മോർമൊൺ ചീവീടുകളുടെ 2003-ലെ ഉപദ്രവം,  25 ദശലക്ഷം ഡോളറിലധികം മൂല്യമുള്ള ധാന്യവിളകൾ നഷ്ടപ്പെടുവാൻ കാരണമായിത്തീർന്നു. ആളുകൾക്ക് ചീവീടിനെ ചവിട്ടാതെ ഒരു ചുവടു പോലും മുമ്പോട്ടു പോകുന്നത് അസാദ്ധ്യമാകും വിധം എണ്ണത്തിൽ വളരെ പെരുകിയാണ് ചീവീടുകൾ കടന്നു വന്നത്. ഉട്ടാ മുൻഗാമികളുടെ ധാന്യവിളകളെ 1848 ൽ ആക്രമിച്ച, വെട്ടുക്കിളിക്കു സമാനമായ ഈ ചീവീടുകൾക്ക് രണ്ടോ മൂന്നോ ഇഞ്ച് നീളം മാത്രമാണ് ഉള്ളതെങ്കിലും, തങ്ങളുടെ ജീവിതകാലത്തിനുള്ളിൽ അമ്പരപ്പിക്കും വിധം 38 പൌണ്ട് സസ്യപദാർത്ഥങ്ങൾ തിന്നു തീർക്കുവാൻ സാധിക്കും. കർഷകരുടെ ഉപജീവനമാർഗ്ഗത്തിലും ഒരു സംസ്ഥാനത്തിന്‍റെയോ അല്ലെങ്കിൽ രാജ്യത്തിന്‍റെയോ സമ്പദ്-വ്യവസ്ഥയിലും ഈ ബാധയിലൂടെ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങൾ വിനാശകരമായിരിക്കും.

യഹൂദാ ജനതയുടെ ഒന്നടങ്കമുള്ള അനുസരണക്കേടിന്‍റെ ഫലമായി ദേശവ്യാപകമായി ഉണ്ടായ, സമാനമായ ഒരു ഷഡ്പദാക്രമണത്തെക്കുറിച്ച് പഴയനിയമപ്രവാചകനായ യോവേൽ വിവരിക്കുന്നുണ്ട്. മുൻ തലമുറകൾ ഒരിക്കലും ദർശിച്ചിട്ടില്ലാത്ത തരത്തിലുള്ള, വെട്ടുക്കിളികളുടെ ആക്രമണം (ചില വേദപണ്ഡിതരുടെ മനസിൽ, ഇത് ആലങ്കാരികമായി ഒരു വിദേശ സൈന്യത്തെ സൂചിപ്പിക്കുന്നു) അദ്ദേഹം മുൻകൂട്ടി പ്രസ്താവിച്ചു (യോവേൽ 1:2). വെട്ടുക്കിളികൾ തങ്ങളുടെ മാർഗ്ഗമദ്ധ്യേയുള്ളതെല്ലാം പാഴാക്കി, ജനങ്ങളെ ക്ഷാമത്തിലേക്കും ദാരിദ്ര്യത്തിലേക്കും നയിക്കുമായിരുന്നു. എന്നിരുന്നാലും, ജനം തങ്ങളുടെ പാപവഴികളെ ഉപേക്ഷിച്ച് പാപക്ഷമയ്ക്കായി അപേക്ഷിക്കുകയാണെങ്കിൽ, “വെട്ടുക്കിളി തിന്നുകളഞ്ഞ സംവത്സരങ്ങൾക്കു പകരമായുള്ളത്” യഹോവ അവർക്കു നൽകും, എന്ന് യോവേൽ പറയുന്നു (2:25).

യഹൂദായുടെ പാഠത്തിൽനിന്ന് നമുക്കും പഠിക്കുവാൻ കഴിയും: ദൈവം നമുക്കുവേണ്ടി കരുതിവെച്ചിരിക്കുന്ന, ഫലപുഷ്ടിയുള്ളതും സുഗന്ധമുള്ളതുമായ ജീവിതത്തെ, ഷഡ്പദസമാനമായ നമ്മുടെ പിഴവുകൾ കാർന്നു തിന്നുന്നു. നാം ദൈവത്തിലേയ്ക്കു തിരിയുകയും, നമ്മുടെ മുൻഇഷ്ടങ്ങളെ മാറ്റിവെയ്ക്കുകയും ചെയ്യുമ്പോൾ, അവൻ നമ്മുടെ നിന്ദയെ അകറ്റി, ക്രിസ്തുവിൽ സമൃദ്ധമായ ഒരു ജീവിതം പുനഃസ്ഥാപിക്കുമെന്ന്, വാഗ്ദത്തം ചെയ്തിരിക്കുന്നു.