
വിശ്വാസത്തിന്റെ വിത്തുകൾ
കഴിഞ്ഞ വസന്തകാലത്ത്, ഞങ്ങളുടെ പുൽത്തകിടി എയ്‌റേറ്റ് (മണ്ണിനടിയിൽ വായുസഞ്ചാരം കൂട്ടുന്നതിനുള്ള പ്രക്രിയ) ചെയ്യുന്നതിന്റെ തലേദിവസം രാത്രിയുണ്ടായ ശക്തമായ കാറ്റിൽ ഞങ്ങളുടെ മേപ്പിൾ മരത്തിൽ നിന്നുള്ള വിത്തുകൾ നിലത്തു മുഴുവനും ചിതറിവീണു. പിറ്റേന്ന്, എയ്‌റേറ്റ് യന്ത്രം മണ്ണിളക്കിയപ്പോൾ, മേപ്പിൾ വിത്തുകളെല്ലാം മണ്ണിനടിയിലായി. രണ്ടാഴ്ചയ്ക്കു ശേഷം എന്റെ പുൽത്തകിടിയിൽ ഒരു മേപ്പിൾ വനം വളരാനാരംഭിച്ചു!
ഞാൻ (നിരാശയോടെ) പുൽത്തകിടിയിൽ മാറ്റിസ്ഥാപിക്കപ്പെട്ട സസ്യജാലങ്ങളെ നോക്കി നടക്കുമ്പോൾ, ഒരു വൃക്ഷം മുളപ്പിച്ച പുതുജീവന്റെ സമൃദ്ധി എന്നെ ഞെട്ടിച്ചു. ഓരോ മിനിയേച്ചർ മരവും, ഒരു വ്യക്തി എന്ന നിലയിൽ മറ്റുള്ളവരുമായി എനിക്ക് പങ്കിടാൻ കഴിയുന്ന ക്രിസ്തുവിലുള്ള പുതിയ ജീവിതത്തിന്റെ ചിത്രമായി മാറി. നമ്മുടെ ജീവിതത്തിനിടയിൽ '[നമുക്ക്] ഉള്ള പ്രത്യാശയുടെ കാരണം പറയാൻ'' (1 പത്രൊസ് 3:15) നമുക്ക് ഓരോരുത്തർക്കും എണ്ണമറ്റ അവസരങ്ങളുണ്ട്.
യേശുവിലുള്ള പ്രത്യാശയോടെ നാം 'നന്മ ചെയ്തിട്ടു കഷ്ടം സഹിക്കുമ്പോൾ' (വാ. 14), അത് നമുക്ക് ചുറ്റുമുള്ളവർക്ക് ദൃശ്യമാകുകയും ദൈവത്തെ ഇതുവരെ വ്യക്തിപരമായി അറിയാത്തവർക്ക് അത് ഒരു കൗതുകമായി മാറുകയും ചെയ്‌തേക്കാം. നമ്മൾ തയ്യാറാണെങ്കിൽ, അവർ ആവശ്യപ്പെടുന്നതനുസരിച്ച് പുതിയ ജീവൻ പുറപ്പെടുവിക്കുന്ന വിത്ത് നമുക്ക് പങ്കുവെക്കാം. ഏതെങ്കിലും തരത്തിലുള്ള ആത്മീയ കാറ്റിൽ എന്നപോലെ നാം അത് എല്ലാവരുമായും ഒരേസമയം പങ്കിടേണ്ടതില്ല. മറിച്ച്, വിശ്വാസത്തിന്റെ വിത്ത് അത് സ്വീകരിക്കാൻ തയ്യാറായ ഒരു ഹൃദയത്തിലേക്ക് നാം സൗമ്യമായും ആദരവോടെയും ഇടുന്നു.

നിത്യമായ ജീവിതം
''മരണത്തെ ഭയപ്പെടരുത്, വിന്നി,'' ആംഗസ് ടക്ക് പറഞ്ഞു, ''ജീവിക്കാത്ത ജീവിതത്തെ ഭയപ്പെടുക.'' പിന്നീട് സിനിമയാക്കിയ ടക്ക് എവർലാസ്റ്റിംഗ് എന്ന പുസ്തകത്തിലെ ആ ഉദ്ധരണി, മരിക്കാൻ കഴിയാത്ത ഒരു കഥാപാത്രത്തിൽ നിന്നാണ് വരുന്നതെന്ന വസ്തുത കൂടുതൽ രസകരമാക്കുന്നു. കഥയിൽ, ടക്ക് കുടുംബം അനശ്വരമായി. വിന്നിയുമായി പ്രണയത്തിലാകുന്ന ചെറുപ്പക്കാരനായ ജെയിംസ് ടക്ക് അവളോടും അമർത്യത തേടാൻ അപേക്ഷിക്കുന്നു, അങ്ങനെ അവർക്ക് എന്നേക്കും ഒരുമിച്ചായിരിക്കാൻ കഴിയും. എന്നാൽ, കേവലം എന്നേക്കും ജീവിക്കുന്നത് പൂർത്തീകരണം നൽകുന്നില്ല എന്ന് ജ്ഞാനിയായ ആംഗസ് മനസ്സിലാക്കുന്നു.
ആരോഗ്യമുള്ളവരും ചെറുപ്പക്കാരും ഊർജ്ജസ്വലരുമായി എന്നേക്കും ജീവിക്കാൻ കഴിയുമെങ്കിൽ നമ്മൾ യഥാർത്ഥത്തിൽ സന്തോഷമുള്ളവരായിരിക്കുമെന്ന് നമ്മുടെ സംസ്‌കാരം പറയുന്നു. എന്നാൽ അവിടെയല്ല നമ്മുടെ സാക്ഷാത്ക്കാരം. ക്രൂശിലേക്ക് പോകുന്നതിനുമുമ്പ്, യേശു തന്റെ ശിഷ്യന്മാർക്കും ഭാവി വിശ്വാസികൾക്കും വേണ്ടി പ്രാർത്ഥിച്ചു. അവൻ പറഞ്ഞു, 'ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു' (യോഹന്നാൻ 17:3). യേശുവിലുള്ള വിശ്വാസത്തിലൂടെ ലഭ്യമാകുന്ന ദൈവവുമായുള്ള ബന്ധത്തിൽ നിന്നാണ് നമ്മുടെ ജീവിത സാക്ഷാത്ക്കാരം ഉണ്ടാകുന്നത്. അവൻ നമ്മുടെ ഭാവിയിലേക്കുള്ള പ്രതീക്ഷയും ഈ വർത്തമാനകാലത്തെ സന്തോഷവുമാണ്.
തന്റെ ശിഷ്യന്മാർ പുതിയ ജീവിതത്തിന്റെ മാതൃകകൾ സ്വീകരിക്കണമെന്ന് യേശു പ്രാർത്ഥിച്ചു: അവർ ദൈവത്തെ അനുസരിക്കും (വാ. 6), യേശുവിനെ പിതാവായ ദൈവം അയച്ചതാണെന്ന് വിശ്വസിക്കും (വാ. 8), ഒന്നായി ഐക്യപ്പെടും (വാ. 11). ക്രിസ്തുവിൽ വിശ്വസിക്കുന്നവരെന്ന നിലയിൽ, അവനോടൊപ്പമുള്ള ഒരു ഭാവി നിത്യജീവിതത്തിനായി നാം കാത്തിരിക്കുന്നു. എന്നാൽ നാം ഭൂമിയിൽ ജീവിക്കുന്ന ഈ ദിവസങ്ങളിൽ, അവൻ വാഗ്ദാനം ചെയ്ത ''സമ്പന്നവും സംതൃപ്തിദായകവുമായ ജീവിതം'' (10:10 NLT) നമുക്ക് ജീവിക്കാൻ കഴിയും - ഇവിടെ, ഇപ്പോൾത്തന്നെ.

വാലുകളും നാവുകളും ആട്ടുന്നു
ഗവർണറുടെ ഭാര്യയുടെ പൂച്ചയുടെ ജീവൻ പെപ്പ് അപഹരിച്ചതായി പത്രം പ്രഖ്യാപിച്ചു - പക്ഷേ അവൻ അത് ചെയ്തിരുന്നില്ല. ഗവർണറുടെ കൊട്ടാരത്തിലെ സോഫ കടിച്ചുകീറിയതു മാത്രമായിരിക്കാം അവൻ ചെയ്തത്.
1920-കളിൽ പെൻസിൽവാനിയയുടെ ഗവർണറായിരുന്ന ഗിഫോർഡ് പിഞ്ചോട്ടിന്റെ ഉടമസ്ഥതയിലുള്ള കൊച്ചു ലാബ്രഡോർ റിട്രീവർ ആയിരുന്നു പെപ്പ്. നായയെ ഈസ്റ്റേൺ സ്റ്റേറ്റ് ദുർഗുണ പരിഹാര ജയിലിലേക്ക് അയച്ചിരുന്നു, അവിടെ തടവുകാരന്റെ തിരിച്ചറിയൽ നമ്പർ ധരിപ്പിച്ച് അവന്റെ ഫോട്ടോ എടുത്തു. ഒരു പത്ര ലേഖകൻ അത് കേട്ടപ്പോൾ പൂച്ചയെ കൊന്ന കഥ ഉണ്ടാക്കി. അയാളുടെ റിപ്പോർട്ട് പത്രത്തിൽ വന്നതിനാൽ, പെപ്പ് ശരിക്കും ഒരു പൂച്ചക്കൊലയാളിയാണെന്ന് പലരും വിശ്വസിച്ചു.
യിസ്രായേലിലെ ശലോമോൻ രാജാവിന് തെറ്റായ വിവരങ്ങളുടെ ശക്തി നന്നായി അറിയാമായിരുന്നു. അദ്ദേഹം എഴുതി, ''ഏഷണിക്കാരന്റെ വാക്കു സ്വാദുഭോജനംപോലെയിരിക്കുന്നു; അതു വയറ്റിന്റെ അറകളിലേക്കു ചെല്ലുന്നു'' (സദൃശവാക്യങ്ങൾ 18:8). ചിലപ്പോൾ നമ്മുടെ വീണുപോയ മനുഷ്യ സ്വഭാവം മറ്റുള്ളവരെക്കുറിച്ചുള്ള സത്യമല്ലാത്ത കാര്യങ്ങൾ വിശ്വസിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു.
എന്നിട്ടും, മറ്റുള്ളവർ നമ്മെക്കുറിച്ചുള്ള അസത്യങ്ങൾ വിശ്വസിക്കുമ്പോഴും, ദൈവത്തിന് നമ്മെ നന്മയ്ക്കായി ഉപയോഗിക്കാൻ കഴിയും. വാസ്തവത്തിൽ, ഗവർണർ പെപ്പിനെ ജയിലിലേക്ക് അയച്ചത് അവിടെയുള്ള അന്തേവാസികൾക്ക് ഒരു സുഹൃത്തായിരിക്കാൻ വേണ്ടിയായിരുന്നു. കൂടാതെ അവൻ ഒരു പയനിയർ തെറാപ്പി നായയായി വർഷങ്ങളോളം സേവനം ചെയ്തു.
മറ്റുള്ളവർ എന്ത് പറഞ്ഞാലും വിചാരിച്ചാലും നമ്മുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശ്യങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു. മറ്റുള്ളവർ നമ്മളെക്കുറിച്ച് ഏഷണി പറയുമ്പോൾ, അവന്റെ അഭിപ്രായവും നമ്മോടുള്ള സ്‌നേഹവുമാണ് ഏറ്റവും പ്രധാനമെന്ന് ഓർക്കുക.

എപ്പോഴും വിശ്വസിക്കാൻ കൊള്ളാകുന്നവൻ
ഞാൻ എപ്പോലും ആകുലപ്പെടുന്നവനാണ്. ഏറ്റവും മോശം പ്രഭാതമാണ്. കാരണം അപ്പോഴാണ് ഞാൻ തനിച്ചിരുന്നു ചിന്തിക്കുന്നത്. അതിനാൽ ഹഡ്‌സൺ ടെയ്‌ലറുടെ (ചൈനയിലെ ബ്രിട്ടീഷ് മിഷനറി) ഈ ഉദ്ധരണി ഞാൻ എന്റെ കുളിമുറിയിലെ കണ്ണാടിയിൽ ഒട്ടിച്ചുവെച്ചു. ഞാൻ ദുർബലനാണെന്ന് തോന്നുമ്പോൾ എനിക്ക് അത് കാണാൻ കഴിയും: ''ജീവനുള്ള ഒരു ദൈവമുണ്ട്. അവൻ ബൈബിളിൽ സംസാരിച്ചിട്ടുണ്ട്. അവൻ പറയുന്നത് അവൻ അർത്ഥമാക്കുന്നു, അവൻ വാഗ്ദാനം ചെയ്തതെല്ലാം നിവർത്തിക്കും.''
ടെയ്‌ലറുടെ വാക്കുകൾ വർഷങ്ങളോളം ദൈവത്തോടൊപ്പമുള്ള നടത്തത്തിൽ നിന്നാണ് വന്നത്, അവൻ ആരാണെന്നും നമ്മുടെ രോഗം, ദാരിദ്ര്യം, ഏകാന്തത, ദുഃഖം എന്നിവയുടെ നടുവിലും അവന് എന്തെല്ലാം ചെയ്യാൻ കഴിയുമെന്നും നമ്മെ ഓർമ്മിപ്പിക്കുന്നു. ദൈവം വിശ്വസ്തനാണെന്ന് അദ്ദേഹം കോവലം അറിയുക മാത്രല്ലായിരുന്നു, അവന്റെ വിശ്വാസ്യത അനുഭവിക്കുകയും ചെയ്തു. അദ്ദേഹം ദൈവത്തിന്റെ വാഗ്ദാനങ്ങളിൽ വിശ്വസിക്കുകയും അവനെ അനുസരിക്കുകയും ചെയ്തതിനാൽ, ആയിരക്കണക്കിന് ചൈനക്കാർ തങ്ങളുടെ ജീവൻ യേശുവിന് സമർപ്പിച്ചു.
ദൈവത്തെയും അവന്റെ വഴികളെയും അനുഭവിച്ചറിഞ്ഞത് അവൻ വിശ്വസ്തനാണെന്ന് അറിയാൻ ദാവീദിനെ സഹായിച്ചു. ദൈവം നല്ലവനും മനസ്സലിവുള്ളവനും തന്റെ എല്ലാ വാഗ്ദാനങ്ങളോടും വിശ്വസ്തനുമാണെന്ന് അനുഭവിച്ചറിഞ്ഞ ദൈവത്തെ സ്തുതിച്ചുകൊണ്ട് അവൻ സങ്കീർത്തനം 145 എഴുതി. നാം ദൈവത്തെ വിശ്വസിക്കുകയും അനുഗമിക്കുകയും ചെയ്യുമ്പോൾ, തന്നെക്കുറിച്ച് അവൻ പറയുന്നതു സത്യമാണെന്നും അവൻ തന്റെ വചനത്തോട് വിശ്വസ്തനാണെന്നും (വാ. 13). നാം തിരിച്ചറിയുന്നു (അല്ലെങ്കിൽ നന്നായി മനസ്സിലാക്കുന്നു). കൂടാതെ, ദാവീദിനെപ്പോലെ, നാം അവനെ സ്തുതിച്ചുകൊണ്ടും അവനെക്കുറിച്ച് മറ്റുള്ളവരോട് പറഞ്ഞുകൊണ്ടും പ്രതികരിക്കുന്നു (വാ. 10-12).
നാം ആശങ്കാജനകമായ സമയങ്ങളെ അഭിമുഖീകരിക്കുമ്പോൾ, ദൈവത്തോടൊപ്പമുള്ള നമ്മുടെ നടത്തത്തിൽ വീഴ്ച വരുത്താതിരിക്കാൻ ദൈവം നമ്മെ സഹായിക്കും, കാരണം അവൻ വിശ്വസ്തനാണ് (എബ്രായർ 10:23).

ഉറക്കെ ചിരിക്കുക
അമേരിക്കൻ ഹാസ്യനടനും എഴുത്തുകാരനുമായ ജോൺ ബ്രാന്യൻ പറഞ്ഞു, ''നാമല്ല ചിരി ആലോചിച്ചുണ്ടാക്കിയത്; അത് നമ്മുടെ ആശയമായിരുന്നില്ല. ജീവിതത്തിലൂടെ കടന്നുപോകാൻ ഞങ്ങൾക്ക് അത് ആവശ്യമാണെന്ന് അറിയാമായിരുന്ന [ദൈവം] അത് നമുക്ക് നൽകി. [കാരണം] നമുക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുമെന്ന് അവനറിയാമായിരുന്നു, പോരാട്ടങ്ങൾ ഉണ്ടാകുമെന്ന് അവനറിയാമായിരുന്നു, അവനറിയാമായിരുന്നു. . . പ്രശ്‌നങ്ങൾ സംഭവിക്കുമെന്ന്. . . . ചിരി ഒരു വരദാനമാണ്.''
ദൈവം സൃഷ്ടിച്ച സൃഷ്ടികളെ ഒന്ന് വീക്ഷിക്കുന്നതുപോലും ചിരിയുണ്ടാക്കും. അവരുടെ വിചിത്ര രീതികൾ നമ്മെ ചിരിപ്പിക്കും (താറാവിന്റെ ചുണ്ടുള്ള പ്ലാറ്റിപസ് അല്ലെങ്കിൽ തമാശക്കാരനായ ഓട്ടറുകൾ പോലുള്ളവ). സമുദ്രത്തിൽ വസിക്കുന്ന സസ്തനികളെയും പറക്കാൻ കഴിയാത്ത നീണ്ട കാലുകളുള്ള പക്ഷികളെയും ദൈവം സൃഷ്ടിച്ചു. ദൈവത്തിന് നർമ്മബോധമുണ്ട്; നാം അവന്റെ ഛായയിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതിനാൽ നമുക്കും ചിരിയുടെ ആനന്ദമുണ്ട്.
ചിരി എന്ന വാക്ക് നമ്മൾ ആദ്യം കാണുന്നത് അബ്രഹാമിന്റെയും സാറയുടെയും കഥയിലാണ്. ഈ വൃദ്ധ ദമ്പതികൾക്ക് ദൈവം ഒരു കുഞ്ഞിനെ വാഗ്ദത്തം ചെയ്തു: "നിന്റെ ഉദരത്തിൽനിന്നുപുറപ്പെടുന്നവൻ തന്നേ നിന്റെ അവകാശിയാകും" (ഉല്പത്തി 15:4). ദൈവം അരുളിച്ചെയ്തു: ''നീ ആകാശത്തേക്കു നോക്കുക; നക്ഷത്രങ്ങളെ എണ്ണുവാൻ കഴിയുമെങ്കിൽ എണ്ണുക എന്നു കല്പിച്ചു. നിന്റെ സന്തതിഇങ്ങനെ ആകും'' (വാ. 5). ഒടുവിൽ തൊണ്ണൂറാമത്തെ വയസ്സിൽ സാറ പ്രസവിച്ചപ്പോൾ, അബ്രഹാം അവരുടെ മകന് യിസഹാക്ക് എന്ന് പേരിട്ടു, അതിനർത്ഥം 'ചിരി' എന്നാണ്. സാറ ഉദ്‌ഘോഷിച്ചതുപോലെ, "ദൈവം എനിക്കു ചിരിയുണ്ടാക്കി; കേൾക്കുന്നവരെല്ലാം എന്നെച്ചൊല്ലി ചിരിക്കും" (21:6). തന്റെ വാർദ്ധക്യത്തിൽ ഒരു കുഞ്ഞിനെ മുലയൂട്ടാൻ കഴിയുന്നത് അവളെ അത്ഭുതപ്പെടുത്തി! താൻ പ്രസവിക്കുമെന്ന് കേട്ടപ്പോൾ അവൾക്കുണ്ടായ സംശയത്തിന്റെ ചിരിയെ (18:12) ദൈവം കേവല സന്തോഷത്തിന്റെ ചിരിയാക്കി മാറ്റി.
ചിരി സമ്മാനിച്ചതിന് ദൈവത്തിന് നന്ദി!