തങ്ങളുടെ പ്രഥമസംഗമത്തിൽ എഡ്വിൻ സ്റ്റാന്‍റൻ, അമേരിക്കൻ പ്രസിഡന്‍റ് എബ്രഹാം ലിങ്കനെ വ്യക്തിപരമായും തൊഴിൽപരമായും അധിക്ഷേപിക്കുകയും “ദൂരവ്യാപക അധികാരമുള്ള ജീവി” എന്ന് പരാമർശിക്കുകയും ചെയ്തു. എന്നാൽ ലിങ്കൺ, സ്റ്റാന്‍റന്‍റെ കഴിവുകളെ പ്രശംസിക്കുകയും, അദ്ദേഹത്തോട് ക്ഷമിക്കുവാൻ തീരുമാനിക്കുകയും, ആത്യന്തികമായി, സ്റ്റാന്‍റനെ ആഭ്യന്തരയുദ്ധക്കാലയളവിൽ മന്ത്രിസഭയിലെ ഒരു സുപ്രധാന പദവിയിൽ നിയമിക്കുകയും ചെയ്തു. സ്റ്റാന്‍റൺ പിന്നീട് ലിങ്കണെ ഒരു സുഹൃത്തിനെപ്പോലെ സ്നേഹിക്കുന്ന തലത്തിലേയ്ക്കുയർന്നു. ഫോഡ്സ് തിയേറ്ററിൽ വെച്ച് പ്രസിഡന്‍റ് വെടിയേറ്റു കിടന്നപ്പോൾ “ഇപ്പോൾ ഇവൻ യുഗങ്ങൾക്കുള്ളവനാണ്” എന്ന് പറഞ്ഞ് രാത്രിമുഴുവനും ലിങ്കന്‍റെ കിടക്കയ്ക്കരികിൽ നിന്നത് സ്റ്റാന്‍റൺ ആയിരുന്നു.

അനുരഞ്ജനം ഹൃദ്യമായ ഒരു വസ്തുതയാണ്. അപ്പൊസ്തലനായ പത്രോസ് യേശുവിന്‍റെ അനുഗാമികളെ ഇപ്രകാരം ഓർമ്മിപ്പിച്ചു. “സകലത്തിനും മുമ്പേ തമ്മിൽ ഉറ്റ സ്നേഹം ഉള്ളവരായിരിപ്പിൻ. സ്നേഹം പാപങ്ങളുടെ ബഹുത്വത്തെ മറെക്കുന്നു.” (1 പത്രൊസ് 4: 8). തന്‍റെ ക്രിസ്തു നിരാകരണവും (ലൂക്കോസ് 22:54-62), ക്രൂശിലൂടെ യേശു അദ്ദേഹത്തിന് (നമുക്ക്) വാഗ്ദാനം ചെയ്ത പാപക്ഷമയും താൻ വിചിന്തനം ചെയ്തിരുന്നുവോ എന്ന് എന്നിൽ അത്ഭുതം ഉളവാക്കുന്നതാണ് പത്രോസിന്‍റെ വാക്കുകൾ.

ക്രൂശിലെ തന്‍റെ മരണത്തിലൂടെ യേശു പ്രകടമാക്കിയ അഗാധമായ സ്നേഹം നമ്മുടെ പാപങ്ങളുടെ കടത്തിൽ നിന്ന് നമ്മെ സ്വതന്ത്രരാക്കുകയും ദൈവീക അനുരഞ്ജനത്തിനുള്ള നമ്മുടെ വഴി തുറക്കുകയും ചെയ്യുന്നു (കൊലൊസ്സിയർ 1:19-20). സ്വശക്തിയിൽ നമുക്ക് ക്ഷമിക്കുവാൻ സാധ്യമല്ലെന്നുള്ള ബോധ്യത്തിൽ, നമ്മെ സഹായിക്കുവാൻ അവിടുത്തോട് നാം അപേക്ഷിക്കുമ്പോൾ,  ദൈവീക ക്ഷമ; മറ്റുള്ളവരോടു ക്ഷമിക്കുവാൻ നമ്മെ പ്രാപ്തരാക്കുന്നു. നമ്മുടെ രക്ഷകൻ മറ്റുള്ളവരെ സ്നേഹിക്കുന്നതിനാൽ നാം അവരെ സ്നേഹിക്കുകയും അവിടുന്ന് നമ്മോട് ക്ഷമിച്ചതിനാൽ നാം ക്ഷമിക്കുകയും ചെയ്യുമ്പോൾ ദൈവം നമ്മുടെ പൂർവ്വകാല അനുഭവങ്ങളിൽ നിന്ന് നമ്മെ സ്വതന്ത്രരാക്കുകയും കൃപയുടെ മനോഹരമായ നവതലങ്ങളിലേക്ക് അവിടുത്തോടൊപ്പം നമ്മെ മുന്നിലേയ്ക്കു നടത്തുകയും ചെയ്യുന്നു.