ശരീരത്ത് “മഷി പതിപ്പിക്കുന്നത്” ഇക്കാലത്ത് വളരെ പ്രചാരം സിദ്ധിച്ചിരിക്കുന്നു എന്നു കാണാന്‍ വിഷമമില്ല. ചില ടാറ്റൂകള്‍ ശ്രദ്ധയില്‍പെടാന്‍ കഴിയാത്തവിധം ചെറുതാണ്. മറ്റുള്ളവ-അത്ലറ്റുകള്‍ മുതല്‍ സിനിമാ താരങ്ങള്‍ വരെയും പൊതു ജനങ്ങളും – ബഹുവര്‍ണ്ണ മഷികളും വാക്കുകളും ചിത്രീകരണങ്ങളും കൊണ്ട് ശരീരം മുഴുനും മറയ്ക്കുന്നു. ഇതിവിടെ തുടരും എന്നു തോന്നിപ്പിക്കുന്ന ഈ ട്രെന്‍ഡ്, 2014 ല്‍ 300 കോടി ഡോളര്‍ വരുമാനമാണ് നേടിയെടുത്തത്-കൂടാതെ ടാറ്റൂ മായിക്കുന്നതിന് മറ്റൊരു 6.6 കോടി ഡോളറും.

ടാറ്റൂവിനെക്കുറിച്ച് നിങ്ങള്‍ക്ക് എന്തു തോന്നിയാലും, ആളുകള്‍ പ്രതീകാത്മകമായി തങ്ങളുടെ ശരീരത്തില്‍ “യഹോവയ്ക്കുള്ളവന്‍” (വാ. 5) എന്ന് എഴുതുന്നതിനെക്കുറിച്ച് യെശയ്യാവ് 44 പറയുന്നു. ഈ സ്വയം-എഴുതുന്ന ടാറ്റൂ, താന്‍ തിരഞ്ഞെടുത്ത ജനത്തെ (വാ. 1) യഹോവ കരുതുന്നതിനെ വിവരിക്കുന്ന ഒരു മുഴുവന്‍ ഖണ്ഡികയുടെ പൂര്‍ത്തീകരണമാണ്. അവര്‍ക്ക് അവന്‍റെ സഹായം പ്രതീക്ഷിക്കാമെന്നും (വാ. 2), അവരുടെ ദേശവും സന്തതികളും അനുഗ്രഹത്തിനായി വേര്‍തിരിക്കപ്പെട്ടിരിക്കുന്നുവെന്നും (വാ. 3) ഉറപ്പു നല്‍കിയിരിക്കുന്നു. ഒരു ലളിതവും ശക്തിമത്തായതുമായ വാക്കായ “യഹോവയ്ക്കുള്ളവന്‍” തങ്ങള്‍ ദൈവത്തിന്‍റെ വകയാണെന്നും അവന്‍ തങ്ങളെ കരുതുമെന്നും ഉള്ള ജനത്തിന്‍റെ ഉറപ്പിനെ വെളിപ്പെടുത്തുന്നു.

യേശുക്രിസ്തുവിലെ വിശ്വാസം മൂലം ദൈവത്തിങ്കലേക്കു വരുന്നവര്‍ക്ക് തങ്ങള്‍ “കര്‍ത്താവിനുള്ളവന്‍” എന്ന് ഉറപ്പോടെ പറയാന്‍ കഴിയും. നാം അവന്‍റെ ജനവും അവന്‍റെ ആടുകളും അവന്‍റെ മക്കളും അവന്‍റെ അവകാശവും അവന്‍റെ മന്ദിരവുമാണ്. ജീവിതത്തിന്‍റെ വ്യത്യസ്ത ഘട്ടങ്ങളില്‍ നാം ആശ്രയിക്കുന്ന കാര്യങ്ങളാണിവ. നമുക്ക് ബാഹ്യമായ അടയാളങ്ങളോ ടാറ്റൂവോ ഇല്ലെങ്കിലും നാം ദൈവത്തിന്‍റെ വകയാണെന്നുള്ള ദൈവാത്മാവിന്‍റെ സാക്ഷ്യം നമ്മുടെ ഹൃദയങ്ങളില്‍ എഴുതപ്പെട്ടിട്ടുള്ളതില്‍ നമുക്കു സന്തോഷിക്കാം (റോമര്‍ 8:16-17 കാണുക).