
ദൈവം നിങ്ങളെ മറക്കുകയില്ല
കുട്ടിക്കാലത്ത് ഞാൻ തപാൽ സ്റ്റാമ്പുകൾ ശേഖരിക്കുമായിരുന്നു. എന്റെ ഹോബിയെക്കുറിച്ച് കേട്ട വല്യപ്പച്ചൻ എല്ലാ ദിവസവും ഓഫീസ് മെയിലിൽ നിന്ന് സ്റ്റാമ്പുകൾ സൂക്ഷിക്കാൻ തുടങ്ങി. ഞാൻ എന്റെ വല്യപ്പച്ചനെ സന്ദർശിക്കുമ്പോഴെല്ലാം, പലതരം മനോഹരമായ സ്റ്റാമ്പുകൾ നിറച്ച ഒരു കവർ അദ്ദേഹം എനിക്ക് തരുമായിരുന്നു. ''ഞാൻ എപ്പോഴും തിരക്കിലാണെങ്കിലും,'' ഒരിക്കൽ വല്യപ്പച്ചൻ എന്നോട് പറഞ്ഞു, ''ഞാൻ നിന്നെ മറക്കുകയില്ല.''
വാത്സല്യത്തിന്റെ പരസ്യമായ പ്രകടനങ്ങൾ നടത്തുന്നത് വല്യപ്പച്ചന് പതിവുള്ളതല്ല, പക്ഷേ അദ്ദേഹത്തിന്റെ സ്‌നേഹം എനിക്ക് ആഴത്തിൽ അനുഭവപ്പെട്ടു. ''ഞാൻ നിന്നെ മറക്കുകയില്ല'' (യെശയ്യാവ് 49:15) എന്ന് പ്രഖ്യാപിച്ചപ്പോൾ അനന്തമായ ആഴത്തിൽ ദൈവം യിസ്രായേലിനോടുള്ള തന്റെ സ്‌നേഹം പ്രകടമാക്കി. കഴിഞ്ഞ നാളുകളിൽ വിഗ്രഹാരാധനയ്ക്കും അനുസരണക്കേടിനും ബാബിലോണിൽ കഷ്ടത അനുഭവിച്ച അവന്റെ ജനം ഇപ്രകാരം വിലപിച്ചു, “യഹോവ എന്നെ ഉപേക്ഷിച്ചു, കർത്താവു എന്നെ മറന്നുകളഞ്ഞു’’ (വാ. 14). എന്നാൽ തന്റെ ജനത്തോടുള്ള ദൈവത്തിന്റെ സ്‌നേഹത്തിന് മാറ്റമുണ്ടായിരുന്നില്ല. അവൻ അവർക്ക് പാപമോചനവും പുനഃസ്ഥാപനവും വാഗ്ദത്തം ചെയ്തു (വാ. 8-13).
“ഇതാ ഞാൻ നിന്നെ എന്റെ ഉള്ളങ്കയ്യിൽ വരെച്ചിരിക്കുന്നു,’’ ദൈവം യിസ്രായേലിനോട് പറഞ്ഞു. അവൻ ഇന്നും നമ്മോട് അതുതന്നെ പറയുന്നു (വാ. 16). അവന്റെ ഉറപ്പുനൽകുന്ന വാക്കുകളെക്കുറിച്ചു ഞാൻ ചിന്തിക്കുമ്പോൾ, അത് നമുക്കും നമ്മുടെ രക്ഷയ്ക്കും വേണ്ടി സ്‌നേഹത്തോടെ നീട്ടിപ്പിടിച്ച യേശുവിന്റെ ആണിപ്പാടേറ്റ കൈകളെക്കുറിച്ച് എന്നെ വളരെ ആഴത്തിൽ ഓർമ്മിപ്പിക്കുന്നു (യോഹന്നാൻ 20:24-27). എന്റെ വല്യപ്പച്ചന്റെ സ്റ്റാമ്പുകളും അവന്റെ ആർദ്രമായ വാക്കുകളും പോലെ, ദൈവം അവന്റെ സ്‌നേഹത്തിന്റെ ശാശ്വതമായ അടയാളമായി ക്ഷമിക്കുന്ന കരം നമ്മുടെ നേരെ നീട്ടിയിരിക്കുന്നു. അവന്റെ സ്‌നേഹത്തിനായി - മാറ്റമില്ലാത്ത സ്‌നേഹത്തിനായി - നമുക്ക് അവനോട് നന്ദി പറയാം. അവൻ നമ്മെ ഒരിക്കലും മറക്കുകയില്ല.

സഭ ആയിരിക്കുക
കോവിഡ് -19 മഹാമാരി സമയത്ത്, ഡേവും കാർലയും ഒരു ഭവനസഭയ്ക്കായി മാസങ്ങളോളം അന്വേഷിച്ചു. ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതിനുവേണ്ടി വിവിധ വ്യക്തിഗത അനുഭവങ്ങളെ പരിമിതപ്പെടുത്തിയത്, അന്വേഷണത്തെ കൂടുതൽ ബുദ്ധിമുട്ടാക്കി. യേശുവിലുള്ള വിശ്വാസികളുടെ ഒരു കൂട്ടവുമായുള്ള ബന്ധത്തിനായി അവർ കൊതിച്ചു. ''ഒരു സഭ കണ്ടെത്തുന്നതിന് ബുദ്ധിമുട്ടുള്ള സമയമാണ്,'' കാർല എനിക്ക് ഇമെയിൽ ചെയ്തു. എന്റെ സഭാ കുടുംബവുമായി വീണ്ടും ഒന്നിക്കാനുള്ള എന്റെ സ്വന്തം ആഗ്രഹത്തിൽ നിന്ന് എന്റെ ഉള്ളിൽ ഒരു തിരിച്ചറിവ് ഉയർന്നു. “സഭ ആകുന്നതിന് വളരെ ബുദ്ധിമുട്ടുള്ള സമയമാണ്,'' ഞാൻ പ്രതികരിച്ചു. ആ സീസണിൽ, ഞങ്ങളുടെ സഭ, ചുറ്റുമുള്ള അയൽപക്കങ്ങളിൽ ഭക്ഷണം നൽകുകയും ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കുകയും പിന്തുണയും പ്രാർത്ഥനയും വാഗ്ദാനം ചെയ്തുകൊണ്ട് എല്ലാ അംഗങ്ങൾക്കും ഫോൺ ചെയ്യുകയും ചെയ്തുകൊണ്ട് ഒരു മാറ്റം സൃഷ്ടിച്ചു. ഞാനും എന്റെ ഭർത്താവും അതിലെല്ലാം പങ്കെടുത്തു, എന്നിട്ടും നമ്മുടെ മാറിയ ലോകത്ത് ''സഭയാകാൻ'' മറ്റെന്താണ് ചെയ്യാൻ കഴിയുക എന്ന് ചിന്തിച്ചു.
എബ്രായർ 10:25-ൽ എഴുത്തുകാരൻ വായനക്കാരെ ഉദ്‌ബോധിപ്പിക്കുന്നു, ''ചിലർ ചെയ്യുന്നതുപോലെ നമ്മുടെ സഭായോഗങ്ങളെ ഉപേക്ഷിക്കാതെ തമ്മിൽ പ്രബോധിപ്പിക്കുക.'' ഒരു പക്ഷേ പീഡനം നിമിത്തം (വാ. 32-34) അല്ലെങ്കിൽ തളർന്നുപോയതിന്റെ ഫലമായി (12:3), പോരാടുന്ന ആദ്യകാല വിശ്വാസികൾക്ക് സഭയായി തുടരാൻ ഒരു പ്രോത്സാഹനം ആവശ്യമായിരുന്നു.
ഇന്ന്, എനിക്കും ഒരു പ്രോത്സാഹനം വേണം. നിങ്ങൾക്കോ? സാഹചര്യങ്ങൾ മാറുമ്പോൾ, സഭയെ നാം അനുഭവിച്ചറിയുമ്പോൾ, നാം സഭയായി തുടരുമോ? ദൈവം നമ്മെ നയിക്കുന്നതുപോലെ നമുക്ക് പരസ്പരം ക്രിയാത്മകമായി പ്രോത്സാഹിപ്പിക്കുകയും പരസ്പരം കെട്ടിപ്പടുക്കുകയും ചെയ്യാം. നമ്മുടെ വിഭവങ്ങൾ പങ്കിടുക. പിന്തുണയുടെ ഒരു വാചകം അയയ്ക്കുക. നമുക്ക് കഴിയുന്നതു പോലെ ഒരുമിച്ചുകൂടുക. പരസ്പരം പ്രാർത്ഥിക്കുക. നമുക്ക് സഭയാകാം.
മുൻവിധിയും ദൈവസ്‌നേഹവും
''ഞാൻ പ്രതീക്ഷിച്ചതുപോലെയല്ല നീ. നിന്നെ വെറുക്കുമെന്ന് ഞാൻ കരുതി, പക്ഷേ ഞാൻ അങ്ങനെ ചെയ്യുന്നില്ല.'' യുവാവിന്റെ വാക്കുകൾ പരുഷമായി തോന്നിയെങ്കിലും യഥാർത്ഥത്തിൽ ദയ കാണിക്കാനുള്ള ശ്രമമായിരുന്നു അത്. പതിറ്റാണ്ടുകൾക്ക് മുമ്പ് എന്റെ സ്വന്തം രാജ്യവുമായി യുദ്ധം ചെയ്തിരുന്ന അദ്ദേഹത്തിന്റെ രാജ്യത്ത് ഞാൻ വിദേശ വിദ്യാർത്ഥിയായി പഠിക്കുകയായിരുന്നു. ഞങ്ങൾ ഒരുമിച്ച് ക്ലാസ്സിൽ ഒരു ഗ്രൂപ്പ് ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു, അവന്റെ അകല്ച ഞാൻ ശ്രദ്ധിച്ചു. ഞാൻ അവനെ ഏതെങ്കിലും വിധത്തിൽ വ്രണപ്പെടുത്തിയോ എന്ന് ഞാൻ ചോദിച്ചപ്പോൾ, അവൻ മറുപടി പറഞ്ഞു ''ഒട്ടും ഇല്ല . . . . പിന്നെ ഇതാണ് കാര്യം. ആ യുദ്ധത്തിൽ എന്റെ മുത്തച്ഛൻ കൊല്ലപ്പെട്ടു, അതിന്റെ പേരിൽ ഞാൻ നിങ്ങളുടെ ജനങ്ങളെയും നിങ്ങളുടെ രാജ്യത്തെയും വെറുത്തു. എന്നാൽ ഇപ്പോൾ ഞാൻ കാണുന്നു, നമുക്ക് എത്രത്തോളം പൊതുവായുണ്ട്, അത് എന്നെ അത്ഭുതപ്പെടുത്തുന്നു. എന്തുകൊണ്ടാണ് നമുക്ക് സുഹൃത്തുക്കളാകാൻ കഴിയാത്തതെന്ന് എനിക്ക് മനസ്സിലാകുന്നില്ല.''
മുൻവിധികൾക്ക് മനുഷ്യരാശിയോളം പഴക്കമുണ്ട്. രണ്ട് സഹസ്രാബ്ദങ്ങൾക്കുമുമ്പ്, നസ്രേത്തിൽ ജീവിക്കുന്ന യേശുവിനെക്കുറിച്ച് നഥനയേൽ ആദ്യമായി കേട്ടപ്പോൾ, അദ്ദേഹത്തിന്റെ പക്ഷപാതം പ്രകടമായിരുന്നു: ''നസറെത്തിൽനിന്നു വല്ല നന്മയും വരുമോ?’’ അവൻ ചോദിച്ചു (യോഹന്നാൻ 1:46). നഥനയേൽ യേശുവിനെപ്പോലെ ഗലീലി പ്രദേശത്താണ് താമസിച്ചിരുന്നത്. ദൈവത്തിന്റെ മശിഹാ മറ്റൊരിടത്തുനിന്നു വരുമെന്ന് അവൻ വിചാരിച്ചിരിക്കാം; മറ്റ് ഗലീലക്കാർ പോലും നസ്രേത്തിനെ അവജ്ഞയോടെ വീക്ഷിച്ചു, കാരണം അത് ശ്രദ്ധേയമല്ലാത്ത ഒരു ചെറിയ ഗ്രാമമാണെന്ന് തോന്നി.
ഇത് വളരെ വ്യക്തമാണ്. നഥനയേലിന്റെ പ്രതികരണം, അവനെ സ്‌നേഹിക്കുന്നതിൽ നിന്ന് യേശുവിനെ തടഞ്ഞില്ല, യേശുവിന്റെ ശിഷ്യനായിത്തീർന്നപ്പോൾ അവൻ രൂപാന്തരപ്പെട്ടു. “നീ ദൈവത്തിന്റെ പുത്രനാണ്!’’ നഥനയേൽ പിന്നീട് പ്രഖ്യാപിച്ചു (വാ. 49). ദൈവത്തിന്റെ രൂപാന്തരീകരണ സ്‌നേഹത്തിനെതിരെ നിലകൊള്ളാൻ കഴിയുന്ന ഒരു മുൻവിധിയുമില്ല.

ക്രിസ്തുവിനെപ്പോലെ കൊടുക്കുക
അമേരിക്കൻ എഴുത്തുകാരനായ ഒ. ഹെൻറി 1905-ലെ തന്റെ പ്രിയപ്പെട്ട ക്രിസ്തുമസ് കഥ ദ ഗിഫ്റ്റ് ഓഫ് ദി മാഗി എഴുതിയപ്പോൾ വ്യക്തിപരമായ പ്രശ്‌നങ്ങളിൽ നിന്ന് കരകയറാൻ അദ്ദേഹം പാടുപെടുകയായിരുന്നു. എന്നിട്ടും, അദ്ദേഹം ഒരു പ്രചോദനാത്മക കഥ രചിച്ചു, അത് മനോഹരമായ, ക്രിസ്തുതുല്യമായ ത്യാഗം എന്ന സ്വഭാവ സവിശേഷതയെ എടുത്തുകാണിക്കുന്നു. കഥയിൽ, ദരിദ്രയായ ഒരു ഭാര്യ ക്രിസ്മസ് തലേന്ന് തന്റെ ഭർത്താവിന് സ്വർണ്ണ പോക്കറ്റ് വാച്ച് ചെയിൻ വാങ്ങുന്നതിനായി തന്റെ മനോഹരമായ നീളമുള്ള മുടി വിൽക്കുന്നു. അതറിയാതെ, അവളുടെ സുന്ദരമായ മുടിക്കുവേണ്ടി ഒരു സെറ്റ് ചീപ്പുകൾ വാങ്ങാൻ അവളുടെ ഭർത്താവ് തന്റെ പോക്കറ്റ് വാച്ച് വിറ്റു.
അവർ പരസ്പരം നൽകിയ ഏറ്റവും വലിയ സമ്മാനം? ത്യാഗം. ഓരോരുത്തരുടെയും പ്രവൃത്തി ഏറ്റവും വലിയ സ്‌നേഹത്തിന്റെ പ്രകടനമായിരുന്നു.
ആ രീതിയിൽ, ക്രിസ്തുവിന്റെ ജനനത്തിനു ശേഷം വിദ്വാന്മാർ (ജ്ഞാനികൾ) ശിശുവിനു നൽകിയ സ്‌നേഹദാനങ്ങളെ ഈ കഥ പ്രതിനിധീകരിക്കുന്നു (മത്തായി 2:1,11 കാണുക). എന്നിരുന്നാലും, ആ സമ്മാനങ്ങളേക്കാളുപരിയായി, ശിശുവായ യേശു വളർന്ന്, ഒരു ദിവസം ലോകത്തിനു മുഴുവൻ തന്റെ ജീവൻ നൽകും.
നമ്മുടെ ദൈനംദിന ജീവിതത്തിൽ, ക്രിസ്തുവിൽ വിശ്വസിക്കുന്ന നമുക്ക് നമ്മുടെ സമയം, സമ്പത്ത്, സ്‌നേഹത്തിന്റെ പ്രദർശനമായ മറ്റെല്ലാം മറ്റുള്ളവർക്ക് നൽകിക്കൊണ്ട് അവന്റെ മഹത്തായ സമ്മാനം എടുത്തുകാണിക്കാൻ കഴിയും. അപ്പൊസ്തലനായ പൗലൊസ് എഴുതിയതുപോലെ, “സഹോദരന്മാരേ, ഞാൻ ദൈവത്തിന്റെ മനസ്സലിവു ഓർപ്പിച്ചു നിങ്ങളെ പ്രബോധിപ്പിക്കുന്നതു: നിങ്ങൾ ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിന്നു പ്രസാദവുമുള്ള യാഗമായി സമർപ്പിപ്പിൻ’’ (റോമർ 12:1). യേശുവിന്റെ സ്‌നേഹത്തിലൂടെ മറ്റുള്ളവർക്കുവേണ്ടി ത്യാഗം ചെയ്യുന്നതിനേക്കാൾ മികച്ച ദാനം മറ്റൊന്നില്ല.

സെയ്ന്റ് നിക്ക്
സെയ്ന്റ് നിക്കോളാസ് (സെയ്ന്റ് നിക്ക്) എന്നറിയപ്പെടുന്ന വ്യക്തി ഏകദേശം എ.ഡി. 270 -ൽ ഒരു സമ്പന്ന ഗ്രീക്ക് കുടുംബത്തിലാണ് ജനിച്ചത്. നിർഭാഗ്യമെന്നു പറയട്ടെ, അവൻ ബാലനായിരുന്നപ്പോൾ അവന്റെ മാതാപിതാക്കൾ മരിച്ചു, തുടർന്ന് അവനെ സ്‌നേഹിക്കുകയും ദൈവത്തെ അനുഗമിക്കാൻ പഠിപ്പിക്കുകയും ചെയ്ത അമ്മാവനോടൊപ്പം അവൻ ജീവിച്ചു. നിക്കോളാസ് ചെറുപ്പമായിരുന്നപ്പോൾ, സ്ത്രീധനം കൊടുക്കാൻ നിർവാഹമില്ലാത്തിനാൽ വിവാഹിതരാകാൻ കഴിയാത്ത മൂന്ന് സഹോദരിമാരെ കുറിച്ച് അവൻ കേട്ടു. അവർ അധികം താമസിയാതെ അനാഥരാകുമെന്നും അറിഞ്ഞു. ആവശ്യത്തിലിരിക്കുന്നവർക്ക് നൽകുന്നതിനെക്കുറിച്ചുള്ള യേശുവിന്റെ പഠിപ്പിക്കൽ പിന്തുടരാൻ ആഗ്രഹിച്ചുകൊണ്ട്, അവൻ തന്റെ അവകാശ സ്വത്ത് വിറ്റ് സഹോദരിമാർ ഓരോരുത്തർക്കും സ്വർണ്ണ നാണയങ്ങളുടെ ഓരോ കിഴി സമ്മാനിച്ചു. ബാക്കി പണം ദരിദ്രർക്ക് ഭക്ഷണം നൽകാനും മറ്റുള്ളവരെ പരിപാലിക്കാനും നിക്കോളാസ് നൽകി. തുടർന്നുള്ള നൂറ്റാണ്ടുകളിൽ, നിക്കോളാസ് തന്റെ ഔദാര്യത്തിന്റെ പേരിൽ ആദരിക്കപ്പെട്ടു, കൂടാതെ സാന്താക്ലോസ് എന്ന കഥാപാത്രം അദ്ദേഹത്തിന്റെ കഥയിൽ നിന്നുരുത്തിരിഞ്ഞതാണെന്നും പറയപ്പെടുന്നു.
ക്രിസ്തുമസ് സീസണിലെ തിളക്കവും പരസ്യവും നമ്മുടെ ആഘോഷങ്ങൾക്ക് ഭീഷണിയാകുമെങ്കിലും, സമ്മാനങ്ങൾ നൽകുന്ന പാരമ്പര്യം നിക്കോളാസുമായി ബന്ധിപ്പെട്ടിരിക്കുന്നു. അവന്റെ ഔദാര്യം യേശുവിനോടുള്ള ഭക്തിയുടെ അടിസ്ഥാനത്തിലായിരുന്നു. ക്രിസ്തു സങ്കൽപ്പിക്കാനാവാത്ത ഔദാര്യം നടപ്പാക്കി, ഏറ്റവും അഗാധമായ സമ്മാനം കൊണ്ടുവന്നു എന്ന് നിക്കോളാസിന് അറിയാമായിരുന്നു - അതായത് “ദൈവം നമ്മോടുകൂടെ’’ ആയ യേശു (മത്തായി 1:23). അവൻ നമുക്ക് ജീവന്റെ സമ്മാനം കൊണ്ടുവന്നു. മരണത്തിന്റെ ലോകത്തിൽ, അവൻ ''തന്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്നു രക്ഷിക്കുന്നു'' (വാ. 21)
നാം യേശുവിൽ വിശ്വസിക്കുമ്പോൾ, ത്യാഗപരമായ ഔദാര്യം വെളിപ്പെടുന്നു. നാം മറ്റുള്ളവരുടെ ആവശ്യങ്ങളിൽ ഔദാര്യം കാണിക്കുന്നു, ദൈവം നമുക്കുവേണ്ടി നൽകുന്നതുപോലെ നാം മറ്റുള്ളവർക്കും സന്തോഷത്തോടെ നൽകുന്നു. ഇത് സെയ്ന്റ് നിക്കിന്റെ കഥയാണ്; എന്നാൽ അതിലുപരിയായി ഇത് ദൈവത്തിന്റെ കഥയാണ്.