2013-ൽ കിം സ്തനാർബുദത്തോട് പോരാട്ടം ആരംഭിച്ചു. അവളുടെ ചികിത്സയ്ക്കു ശേഷം നാലു ദിവസം കഴിഞ്ഞപ്പോൾ ഡോക്ടർമാർ അവൾക്ക് വർദ്ധിച്ചുവരുന്ന ശ്വാസകോശ രോഗമുണ്ടെന്ന് കണ്ടുപിടിക്കുകയും, മൂന്നു മുതൽ അഞ്ചു വർഷം വരെ ആയുസ്സുണ്ടാകുമെന്നും അറിയിച്ചു. ആദ്യവർഷം ദൈവമുമ്പാകെ വികാരങ്ങൾ പ്രകടിപ്പിച്ചപ്പോൾ അവൾ ദുഃഖിക്കുകയും വിതുമ്പി പ്രാർത്ഥിക്കുകയും ചെയ്തു. 2015-ൽ ഞാൻ കിമ്മിനെ കാണുമ്പോൾ, അവൾ തന്‍റെ അവസ്ഥയെ അവന്‍റെ മുമ്പിൽ സമർപ്പിക്കുകയും, സാംക്രമികമായ സന്തോഷവും സമാധാനവും പ്രസരിപ്പിക്കുകയും ചെയ്തു. ചില ദിവസങ്ങൾ വളരെ കഠിനമായിരുന്നുവെങ്കിലും, ദൈവം അവളുടെ ഹൃദയഭേദകമായ ദുരിതങ്ങളെ, അവൾ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കും വിധം, ആശാഭരിത-സ്തുതിയുടെ സുന്ദര സാക്ഷ്യമാക്കി രൂപാന്തരപ്പെടുത്തി.

നമ്മൾ ഭയാനക-സാഹചര്യങ്ങളിൽ ആയിരിക്കുമ്പോൾ പോലും, നമ്മുടെ വിലാപങ്ങളെ നൃത്തങ്ങളാക്കി മാറ്റുവാൻ ദൈവത്തിനു കഴിയും. അവന്‍റെ രോഗശാന്തി എല്ലായ്പ്പോഴും നാം പ്രത്യാശിച്ചതുപോലെയോ പ്രതീക്ഷിച്ചതുപോലെയോ അല്ലെങ്കിലും, ദൈവീക വഴികളിൽ നമുക്ക് പൂർണ്ണവിശ്വാസമുള്ളവർ ആയിരിക്കാം (സങ്കീർത്തനം 30:1-3). നമ്മുടെ പാത എത്ര കണ്ണീർ-കറ വീണതായാലും, അവനെ സ്തുതിക്കാൻ നമുക്ക് അസംഖ്യം കാരണങ്ങളുണ്ട് (വാക്യം 4). നമ്മുടെ ഉറപ്പുള്ള വിശ്വാസം അവൻ സംരക്ഷിക്കുന്നതാകയാൽ, നമുക്ക് ദൈവത്തിൽ സന്തോഷിക്കാം (വാക്യം 5-7). നമുക്ക് അവന്‍റെ കാരുണ്യത്തിനായ് കരഞ്ഞു വിലപിക്കാം, (വാക്യങ്ങൾ 8-10), വിലപിച്ച് ആരാധിക്കുന്ന അനേകരിൽ, അവൻ കൊണ്ടു വന്ന പ്രത്യാശയെ ആഘോഷിക്കാം. ദൈവത്തിനു മാത്രമേ നിരാശയുടെ വിലാപങ്ങളെ, സാഹചര്യങ്ങളിൽ അധിഷ്ഠിതമല്ലാത്ത ഊർജ്ജസ്വലമായ സന്തോഷത്തിലേയ്ക്ക് രൂപാന്തരപ്പെടുത്തുവാൻ കഴിയുകയുള്ളൂ (വാക്യങ്ങൾ 11-12).

കരുണാസമ്പന്നനായ ദൈവം നമ്മുടെ ദുഃഖത്തിൽ നമ്മെ ആശ്വസിപ്പിക്കുമ്പോൾത്തന്നെ, അവൻ നമ്മെ സമാധാനത്താൽ ആവരണം ചെയ്ത് മറ്റുള്ളവരോടും നമ്മോടും  മനസ്സലിവ് വ്യാപിപ്പിക്കുവാൻ, നമ്മെ ശക്തീകരിക്കുന്നു. നമ്മുടെ സ്നേഹവാനും വിശ്വസ്തവുമായ കർത്താവ് നമ്മുടെ വിലാപത്തെ, ഹൃദയ-ഗഹനമായ ആശ്രയം, സ്തുതി, ആനന്ദ നൃത്തം എന്നിവയിലേയ്ക്കു നയിക്കുന്ന ആരാധനയായ് പരിണമിപ്പിയ്ക്കുന്നു.