ഘനയിലെ ടെക്കിമാനിലേക്കുള്ള പാലം ഒലിച്ചുപോയപ്പോൾ ടാണോ നദിയുടെ അങ്ങേക്കരയിലുള്ള  ന്യൂ ക്രോബോയിലെ നിവാസികൾ ഒറ്റപ്പെട്ടുപോയി. അതു കാരണം ടെക്കിമാനിൽ ഉള്ള പാസ്റ്റർ സാമുവേൽ അപ്പിയയുടെ സഭയിൽ ആൾ കുറഞ്ഞു. കാരണം അംഗങ്ങളിൽ അധികവും ന്യൂ ക്രോബോയിൽ ആയിരുന്നു താമസിച്ചിരുന്നത് – അതായത് നദിയുടെ “തെറ്റായ” കരയിൽ. പ്രതിസന്ധിയുടെ നടുവിൽ, കൂടുതൽ കുട്ടികളെ  ഉൾക്കൊള്ളത്തക്കവിധം സഭയുടെ ചിൽഡ്രൻസ് ഹോം വിപുലമാക്കാൻ പാസ്റ്റർ സാം ശ്രമിച്ചു. തുടർന്ന്  നദിക്കക്കരെ ന്യൂ ക്രോബോയിൽ ഔട്ട്ഡോര് മീറ്റിംഗുകൾ സഭ ക്രമീകരിച്ചു. താമസിയാതെ പുതിയ വിശ്വാസികളെ അവർ സ്നാനപ്പെടുത്താൻ ആരംഭിച്ചു. ഒരു പുതിയ സഭ രൂപം കൊണ്ടു. അതു മാത്രമല്ല പ്രവേശനം ആഗ്രഹിച്ചിരുന്ന അനാഥ കുട്ടികൾക്കായി ഒരു പുതിയ ഇടം ന്യൂ ക്രോബോയിൽ തയ്യാറായി. ദൈവം പ്രതിസന്ധിയോട് തന്റെ പുനഃസ്ഥാപന പ്രവൃത്തി നെയ്തു ചേർത്തു.

അപ്പൊസ്തലനായ പൗലൊസ് സ്വാതന്ത്ര്യത്തിന്റെ “തെറ്റായ” വശത്തു ആയപ്പോൾ, അവൻ  തന്റെ സാഹചര്യത്തെ പഴിച്ചില്ല. ഫിലിപ്പിയിലെ സഭക്ക് എഴുതിയ ശക്തിയേറിയ ഒരു ലേഖനത്തിൽ അവൻ എഴുതി: “എനിക്കു ഭവിച്ചത് സുവിശേഷത്തിന്റെ അഭിവൃദ്ധിക്കു കാരണമായിത്തീര്ന്നു എന്ന് നിങ്ങൾ  അറിയുവാൻ ഞാൻ ഇച്ഛിക്കുന്നു” (ഫിലി. 1:12). തന്റെ ബന്ധനങ്ങൾ എങ്ങനെ “അകമ്പടി പട്ടാളത്തിൽ” ഉള്ളവർ ഒക്കെയും ക്രിസ്തുവിനെ അറിയാൻ കാരണമായി എന്നു പൗലൊസ് രേഖപ്പെടുത്തി (വാ. 13). കൂടാതെ മറ്റുള്ളവർ യേശുവിന്റെ സുവിശേഷം അറിയിക്കാൻ ധൈര്യം പ്രാപിക്കുകയും ചെയ്തു (വാ. 14).

പ്രതിസന്ധികളുടെ നടുവിൽ പ്രവര്ത്തിക്കുന്നതിന് പുതിയ വഴികൾ  ദൈവം തങ്ങളെ കാണിക്കുന്നത് പാസ്റ്റർ സാമും അപ്പൊസ്തലനായ പൗലൊസും കണ്ടെത്തി. ഇന്ന് നമ്മുടെ വെല്ലുവിളി ഉയര്ത്തുന്ന സാഹചര്യങ്ങളിൽ  ദൈവം എന്തായിരിക്കും ചെയ്യുന്നത്?