പഴയ കാറുകള്‍ കൂട്ടിയിട്ടിരിക്കുന്ന സ്ഥലം എന്നെ ഗൂഢമായി ആകര്‍ഷിക്കാറുണ്ട്. കാറുകള്‍ നന്നാക്കുന്നത് എനിക്കിഷ്ടമായതിനാല്‍ ഞങ്ങളുടെ വീടിനടുത്തുള്ള ഈ സ്ഥലം ഞാന്‍ കൂടെക്കൂടെ സന്ദര്‍ശിക്കാറുണ്ട്. അതൊരു ഏകാന്ത സ്ഥലമാണ്. ഒരു സമയത്ത് ഒരുവന്റെ വിലപ്പെട്ട സമ്പാദ്യമായിരുന്നതും ഇപ്പോള്‍ ഉപേക്ഷിക്കപ്പെട്ടതുമായ വസ്തുക്കള്‍ക്കിടയിലൂടെ കാറ്റ് മന്ത്രിച്ചുകൊണ്ടു കടന്നുപോകുന്നു. ചിലത് തകര്‍ന്നതും ചിലത് പഴകിത്തേഞ്ഞതും ചിലത് ഉപയോഗിച്ച് കാലപ്പഴക്കം ചെന്നതും. ആ നിരകള്‍ക്കിടയിലൂടെ നടക്കുമ്പോള്‍ ഒരു കാറ് എന്നെ ആകര്‍ഷിക്കും, അതിന്റെ “ജീവിത കാലത്ത്” അത് ആസ്വദിച്ച സാഹസികതയെക്കുറിച്ച് ഞാന്‍ അത്ഭുതപ്പെടും. ഭൂതകാലത്തിലേക്കുള്ള ഒരു പാതപോലെ, ഓരോന്നിനും ഒരു കഥ പറയാന്‍ ഉണ്ടായിരിക്കും-മനുഷ്യന് ഏറ്റവും പുതിയ മോഡലിനുവേണ്ടി പരക്കം പായുന്നതിനെക്കുറിച്ചും രക്ഷപെടാനാവാത്ത സമയത്തിന്റെ വഴിത്താരയെക്കുറിച്ചും.
എന്നാല്‍ ഒരു പഴയ ഭാഗത്തിന് പുതിയ ജീവന് നല്കുന്നതിലാണ് ഞാന്‍ പ്രത്യേക താല്പര്യമെടുക്കുന്നത്. ഉപേക്ഷിച്ചുകളഞ്ഞ ഒരു ഭാഗം എടുത്ത് നന്നാക്കുന്ന ഒരു വാഹനത്തിലൂടെ അതിനു പുതുജീവന്‍ കൊടുക്കുമ്പോള്‍, സമയത്തിനും നാശത്തിനും എതിരായ ഒരു ചെറിയ വിജയം പോലെ അതു തോന്നാറുണ്ട്.
ബൈബിളിന്റെ അവസാനത്തില്‍ യേശു പറഞ്ഞ വാക്കുകളെക്കുറിച്ചു ചിന്തിക്കാന്‍ അതെന്നെ പ്രേരിപ്പിക്കാറുണ്ട്: “ഇതാ, ഞാന്‍ സകലവും പുതുതാക്കുന്നു!” (വെളിപ്പാട് 21:5). ഈ വാക്കുകള്‍ ദൈവം സൃഷ്ടിയെ പുതുക്കുന്നതിനെക്കുറിച്ചുള്ളതാണ്, അതില്‍ വിശ്വാസികളും ഉള്‍പ്പെടുന്നു. യേശുവിനെ സ്വീകരിച്ച എല്ലാവരും ഇപ്പോള്‍ തന്നെ അവനില്‍ “പുതിയ സൃഷ്ടി” ആണ് (2 കൊരിന്ത്യര്‍ 5:17).
ഒരു ദിവസം നാം അവനോടൊന്നിച്ചുള്ള അവസാനിക്കാത്ത ദിനങ്ങളുടെ വാഗ്ദത്തത്തിലേക്കു പ്രവേശിക്കും (യോഹന്നാന് 14:3). വാര്‍ദ്ധക്യവും രോഗവും നമ്മെ അലട്ടുകയില്ല, നാം നിത്യമായ ജീവകാലത്തിന്റെ സാഹസികത ആസ്വദിക്കും. എന്തു കഥയായിരിക്കും നമുക്കോരോരുത്തര്‍ക്കും പറയുവാനുണ്ടാകുക-നമ്മുടെ രക്ഷകന്റെ വീണ്ടെടുപ്പിന് സ്നേഹത്തിന്റെയും അവസാനിക്കാത്ത വിശ്വസ്തതയുടെയും കഥകള്‍ ആയിരിക്കും അവ.
ഒരു വര്‍ഷത്തിന്റെ അന്ത്യവും മറ്റൊന്നിന്റെ ആരംഭവും ഒരു പുതിയ തുടക്കത്തിനുള്ള അവസരമാണ്. എന്തായിരിക്കും ദൈവം നിങ്ങളുടെ ജീവിതത്തില്‍ പുതുതായി ഉണ്ടാക്കുന്നത്?