്രദേശത്തുകൂടി നീങ്ങിയപ്പോൾ, യോശീയാവ് അവനെ നേരിടാൻ പുറപ്പെട്ടു. നെഖോ യോശീയാവിന്റെ അടുക്കൽ ദൂതൻമാരെ അയച്ചു, "ദൈവം എന്നോടു ബദ്ധപ്പെടുവാൻ കല്പിച്ചിരിക്കുന്നു: എന്റെ പക്ഷത്തിലുള്ള ദൈവം നിന്നെ നശിപ്പിക്കാതിരിക്കേണ്ടതിന് അവനോട് ഇടപെടരുത്" (2 ദിനവൃ. 35:21) എന്ന് പറയിച്ചു. ദൈവം ശരിക്കും നെഖോയെ അയച്ചു, എന്നാൽ "നെഖോ പറഞ്ഞ വചനങ്ങളെ കേൾക്കാതെ യോശീയാവ് മെഗിദ്ദോ താഴ്വരയിൽ യുദ്ധം ചെയ്‍വാൻ ചെന്നു" (വാ.22). ആ യുദ്ധത്തിൽ യോശീയാവ് മാരകമായി പരിക്കേറ്റു മരിക്കുവാനിടയായി. "എല്ലാ യെഹൂദായും യെരുശലേമും അവനെകുറിച്ച് വിലപിച്ചു" (വാ.24).
ദൈവത്തെ സ്നേഹിച്ചിരുന്ന യോശീയാവ്, ദൈവത്തെ കേൾക്കാനോ മറ്റുള്ളവരിലൂടെ അവിടുത്തെ ജ്ഞാനം കേൾക്കാനോ സമയമെടുക്കാതെ സ്വന്തം വഴിയിൽ ഉറച്ചുനിന്നത് ഒരിക്കലും നല്ല രീതിയിൽ അവസാനിക്കില്ലെന്ന് ഒടുവിൽ കണ്ടെത്തി. എല്ലായ്പോഴും നമ്മെത്തന്നെ പരിശോധിക്കാനും അവിടുത്തെ ജ്ഞാനം ഹൃദയത്തിൽ എടുക്കാനും ആവശ്യമായ താഴ്മ ദൈവം നമുക്ക് നൽകട്ടെ.
