ഇവന് തച്ചന്റെ മകന് അല്ലയോ? ഇവന്റെ അമ്മ മറിയ എന്നവളല്ലയോ? മത്തായി 13:55
റിപ്പയര്‍ ചെയ്യുന്നയാള്‍ വളരെ ചെറുപ്പമായി തോന്നി. ഞങ്ങളുടെ പ്രശ്നം – കാര്‍ സ്റ്റാര്‍ട്ടാകാത്തത് – പരിഹരിക്കാന്‍ തക്ക പ്രായം അയാള്‍ക്കില്ലെന്നു തോന്നി. “അതൊരു കൊച്ചു പയ്യനാണല്ലോ” എന്റെ ഭര്‍ത്താവ് ഡാന്‍, തന്റെ സംശയം വെളിപ്പെടുത്തിക്കൊണ്ട് എന്നോടു മന്ത്രിച്ചു. യുവാവിലുള്ള അദ്ദേഹത്തിന്റെ അവിശ്വാസം, യേശു ആരാണെന്നു സംശയിച്ച നസറേത്ത് നിവാസികളുടെ പിറുപിറുപ്പുപോലെ തോന്നി.
“ഇവന് തച്ചന്റെ മകന് അല്ലയോ?” യേശു പള്ളിയില്‍ ഉപദേശിച്ചപ്പോള്‍ അവര്‍ ചോദിച്ചു (മത്തായി 13:55). തങ്ങള്‍ക്കറിയാവുന്ന ഒരുവന് രോഗികളെ സൗഖ്യമാക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതു കണ്ട് അത്ഭുതം കൂറിയ അവര്‍ കളിയാക്കിക്കൊണ്ടു ചോദിച്ചു, “ഇവന് ഈ ജ്ഞാനവും വീര്യപ്രവൃത്തികളും എവിടെനിന്നു ലഭിച്ചു?” (വാ. 54). യേശുവില്‍ വിശ്വസിക്കുന്നതിനു പകരം അവന് പ്രദര്‍ശിപ്പിച്ച അധികാരം നിമിത്തം അവങ്കല്‍ ഇടറിപ്പോയി (വാ. 15, 58).
ഇതേപോലെ, രക്ഷകന്റെ ജ്ഞാനത്തിലും ശക്തിയിലും ആശ്രയിക്കാന്‍ നാം പാടുപെടാറുണ്ട്, വിശേഷിച്ചും ജീവിതത്തിന്റെ പരിചിതവും സാധാരണവുമായ വിശദാംശങ്ങളില്‍. അവന്റെ സഹായം പ്രതീക്ഷിക്കുന്നതില്‍ പരാജയപ്പെടുന്നതോടെ നമ്മുടെ ജീവിതത്തെ രൂപാന്തപ്പെടുത്താനുള്ള അവന്റെ അത്ഭുതത്തെ നമുക്കു നഷ്ടപ്പെടും (വാ. 58).
തനിക്കാവശ്യമായ സഹായം മുമ്പില്‍ തന്നെയുണ്ടായിരുന്നു എന്നു ഡാന്‍ കണ്ടു. ഒടുവില്‍ ആ യുവാവിന്റെ സഹായം സ്വീകരിക്കാന്‍ സമ്മതിച്ചുകൊണ്ട് ഞങ്ങളുടെ പഴയ കാറിന്റെ ബാറ്ററി പരിശോധിക്കാന്‍ ആ യുവാവിനെ അനുവദിച്ചു. അയാള്‍ ഒരു ബോള്‍ട്ട് മുറുക്കിയപ്പോള്‍ സെക്കന്റുകള്‍ക്കുള്ളില്‍ കാര്‍ സ്റ്റാര്‍ട്ടായി-എന്‍ജില്‍ പ്രവര്‍ത്തിക്കുകയും ലൈറ്റ് പ്രകാശിക്കുകയും ചെയ്തു. “ക്രിസ്തുമസ് പോലെ അതു പ്രകാശിച്ചു” ഡാന്‍ പറഞ്ഞു.
അതുപോലെ മശിഹാ നമ്മുടെ ജീവിതത്തില്‍ പുതിയ വെളിച്ചവും ജീവനും ദൈനംദിന യാത്രയില്‍ സഹായവും കൊണ്ടുവരുമെന്ന് നമുക്കു പ്രതീക്ഷിക്കുകയും അനുഭവിക്കുകയും ചെയ്യാം.
ദൈവമാണ് നിയന്ത്രിക്കുന്നതെന്നും അവന് ശക്തനാണെന്നും നമുക്കു നമ്മെത്തന്നെയും മറ്റുള്ളവരെയും ഓര്‍മ്മിപ്പിക്കുവാന്‍ കഴിയുന്ന ചില പ്രായോഗിക മാര്‍ഗ്ഗങ്ങള്‍ എന്തെല്ലാമാണ്?