എന്‍റെ സുഹൃത്ത് ഡേവിഡിന്‍റെ ഭാര്യയ്ക്ക് അൽഷിമേഴ്സ് രോഗം ബാധിച്ചപ്പോൾ, അത് അവന്‍റെ ജീവിതത്തിൽ വരുത്തിയ മാറ്റങ്ങൾ അവനെ കയ്പേറിയവനാക്കിത്തീർത്തു. അവളെ പരിചരിക്കേണ്ടതിനായി അവന് നേരത്തേ തന്നെ വിരമിക്കേണ്ടതായി വന്നു. രോഗം മൂർച്ഛിച്ചു വരുന്തോറും, അവൾക്ക് കൂടുതൽ ശ്രദ്ധ അനിവാര്യമായിരുന്നു.

“ഞാൻ ദൈവത്തോട് വളരെയധികം രോഷാകുലനായിരുന്നു” എന്ന് അവൻ എന്നോട് പറഞ്ഞു. “എന്നാൽ ഞാൻ അതിനായി കൂടുതൽ പ്രാർത്ഥിക്കുന്തോറും,  ദൈവം കൂടുതലായി എന്‍റെ ഹൃദയം എനിക്കു കാണിച്ചു തന്നു. എന്‍റെ വിവാഹജീവിതത്തിൽ ഞാൻ വളരെയേറെ സ്വാർത്ഥത പുലർത്തിയിരുന്നു”. ഇത് ഏറ്റു പറയുമ്പോൾ അദ്ദേഹത്തിന്‍റെ കണ്ണുനീർ ഉറവപോലെ ഒഴുകി. “അവൾ രോഗിയായിട്ട് പത്തുവർഷമായി, പക്ഷേ കാര്യങ്ങൾ വ്യത്യസ്തമായി കാണുവാൻ, ദൈവം എന്നെ സഹായിച്ചു. ഇപ്പോൾ എല്ലാ കാര്യങ്ങളും അവളോടുള്ള സ്നേഹത്തിന്‍റെ അടിസ്ഥാനത്തിലും, യേശുവിനു വേണ്ടിയും ഞാൻ ചെയ്യുന്നു. അവൾക്കു വേണ്ടി കരുതുന്നത് എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി മാറിയിരിക്കുന്നു.”

ചിലപ്പോഴൊക്കെ, ദൈവം നമ്മുടെ പ്രാർഥനകൾക്ക് ഉത്തരം നൽകുന്നത്, നമ്മുടെ ആവശ്യങ്ങൾ നിറവേറ്റിത്തന്നുകൊണ്ടായിരിക്കില്ല പ്രത്യുത, മാറ്റം വരുത്തുവാൻ നമ്മെ ആഹ്വാനം ചെയ്തുകൊണ്ടാണ്. ദുഷ്ട പട്ടണമായ നീനെവേയെ ദൈവം നശിപ്പിക്കാതെ വിട്ടതുകണ്ട് യോനാ പ്രവാചകൻ കോപിച്ചപ്പോൾ, ദൈവം, തനിക്ക് സൂര്യന്‍റെ ചൂടിൽ നിന്നും തണൽ ലഭ്യമാക്കുന്നതിനായി ഒരു ചെടി മുളപ്പിച്ചു നൽകി (യോനാ 4:6). തുടർന്ന് അവൻ അതിനെ ഉണക്കിക്കളഞ്ഞു. യോനാ പരാതിപ്പെട്ടപ്പോൾ, “ഈ ചെടിയെക്കുറിച്ചു നീ ക്ഷോഭിക്കുന്നത് ഉചിതമാണോ?” (വാക്യം 7-9) എന്ന് ദൈവം ഉത്തരം പറഞ്ഞു. യോനാ, തന്നിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. എന്നാൽ മറ്റുള്ളവരെക്കുറിച്ചു ചിന്തിക്കുന്നതിനും മനസ്സലിവ് കാണിക്കുന്നതിനും ദൈവം അവനെ വെല്ലുവിളിച്ചു.

നാം പഠിക്കുവാനും വളരുവാനും നമ്മെ സഹായിക്കുന്നതിനായി നമ്മുടെ പ്രാർത്ഥനകളെ, ചില അവസരങ്ങളിൽ ദൈവം, അവിചാരിതമാം വിധത്തിൽ ഉപയോഗപ്പെടുത്തുന്നു. തുറന്ന ഹൃദയത്തോടെ അത് നമുക്ക് സ്വാഗതം ചെയ്യുവാൻ കഴിയുന്നത് ഒരു മാറ്റമാണ്, കാരണം, അവന്‍റെ സ്നേഹത്താൽ നമ്മെ രൂപാന്തരപ്പെടുത്താൻ അവൻ ആഗ്രഹിക്കുന്നു.