
യേശുവിനെക്കുറിച്ച് സംസാരിക്കുന്നത് തുടരുക!
ഒരു അഭിമുഖത്തിൽ, ക്രിസ്തുവിൽ വിശ്വസിക്കുന്ന ഒരു സംഗീതജ്ഞൻ "യേശുവിനെക്കുറിച്ചു സംസാരിക്കുന്നത് നിർത്താൻ" ആവശ്യപ്പെട്ട ഒരു സമയം ഓർമ്മിക്കുന്നു. എന്തുകൊണ്ട്? തന്റെ പ്രവർത്തി യേശുവിനെക്കുറിച്ചാണെന്ന് പറയുന്നത് നിർത്തിയാൽ, അദ്ദേഹത്തിന്റെ ബാൻഡ് കൂടുതൽ പ്രശസ്തമാകുമെന്നും പാവപ്പെട്ടവർക്ക് ഭക്ഷണം നൽകുന്നതിന് കൂടുതൽ പണം സ്വരൂപിക്കാമെന്നും അഭിപ്രായമുയർന്നു. ആലോചിച്ച ശേഷം അദ്ദേഹം തീരുമാനിച്ചു, “എന്റെ സംഗീതത്തിന്റെ മുഴുവൻ ലക്ഷ്യവും ക്രിസ്തുവിലുള്ള എന്റെ വിശ്വാസം പങ്കിടുക എന്നതാണ്. . . . ഒരു തരത്തിലും [ഞാൻ] മിണ്ടാതിരിക്കാൻ പോകുന്നില്ല." യേശുവിന്റെ സന്ദേശം പങ്കുവെക്കുക എന്നതാണ് തന്റെ ജ്വലിക്കുന്ന വിളി എന്ന് അദ്ദേഹം പറഞ്ഞു.
വളരെ അപകടകരമായ ഒരു സാഹചര്യത്തിൽ ആയിരിക്കുമ്പോൾ, അപ്പോസ്തലന്മാർക്ക് സമാനമായ ഒരു സന്ദേശം ലഭിച്ചു. അവർ തടവിലാക്കപ്പെട്ടു, പക്ഷേ അത്ഭുതകരമായി ഒരു ദൂതൻ അവരെ വിടുവിക്കുകയും ക്രിസ്തുവിലുള്ള അവരുടെ പുതിയ ജീവിതത്തെക്കുറിച്ച് മറ്റുള്ളവരോട് പറയുന്നത് തുടരാൻ അവരോട് പറയുകയും ചെയ്തു (പ്രവൃത്തികൾ 5:19-20). അപ്പോസ്തലന്മാർ രക്ഷപ്പെട്ടതിനെ കുറിച്ചും അവർ ഇപ്പോഴും സുവിശേഷം പ്രഘോഷിക്കുന്നതിനെ കുറിച്ചും മതനേതാക്കൾ അറിഞ്ഞപ്പോൾ അവർ അവരെ വിളിച്ചു ശാസിച്ചു: “ഈ [യേശുവിന്റെ] നാമത്തിൽ ഉപദേശിക്കരുത് എന്ന് ഞങ്ങൾ നിങ്ങളോട് അമർച്ചയായി കല്പിച്ചുവല്ലോ” (വാക്യം 28).
അവരുടെ മറുപടി: “മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു!” (വാ. 29) എന്നായിരുന്നു. തത്ഫലമായി, നേതാക്കൾ അപ്പോസ്തലന്മാരെ അടിക്കുകയും "ഇനി യേശുവിന്റെ നാമത്തിൽ സംസാരിക്കരുത് എന്നു കൽപിക്കുകയും ചെയ്തു" (വാക്യം 40). യേശുവിന്റെ നാമത്തിനുവേണ്ടി അപമാനം സഹിപ്പാൻ യോഗ്യരായി എണ്ണപ്പെടുകയാൽ അവർ സന്തോഷിച്ചു, കൂടാതെ “ദിനംപ്രതി . . . സുവിശേഷം പഠിപ്പിക്കുന്നതും പ്രഘോഷിക്കുന്നതും ഒരിക്കലും നിർത്തിയില്ല” (വാക്യം 42). അവരുടെ മാതൃക പിന്തുടരാൻ ദൈവം നമ്മെ സഹായിക്കട്ടെ!

കഷ്ടസമയങ്ങളിലെ പ്രാർത്ഥന
തന്റെ ആൺകുട്ടികളെ ദത്തെടുത്ത റഷ്യൻ അനാഥാലയത്തിലെ ഭയാനകമായ നിശബ്ദതയെക്കുറിച്ച് ഗ്രന്ഥകാരനും ദൈവശാസ്ത്രജ്ഞനുമായ റസ്സൽ മൂർ വിവരിച്ചു. തങ്ങളുടെ കരച്ചിൽ കേട്ട് ആരും പ്രതികരിക്കില്ല എന്നറിഞ്ഞതുകൊണ്ടാണ് കുഞ്ഞുങ്ങൾ കരച്ചിൽ നിർത്തിയതെന്ന് ആരോ തന്നോട് വിശദീകരിച്ചു.
പ്രയാസകരമായ സമയങ്ങൾ നേരിടുമ്പോൾ, ആരും കേൾക്കുന്നില്ലെന്ന് നമുക്കും അനുഭവപ്പെടും. ഏറ്റവും പ്രയാസകരം, ദൈവം തന്നെ നമ്മുടെ നിലവിളി കേൾക്കുകയോ കണ്ണുനീർ കാണുകയോ ചെയ്യുന്നില്ലെന്ന് നമുക്ക് തോന്നാം. എന്നാൽ അവൻ കേൾക്കുന്നു! അതുകൊണ്ടാണ് പ്രത്യേകിച്ച് സങ്കീർത്തനങ്ങളുടെ പുസ്തകത്തിൽ കാണപ്പെടുന്ന അപേക്ഷയുടെയും പ്രതിഷേധത്തിന്റെയും ഭാഷ നമുക്ക് ആവശ്യമായി വരുന്നത്. സങ്കീർത്തനക്കാർ ദൈവത്തിന്റെ സഹായത്തിനായി അപേക്ഷിക്കുകയും അവരുടെ അവസ്ഥയിൽ അവനോട് പ്രതിഷേധിക്കുകയും ചെയ്യുന്നു. സങ്കീർത്തനം 61-ൽ, ദാവീദ് തന്റെ അപേക്ഷകളും പ്രതിഷേധങ്ങളും തന്റെ സ്രഷ്ടാവിന്റെ മുമ്പാകെ കൊണ്ടുവരുന്നു, "എന്റെ ഹൃദയം ക്ഷീണിക്കുമ്പോൾ, ഞാൻ ഭൂമിയുടെ അറ്റത്തുനിന്നു നിന്നെ വിളിച്ചപേക്ഷിക്കും; എനിക്ക് അത്യുന്നതമായ പാറയിങ്കലേക്ക് എന്നെ നടത്തേണമേ.” (വാക്യം 2). ദാവീദ് ദൈവത്തോട് നിലവിളിക്കുന്നു, കാരണം അവൻ മാത്രമാണ് തന്റെ "സങ്കേതവും" "ഉറപ്പുള്ള ഗോപുരവും" (വാ. 3).
സങ്കീർത്തനങ്ങളിലെ അപേക്ഷകളും പ്രതിഷേധങ്ങളും പ്രാർത്ഥിക്കുന്നത് ദൈവത്തിന്റെ പരമാധികാരത്തെ സ്ഥിരീകരിക്കുന്നതിനും, അവന്റെ നന്മയ്ക്കായും വിശ്വസ്തതയ്ക്കായും ദൈവത്തോടു അപേക്ഷിക്കാനുമുള്ള ഒരു മാർഗമാണ്. ദൈവവത്തോട് നമുക്ക് അനുഭവിക്കാൻ കഴിയുന്ന ആത്മബന്ധത്തിന്റെ തെളിവാണ് അവ. പ്രയാസകരമായ നിമിഷങ്ങളിൽ, അവൻ ശ്രദ്ധിക്കുന്നില്ല എന്ന നുണ വിശ്വസിക്കാൻ നമുക്കെല്ലാവർക്കും പ്രലോഭനമുണ്ടാകാം. എന്നാൽ അവൻ ശ്രദ്ധിക്കുന്നു. അവൻ നമ്മുടെ വാക്കുകൾ കേൾക്കുന്നു, അവൻ നമ്മോടൊപ്പമുണ്ട്.

ജീവജലം
ആൻഡ്രിയയുടെ ഗാർഹിക ജീവിതം അസ്ഥിരമായിരുന്നു, അവൾ പതിനാലാം വയസ്സിൽ വീട് വിട്ടു, ജോലി കണ്ടെത്തി സുഹൃത്തുക്കളോടൊപ്പം താമസിച്ചു. സ്നേഹത്തിനും അംഗീകാരത്തിനും വേണ്ടി കൊതിച്ച അവൾ പിന്നീട് തന്നെ മയക്കുമരുന്ന് പരിചയപ്പെടുത്തിയ ഒരാളുമായി താമസിച്ചു. അവൾ സ്ഥിരമായി കുടിക്കുന്ന മദ്യത്തിൽ മയക്കുമരുന്ന് ചേർത്തു. എന്നാൽ ബന്ധങ്ങളും വസ്തുക്കളും അവളുടെ ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്തിയില്ല. അവൾ തിരച്ചിൽ തുടർന്നു, വർഷങ്ങൾക്കുശേഷം അവൾ യേശുവിന്റെ ചില വിശ്വാസികളെ കണ്ടുമുട്ടി, അവർ അവളോടൊപ്പം പ്രാർത്ഥിക്കാമെന്ന് വാഗ്ദാനം ചെയ്തു. ഏതാനും മാസങ്ങൾക്കുശേഷം, സ്‌നേഹത്തിനുവേണ്ടിയുള്ള തന്റെ ദാഹം ശമിപ്പിക്കുന്നവനെ അവൾ കണ്ടെത്തി—യേശുവിനെ.
യേശു വെള്ളത്തിനായി കിണറ്റിനരികെ സമീപിച്ച ശമര്യക്കാരിയായ സ്ത്രീക്കും ദാഹം ശമിച്ചതായി കണ്ടു. പകലിന്റെ ചൂടിൽ അവൾ അവിടെ ഉണ്ടായിരുന്നു (യോഹന്നാൻ 4:5-7), ഒരുപക്ഷേ, അത് അവളുടെ ഒന്നിലധികം ഭർത്താക്കന്മാരുടെ ചരിത്രവും അവളുടെ നിലവിലെ വ്യഭിചാര ബന്ധവും അറിയാമായിരുന്ന മറ്റ് സ്ത്രീകളുടെ തുറിച്ചുനോട്ടങ്ങളും കുശുകുശുപ്പുകളും ഒഴിവാക്കാൻ വേണ്ടിയായിരുന്നിരിക്കാം (വാ. 17-18). യേശു അവളുടെ അടുത്ത് ചെന്ന് അവളോട് കുടിക്കാൻ ആവശ്യപ്പെട്ടപ്പോൾ, അന്നത്തെ സാമൂഹിക വ്യവസ്ഥകളെ അദ്ദേഹം ലംഘിച്ചു. കാരണം, ഒരു യഹൂദഗുരു എന്ന നിലയിൽ, ഒരാൾ സാധാരണയായി ഒരു ശമര്യസ്ത്രീയുമായി ആശയവിനിമയം നടത്തില്ല. എന്നാൽ അവളെ നിത്യജീവനിലേക്ക് നയിക്കുന്ന ജീവജലം എന്ന സമ്മാനം അവൾക്ക് നൽകുവാൻ അവൻ ആഗ്രഹിച്ചു (വാക്യം 10). അവളുടെ ദാഹം ശമിപ്പിക്കാൻ അവൻ ആഗ്രഹിച്ചു.
യേശുവിനെ നമ്മുടെ രക്ഷകനായി സ്വീകരിക്കുമ്പോൾ നാമും ഈ ജീവജലം കുടിക്കുന്നു. അവനെ അനുഗമിക്കാൻ മറ്റുള്ളവരെ ക്ഷണിച്ചുകൊണ്ട് നമുക്കും ഈ ജീവജലം പങ്കിടാം.

എളിമയുള്ള ദിവസമായിരിക്കുക
ചില രാജ്യങ്ങളിലെ ആളുകൾ ആഘോഷിക്കുന്ന അനൗദ്യോഗിക ദിവസങ്ങൾ എന്നെ പലപ്പോഴും രസിപ്പിക്കാറുണ്ട്. ഫെബ്രുവരിയിൽ മാത്രം ഒരു സ്റ്റിക്കി ബൺ ദിനമുണ്ട്, ഒരു വാൾ വിഴുങ്ങുന്ന ദിനം, ഒരു ഡോഗ് ബിസ്‌ക്കറ്റ് അഭിനന്ദന ദിനം പോലും! ഇന്ന് എളിമയുടെ ദിനം (Be Humble Day) ആയി ആഘോഷിക്കുന്നു. ഒരു പുണ്യമായി സാർവത്രികമായി അംഗീകരിക്കപ്പെട്ട എളിമ തീർച്ചയായും ആഘോഷിക്കേണ്ടതാണ്. എന്നാൽ രസകരമെന്നു പറയട്ടെ, അത് എല്ലായ്പ്പോഴും അങ്ങനെയായിരുന്നില്ല.
പുരാതന ലോകത്ത് എളിമ ഒരു ഗുണമല്ല, പക്ഷേ ഒരു ബലഹീനതയായി കണക്കാക്കപ്പെട്ടിരുന്നു. പകരം അവർ ബഹുമതിയെ വിലമതിച്ചു. ഒരാളുടെ നേട്ടങ്ങളെക്കുറിച്ച് വീമ്പിളക്കുന്നത് വലിയ കാര്യമായി അവർ പരിഗണിച്ചു. നിങ്ങൾ നിങ്ങളുടെ സ്ഥാനം ഉയർത്തണം, ഒരിക്കലും താഴ്ത്തരുത്. അവരെ സംബന്ധിച്ചിടത്തോളം, എളിമ ഒരു ദാസനു മാത്രം ചേർന്നതായിരുന്നു. എന്നാൽ യേശുവിന്റെ ക്രൂശീകരണത്തിൽ ഇതെല്ലാം മാറിയെന്ന് ചരിത്രകാരന്മാർ പറയുന്നു. അവിടെ, "അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചുകൊള്ളേണം എന്ന് വിചാരിക്കാതെ ദാസരൂപം എടുത്തു... തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നെ, അനുസരണമുള്ളവനായിത്തീർന്നു" (ഫിലിപ്പിയർ 2:6-8). അത്തരമൊരു പ്രശംസനീയമായ പ്രവൃത്തി എളിമയെ പുനർനിർവചിക്കാൻ നിർബന്ധിതരാക്കി. ഒന്നാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും, ക്രിസ്‌തു ചെയ്‌ത കാര്യങ്ങൾ നിമിത്തം ലൗകിക എഴുത്തുകാർ പോലും എളിമയെ ഒരു പുണ്യമായി വിളിച്ചു.
ഇന്ന് ആരെയെങ്കിലും എളിമയുള്ളവരായി വാഴ്ത്തപ്പെടുമ്പോഴെല്ലാം, സുവിശേഷം പരോക്ഷമായി പ്രസംഗിക്കപ്പെടുന്നു. എന്തെന്നാൽ, യേശുവിനെ കൂടാതെ, എളിമ "നല്ലത്" എന്നോ, ഒരു എളിമയുടെ ദിനമോ ചിന്തിക്കാൻ പോലും കഴിയില്ല. ക്രിസ്തു നമുക്കായി തന്റെ പദവി ഉപേക്ഷിച്ചു, അങ്ങനെ ചരിത്രത്തിൽ ദൈവത്തിന്റെ എളിയ സ്വഭാവം വെളിപ്പെടുത്തി.

നിങ്ങളുടെ ഹൃദയത്തെ സംരക്ഷിക്കുക
ഹംഗേറിയൻ വംശജനായ ഗണിതശാസ്ത്രജ്ഞൻ, എബ്രഹാം വാൾഡ് 1938-ൽ അമേരിക്കയിലെത്തിയ ശേഷം രണ്ടാം ലോകമഹായുദ്ധത്തിന്റെ ആവശ്യങ്ങൾക്കായി തന്റെ കഴിവുകൾ ചിലവഴിച്ചു. ശത്രുക്കളുടെ വെടിവയ്പിൽ നിന്ന് തങ്ങളുടെ വിമാനത്തെ സംരക്ഷിക്കാനുള്ള വഴികൾ സൈന്യം തേടുകയായിരുന്നു. അതിനാൽ, ശത്രുക്കളുടെ വെടിവയ്പിനെ പ്രതിരോധിക്കാൻ സൈനിക വിമാനങ്ങളെ എങ്ങനെ മികച്ച രീതിയിൽ സംരക്ഷിക്കാമെന്ന് മനസിലാക്കാൻ വാൾഡിനോടും സ്റ്റാറ്റിസ്റ്റിക്കൽ റിസർച്ച് ഗ്രൂപ്പിലെ അദ്ദേഹത്തിന്റെ സഹപ്രവർത്തകരോടും ആവശ്യപ്പെട്ടു. തിരികെ വരുന്ന വിമാനങ്ങൾക്കു എവിടെയാണ് ഏറ്റവും കൂടുതൽ കേടുപാടുകൾ സംഭവിച്ചതെന്ന് പരിശോധിക്കാൻ അവർ തുടങ്ങി. എന്നാൽ തിരികെ വരുന്ന വിമാനത്തിലെ കേടുപാടുകൾ, ഒരു വിമാനത്തിലെ ഏത് ഭാഗത്ത് ഇടിച്ചാൽ അത് അതിനെ അതിജീവിക്കും എന്നുമാത്രമാണ് കാണിക്കുന്നത് എന്ന സൂക്ഷ്മമായ ഉൾക്കാഴ്ചയാണ് വാൾഡിന് ലഭിച്ചത്. കൂടുതൽ കവചങ്ങൾ ആവശ്യമുള്ള സ്ഥലങ്ങൾ തകർന്ന വിമാനങ്ങളിൽ കണ്ടെത്താമെന്ന് അദ്ദേഹം മനസ്സിലാക്കി. ഏറ്റവും ദുർബല ഭാഗത്ത് - എഞ്ചിൻ ഉള്ളിടത്ത് - ഇടിച്ച വിമാനങ്ങൾ, താഴെ വീണിരുന്നതിനാൽ, അവ പരിശോധിക്കുവാൻ കഴിയുന്നതിലും അപ്പുറമായിരുന്നു.
നമ്മുടെ ഏറ്റവും ദുർബല ഭാഗത്തെ - നമ്മുടെ ഹൃദയത്തെ - സംരക്ഷിക്കുന്നതിനെക്കുറിച്ച് സോളമൻ നമ്മെ പഠിപ്പിക്കുന്നു. "[അവന്റെ] ഹൃദയം കാത്തുസൂക്ഷിക്കാൻ" അവൻ തന്റെ മകനോട് നിർദ്ദേശിക്കുന്നു, കാരണം ജീവന്റെ ഉദ്ഭവം അതിൽനിന്നല്ലോ ആകുന്നത് (സദൃശവാക്യങ്ങൾ 4:23). ദൈവത്തിന്റെ നിർദേശങ്ങൾ ജീവിതത്തിൽ നമ്മെ നയിക്കുകയും മോശമായ തീരുമാനങ്ങളിൽ നിന്ന് നമ്മെ അകറ്റുകയും നമ്മുടെ ശ്രദ്ധ എവിടെ കേന്ദ്രീകരിക്കണമെന്ന് പഠിപ്പിക്കുകയും ചെയ്യുന്നു.
അവന്റെ നിർദ്ദേശങ്ങൾ ശ്രദ്ധിച്ചുകൊണ്ട് നാം നമ്മുടെ ഹൃദയത്തെ സൂക്ഷിക്കുകയാണെങ്കിൽ, നാം "[നമ്മുടെ കാൽ] തിന്മയിൽ നിന്ന് വിട്ടകലുകയും" ദൈവത്തോടൊപ്പമുള്ള നമ്മുടെ യാത്രയിൽ ഉറച്ചുനിൽക്കുകയും ചെയ്യും (വാക്യം 27). നാം എല്ലാ ദിവസവും ശത്രുരാജ്യത്തിൽ സഞ്ചരിക്കുന്നു. എന്നാൽ ദൈവത്തിന്റെ ജ്ഞാനം നമ്മുടെ ഹൃദയങ്ങളെ കാത്തുസൂക്ഷിക്കുന്നതിനാൽ, ദൈവത്തിന്റെ മഹത്വത്തിനായി നന്നായി ജീവിക്കാനുള്ള നമ്മുടെ ദൗത്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ നമുക്ക് കഴിയും.