“ഞാന്‍ നിന്നെ സ്നേഹിക്കുന്നു!” കാര്‍ ഡോര്‍ വലിച്ചടച്ച് സ്കൂളിലേക്കോടുമ്പോള്‍ ഡാഡി വിളിച്ചു പറഞ്ഞു. ഞാന്‍ ആറാം ക്ലാസ്സിലായിരുന്നു. ഇതേ രംഗം കഴിഞ്ഞ ആറു മാസമായി ഞങ്ങള്‍ തുടരുകയായിരുന്നു. ഞങ്ങള്‍ സ്കൂളിലെത്തി, ഡാഡി പറഞ്ഞു, “മികച്ച ദിവസമാകട്ടെ! ഞാന്‍ നിന്നെ സ്നേഹിക്കുന്നു!” “ബൈ” എന്നു മാത്രം ഞാന്‍ പറഞ്ഞു. എനിക്ക് അദ്ദേഹത്തോടു കോപമോ ഞാന്‍ അദ്ദേഹത്തെ അവഗണിക്കുകയോ ആയിരുന്നില്ല. ഞാന്‍ എന്‍റെ ചിന്തകളില്‍ മുഴുകിയിരുന്നതിനാല്‍ ഡാഡിയുടെ വാക്കുകള്‍ ഞാന്‍ ശ്രിദ്ധിച്ചിരുന്നില്ല. എന്നിരുന്നാലും എന്‍റെ ഡാഡിയുടെ സ്നേഹം സ്ഥിരമായി നിന്നു.

ദൈവത്തിന്‍റെ സ്നേഹവും അതുപോലെയാണ്-അതിലധികവും. ഈ സ്ഥിരമായ സ്നേഹത്തെ വിവരിക്കാന്‍ ഉപയോഗിക്കുന്ന എബ്രായ പദം ആണ് ഹേസെദ്. പഴയ നിയമത്തില്‍ ഇത് ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഉപയോഗിച്ചിരിക്കുന്നു. 136-ാം സങ്കീര്‍ത്തനത്തില്‍ മാത്രം 26 പ്രാവശ്യം! ഒരു ആധുനിക വാക്കിനും ഇതിന്‍റെ അര്‍ത്ഥം പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാന്‍ കഴികയില്ല. നാമതിനെ “ദയ,” “ആര്‍ദ്രസ്നേഹം,” “കരുണ” അല്ലെങ്കില്‍ വിശ്വസ്തത എന്നിങ്ങനെ തര്‍ജ്ജമ ചെയ്തിരിക്കുന്നു. ഇടമ്പടി സമര്‍പ്പണത്തില്‍ അടിസ്ഥാനപ്പെട്ട സ്നേഹമാണ് ഹേസെദ്. വിശ്വസ്തവും പ്രതിബദ്ധതയുമുള്ള സ്നേഹമാണത്. ദൈവത്തിന്‍റെ ജനം പാപം ചെയ്യുമ്പോള്‍ പോലും അവരെ സ്നേഹിക്കുന്നതില്‍ അവന്‍ വിശ്വസ്തനാണ്. മാറാത്ത സ്നേഹം ദൈവിക സ്വഭാവത്തിന്‍റെ അവിഭാജ്യ ഘടകമാണ് (പുറപ്പാട് 34:6).

ഞാന്‍ ഒരു കുട്ടിയായിരിക്കുമ്പോള്‍, ഞാന്‍ എന്‍റെ ഡാഡിയുടെ സ്നേഹത്തെ മുതലെടുക്കാറുണ്ടായിരുന്നു. ഇപ്പോഴും ചിലപ്പോഴൊക്കെ എന്‍റെ സ്വര്‍ഗ്ഗീയ പിതാവിന്‍റെ സ്നേഹത്തെയും ഞാന്‍ മുതലെടുക്കാറുണ്ട്. ദൈവത്തെ ശ്രവിക്കാനും പ്രതികരിക്കാനും ഞാന്‍ മറന്നുപോകും. എങ്കിലും എന്നോടുള്ള ദൈവത്തിന്‍റെ സ്നേഹം -എന്‍റെ ജീവിതത്തിനു മുഴുവനും മതിയായ ഉറപ്പുള്ള അടിസ്ഥാനമായി-മാറാതെ നില്ക്കുമെന്നെനിക്കറിയാം.